ക്രൈസ്തവ സംരക്ഷണ സേനക്കാരോട് പറയാനുള്ളത്
ഈ ഭാരത മണ്ണിൽ ക്രൈസ്തവർക്ക് മാത്രമായി എന്തിനാണ് ഒരു പ്രത്യേക സംരക്ഷണം?
സുവിശേഷങ്ങളിൽ ഏറ്റവും അവസാനം എഴുതപ്പെട്ടത് യോഹന്നാന്റെ സുവിശേഷമാണ്. ആ സുവിശേഷത്തിന് ഒരു പ്രത്യേകതയുണ്ട്, അതിൽ “ശത്രു” എന്ന പദമില്ല. സമവീക്ഷണ സുവിശേഷങ്ങളിൽ സ്നേഹത്തിന്റെ ഏറ്റവും ഉന്നതതലമായി ചിത്രീകരിക്കുന്നത് ‘ശത്രുവിനെ സ്നേഹിക്കുക’ എന്ന തത്വം ആകുമ്പോൾ സ്നേഹത്തിന്റെ സുവിശേഷം എന്നറിയപ്പെടുന്ന യോഹന്നാന്റെ സുവിശേഷത്തിൽ ശത്രു എന്ന പദം പോലുമില്ല. യോഹന്നാന്റെ സുവിശേഷം പഠിപ്പിച്ചത് “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുക” എന്ന ക്രിസ്തു കൽപ്പനയാണ്. ഓർക്കണം, ഈ സുവിശേഷം എഴുതിയത് ക്രൈസ്തവ പീഡനം അതിന്റെ മൂർദ്ധന്യത്തിൽ എത്തിയ കാലഘട്ടത്തിലാണെന്നും. സ്നേഹിക്കാൻ തുനിഞ്ഞിറങ്ങുന്നവർക്ക് എങ്ങനെയാണ് മുന്നിൽ നിൽക്കുന്നവർ ശത്രുവാണെന്ന് സങ്കൽപ്പിക്കാൻ സാധിക്കുക?
പറഞ്ഞുവരുന്നത് ക്രൈസ്തവ സംരക്ഷണ സേനയെ കുറിച്ചാണ്. എന്റെ സാറേ, ക്രിസ്തു ശിഷ്യർക്ക് ശത്രുക്കളില്ല. ക്രിസ്തു ആരെയും ശത്രുക്കളായി മുദ്ര കുത്തുവാൻ പഠിപ്പിച്ചിട്ടുമില്ല. ക്രൈസ്തവന്റെ സംരക്ഷണം ദൈവമാണ്. ശ്രീലങ്കയിലെ ആ കർദിനാൾ എടുത്ത നിലപാട് മാത്രമേ ഭാരതാംബയുടെ മണ്ണിലുള്ള ഈ കൊച്ചു കൂട്ടവും എടുക്കുകയുള്ളൂ. എടുക്കുവാൻ പാടുള്ളൂ. ഇനി സാർ ചരിത്രത്തിന്റെ താളുകൾ ഒന്ന് മറിച്ചു നോക്കുക. ഈ സംരക്ഷണസേന എന്ന സങ്കല്പം ക്രൈസ്തവ ചരിത്രത്തെ സംബന്ധിച്ച് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. പത്താം നൂറ്റാണ്ടിൽ തുടങ്ങിയ കുരിശുയുദ്ധം. അത് വിശുദ്ധനാട് സന്ദർശിക്കുന്ന തീർത്ഥാടകരായ ക്രൈസ്തവരെ സംരക്ഷിക്കുന്നതിനു വേണ്ടി തുടങ്ങിയ കാര്യമായിരുന്നു. പരസ്പരം infidels എന്ന് വിളിച്ചു ക്രിസ്ത്യാനികളും മുസ്ലീങ്ങളും തല്ലി ചത്തു എന്നതല്ലാതെ എന്ത് മേൻമയാണ് ആ സംരക്ഷണസേന കൊണ്ട് മാനവികതയ്ക്ക് ലഭിച്ചത്?
പതിനാലാം നൂറ്റാണ്ടിലാണ് “ഇൻക്വിസിഷൻ” എന്ന പേരിൽ ഒരു സംരക്ഷണസേന വരുന്നത്. കുറെ പാവപ്പെട്ടവരെ കത്തിച്ചും പീഡിപ്പിച്ചും കൊന്നു എന്നതല്ലാതെ എന്ത് നന്മയാണ് അത് ലോകത്തിന് നൽകിയത്? മാർട്ടിൻ ലൂതറിന്റെ ലേഖനമായ On the Jews and Their Lies ഉം അതിനെ ആസ്പദമാക്കിയുള്ള പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്ര വ്യാഖ്യാനങ്ങളുമായിരുന്നു ക്രൈസ്തവരെ യഹൂദരിൽ നിന്നും സംരക്ഷിക്കുന്നതിനായി ഹിറ്റ്ലർ രൂപീകരിച്ച് ‘നാസിസം’ എന്ന രാഷ്ട്രീയ പാർട്ടിയുടെ മതാത്മക ഭാഷ്യം. നാസികളുടെ കൊടിയിലും ഉണ്ടായിരുന്നു Gott mit Uns അഥവാ ‘ദൈവം നമ്മോടു കൂടെ’ എന്ന ദൈവവചനവും. എന്നിട്ട് എന്താണ് സംഭവിച്ചത് എന്ന കാര്യം ഇവിടെ കുറിക്കാൻ തുടങ്ങിയാൽ പിന്നെ അതിനൊരു അവസാനമുണ്ടാകില്ല. അതുകൊണ്ട്, എന്റെ പൊന്നു സാറെ, ‘സംരക്ഷണസേന’ എന്ന വാക്ക് തന്നെ നമുക്ക് വേണ്ട. ചരിത്രത്തിൽ നിന്നും അതിനു വേണ്ടുവോളം പഠിച്ചവരാണ് ക്രൈസ്തവർ.
ഈ ഭാരത മണ്ണിൽ ക്രൈസ്തവർക്ക് മാത്രമായി എന്തിനാണ് ഒരു പ്രത്യേക സംരക്ഷണം? ക്രൈസ്തവ പഠനത്തിൽ മനുഷ്യരെ ശത്രുവായി ദർശിക്കുന്ന ഒന്നും തന്നെയില്ല. ക്രൈസ്തവർ ചെറുത്തുനിൽക്കുന്നത് തിന്മയുടെ ശക്തികൾക്കെതിരെയാണ്. അത് സഹജന്റെ തെറ്റുകളുടെ നേർ വിരൽചൂണ്ടിയല്ല, മറിച്ച് ആന്തരികമായ സംഘർഷത്തിന്റെ നിശ്ചലതയ്ക്കായുള്ള പ്രയത്നമാണ്.
ക്രിസ്തുവിന് ശത്രുവായി ആരും തന്നെ ഇല്ലായിരുന്നു. എങ്കിലും അവനെ ശത്രുവായി കരുതിയിരുന്ന ചില കൂട്ടർ ഉണ്ടായിരുന്നു എന്നത് സത്യമാണ്. അവർ അവനു നൽകിയ പീഡനത്തിന് മുൻപിൽ അവൻ ചെറുത്ത് നിന്നില്ല. ഒന്നു മനസ്സുവെച്ചാൽ സ്വർഗ്ഗത്തിൽ നിന്നും അവനെ സംരക്ഷിക്കാൻ സൈന്യത്തെ നിരത്തുവാൻ കഴിവുള്ളവനായിട്ടുപോലും. എന്നിട്ടും കുരിശിലേക്ക് നടന്നുനീങ്ങിയത് നിശബ്ദനായിട്ടാണ്. ആരോടും ഇല്ലായിരുന്നു പരാതിയും പരിഭവവും. അങ്ങനെയുള്ള ഗുരുവിനെ അനുഗമിക്കുന്ന ഞങ്ങൾക്ക് എന്തിനാണ്, സാറെ, ഒരു സംരക്ഷണസേന? സഹജരെയും മറ്റും മതസ്ഥരെയും ശത്രുവായി സങ്കൽപ്പിച്ചുകൊണ്ട് ക്രൈസ്തവർക്ക് മാത്രമായി ഒരു സംരക്ഷണ സേനയുടെ ആവശ്യമില്ല എന്നതാണ് ഈയുള്ളവന്റെ കാഴ്ചപ്പാട്. അതുമാത്രമല്ല, ഇപ്പോൾതന്നെ നവമാധ്യമങ്ങളിൽ ക്രൈസ്തവ വിശ്വാസ സംരകഷകരെ കൊണ്ട് മുട്ടി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇനി BJP, RSS സ്റ്റൈലിലുള്ള സംരക്ഷണം കൂടി താങ്ങാനുള്ള പാങ്ങില്ല സാറേ. ഞങ്ങൾക്ക് ഈ മണ്ണിൽ ശത്രുക്കളായി ആരും തന്നെ ഇല്ല. ഇനി ഞങ്ങളെ ശത്രുക്കളായി കാണുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ, അതിന് ഇപ്പോൾ എന്നാ പറയാനാ, അവിടെയല്ലേ ക്രിസ്തുവിലുള്ള വിശ്വാസം എന്ന യാഥാർത്ഥ്യത്തെ ഓരോ ക്രൈസ്തവനും മുന്നിൽ നിർത്തേണ്ടത്? തോമാശ്ലീഹായുടെ കാലം മുതൽ ഇപ്പോൾ വരെ ഈ ഭാരതമണ്ണിൽ പിടിച്ചുനിൽക്കാൻ സാധിച്ചല്ലോ, ഇനിയും മുന്നോട്ടു പിടിച്ചു നിൽക്കാൻ സാധിക്കും. അതിനു ഞങ്ങൾക്കു തുണ കർത്താവ് തന്നെയാണ്.