Meditation

Trinity Sunday_യുഗാന്തം വരെയുള്ള സാന്നിധ്യം (മത്താ 28:16-20)

സംശയിച്ചു നിന്നവരുടെ കൈകളിലേക്കാണ് സ്നേഹത്തിന്റെ കൽപ്പന ഉത്ഥിതൻ കൈമാറുന്നത്...

പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ

ഉത്ഥിതനും പതിനൊന്നു ശിഷ്യന്മാരും മാത്രമുള്ള ഒരു അപൂർവ രംഗം. അവനുമായുള്ള ശിഷ്യരുടെ അവസാനത്തെ ഒത്തുചേരലാണിത്. സ്ഥലം ഗലീലിയിലെ മലമുകളാണ്. അവന്റെ നിർദ്ദേശമനുസരിച്ച് അവർ ജറുസലേമിൽ നിന്നും വന്നിരിക്കുകയാണവിടെ. മുറിവേറ്റൊരു സമൂഹമാണത്. ഗുരുവിനെ ഒറ്റിക്കൊടുത്തതിന്റെയും തള്ളിപ്പറഞ്ഞതിന്റെയും ഒരു ചരിത്രം അവർക്കുണ്ട്. യഹൂദരോടുള്ള ഭയത്താൽ കതകടച്ചിരുന്ന ദിനരാത്രങ്ങൾ അവർക്കുണ്ടായിട്ടുണ്ട്. ഒരു മുഴം കയറിൽ അവസാനിച്ച യൂദാസിന്റെ ചിത്രവും മായാതെ മനസ്സിലുണ്ട്. വിശ്വസിക്കുകയും സംശയിക്കുകയും ചെയ്യുന്നു കൊച്ചു കൂട്ടായ്മയാണത്. അതുകൊണ്ടാണ് സുവിശേഷകൻ കുറിക്കുന്നത്; “അവനെ കണ്ടപ്പോൾ അവർ അവനെ ആരാധിച്ചു. എന്നാൽ ചിലർ സംശയിച്ചു” (v.17).

ഇതുതന്നെയാണ് പ്രലോഭനീയമായ നമ്മുടെ ആത്മീയജീവിതത്തിന്റെയും അവസ്ഥ. വിശ്വാസത്തിന്റെയും സംശയത്തിന്റെയും ആപേക്ഷികതയുടെ തുലനാവസ്ഥയിൽ ആശ്രിതമായ ക്രിസ്തുബന്ധം. ഉള്ളിൽ അവനോട് സ്നേഹമുണ്ട്, വിശ്വാസമുണ്ട്. എങ്കിലും സംശയത്തിന്റെ ഒരു വേട്ടമൃഗം എവിടെയോ പതിഞ്ഞിരിപ്പുണ്ട്. അത് ചിലപ്പോൾ മുന്നിൽ വരുന്നവന്റെ മുറിവിൽപോലും വിരലിടുവാൻ നമ്മെ പ്രേരിപ്പിക്കും. എന്നിരുന്നാലും ശരി ദൈവം നിന്നിലേക്ക് വന്നിരിക്കും. ഒരു സംശയത്തിനും അവനെ നിയന്ത്രിക്കാനോ നിർത്തുവാനോ സാധിക്കില്ല. അവൻ അടുത്തേക്ക് വരും; ഉത്ഥിതൻ സംശയിച്ചുനിന്ന തന്റെ ശിഷ്യരെ സമീപിച്ചതു പോലെ (v.18). നിന്റെ സംശയത്തിന് ഇനി അവന്റെ ആർദ്രതയെ നിയന്ത്രിക്കാൻ സാധിക്കില്ല.

പ്രസന്നപ്രകൃതമാണ് ദൈവത്തിന്റെ ഇടപെടലുകൾ. തന്റെ സൃഷ്ടികളുടെ ഹൃത്തിനുള്ളിൽ അഭയസ്ഥാനം തേടുന്ന നിത്യതീർഥാടകനാണവൻ. അതുകൊണ്ടുതന്നെ സംശയത്തിന്റെ നിഴൽ നിന്നിൽ പതിഞ്ഞാലും നിന്നിൽ അലിഞ്ഞു ചേർന്ന് ഒന്നായി തീരുന്നതിനായി അവൻ നിരന്തരം നിന്നെ സമീപിച്ചു കൊണ്ടേയിരിക്കും. കാരണം, ഒന്നായിത്തീരുന്നതിന്റെ മാധുര്യമാണ് സ്നേഹം. അതാണ് ദൈവത്തിന്റെ സത്ത. അതുകൊണ്ടാണ് ഉത്ഥിതൻ ശിഷ്യരോട് പറയുന്നത്; “യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (v. 20). അതെ, ഇതിനുശേഷം സുവിശേഷത്തിൽ വരികളില്ല. സ്നേഹത്തിന്റെ ഒന്നാകലിനെ കുറിച്ച് ഇതിനപ്പുറം ഇനി ഒന്നും കുറിക്കാനും സാധിക്കില്ല.

