Kerala

ചെല്ലാനം പദ്ധതിക്കായി 344.2 കോടി രൂപ അനുവദിച്ച സര്‍ക്കാരിന് നന്ദി അറിയിച്ച് കെ.സി.ബി.സി.യും കെ.ആര്‍.എല്‍.സി.ബി.സി.യും

കാലവിളംബമില്ലാതെ ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം

ജോസ് മാർട്ടിൻ

കൊച്ചി: ചെല്ലാനത്തെ തീരശോഷണവും അതിന്റെ പ്രത്യാഘാതമായി അനുഭവപ്പെടുന്ന കടല്‍കയറ്റവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് 344.2 കോടി രൂപ ചിലവു കണക്കാക്കുന്ന സമഗ്ര തീരസംരക്ഷണ പദ്ധതി പ്രഖ്യാപിക്കപ്പെട്ടതില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി) യും, കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെ.ആര്‍.എല്‍.സി.ബി.സി) യും കേരള സര്‍ക്കാരിനെ അനുമോദിക്കുന്നുവെന്ന് കെ.സി.ബി.സി. പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും കെ.ആര്‍.എല്‍.സി.ബി.സി. പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിലും അറിയിച്ചു. കാലവിളംബമില്ലാതെ ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം സാധ്യമായ സഹകരണങ്ങള്‍ നൽകുന്നതിലുള്ള സഭയുടെ സന്നദ്ധത സര്‍ക്കാരിനോട് അറിയിക്കുന്നതായും അവര്‍ പറഞ്ഞു.

ചെല്ലാനത്തെ ജനങ്ങള്‍ കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നിരന്തരം പ്രക്ഷോഭത്തിലായിരുന്നു. ഈ പ്രക്ഷോഭങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിക്കൊണ്ടാണ് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെ.ആര്‍.എല്‍.സി.ബി.സി.) നേതൃത്വത്തിലുള്ള ‘കടല്‍’ എന്ന സംഘടനയും കെ.ആര്‍.എല്‍.സി.സി. യുടെ സഹകരണത്തോടെ കൊച്ചി, ആലപ്പുഴ രൂപതകളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ‘കെയര്‍ ചെല്ലാന’വും പ്രശ്‌ന പരിഹാരത്തിന് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും, ജനപ്രതിനിധികളും ജനകീയ സംഘടനകളും ശക്തമായ സമ്മര്‍ദ്ദം ഉയര്‍ത്തിയിരുന്നുവെന്നും, എല്ലാവരെയും കെ.സി.ബി.സി.യും കെ.ആര്‍.എല്‍.സി.ബി.സി.യും അഭിനന്ദിക്കുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

അതേസമയം, പദ്ധതിയില്‍ ഉള്‍പ്പെടാത്ത പ്രദേശങ്ങളുടെയും സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും, ചെല്ലാനത്തു നടപ്പാക്കുന്നതുപോലെ കേരളത്തിന്റെ അപകടകരമായ മറ്റു തീരപ്രദേശങ്ങളിലും സംരക്ഷണ പദ്ധതികള്‍ സർക്കാർ നടപ്പിലാക്കണമെന്നും, തീരവും കടലും മത്സ്യതൊഴിലാളികള്‍ക്കും തീരവാസികള്‍ക്കും അന്യമാക്കുന്ന വികസന പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ പുന:രാലോചിക്കണമെന്നും, പുനര്‍ഗേഹം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യവകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയും മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്ന വസ്തുവകകളുടെ തോതനുസരിച്ച് നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിൽ സത്വരമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുണ്ടാകണമെന്നും കെ.സി.ബി.സി.യും കെ.ആര്‍.എല്‍.സി.ബി.സി.യും ആവശ്യപ്പെടുന്നുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker