അള്‍ത്താരയില്‍ വൈദികന് നേരെ കത്തി ആക്രമണം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍
കാനഡയിലെ വിന്നിപെഗില്‍ പരിശുദ്ധ കുര്‍ബാന മധ്യേയാണ് വൈദികന് നേരെ ആക്രമണം

സ്വന്തം ലേഖകന്‍
വിന്നിപെഗ് (കാനഡ) : അള്‍ത്താരയില്‍ കയറി വൈദികന് നേരെ കത്തി ആക്രമണം നടത്തിയ പ്രതി പോലീസ് പിടിയില്‍ .
കാനഡയിലെ വിന്നിപെഗില്‍ പരിശുദ്ധ കുര്‍ബാന മധ്യേയാണ് വൈദികന് നേരെ ആക്രമണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച ഹോളിഗോസ്റ്റ് ഇടവക വോലയത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 50 വയസ്സോളം പ്രായം വരുന്ന അക്രമി അള്‍ത്താരയില്‍ പ്രവേശിച്ച് കൈയ്യില്‍ ഒളിപ്പിച്ച കത്തിയെടുത്ത് വൈദികനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
ദിവ്യബലിയുടെ പ്രാരംഭമായി പ്രവേശനഗാനം പാടികൊണ്ടിരിക്കുമ്പോള്‍ വൈദികന്‍ ആള്‍ത്താരയിലേക്ക് പ്രവേശിച്ച ഉടനാണ് ആക്രമണം. 38 വയസ്സ് പ്രായമുള്ള വൈദികന്‍ തലനാരിഴക്ക് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അക്രമി കത്തി അള്‍ത്താരയില്‍ കുത്തി നിര്‍ത്തിയ ശേഷം അള്‍ത്താരയില്‍ സ്ഥാപിച്ചിരുന്ന കസേരയില്‍ ഇരുന്നു.
ദിവ്യബലിയുടെ തല്‍സമയ സംപ്രേഷണം നടന്നിരുന്നതിനാല്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥന്‍ പെട്ടെന്ന് തന്നെ അക്രമിയെ ഇടവക അംഗങ്ങളുടെ സഹായത്തോടെ പിടിച്ചുവെക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.
പൗല്‍ ഒലുവിനിയ എന്നാണ് അക്രമി യുടെ പേര് എന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത് .നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പ്രതിക്കെതിരെ ആയുധം കയ്യില്‍ കരുതിയതിനും ആയുധം ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതിനും എതിരെയാണ് കേസ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെങ്കിലും വൈദികനും ഇടവക അംഗങ്ങളും ഭയചകുലരാണ്.