Trinity Sunday_Year A_പരിശുദ്ധ ത്രീത്വം
സ്വർഗ്ഗത്തിലെ നിയമമനുസരിച്ച് ഈ ഭൂമിയിലെ കാര്യങ്ങൾ ക്രമീകരിക്കാൻ യേശു മനുഷ്യരെ പ്രേരിപ്പിച്ചു...
പരിശുദ്ധ ത്രീത്വത്തിന്റെ തിരുന്നാൾ
ഒന്നാം വായന: പുറപ്പാട് 34 :4b-6,8-9
രണ്ടാം വായന: 2 കോറിന്തോസ് 13:11-13
സുവിശേഷം: യോഹന്നാൻ 3:16-18.
തിരുവചന വിചിന്തനം
ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുന്നാൾ ആഘോഷിക്കുകയാണ്. എന്റെ ദൈവസങ്കല്പം എന്താണ്? ദൈവം എങ്ങനെയായിരിക്കും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇന്നത്തെ തിരുനാൾ. ഈ ചോദ്യങ്ങൾ നമുക്ക് മുൻപേ തന്നെ ചോദിക്കുന്ന ഒരു സത്യാന്വേഷിയെ നാം ഇന്നത്തെ സുവിശേഷത്തിൽ കാണുന്നുണ്ട്. ഫരിസേയനായ നിക്കൊദേമൂസ്. നിക്കൊദേമൂസ് ഒരു യഹൂദ പ്രമാണി ആയിരുന്നു, സുസമ്മദനും, അറിവുള്ളവനും ആയിരുന്നു. യേശുവിന്റെ അടുക്കലേക്ക് വരുമ്പോൾ യഹൂദൻ ആയിരുന്ന നിക്കൊദേമൂസിന് പഴയ നിയമത്തിൽ നിന്ന് പകർന്നു കിട്ടിയ ദൈവത്തെക്കുറിച്ചുള്ള സങ്കൽപ്പവും വിവരണവും ഉണ്ടായിരുന്നു. പഴയനിയമത്തിലെ ദൈവത്തിന്റെ തന്നെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഇന്നത്തെ ഒന്നാം വായനയിൽ പുറപ്പാട് പുസ്തകത്തിൽ നാം ശ്രവിക്കുന്നുണ്ട്.10 കൽപ്പനകൾ വീണ്ടും നൽകാനായി സീനായി മലയിലേക്ക് മോശെയെ വിളിക്കുന്ന ദൈവം മോശയ്ക്ക് വീണ്ടും തന്നെ തന്നെ വെളിപ്പെടുത്തുകയാണ്. അതോടൊപ്പം ദൈവത്തിന്റെ സത്ത എന്താണെന്ന് സ്വയം പ്രഘോഷിക്കുന്നു. “കർത്താവ് കാരുണ്യവാനും, കൃപാനിധിയുമായ ദൈവം, കോപിക്കുന്നതിൽ വിമുഖൻ, സ്നേഹത്തിലും വിശ്വസ്തതയും അത്യുദാരൻ” (പുറപ്പാട് 34:6).
പിതാവായ ദൈവത്തിന്റെ വെളിപ്പെടുത്തൽ ഒരു യഹൂദനായ നിക്കൊദേമൂസിന് അറിയാം. എന്നാൽ, അവൻ അതിൽ സംതൃപ്തനാകുന്നില്ല. അവന്റെ അന്വേഷണം യേശുവിലേക്ക് നീങ്ങുന്നു. കാരുണ്യവാനും, കൃപാനിധിയുമായ, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരനുമായ സൃഷ്ടാവായ ദൈവത്തിന്റെ മനുഷ്യമുഖമാണ് യേശു എന്ന് അവൻ മനസ്സിലാക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു (യോഹന്നാൻ 3:16).
