കോവിഡ് 19 മഹാമാരിക്കെതിരെ കൊരട്ടിയില്‍ ഒക്ടോബര്‍ 01-ന് ആരംഭിച്ച ഓലൈന്‍ ജപമാലയുടെ സമാപന ആഘോഷങ്ങള്‍ക്ക് തുടക്കമായി
ഒക്ടോബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെ എല്ലാദിവസവും വൈകിട്ട് 7-ന് ദിവ്യബലിയും ജപമാലയും സൗഖ്യആരാധനയും...
ജോസ് മാർട്ടിൻ
കൊരട്ടി: കൊരട്ടിയില്‍ വിശുദ്ധ അന്തോണീസിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കോവിഡ് 19 മഹാമാരിക്കെതിരെ ഒക്ടോബര്‍ 01-ന് ആരംഭിച്ച ഓലൈന്‍ ജപമാലയുടെ സമാപന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ.ബിജു തട്ടാരശ്ശേരി തിരുനാള്‍ പതാക ഉയര്‍ത്തി. പത്തു ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സമാപന ആഘോഷങ്ങളാണ് നടക്കുന്നത്.
ഒക്ടോബര്‍ 22 മുതല്‍ ഒക്ടോബര്‍ 31 വരെ എല്ലാദിവസവും വൈകിട്ട് 7-ന് ദിവ്യബലി, തുടര്‍ന്ന് ദിവ്യകാരുണ്യ തിരുസന്നിധിയില്‍ ജപമാലയും സൗഖ്യആരാധനയും. ലോകം മുഴുവനുമുള്ള വിശ്വാസികളെ കോര്‍ത്തിണക്കി കൊണ്ടാണ് ഈ ജപമാല ആഘോഷം ഓലൈന്‍ വഴി ക്രമീകരിച്ചിരിക്കുന്നത്.
പരിശുദ്ധ കന്യകാമറിയത്തിന്റെ വിവിധ പ്രത്യക്ഷീകരണങ്ങളാണ് ഈ ദിവസങ്ങളില്‍ ധ്യാന വിഷയമാക്കുന്നതെന്ന് തീര്‍ഥാടന കേന്ദ്രം റെക്ടര്‍ അറിയിച്ചു. ജപമാല ആഘോഷത്തിന്റെ ഭാഗമായി കോവിഡ് ദുരിതമനുഭവിക്കുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ് വിതരണവും നടത്തിവരുന്നു.
തിരുക്കര്‍മ്മങ്ങള്‍ തല്‍സമയം യുട്യൂബ് ചാനല്‍ വഴി കാത്തലിക്ക് വോക്‌സും, തീര്‍ത്ഥാടന കേന്ദ്രവും സംപ്രേക്ഷണം ചെയുന്നുണ്ട്.