കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന്റെ (കെ.സി.എം.എസ്.) പ്രസിഡന്റായി ഫാ.സെബാസ്റ്റ്യൻ ജെക്കോബിയെ തിരഞ്ഞെടുത്തു
ലത്തീൻ സമുദായത്തിൽ നിന്നും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്...
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന്റെ (കെ.സി.എം.എസ്.) പ്രസിഡന്റായി ഫാ.സെബാസ്റ്റ്യൻ ജെക്കോബിയെ തിരഞ്ഞെടുത്തു. ലത്തീൻ സമുദായത്തിൽ നിന്നും ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയാണ് ഫാ.ജെക്കോബി. മൂന്ന് വർഷമാണ് സേവന കാലാവധി.
കോട്ടപ്പുറം രൂപത വികാരി ജനറൽ, അൽമായ കമ്മീഷൻ ഡയറക്ടർ, മിനിസ്ട്രി കോഡിനേറ്റർ, ഓ.എസ്.ജെ. സഭയുടെ റോമിലെ വികാർ ജനറൽ, റോമിലെ ഓ.എസ്.ജെ. ഇന്റെർനാഷണൽ സ്പിരിച്വലിറ്റി സെന്റെർ പ്രസിഡന്റ്, റോമിലെ ഓ.എസ്.ജെ. ജനറൽ ഹൗസിന്റെ സുപ്പീരിയർ, കെ.ആർ.എൽ.സി.ബി.സി, വി.എസ്.സി.ആർ. കമ്മീഷൻ സെക്രട്ടറി, കെ.സി.ബി.സി വൊക്കേഷനൽ കമ്മീഷൻ ജോയിൻറ് സെക്രട്ടറി, കോട്ടപ്പുറം രൂപതാ ആലോചന സമിതി അംഗം തുടങ്ങി ഒട്ടനവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിലെ പ്രാഥമിക വൈദിക പരിശീലനത്തിനുശേഷം ആലുവാ കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദം നേടുകയും, റോമിലെ ഉർബാനിയാന സർവ്വകലാശാലയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് കരസ്ഥമാക്കുകയും ചെയ്ത ഫാ. ജക്കോബി 1986 ഒക്ടോബർ അഞ്ചിന് റോമിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. കോട്ടപ്പുറം രൂപത മതിലകം സെന്റ് ജോസഫ് ഇടവകയിൽ പരേതരായ ജോസഫ് ജക്കോബിയുടെയും, ക്ലാര ജക്കോബിയുടെയും മകനാണ്.