പക്ഷേ, അതിനു മുൻപ് അവൻ അവരോട് അരുൾചെയ്യുന്നുണ്ട്; “ഞാൻ കൽപ്പിച്ചവയെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുവിൻ” (v.20). സംശയിച്ചു നിന്നവരുടെ കൈകളിലേക്കാണ് സ്നേഹത്തിന്റെ കൽപ്പന ഉത്ഥിതൻ കൈമാറുന്നത്. ഇതാണ് സുവിശേഷത്തിന്റെ യുക്തി. കാരണം, സുവിശേഷം സ്നേഹമാണ്. അവിടെ അഹങ്കാരത്തിന് സ്ഥാനമില്ല. നമ്മുടെ ദുർബലതയിലാണ് ദൈവത്തിന്റെ ശക്തി പ്രകടമാകുന്നത്. പ്രഘോഷകൻ എന്നും ദുർബലനാണ്, പ്രഘോഷണമാണ് ശക്തം.

പ്രഘോഷണം മാത്രമല്ല ഒരു കടമയും കൂടി ഉത്ഥിതൻ നമ്മെ ഏൽപ്പിക്കുന്നുണ്ട്. അത് ത്രിത്വൈക ദൈവനാമത്തിലുള്ള ജ്ഞാനസ്നാനം നൽകലാണ്. ‘ജ്ഞാനസ്നാനം നൽകുക’ എന്ന ക്രിയ ‘മുക്കുക’, ‘നിമജ്ജനം’ ചെയ്യുക എന്നീ ക്രിയകളുടെ പര്യായമാണ്. ഓരോരുത്തരെയും ദൈവസ്നേഹത്തിൽ മുക്കിയെടുക്കുക; അതാണ് കടമ. അത് പിതാവിന്റെ നാമത്തിൽ ചെയ്യുക; കാരണം ലോകത്തിന്റെ തുടിപ്പാണ് അവൻ. പുത്രന്റെ നാമത്തിൽ ചെയ്യുക; കാരണം, മേരീതനയന്റെ നൈർമ്മല്യത്തിലാണ് നമ്മുടെ എല്ലാവരുടെയും ക്ഷണികത അവസാനിക്കുന്നത്. പരിശുദ്ധാത്മാവിന്റെ നാമത്തിൽ ചെയ്യുക; കാരണം, ആർദ്രതയുടെ പൂമ്പൊടി കൊണ്ടുവരുന്ന വിശുദ്ധ തെന്നലാണത്.

നമ്മുടെ ഐഹികചാപല്യത്തിനോടും ശക്തിയോടും സംഗതമാകുന്നതാണ് ക്രൈസ്തവ ദൈവസങ്കൽപം. അതായത്, നമ്മുടെ നൊമ്പരങ്ങളോടൊ സന്തോഷങ്ങളോടൊ അന്യനായി നിൽക്കുന്നവനല്ല നമ്മുടെ ദൈവം. അവൻ നമ്മുടെ ചരിത്രമാണ്. ക്രിസ്തുവിലൂടെ നമ്മുടെ ശക്തിയുടേയും ദൗർബല്യത്തിന്റെയും ആഖ്യാനം കൂടിയാണവൻ. അതുകൊണ്ടുതന്നെ ഗലീലിയിലെ മലമുകളിൽ നിൽക്കുന്ന ആ പതിനൊന്നു പേരിൽ നമ്മളുമുണ്ട്. അവിടെ നമ്മുടെ വിഹ്വലതകളും സംശയങ്ങളും സ്നേഹസുകൃതങ്ങളുമുണ്ട്. തീർത്തും നിസ്സാരരെങ്കിലും അനിർവചനീയമായ ഒരു സ്വർഗ്ഗരഹസ്യം നമ്മെയും പൊതിഞ്ഞിട്ടുണ്ട്: പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന മഹനീയ ദിവ്യരഹസ്യം. ആ ദൈവരഹസ്യത്തിലാണ് അവന്റെ സാന്നിധ്യം അനുദിനമുള്ള അനുഭവമായി നമ്മെ തഴുകുന്നത്; അതെ, യുഗാന്തം വരെയുള്ള സ്നേഹസാന്നിധ്യം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker