കോട്ടപ്പുറം രൂപതയിൽ സന്യസ്ഥരുടെ കുടുംബപ്രേഷിതത്വ കൂട്ടായ്മ – “ഞങ്ങളുണ്ട് കൂടെ”
രൂപതാ മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി ഉദ്ഘാടനം ചെയ്തു...
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോവിഡ് കാലഘട്ടത്തിൽ കുടുംബ കേന്ദ്രീകൃത അജപാലനം ലക്ഷ്യമാക്കി ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച കുടുംബ വർഷത്തോടനുബന്ധിച്ച് രൂപതയിലെ കുടുംബങ്ങളെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടപ്പുറം രൂപതാ മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി രൂപതയിലെ സന്യസ്തരുടെ യോഗം വിളിച്ചു ചേർത്തു. തകർന്ന കുടുംബങ്ങളെയും, തകർന്നു കൊണ്ടിരിക്കുന്ന കുടുംബങ്ങളെയും ക്രിസ്തുവിൽ വീണ്ടെടുക്കുക എന്ന അജപാലന ദൗത്യത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട് “ഞങ്ങളുണ്ട് കൂടെ”എന്ന സന്യസ്തരുടെ കൂട്ടായ്മക്ക് പിതാവ് തുടക്കം കുറിച്ചു.
രൂപതയിലെ എല്ലാ സന്യസ്തരോടും, തങ്ങൾ ആയിരിക്കുന്ന സ്ഥലങ്ങളിലെ കുടുംബ സന്ദർശനങ്ങളിലൂടെ മാത്രമേ ഈ ദൗത്യം പ്രാവർത്തികമാക്കാൻ സാധിക്കുകയുള്ളുവെന്ന് പിതാവ് പറഞ്ഞു.
കോട്ടപ്പുറം രൂപത സന്യസ്തരുടെ എപ്പിസ്ക്കോപ്പൽ വികാർ റവ.ഡോ.സെബാസ്റ്റിൻ ജെഹോബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച്
രൂപതയിൽ കുടുംബവർഷത്തോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന ‘പദ്ധതികളുടെ പ്രകാശനം’ കോട്ടപ്പുറം രൂപതാ വികാർ ജനറൽ മോൺ.ആന്റണി കുരിശിങ്കൽ നിർവഹിച്ചു.
കുടുംബങ്ങളുടെ അജപാലന പ്രഷിതത്വത്തെക്കുറിച്ച് കെ.ആർ.എൽ.സി.ബി.സി. ഫാമിലി കമ്മീഷൻ സെക്രട്ടറി റവ.ഡോ.എ.ആർ.ജോണും, കൊച്ചി രൂപതാ റിസോഴ്സ് പേഴ്സൺ ബോണി ചെല്ലാനവും ക്ലാസ്സ് നയിച്ചു. രൂപതയിലെ വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നായി 75 – സിസ്റ്റേഴ്സും, ഫാമിലി കമ്മീഷൻ റിസോഴ്സ് ടീം അംഗങ്ങളും പങ്കെടുത്തു.