ജപമാലകൾ ശേഖരിച്ച് സാബു കെയ്റ്റർ റെക്കോർഡ് ബുക്കിൽ
ജപമാലകൾ ശേഖരിച്ച് സാബു കെയ്റ്റർ റെക്കോർഡ് ബുക്കിൽ
പറവൂർ: ജപമാലകൾ ശേഖരിച്ചു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി സാബു കെയ്റ്റർ. വൈവിധ്യമാർന്ന 50,865 കൊന്തകളുടെ ഉടമയാണ് ഇദ്ദേഹം. ജനുവരി 10-നു പ്രസിദ്ധീകരിച്ച റെക്കോർഡ് ബുക്കിൽ സാബു ഇടംപിടിച്ചതോടെ കഴിഞ്ഞ വർഷം കുറിക്കപ്പെട്ട 900 ജപമാലകളുടെ റെക്കോർഡ് പഴങ്കഥയായി. ഗോതുരുത്ത് സ്വദേശിയാണു സാബു. 15–ാം വയസിൽ ജപമാല ശേഖരണം തുടങ്ങി. പിന്നീട്, അനുഗ്രഹം പോലെ ഇദ്ദേഹത്തിന്റെ കൈകളിലേക്ക് അപൂവങ്ങളായ കൊന്തകൾ വന്നുചേർന്നു.
ഇറ്റലി, ഫ്രാൻസ്, ജറുസലേം, അമേരിക്ക, ബത്‌ലഹേം, ജർമനി, അയർലൻഡ്, ഡെൻമാർക്, ബ്രസീൽ തുടങ്ങി 83 രാജ്യങ്ങളിലെ ജപമാലകൾ സാബുവിന്റെ ശേഖരത്തിലുണ്ട്. ജോൺപോൾ രണ്ടാമൻ, ഫ്രാൻസിസ് പാപ്പമാരിൽനിന്ന് ഇദ്ദേഹത്തിനു ജപമാലകൾ ലഭിച്ചു. 11 ശ്ലീഹന്മാരുടെയും 256 വിശുദ്ധരുടെയും തിരുശേഷിപ്പുകൾ അടങ്ങിയ കൊന്തകളും 130 മെത്രാന്മാർ ആശീർവദിച്ച ജപമാലകളും അപൂർവ നിധികളാണ്. സ്വർണം, പവിഴം, വെള്ളി, ചെമ്പ്, മുത്ത്, തുളസി, ഒലിവുമരം, ചകിരിനാര്, രുദ്രാക്ഷം, രത്നം, ചന്ദനം തുടങ്ങിയവയിൽ തീർത്ത ജപമാലകൾ മനോഹരം.