ആലപ്പുഴ-ചെല്ലാനം തീരപ്രദേശങ്ങളിൽ കടലാക്രമണ ബാധിത കുടുംബങ്ങൾക്ക് ആശ്വാസ സഹായം
ആലപ്പുഴ, ചെല്ലാനം തീരപ്രദേശങ്ങളിൽ കടലാക്രമണ ബാധിത 250 കുടുംബങ്ങൾക്ക് ആശ്വാസ സഹായം നൽകി...
ജോസ് മാർട്ടിൻ
ആലപ്പുഴ/ചെല്ലാനം: കത്തോലിക്ക റിലീഫ് സർവീസിന്റെ (സി.ആർ.എസ്സ്.) പിന്തുണയോടെ കേരള സോഷ്യൽ സർവീസ് ഫോറം, ആലപ്പി രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച് നടപ്പിലാക്കിയ പദ്ധതികൾ ആലപ്പുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.ജെയിംസ് റാഫേൽ ആനാപറമ്പിൽ ഉദ്ഘാടനം ചെയ്തു. അതോടൊപ്പം, കത്തോലിക്ക റിലീഫ് സർവീസ് കേരളാ സോഷ്യൽ സർവീസ് ഫോറവുമായി സഹകരിച്ച് കടലാക്രമണത്തിനിരയായ 250 കുടുംബങ്ങൾക്ക് അയ്യായിരം രൂപാ വീതം ധനസഹായവും നൽകി.
കൂടാതെ, പദ്ധതികളുടെ ഭാഗമായി അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ ഹോസ്പിറ്റൽ കോവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുന്നതിനാവശ്യമായ മുപ്പതോളം ഓക്സിജൻ സിലണ്ടറുകൾ ഉൾപ്പെടെ പതിനഞ്ചുലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ നൽകിയതായി ആലപ്പുഴ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ കാത്താലിക് വോസ്സിനോട് പറഞ്ഞു.
കെ.എസ്.എസ്.എഫ്. ഡയറക്ടർ ഫാ.ജേക്കബ് മാവുങ്കൽ, സെക്രട്ടറി സിസ്റ്റർ ജസീന, എ.ഡി.എസ്സ് ഡയറക്ടർ ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ.സ്റ്റീഫൻ ജെ.പുന്നക്കൽ, ഫാ.അലക്സ് കൊച്ചീക്കാരൻവീട്ടിൽ, ഫാ.ജോസ് രാജു, ഫാ.രാജു കളത്തിൽ, ഫാ.ആന്റെണി ടോപോൾ, കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജെയിംസ് ചിങ്കുത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു.