Sunday Homilies

അനശ്വരമായ അപ്പം

യേശുവിൽ നിന്നും നമ്മെ അകറ്റുന്ന വ്യർത്ഥമായതിനെ എല്ലാം മാറ്റി നിറുത്താം...

ആണ്ടുവട്ടം പതിനെട്ടാം ഞായർ

ഒന്നാം വായന: പുറപ്പാട് 16:2-4, 12-15
രണ്ടാം വായന: എഫെസോസ് 4: 17, 20-24
സുവിശേഷം: വിശുദ്ധ യോഹന്നാൻ 6: 24-35

ദിവ്യബലിക്ക് ആമുഖം

ശാരീരിക വിശപ്പകറ്റാൻ അപ്പം അന്വേഷിച്ച ജനത്തിന് “ഞാനാണ് ജീവന്റെ അപ്പം” എന്ന് വെളിപ്പെടുത്തിക്കൊണ്ട് ‘എന്റെ അടുക്കൽ വരുന്നവന് ഒരിക്കലും വിശക്കുകയില്ല, എന്നിൽ വിശ്വസിക്കുന്നവന് ദഹിക്കുകയുമില്ല’ എന്ന് യേശുപറയുന്നു. യേശുവിനെ അന്വേഷിച്ച്‌, ദിവ്യബലിയർപ്പണത്തിനായി ദേവാലയത്തിലെത്തുന്ന നമുക്ക് നിരന്തരം നമ്മുടെ മനസിനെ വിശുദ്ധമാക്കി യേശുവാകുന്ന ജീവന്റെ അപ്പത്തെ സ്വീകരിക്കാനായി ശ്രദ്ധിക്കാം.

ദൈവവചന പ്രഘോഷണ കർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,

വിശുദ്ധ യോഹന്നാന്റെ “ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള മതബോധനം” എന്ന് വിശേഷിപ്പിക്കാവുന്ന സുവിശേഷ ഭാഗമാണ് കഴിഞ്ഞ ഞായറാഴ്ചമുതൽ നാം ശ്രവിക്കുന്നത്. ഇന്നത്തെ സുവിശേഷത്തിൽ അപ്പത്തെക്കുറിച്ചുള്ള മൂന്നു തരം വിവരണങ്ങൾ നാം ശ്രവിച്ചു. ഒന്നാമതായി, തന്നെ കാണാനായി കഫെർണാമിലെത്തിയ ജനക്കൂട്ടത്തോട് “അടയാളങ്ങൾ കണ്ടതുകൊണ്ടല്ല അപ്പം ഭക്ഷിച്ച് തൃപ്തരായതുകൊണ്ടാണ് നിങ്ങൾ എന്നെയന്വേഷിക്കുന്നതെന്ന്” യേശു പറയുന്നു. ഇവിടെ, യേശു പരാമർശിക്കുന്നത്, നാം കഴിഞ്ഞ ഞായറാഴ്ച ശ്രവിച്ച “അപ്പം വർധിപ്പിക്കൽ അത്ഭുതമാണ്”. നിലനിൽപ്പിനു വേണ്ടിയുള്ള മനുഷ്യന്റെ അപ്പം ഭക്ഷിക്കലിനെ നമുക്കിവിടെ കാണാൻ സാധിക്കും.

രണ്ടാമതായി, ഒരുപടികൂടി കടന്ന്, മരുഭൂമിയിൽ വച്ച് ഇസ്രായേൽക്കാർ മന്നാ ഭക്ഷിച്ച് അത്ഭുതകരമായി വിശപ്പ് മാറ്റിയതുപോലെ യേശുവിനോടും ജനങ്ങൾ അടയാളം ആവശ്യപ്പെടുന്നു. ഇസ്രായേൽക്കാരുടെ ഇടയിൽ ദൈവം പ്രവർത്തിച്ച ഈ അത്ഭുതം ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിക്കുകയുണ്ടായി.

മൂന്നാമത്തേതും എന്നാൽ ഏറ്റവും സുപ്രധാനവുമായ അപ്പം, യേശുവിന്റെ വാക്കുകളിൽ തന്നെ നാം ശ്രവിച്ചു: “ഞാനാണ് ജീവന്റെ അപ്പം, എന്റെ അടുത്ത് വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല”.

നശ്വരമായ അപ്പമെന്നും, അനശ്വരമായ അപ്പമെന്നുമുള്ള വേർതിരിവ് യേശു വളരെ വ്യക്തമായി പറയുന്നുണ്ട്. പുരാതന കാലം മുതൽക്ക് തന്നെ നശ്വരതയും അനശ്വരതയും, മരണവും നിത്യജീവനും, പൂർണ്ണതയും അപൂർണ്ണതയും തമ്മിലുള്ള വേർതിരിവ് എല്ലാ ബൗദ്ധിക മണ്ഡലങ്ങളിലും ഉണ്ടായിരുന്നു. ഗ്രീക്ക് ദാർശനികനായ പ്ളേറ്റോയുടെ ഈ ലോകം അപൂർണ്ണമാണ് പരിപൂർണ്ണതയുടെ മറ്റൊരു ലോകം നിലനിൽക്കുന്നു’വെന്ന തത്വചിന്ത പ്രസിദ്ധമാണ്. നശ്വരതയും അനശ്വരതയും തമ്മിലുള്ള വേർതിരിവ് നാം നമ്മുടെ വിശ്വാസ ജീവിതത്തിലും കാത്തുസൂക്ഷിക്കണം. അനശ്വരമായതിന് നമ്മുടെ ജീവിതത്തിൽ മുഖ്യസ്ഥാനമുണ്ട്. നിർഭാഗ്യവശാൽ അനശ്വരമായതിനെ അവഗണിച്ച്, നശ്വരമായതിന്റെ പിന്നാലെ പായുന്ന ഒരു വ്യഗ്രത നമ്മുടെയിടയിലുണ്ട്. “ഞാനാണ് ജീവന്റെ അപ്പം” എന്ന് യേശു പറയുമ്പോൾ നാം ഓർമ്മിക്കേണ്ടത്, അനശ്വരനായ യേശുവുമായി അഗാധമായൊരു ബന്ധം നാം സ്ഥാപിക്കുന്നു എന്നാണ്.

വിശ്വാസ ജീവിതത്തിൽ നാം പുലർത്തേണ്ട മറ്റൊരു വേർതിരിവിനെക്കുറിച്ച് വിശുദ്ധ പൗലോസാപ്പൊസ്തലൻ എഫെസോസുകാർക്കെഴുതിയ ലേഖനത്തിൽ (ഇന്നത്തെ രണ്ടാമത്തെ വായനയിൽ) നാം ശ്രവിക്കുകയുണ്ടായി. ഒന്നാം നൂറ്റാണ്ടിലെ എഫെസോസ് ക്രിസ്ത്യാനികൾ, സ്വാഭാവികമായും പൂർവ്വ വിജാതീയരോ, ക്രൈസ്തവ വിശ്വാസത്തെ മാനിക്കാത്ത വിജാതീയ സംസ്കാരം പുലർത്തുന്നവരുമായി കൂടിക്കലർന്നുജീവിക്കുകയോ ചെയ്യുന്നവരായിരുന്നു. അവരോട്, “വ്യർത്ഥ ചിന്തയിൽ കഴിയുന്ന വിജാതീയരെപ്പോലെ ജീവിക്കരുതെന്ന്” അപ്പോസ്തലൻ ഉപദേശിക്കുന്നു. വിജാതീയന്റെ വ്യർത്ഥ ചിന്തയും, ക്രൈസ്തവ ചിന്തയും തമ്മിലുള്ള വേർതിരിവ് ഇവിടെ വ്യക്തമാണ്. അന്നത്, ജീവിതത്തെ തകർക്കുന്ന വ്യർത്ഥമായ ചിന്തകളായിരുന്നെങ്കിൽ ഇന്നത്, വ്യർത്ഥമായ വാക്കുകളും, വ്യർത്ഥമായ അഭിപ്രായപ്രകടനങ്ങളും, വ്യർത്ഥമായ വാഗ്വാദ പ്രകടനങ്ങളുമാണ്. അപ്പോസ്തലന്റെ വാക്കുകൾ അന്നത്തെപ്പോലെ തന്നെ ഇന്നും അർത്ഥവത്തതാണ്. യേശുവിൽ നിന്നും നമ്മെ അകറ്റുന്ന വ്യർത്ഥമായതിനെ എല്ലാം മാറ്റി നിറുത്തി, ജീവന്റെ അപ്പമായ ക്രിസ്തുവിനെ സ്വീകരിച്ച്‌ നമുക്കും അനശ്വരതയിൽ പങ്കുകാരാകാം.

ആമേൻ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker