കൗശലപൂർവ്വം പ്രവർത്തിച്ച നീതിരഹിതനായ കാര്യസ്ഥൻ
പണം നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ പ്രശ്നമില്ല, നേരെ തിരിച്ചാണ് എങ്കിൽ അത് തിന്മയിലെ അവസാനിക്കുകയുള്ളൂ
ആണ്ടുവട്ടം ഇരുപത്തിയഞ്ചാം ഞായർ
ഒന്നാം വായന : ആമോസ് 8:4-7
രണ്ടാം വായന : 1തിമൊത്തിയോസ് 2:1-8
സുവിശേഷം : വി.ലൂക്കാ 16:1-13
ദിവ്യബലിക്ക് ആമുഖം
“എല്ലാവരും രക്ഷപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് ദൈവം ആഗ്രഹിക്കുന്നത്. എന്തെന്നാൽ ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവനേ യുള്ളൂ മനുഷ്യനായ യേശു ക്രിസ്തു” എന്ന് രണ്ടാം വായനയിൽ തിമോത്തിയോസിനോട് വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ വാക്കുകളിലൂടെയാണ് ഈ ഞായറാഴ്ച നമ്മെ സ്വാഗതം ചെയ്യുന്നത്. അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമയും, സമ്പത്തിനെ സംബന്ധിച്ച് നൽകുന്ന വ്യത്യസ്ത ഉപദേശങ്ങളും ലൂക്കായുടെ സുവിശേഷത്തിലൂടെ യേശു നമ്മോട് പറയുമ്പോൾ, തന്റെ കാലഘട്ടത്തിൽ നിലനിന്നിരുന്ന സാമ്പത്തിക-സാമൂഹിക അനീതികൾക്കെതിരെ പ്രവചിക്കുന്ന ആമോസ് പ്രവാചകനെ ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിക്കുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.
ദൈവ വചന പ്രഘോഷണ കർമ്മം
ഒറ്റ നോട്ടത്തിൽ പരസ്പരവിരുദ്ധം എന്നു തോന്നുന്നതും, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതുമായ തിരുവചനമാണ് നാം ഇന്നത്തെ സുവിശേഷത്തിൽ ശ്രവിച്ചത്. വിശുദ്ധ ലൂക്കായുടെ സുവിശേഷം പതിനാറാം അദ്ധ്യായത്തിലെ ഒന്നു മുതൽ 13 വരെയുള്ള വാക്യങ്ങളിൽ ഒന്നാംഭാഗം അവിശ്വസ്തനായ കാര്യസ്ഥനെ കുറിച്ചുള്ള ഉപമയും, രണ്ടാം ഭാഗം പണത്തിനെയും സാമ്പത്തിനെയും സംബന്ധിക്കുന്ന പൊതുവായ ഉപദേശങ്ങളുമാണ്. ഈ തിരുവചനങ്ങളുടെ യഥാർത്ഥ അർത്ഥം മനസ്സിലാക്കാൻ, ഈ രണ്ടു ഭാഗങ്ങളെയും വേർതിരിച്ച് വിചിന്തന വിധേയമാക്കാം.
1) അവിശ്വസ്തനായ എന്നാൽ ബുദ്ധിമാനായ കാര്യസ്ഥൻ
ധനവാനായ യജമാനൻ തന്റെ കാര്യസ്ഥന്റെ അവിശ്വസ്തത കണ്ടുപിടിച്ചതിനാൽ അവനെ പുറത്താക്കുന്നു. യേശുവിന്റെ കാലത്ത് വലിയ ധനവാൻമാരുടെ കാര്യസ്ഥൻമാർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനമാണ് ഉണ്ടായിരുന്നത്. ഈ കാര്യസ്ഥൻമാരുടെ കീഴിൽ ധാരാളംപേർ ജോലി ചെയ്തിരുന്നു. അതുകൊണ്ടുതന്നെ യജമാനൻ തന്നെ പുറത്താക്കാൻ പോകുന്നു എന്നറിഞ്ഞ കാര്യസ്ഥൻ തന്റെ ഭാവിയെക്കുറിച്ച് ആകുലതപ്പെടുന്നു.
ജോലി നഷ്ടപ്പെടുമ്പോൾ താൻ അപമാനിതനാകുമെന്നും, മറ്റ് ജോലിചെയ്തു ജീവിക്കാൻ ശക്തി ഇല്ലെന്നും, ഭിക്ഷ യാചിക്കാൻ തന്റെ അഭിമാനം തന്നെ അനുവദിക്കുകയില്ലെന്നും മനസ്സിലാക്കിയ കാര്യസ്ഥൻ തന്റെ ജോലി നഷ്ടപ്പെട്ടതിനു ശേഷം സമൂഹത്തിലും പ്രത്യേകിച്ച് തനിക്ക് കീഴിൽ ജോലി ചെയ്യുന്നവരുടെ ഇടയിലും പഴയതുപോലെതന്നെ സ്ഥാനവും ബഹുമാനവും സ്വീകാര്യതയും ലഭിക്കാനായി തന്റെ യജമാനനിൽ നിന്ന് കടംവാങ്ങിയവർക്ക് അയാളുടെ സ്വാധീനമുപയോഗിച്ച് കടം ഇളവു ചെയ്തു കൊടുക്കുന്നു.
ബുദ്ധിമാനായ കാര്യസ്ഥൻ ഇളവു ചെയ്തു കൊടുത്ത കടത്തിന്റെ വലിപ്പം അറിഞ്ഞാലേ അയാൾ ചെയ്ത പ്രവൃത്തിയുടെ ആഴവും നമുക്ക് മനസ്സിലാവുകയുള്ളൂ. “100 ബത്ത്” എണ്ണ കടപ്പെട്ടിരിക്കുന്നവനോട് അത് “50 ബത്ത്” എന്ന് തിരുത്തി എഴുതാൻ പറയുന്നു. നൂറു ബത്ത് എണ്ണ എന്നത് ഏകദേശം 160 ഒലിവ് മരങ്ങളിൽ നിന്ന് ശേഖരിക്കുന്ന ഏകദേശം നാലായിരത്തോളം ലിറ്റർ എണ്ണയാണ്. മൂന്നുവർഷത്തെ കഠിനാധ്വാനത്തിനും തുല്യം. ഇത് പകുതിയാക്കി, 2000 ലിറ്ററാക്കി എഴുതാൻ പറഞ്ഞു കൊണ്ട് ഏകദേശം 500 ദിനാറായോളം അയാൾ ലഭിക്കുന്നു.
രണ്ടാമത്തെ വൻ കടപ്പെട്ടിരിക്കുന്നത് “100 കോർ” ഗോതമ്പാണ് ഏകദേശം 100 ഏക്കറോളം ഭൂമിയിൽ കൃഷി ചെയ്തു ലഭിക്കുന്ന 28 ടണ്ണോളം ഗോതമ്പാണത്. ഏകദേശം എട്ടു വർഷത്തെ കഠിനാധ്വാനത്തിന് തുല്യം. 2500 ദനാർ വിലമതിക്കുന്നത്. ഇതും 20 ശതമാനമാക്കി കുറച്ചു കൊണ്ട് 500 ദനാറോളം ലഭിക്കുന്നു. രണ്ടിനുംകൂടി ഏകദേശം ആയിരം ദിനാർ ലഭിക്കുന്നു ( ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിലെ ഉദ്ദേശ കണക്കാണിത്). തീർച്ചയായും ഇത്രയും വലിയ കടങ്ങൾ ഇളവ് ചെയ്തു കിട്ടിയാൽ ഇനി ജീവിതകാലം മുഴുവൻ ഈ കാര്യസ്ഥനോട് സ്നേഹവും ബഹുമാനവും കാണിക്കും തന്നെയാണ് അയാളുടെ ലക്ഷ്യവും.
ഈ കാര്യസ്ഥനെ യേശു പുകഴ്ത്തുന്നു. ഈ കഥയിലെ യജമാനൻ എന്നു പറയുന്നത് യേശു തന്നെയാണ്. യേശു പുകഴ്ത്തുന്നത് അയാളുടെ അവിശ്വസ്തതയെ അല്ല മറിച്ച് അയാളുടെ കുശലതയും ബുദ്ധിയേയും ആണ്. യേശു പ്രശംസിക്കുന്നത് അവസാന നിമിഷത്തിലെ അയാളുടെ മാറ്റത്തെയും അതനുസരിച്ചുള്ള അയാളുടെ പ്രവൃത്തിയെയും ആണ്. അയാളുടെ ബുദ്ധിപൂർവ്വമായ പ്രവൃത്തി അയാളുടെ ഭാവിയെ വീണ്ടും സന്തോഷം ഉള്ളതാകുന്നു ഏറ്റവും ഇരുളടഞ്ഞ പ്രതീക്ഷ അയാളുടെ അവസാന നിമിഷത്തിലെ കൗശല പൂർണമായ പ്രവൃത്തിയിലൂടെ വീണ്ടും ബഹുമാനവും സ്വീകാര്യതയും ഉള്ള ഭാവി ലഭിക്കുന്നു.
യുഗാന്ത്യ ചിന്തയോടെ കൂടി (Eschatology) മാത്രമേ അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.
നാം മാതൃകയാക്കേണ്ടത് അയാളുടെ അവിശ്വസ്തതയെ അല്ല (അത് നമുക്ക് ഒരിക്കലും അനുകരണീയം അല്ല). മറിച്ച് അവസാനനിമിഷത്തിൽ തനിക്ക് നല്ല ഭാവി ലഭിക്കുന്ന രീതിയിൽ കാര്യങ്ങളെ ക്രമീകരിക്കാനുള്ള അയാളുടെ ബുദ്ധിയെയാണ്. നാമും യുഗാന്ത്യം ലക്ഷ്യമാക്കി ജീവിക്കുന്നവരാണ്. അതോടൊപ്പം നമുക്കോരോരുത്തർക്കും നമ്മുടെ ജീവിതത്തിന്റെ അവസാനവുമുണ്ട് (മരണം). ഈ അന്ത്യങ്ങൾക്ക് മുൻപ് ഈ ഭൂമിയിൽ ജീവിക്കുമ്പോൾ നമ്മെ സ്വാധീനിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്;മാതാപിതാക്കൾ, കുടുംബം, വിദ്യാഭ്യാസം, തൊഴിൽ, ജീവിതപങ്കാളി, ഇടവക സമൂഹം… തുടങ്ങി ഒട്ടനവധി ഘടകങ്ങൾ. ഈ ഘടകങ്ങളെല്ലാം നമ്മുടെ മരണാനന്തരജീവിതം മുന്നിൽകണ്ടുകൊണ്ട്, ദൈവത്തോടൊപ്പം നിത്യവും ആയിരിക്കുന്ന അവസ്ഥയെ മുന്നിൽകണ്ടുകൊണ്ട് ക്രമീകരിക്കുവാൻ നമുക്ക് സാധിക്കണം. ബുദ്ധിയുള്ളവർ, കൗശലക്കാരായ അവർ അവരുടെ ഇന്നത്തെ ജീവിതത്തിലെ സർവ്വ കാര്യങ്ങളെയും മരണത്തിനുശേഷം ദൈവവുമായുള്ള ജീവിതം സാധ്യമാകുന്ന രീതിയിൽ ക്രമീകരിക്കുന്നു. വളരെ ലളിതമായി പറഞ്ഞാൽ യുഗത്തിൽ ദൈവം നമ്മെ സ്വീകരിക്കുക രീതിയിൽ, ദൈവസന്നിധിയിൽ നമുക്ക് സ്ഥാനം ലഭിക്കത്തക്ക രീതിയിൽ ഭൂമിയിലായിരിക്കുമ്പോൾ നന്മയിലും, വിശ്വാസത്തിലും ദൈവത്തെ അറിഞ്ഞു ജീവിക്കുന്ന ബുദ്ധിയും കൗശലവും ഉള്ളവരാവുക. നാം വൈകിപ്പോയെങ്കിൽ അതിപ്പോൾ തിരുത്തുക. ഇതാണ് ഈ ഉപമയുടെ സന്ദേശം.
2) പണത്തിനെയും സമ്പത്തിനെയും സംബന്ധിച്ച്
ഇന്നത്തെ സുവിശേഷത്തിലെ രണ്ടാംഭാഗം പണത്തെയും, സമ്പത്തിനെയും പ്രത്യേകിച്ച് സ്വത്തിനെ സംബന്ധിച്ചുള്ളതാണ്. ഇതിൽ നാം ശ്രവിച്ച “ഒരു ഭ്യത്യന് രണ്ട് യജമാനന്മാരെ സേവിക്കുവാൻ സാധിക്കുകയില്ല. ഒന്നുകിൽ അവൻ ഒരുവനെ ദ്വേഷിക്കുകയും മറ്റൊരുവനെ സ്നേഹിക്കുകയും ചെയ്യും, അല്ലെങ്കിൽ ഒരുവനോട് ഭക്തികാണിക്കുകയും മറ്റവനെ നിന്ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ച് സേവിക്കാൻ നിങ്ങൾക്ക് കഴിയുകയില്ല” എന്ന വാക്യം നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ധനം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് വെറും പണം മാത്രമല്ല ഒരുവന്റെ ലൗകീകമായ സ്വത്തും സമ്പത്തും ആണത്. ദൈവത്തെയും ധനത്തെയും വേർതിരിച്ച് അവതരിപ്പിച്ചുകൊണ്ട് ഇതിൽ ആരെയാണ് നാം സേവിക്കുന്നത് എന്ന് ചോദിക്കുമ്പോൾ അതിന്റെ അർത്ഥം ഇതിൽ ആരാണ് നമ്മെ നിയന്ത്രിക്കുന്നത് എന്നതാണ്. ധനത്താൽ നിയന്ത്രിക്കപ്പെടുന്നവന് (എല്ലാം പണം ലക്ഷ്യമാക്കി ചെയ്യുന്നവന്) ഒരിക്കലും ദൈവത്തെ പ്രീതിപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് ചുരുക്കം. ഇതാദ്യമായല്ല യേശു ധനത്തെയും സമ്പത്തിനെയും കുറിച്ച് പ്രതിപാദിക്കുന്നത്. യേശുവിന്റെ ഉപമകളിലെ 38 എണ്ണത്തിൽ 16 എണ്ണവും പണത്തെയും, സമ്പത്തിനെയും, ദാരിദ്ര്യത്തെയും ബന്ധപ്പെടുത്തിയുള്ളതാണ്. വിശുദ്ധ ഗ്രന്ഥത്തിൽ ഏകദേശം 2350 പ്രാവശ്യത്തോളം പണത്തിനെയും സമ്പത്തിനെയും കുറിച്ചുള്ള മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അത്രമാത്രമാണ് ധനവും ദൈവവിശ്വാസവും വിശ്വാസ ജീവിതവും തമ്മിലുള്ള ബന്ധം. പണമില്ലാതെ നമുക്ക് ജീവിക്കുവാൻ സാധിക്കുകയില്ല. നാം ദൈവത്തിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട്, പണം നമ്മുടെ ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ പ്രശ്നമില്ല, നേരെ തിരിച്ചാണ് എങ്കിൽ അത് തിന്മയിലെ അവസാനിക്കുകയുള്ളൂ.
കൂടുതൽ ധനം സമ്പാദിക്കാനായി ദരിദ്രരെയും, പാവപ്പെട്ടവരെയും, നിരാലംബരെയും ഞെരുക്കികൊണ്ട്,കളള കച്ചവടം ചെയ്യുന്നവർക്കെതിരെയും, അമിതലാഭം കൊയ്യുന്നവർക്കെതിരെയും ഇന്നത്തെ ഒന്നാം വായനയിൽ സാമൂഹ്യ നീതിയുടെയും, ദൈവീക നീതിയുടെയും പ്രവാചകനായ ആമോസ് ശബ്ദമുയർത്തുന്നത് നാമിന്ന് ഒന്നാമത്തെ വായനയിൽ ശ്രവിച്ചു. ധനാർത്ഥിയോട് കൂടിയ അവരുടെ പ്രവൃത്തി ദൈവം ഒരിക്കലും മറക്കുകയില്ല എന്നും, അതിന്റെ ശിക്ഷ അവർക്ക് ലഭിക്കുമെന്നും പറയുന്നു.
ഇന്നത്തെ തിരുവചനങ്ങൾ വ്യത്യസ്തമായ, എന്നാൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത രണ്ട് യാഥാർത്ഥ്യങ്ങളെ കുറിച്ച് നമ്മെ പഠിപ്പിക്കുന്നു.
ഒന്ന്: യുഗാന്ത്യത്തെ ലക്ഷ്യമാക്കി “ബുദ്ധി” യോടും കൗശലതയോടും കൂടിയുള്ള ആത്മീയ ജീവിതം നയിക്കാൻ.
രണ്ട്: നമ്മുടെ ദൈനംദിന ജീവിതത്തിലെ സുപ്രധാന ഘടകമായ പണത്തെ നാം സേവിക്കാതെ ദൈവത്തിന് പ്രാധാന്യം നൽകിക്കൊണ്ട് പണത്തെ നമ്മുടെ സേവകനാക്കാന്‍ അതോടൊപ്പം ആമോസ് പ്രവാചകനെ പോലെ ഇന്നത്തെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദമുയർത്താൻ ഓരോ ക്രിസ്ത്യാനിക്കും ഉത്തരവാദിത്വം ഉണ്ടെന്നതും നമുക്ക് മറക്കാതിരിക്കാം.
ആമേൻ.