ത്രീത്വത്തിലെ രണ്ടാമനായ യേശുവിന്റെ മനുഷ്യാവതാരം തന്നെ ത്രീത്വത്തിലടങ്ങിയിരിക്കുന്ന സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനമാണ് (1 യോഹന്നാൻ 4 :8-10). യേശുവിന്റെ പരസ്യ ജീവിതകാലത്തെ വാക്കിലും, പ്രവർത്തിയിലും, അത്ഭുതങ്ങളിലും, അടയാളങ്ങളിലും ഈ സത്യം പ്രതിഫലിക്കുന്നുണ്ട്. ത്രീത്വൈക ദൈവത്തിന്റെ യേശുക്രിസ്തുവിലൂടെയുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് (ഫിലിപ്പിയർ 2:5-11) ഫോക്കുലോർ മൂവ്മെന്റ് സ്ഥാപകയായ ക്യാരലൂബിക്ക് വളരെ അർത്ഥവത്തായ ഒരു താരതമ്യപഠനം നടത്തുന്നുണ്ട്. “ഒരു വ്യക്തി മറ്റൊരു രാജ്യത്ത് പ്രവാസിയായി കഴിയുമ്പോൾ, കഴിയുന്നതും അവൻ താമസിക്കുന്ന രാജ്യത്തോട് പൊരുത്തപ്പെട്ടു പോകുവാൻ പരിശ്രമിക്കുന്നു. എന്നാൽ പലപ്പോഴും അവൻ സ്വന്തം രാജ്യത്ത് ജീവിച്ച ശീലങ്ങളും, പ്രത്യേകതകളും അറിഞ്ഞും അറിയാതെയും അവന്റെ ജീവിതത്തിൽ പ്രകടമാകും”. ഉദാഹരണമായി അവൻ പലപ്പോഴും മാതൃഭാഷ തന്നെ സംസാരിക്കുന്നു, പലപ്പോഴും അവന്റെ സ്വന്തം നാട്ടിലെ ശൈലിയിൽ വസ്ത്രം ധരിക്കുന്നു, ഭക്ഷണം കഴിക്കുന്നു, ഭവനം നിർമ്മിക്കുന്നു. ഇതുപോലെതന്നെയാണ് മാംസമായി അവതരിച്ച വചനമായ (ലോഗോസ്) യേശുക്രിസ്തു. ഈ ലോകത്തിൽ മനുഷ്യനായി അവതരിച്ച യേശു, ഈ ലോകത്തെ മനുഷ്യനുമായി സമാനതയുള്ളവനായി. അവൻ കുഞ്ഞായിരുന്നു, ബാലനായി, പിന്നീട് യുവാവായി, തൊഴിലാളിയായി, സംസാരിച്ചു, ഭക്ഷിച്ചു, കരഞ്ഞു. എന്നാൽ അതോടൊപ്പം അവന്റെ സ്വർഗ്ഗീയ മാതൃരാജ്യത്തിലെ സവിശേഷതകൾ ഈ ഭൂമിയിൽ കൊണ്ടുവന്നു. സ്വർഗ്ഗത്തിലെ നിയമമനുസരിച്ച് ഈ ഭൂമിയിലെ കാര്യങ്ങൾ ക്രമീകരിക്കാൻ മനുഷ്യരെ പ്രേരിപ്പിച്ചു. സ്വർഗ്ഗത്തിലെ നിയമം സ്നേഹമാണ്. ഈ സ്നേഹത്തിൽ ജീവിക്കാൻ യേശു മനുഷ്യരെ പഠിപ്പിച്ചു.
പെന്തക്കോസ്താ തിരുനാളിൽ പരിശുദ്ധാത്മാവിലൂടെ വെളിപ്പെടപ്പെട്ട ദൈവം “ഞാൻ ലോകാവസാനംവരെ നിങ്ങളോടൊപ്പം ഉണ്ടാകും” എന്ന വാഗ്ദാനം പൂർത്തീകരിക്കുന്നു. പരിശുദ്ധാത്മാവിലൂടെ ദൈവം നമ്മുടെ മുമ്പിലല്ല മറിച്ച് നമ്മുടെ ഉള്ളിൽ വസിക്കുകയാണ്. ആദിമ ക്രൈസ്തവർക്ക് ഈ യാഥാർഥ്യം മനസ്സിലായി. അതുകൊണ്ടുതന്നെയാണ് ദൈവാത്മാവിനാൽ പ്രേരിതരായി അവർ പരസ്പരം ഐക്യത്തിലും, സ്നേഹത്തിലും ജീവിക്കുന്നതിനെക്കുറിച്ച് അപ്പോസ്തല പ്രവർത്തനങ്ങളിൽ വായിക്കുന്നത്.
അവസാനമായി നമുക്ക് ഓർമ്മിക്കാം, പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ വെറുമൊരു തത്വസംഹിതയുടെയോ, സിദ്ധാന്തത്തിന്റെയോ, ആശയത്തിന്റേയോ തിരുനാളല്ല, മറിച്ച് വിശുദ്ധഗ്രന്ഥത്തിൽ നിറഞ്ഞുനിൽക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സജീവ ദൈവത്തിന്റെ തിരുനാളാണ്. നമ്മുടെ ഓരോ ദിവ്യബലിയും, പ്രാർത്ഥനകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും പരിശുദ്ധത്രീത്വത്തിന്റെ നാമത്തിലാണ് [ഇന്നത്തെ രണ്ടാം വായനയിലും വിശുദ്ധ പൗലോസ് അപ്പോസ്തലനും ഇതേ ശൈലി തന്നെ ഉപയോഗിക്കുന്നുണ്ട്]. നമ്മുടെ വിശ്വാസ പ്രമാണം ആരംഭിക്കുന്നത് തന്നെ “ഏക ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു…” എന്ന വാക്യത്തോടെയാണ്. ഇപ്രകാരം നമ്മുടെ വിശ്വാസ ജീവിതത്തിലും, ആരാധനാ ക്രമത്തിലും നിറഞ്ഞുനിൽക്കുന്ന പരിശുദ്ധ ത്രീത്വത്തിന്റെ സ്നേഹവും ഐക്യവും നമ്മുടെ കൂട്ടായ്മകളിലും നമുക്ക് മാതൃകയാക്കാം.
ആമേൻ.