കോവിഡിന്റെ പശ്ചാത്തലത്തിൽ വേറിട്ട സേവന രീതിയുമായി കൊച്ചി നസ്രത്ത് തിരുക്കുടുംബ ദേവാലയം
ആയിരം രൂപ വീതം, മുപ്പത്തിരണ്ടര ലക്ഷം രൂപയാണ് ബി.സി.സി. യൂണിറ്റ് കണ്‍വീനര്‍മാര്‍വഴി മൂന്നു ഘട്ടങ്ങളിലായി ഇടവകാ അംഗങ്ങളിൽ എത്തിച്ചത്...
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചി രൂപതയിലെ പശ്ചിമ കൊച്ചി നസ്രത്ത് തിരുക്കുടുംബ ഇടവക കോവിഡിന്റെ പശ്ചാത്തലത്തിൽ വേറിട്ട സേവന രീതിയുമായി പ്രത്യേക ശ്രദ്ധനേടുകയാണ്. പള്ളിയില്‍ നേര്‍ച്ചകളായും സംഭാവനകളായും ലഭിച്ച തുകമുഴുവനും ഇടവകയിലെ 2700 ഓളം വരുന്ന ഇടവക അംഗങ്ങൾക്ക് ഈ പ്രതിസന്ധിയുടെ ഘട്ടത്തിൽ സഹായ ഹസ്തമായിമാറുകയാണ്. ആയിരം രൂപ വീതം, മുപ്പത്തിരണ്ടര ലക്ഷം രൂപയാണ് ബി.സി.സി. യൂണിറ്റ് കണ്‍വീനര്‍മാര്‍വഴി മൂന്നു ഘട്ടങ്ങളിലായി ഇടവകാ അംഗങ്ങളിൽ എത്തിച്ചത്.
സഹവികാരിമാരായ ഫാ.എഡ്വിൻ മെൻഡസ്, ഫാ.ജോർജ് സെബിൻ തറേപ്പറമ്പിൽ, ഫൈനാൻസ് കമ്മിറ്റി അംഗംങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി നടപ്പിലാക്കിയത്. കൂടാതെ, വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ നേര്‍ച്ചസദ്യക്കായി സമാഹരിച്ച അഞ്ചര ലക്ഷം രൂപ സംഭാവനയായി തന്നവര്‍ക്കു തന്നെ മടക്കിനല്‍കിയെന്ന് ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ പുത്തന്‍പുരയ്ക്കല്‍ കാത്തലിക് വോക്ക്സിനോട് പറഞ്ഞു.
അതോടൊപ്പം, യുവജന സംഘടനയായ കെ.സി.വൈ.എം.ന്റെ സഹായത്തോടെ ഇടവകയിലെയും പരിസര പ്രദേശങ്ങളിലെയും ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് അവശ്യ വസ്തുക്കൾ വിതരണം ചെയ്യുകയും, ചെറുപുഷ്പം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഫേസ് മാസ്ക്കുകൾ നിർമിച്ച് പൊതു സ്ഥാപനങ്ങൾക്കും, സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകുകയും ചെയ്തു. കൂടാതെ, കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിവഴി ലഭിച്ച പലവ്യഞ്ജണ കിറ്റുകളും വിതരണം ചെയ്തിട്ടുണ്ട്.
പശ്ചിമ കൊച്ചിയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ഇടവകയാണ് നസ്രത് തിരുക്കുടുംബ ദേവാലയം.