ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ
അഞ്ചപ്പവും രണ്ടു മീനും എങ്ങനെ പൂർണ്ണതയുടെ അടയാളമായി എന്ന് അനുഭവിച്ചറിഞ്ഞവർ. ജലത്തിനുമീതെ നടന്നവന്റെ ദൈവികതയിൽ വിശ്വസിച്ച അതെ ശിഷ്യർ. ഇപ്പോഴിതാ ചില മറു ചോദ്യങ്ങളുമായി വരുന്നു: “ഈ വചനം കഠിനമാണ്. ഇതു ശ്രവിക്കാൻ ആർക്കു കഴിയും?” (v.60). ശിഷ്യന്മാരിൽ വളരെപ്പേർ അവനെ വിട്ടു പോകുന്നു. കഫർണാമിലാണ് ഇതെല്ലാം സംഭവിക്കുന്നത്. സ്വന്തം നാട്, സ്വന്തം ജനങ്ങൾ, സ്വന്തം ശിഷ്യർ. എന്നിട്ടും നിലപാടിൽ മാറ്റമില്ലാതെ അവൻ പന്ത്രണ്ടു പേരോടുമായി ചോദിച്ചു: “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” (v.67).
അവന്റെ വാക്കുകളിലാണ് അവർ ഇടറി വീഴുന്നത്. ഈ വചനം കഠിനമാണ്. ആർക്ക് ശ്രവിക്കാൻ സാധിക്കും? അതെ, കഠിനമാണ്. കാരണം, ചിന്തകൾക്കതീതമായ തലത്തിലേക്ക് ഉയരാനാണ് അവൻ പറയുന്നത്. ഇത്രയും നാളും ഉണ്ടായിരുന്ന ദൈവസങ്കൽപ്പങ്ങളെ തകിടം മറിക്കുകയാണവൻ. ഒരു അക്ഷരലിപിയായി, അപ്പക്കഷണമായി, മാംസ-രക്തമായി പരിണമിക്കുന്ന ദൈവം. കൂദാശകളിലെ ദൈവം. അത് ദൈവവിചാരങ്ങളുടെ അട്ടിമറിയാണ്. കാഴ്ചകളിൽ കുരുങ്ങിക്കിടക്കുന്നവർക്ക് അവന്റെ വചനം ഇടർച്ച തന്നെയാണ്.
ഈശോയുടെ ചോദ്യത്തിലാണ് ഇതിവൃത്തത്തിന്റെ ട്വിസ്റ്റ് അടങ്ങിയിരിക്കുന്നത്: “നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?” കൊടുങ്കാറ്റിന്റെ ശക്തിയുള്ള ചിന്താശകലമാണ് ഈ ചോദ്യം. കൂടെയുള്ളവരിൽ നിന്നും മഹാശാന്തമായ അജ്ഞതയും അതിലധിഷ്ഠിതമായ വിശ്വാസവും അവൻ ആഗ്രഹിക്കുന്നില്ല. നിലനിൽപ്പിന്റെ ധർമ്മസങ്കടത്തിനുള്ളിൽ നിന്നുകൊണ്ട് വ്യക്തമായ ഒരുത്തരം നൽകണം. നിൽക്കണോ, അതോ പോകണോ? നിലപാട് അറിയിക്കണം; ഹൃദയത്തിൽ തൊട്ടു കൊണ്ട് തന്നെ.
വിസ്മനീയമാണ് പത്രോസിന്റെ മറുപടി. വിശ്വസിക്കുക എന്ന ക്രിയയുടെ ആനന്ദം മുഴുവനും അതിലുണ്ട്: “കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്” (v.68). നിന്നിലാണ് ഞങ്ങളുടെ ജീവൻ, ഞങ്ങളുടെ ഉൾകമലം, ഞങ്ങളുടെ വാക്കുകളുടെ ഛന്ദസ്സ്. എന്തിന് നിന്നെ ഞങ്ങൾ ഉപേക്ഷിക്കണം? നിന്റെ പക്കലുള്ള നിത്യജീവന്റെ വചനങ്ങൾ ആരെയും ഭയപ്പെടുത്തുന്നില്ല, ആരെയും അടിച്ചേൽപ്പിക്കുന്നുമില്ല. ഒരു ഇളംതെന്നൽപോലെ ഞങ്ങളുടെ ഹൃദയത്തുടിപ്പിനോടൊപ്പം നിത്യതയുടെ ഈണം തീർക്കുന്നു അത്.
ആരെയും ഭയപ്പെടുത്താത്ത ഒരു ദൈവം. അതാണ് യഥാർത്ഥ മതം. അതിനു വിപരീതമായതെല്ലാം ലഹരി മാത്രമാണ്. അത് അടിമകളെ സൃഷ്ടിക്കും. നോക്കുക, ഭീഷണിപ്പെടുത്തികൊണ്ട് വിശ്വാസത്തിന്റെ അതീതതലത്തിലേക്ക് ഈശോ ആരെയും കൂട്ടിക്കൊണ്ടു പോകുന്നില്ല. ശരിയാണ്, അവന്റെ ചിന്തകളും വാക്കുകളും യുക്തിക്കതീതമാണ്. പക്ഷേ അവയെ സ്വീകരിക്കാൻ അവൻ ആരെയും നിർബന്ധിക്കുന്നില്ല. വാൾമുനയിൽ നിർത്തിക്കൊണ്ട് സ്വർഗ്ഗരാജ്യം വാഗ്ദാനം ചെയ്യുന്നുമില്ല. നിങ്ങൾക്ക് പോകണമോ? പോകാം. കാരണം അവനറിയാം പിതാവില്‍നിന്നു വരം ലഭിച്ചാലല്ലാതെ തന്റെയടുക്കലേക്കു വരാന്‍ ആര്‍ക്കും സാധിക്കുകയില്ല എന്ന് (v.65).
നിത്യജീവൻ നൽകുന്ന വചനങ്ങൾ – അതാണ് ഇനി നമ്മൾക്ക് വേണ്ടത്. ചിലർ ആത്മീയപ്രഭാഷണങ്ങളിൽ സങ്കുചിത മനോഭാവം കൂട്ടികലർത്തുമ്പോൾ, വാക്കുകളുടെ അർത്ഥങ്ങളിൽ സഹജരെ ഒറ്റപ്പെടുത്തുമ്പോൾ, വിദ്വേഷത്തിൻ പന്ഥാവ് ആരാധനാലയങ്ങളിൽ നിന്നും ആരംഭിക്കാൻ തുടങ്ങുമ്പോൾ നമ്മളും നിൽക്കുന്നത് ഒരു ധർമ്മസങ്കടത്തിന്റെ മുൻപിലാണ്. എവിടെ പോകും? പോകാൻ ഒരിടവുമില്ല. നിത്യജീവന്റെ വചനങ്ങൾ നൽകുന്ന ഈശോയുടെ അടുത്തേക്കല്ലാതെ. അവനോട് ചേർന്ന് നിൽക്കാം. അവന്റെ വഴിയെ സഞ്ചരിക്കാം.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന് സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.