Kerala

കണക്കുകള്‍ കൃത്യമായി മനസ്സിലാക്കാനുള്ള കഴിവ് കേന്ദ്ര ഭരണാധികാരികള്‍ക്ക് ഉണ്ടാകുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കണം; ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം

ഇന്ത്യയുടെ വികസനത്തിനുവേണ്ടി പ്രത്യേകിച്ച് ആര്‍മി, നേവി, റെയില്‍വേ, ടെലികോം, നിര്‍മാണമേഖലകള്‍ എന്നിവിടങ്ങളില്‍ മികവുറ്റ സേവനം നല്കിയിട്ടുള്ളവരാണ് ആംഗ്ലോ ഇന്ത്യക്കാര്‍...

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കണക്കുകള്‍ കൃത്യമായി മനസ്സിലാക്കാനുള്ള കഴിവും ബോധ്യവും കേന്ദ്ര ഭരണാധികാരികള്‍ക്ക് ഉണ്ടാകുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 334 (ബി) വഴിയുള്ള ആനുകുല്യം നിറുത്തലാക്കി ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ ഭരണ പങ്കാളിത്ത അവസരം നിഷേധിച്ച ബി.ജെ.പി. ഗവണ്മെന്റിന്റെ നീതി നിഷേധത്തിനും, അവഗണനക്കുമെതിരെ ആംഗ്ലോ ഇന്ത്യന്‍ സംയുക്ത സമര സമിതി ഇന്ന് നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തുസംസാരിക്കുകയായിരുന്നു തിരുവനന്തപുരം ആർച്ച്‌ ബിഷപ്പ് ഡോ.എം.സൂസപാക്യം.

ഇന്ത്യയുടെ വികസനത്തിനുവേണ്ടി പ്രത്യേകിച്ച് ആര്‍മി, നേവി, റെയില്‍വേ, ടെലികോം, നിര്‍മാണമേഖലകള്‍ എന്നിവിടങ്ങളില്‍ മികവുറ്റ സേവനം നല്കിയിട്ടുള്ളവരാണ് ആംഗ്ലോ ഇന്ത്യക്കാര്‍. എന്നാല്‍ ഇന്ന് ഭൂരിപക്ഷം പേരും മരപ്പണി, കല്പണി, കൂലിപ്പണി, മത്സ്യ ബന്ധനം തുടങ്ങിയ മേഖലകളില്‍ പണിയെടുക്കുന്ന ദിവസ വേതനക്കാരാണ്. ഭരണഘടനാ ശില്‍പികള്‍ വിശദമായ ചര്‍ച്ചകളിലൂടെ അനുവദിച്ച ആര്‍ട്ടിക്കിള്‍ 334(ബി) പ്രകാരം പ്രസിഡന്റിനു ലോകസഭയിലേക്കു രണ്ടു എം.പി.മാരെയും സംസ്ഥാന നിയമ സഭയിലേക്കു ഓരോ എം.എല്‍.എ. മാരെയും നോമിനേറ്റ് ചെയ്യാനുള്ള അധികാരവും, ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ അവകാശവും 126 മതു ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുകയാണ്.

എന്‍.പി.ആര്‍. ഉം എന്‍.ആര്‍.സി.യും വരുന്നതിനുമുമ്പേ കണക്കില്‍പെടാത്തവരായി മാറിയിരിക്കുകയാണെന്ന് ആഗ്ലോ-ഇന്ത്യരെന്ന് മാര്‍ച്ച് ഉത്ഘാടനം ചെയ്ത കെ.ആര്‍.എല്‍.സി.സി. വൈസ് പ്രസിഡന്‍റ് ശ്രീ.ഷാജി ജോര്‍ജ്ജ് പ്രസ്താവിച്ചു. ഇന്ത്യയില്‍ നാലു ലക്ഷത്തിലധികം വരുന്ന ആംഗ്ലോ ഇന്ത്യക്കാര്‍ ഞങ്ങള്‍ കേവലം 296 അല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് പതിനായിരങ്ങള്‍ ഒപ്പിട്ട് പ്രസിഡന്‍റിനു സമര്‍പ്പിക്കുന്ന ഭീമ സങ്കടഹര്‍ജിയുടെ പകര്‍പ്പ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു സമര്‍പ്പിച്ചു.

കര്‍ണാടക മുന്‍ എം.എല്‍.എ. ഐവാന്‍ നിഗ്ലി മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തു. മാര്‍ച്ചിനു ശേഷമുള്ള യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ട് വി.എസ്. ശിവകുമാര്‍ എം.എല്‍.എ, ബി.ഡി.ജെ.എസ്. (ഡെമോക്രാറ്റിക്) ചെയര്‍മാന്‍ നിര്‍മ്മല്‍ ചൂരനാല്‍, കെ.ആര്‍.എല്‍.സി.സി.ജന: സെക്രട്ടറി ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍, കെ.എല്‍.സി.എ. പ്രസിഡന്‍റ് ആന്‍റണി നൊറോണ, സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ്, കെഎല്‍സിഎ സംസ്ഥാന സമിതി അംഗം ജെ സഹായദാസ്, കെഎലസിഡബ്ല്യൂഎ സംസ്ഥാന പ്രസിഡന്‍റ് ജെയിന്‍ ആന്‍സില്‍ ഫ്രാനസിസ് മാര്‍ഷല്‍ ഡിക്കൂഞ്ഞ, മുന്‍ എം.പി. ശ്രീ.ചാള്‍സ് ഡയസ്, കണ്‍വീനര്‍ സ്റ്റാന്‍ലി ഫിഗരെസ് എന്നിവര്‍ സംസാരിച്ചു.


യൂണിയന്‍ ഓഫ് ആഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍സ് പ്രസിഡന്‍റ് ഇന്‍ ചീഫ് ശ്രീ ഡാല്‍ ബിന്‍ ഡിക്കൂഞ്ഞ, മുന്‍ എം.എല്‍.എ ശ്രീ ലൂഡി ലൂയിസ്, കാല്‍വിന്‍ കൊറയ, ഡോണല്‍ ബി വേര, ഗോഡ് വിന്‍ ഗോമസ് എന്നിവര്‍ റാലിക്ക് നേതൃത്വം നല്കി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker