Kerala

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും

കെആര്‍എല്‍സിസി ജനറല്‍ അസംബ്ലി ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും

അനിൽ ജോസഫ്‌

നെയ്യാറ്റിന്‍കര: “അധികാരപങ്കാളിത്തം നീതി സമൂഹത്തിന്” എന്ന മുദ്രാവാക്യവുമായി ഈമസം 10,11&12 തിയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കുന്ന കേരളാ റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയുടെ ഉദ്ഘാടന സമ്മേളനം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും.

നെയ്യാറ്റിന്‍കര രൂപത ആദ്യമായി ആതിഥേയത്വം വഹിക്കുന്ന പരിപാടി ഡിസംബര്‍ 1-ന് നെയ്യാറ്റിന്‍കരയില്‍ നടന്ന സമുദായ സംഗമത്തിന്റെ തുടര്‍ച്ചയെന്നോണം സമുദായത്തിന്റെ വിവിധ ആവശ്യങ്ങളുടെയും ലത്തീന്‍ സഭയുടെ കൂട്ടായ്മയുടെയും സന്ദേശം വിളിച്ചോതിയായിരിക്കും സംഘടിപ്പിക്കുക. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ബില്‍, സഭകളിലെ ആഗ്ലോഇന്ത്യന്‍ പ്രധിനിത്യം എടുത്ത് കളഞ്ഞ സാഹചര്യം തുടങ്ങിയ വിഷയങ്ങളും ജനറല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

കൂടാതെ ലത്തീന്‍ സമുദായത്തിന്റെ 15-ഇന ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് നല്‍കിയ അവകാശ പത്രികയുടെ തുടര്‍ നടപടികളും ചര്‍ച്ചയാവും. നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്റെറാണ് ജനറല്‍ കൗണ്‍സിലിന്റെ പ്രധാന വേദി.

10-ന് കേരളത്തിലെ ലത്തീന്‍ രൂപതകളിലെ മതമേലധ്യക്ഷന്‍മാരുടെ പ്രത്യേക യോഗം വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ നടക്കും. 11-ന് രാവിലെ 10 ന് കെആര്‍എല്‍സിസി വൈസ് പ്രസിഡന്‍റ് ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ ജനറല്‍ കൗണ്‍സിലിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തും. 10.30 മുതല്‍ 12 രൂപതകളിലെയും ബിഷപ്പുമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം നടക്കും.

കെആര്‍എല്‍സിസി പ്രസിഡന്‍റ് ബിഷപ് ഡോ.ജോസഫ് കരിയില്‍ അധ്യക്ഷത വഹിക്കുന്ന പരിപാടി പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ ഉദ്ഘാടനം ചെയ്യും. കെആര്‍എല്‍സിസി സെക്രട്ടറി ജനറല്‍ ബിഷപ്പ്‌ ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കോവളം എംഎല്‍എ എം.വിന്‍സെന്റ്‌, നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍ പേഴ്സണ്‍ ഡബ്ല്യു.ആര്‍.ഹീബ, കെആര്‍എല്‍സിസി സെക്രട്ടറി ആന്റെണി ആല്‍ബര്‍ട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.

പൗരോഹിത്യ ജീവിതത്തില്‍ സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന ആര്‍ച്ച് ബിഷപ്പ്‌ ഡോ.എം.സൂസപാക്യത്തിന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പല്‍ ഉപകാര സമര്‍പ്പണം നടത്തും.

വൈകിട്ട് 11 രൂപതകളിലെ പ്രതിനിധികള്‍ കുഴിച്ചാണി, ആറയൂര്‍, വ്ളാത്താങ്കര, മരിയാപുരം, തിരുപുറം, പത്തനാവിള, മുളളുവിള, നെല്ലിമൂട്, മംഗലത്ത്കോണം, മാറനല്ലൂര്‍, മാരായമുട്ടം തുടങ്ങിയ ഇടവകകളിലെ കുടുംബയൂണിറ്റുകള്‍ സന്ദര്‍ശനം നടത്തും. 12 ന് രാവിലെ 11 രൂപതകളിലെ ബിഷപ്മാര്‍ സന്ദര്‍ശനം നടത്തുന്ന ദേവാലയങ്ങളില്‍ രാവിലെ 6.30 ന് പ്രത്യേക ദിവ്യബലികള്‍ അര്‍പ്പിക്കും. 12 ന് ഉച്ചയോടെ പരിപാടികള്‍ക്ക് സമാപനമാവും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker