Feast of the Holy Family_Year B_വിശ്വാസം കുടുംബങ്ങളിലൂടെ…
അബ്രഹാമിന്റെ കാലം മുതൽ തന്നെ വിശ്വാസം കുടുംബങ്ങളിലൂടെ പകർന്ന് നൽകുന്ന പാരമ്പര്യമുണ്ട്...
തിരുക്കുടുംബത്തിന്റെ തിരുനാൾ
ഒന്നാംവായന: ഉൽപ. 15:1-6, 21:1-3
രണ്ടാംവായന: ഹെബ്ര 11:8, 11-12,17-19
സുവിശേഷം: ലൂക്കാ 2:22-40 (അല്ലെങ്കിൽ) ലൂക്കാ 2: 22,39-40
ദിവ്യബലിയക്ക് ആമുഖം
തിരുസഭാ മാതാവിനൊപ്പം നാം ഇന്ന് തിരുകുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. വ്യവസായ വിപ്ലവത്തിന്റെയും സാമൂഹിക മാറ്റങ്ങളുടെയും അനന്തരഫലമായി കുടുംബ ബന്ധങ്ങളിൽ ഉലച്ചിൽ സംഭവിക്കാൻ തുടങ്ങിയ കാലഘട്ടത്താണ് കുടുംബത്തിന്റെ മഹത്വം ഉയർത്തികാണിക്കുവാനായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തോടുകൂടി തിരുസഭയിൽ ഈ തിരുനാൾ ആഘോഷിച്ചു തുടങ്ങിയത്. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാഹചര്യത്തിൽ വീണ്ടും തിരുക്കുടുംബത്തിരുനാളിന് പ്രസക്തിയേറുന്നുണ്ട്. കാരണം, കുടുംബത്തിന്റെ മഹത്വത്തേയും കുടുംബ ബന്ധങ്ങളുടെ പവിത്രതയേയും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിക്കഴിഞ്ഞ കാലത്തിലാണ് നാം ജീവിക്കുന്നത്.
തിരുകുടുംബത്തിന്റെ ഈ ഞായറാഴ്ച ഉണ്ണിയേശുവിനെ ദേവാലയത്തിൽ കാഴ്ചവയ്ക്കാൻ പോകുന്ന ജോസഫിനേയും മറിയത്തേയും നാം സുവിശേഷത്തിൽ കാണുന്നു. യഹൂദരുടെ ആത്മീയ സിരാകേന്ദ്രമായ ജറുസലെം ദേവാലയത്തിൽ വച്ച് യേശു “ജനതകളുടെ പ്രകാശമാണെന്ന് പ്രഘോഷിക്കപ്പെടുന്നു. ഈ പ്രകാശത്തെ നമ്മുടെ ജീവിതത്തിലും നമുക്ക് ജ്വലിപ്പിക്കാം. ഈ ദിവ്യബലിയർപ്പിച്ചു കൊണ്ട് നമ്മുടെ കുടുംബങ്ങൾക്കായും, ലോകത്തിലെ കുടുംബ ബന്ധങ്ങൾക്കായും നമുക്ക് പ്രാർത്ഥിക്കാം.
വചനപ്രഘോഷണ കർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
രക്ഷകനായ യേശു ഈ ലോകത്തിലേയ്ക്ക് വന്നത് ഒരു കുടുംബത്തിലൂടെയാണ്. ഒരു കുടുംബത്തിൽ ജനിച്ചു, ഒരു കുടുംബത്തിൽ വളർന്നു. ഇതിൽ നിന്നുതന്നെ കടുംബ ജീവിതത്തിന് ദൈവം നിൽകുന്ന പ്രാധാന്യം നമുക്കെല്ലാവർക്കും മനസ്സിലാകും. തിരുകുടുംബത്തിന്റെ തിരുനാൾ ആഘോഷിക്കുന്ന ഇന്ന് തിരുവചനത്തിൽ നാം രണ്ട് കുടുംബങ്ങളെ പരിചയപ്പെടുന്നു. ഒന്ന് പഴയ നിയമത്തിലെ അബ്രഹാമും, സാറയും, ഇസഹാക്കും ചേർന്ന കുടുംബം. രണ്ട്, പുതിയ നിയമത്തിലെ ജോസഫും, മറിയവും, യേശുവും ചേർന്ന കടുബം. ഈ രണ്ട് കുടുംബങ്ങളെ കുറിച്ചും, അവർക്ക് ദൈവവുമായിട്ടുള്ള ബന്ധത്തെ കുറിച്ചും കൂടുതൽ മനസ്സിലാക്കിയാൽ അത് നമ്മുടെ കുടുംബങ്ങളുടെ വിശ്വാസ ജീവിതത്തിന് കൂടുതൽ ശക്തി പകരും.
അബ്രഹാം-ജോസഫ് പ്രതീകം
പഴയ നിയമത്തിലെ അബ്രഹാമിനോട് താൻ കാണിച്ചുതരുന്ന സ്ഥലത്തേയ്ക്ക് പോകുവൻ പറഞ്ഞപ്പോൾ അത് എവിടെയാണെന്നുപോലും അറിയാതെ, അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയിലേയ്ക്ക് യാത്രപുറപ്പെടുന്നു. ജീവിതവും ഇതുപോലെയാണ്. നാളെ എന്ത് സംഭവിക്കും എന്നറിയാതെ നാം ഇന്നു ജീവിക്കുന്നു. അബ്രഹാമിനെപ്പോലെ ദൈവത്തിൻ വിശ്വാസവും ധൈര്യവും ഉള്ളവനുമാത്രമെ ജീവിതത്തിൻ വിജയിക്കുവാൻ സാധിക്കുകയുള്ളു. സുവിശേഷത്തിലെ ജോസഫ് ദൈവത്തിൽ ധൈര്യപൂർവ്വം വിശ്വസിച്ച് ദൈവത്തിന്റെ വാക്കുകൾ അനുസരിച്ച് പ്രവർത്തിച്ച വ്യക്തിയാണ്. എവിടെ നിന്നാണ് മനുഷ്യൻ ഈ വിശ്വാസവും ധൈര്യവും നേടുന്നത്? സ്വന്തം കുടുംബത്തിൽ നിന്നും, അപ്പനിൻ നിന്നും, അമ്മയിൽ നിന്നും, മുത്തശ്ശനും മുത്തശ്ശിയിൽ നിന്നും, സഹോദരങ്ങളിൽ നിന്നുമാണ് ഒരു കുഞ്ഞ് വിശ്വാസത്തിന്റേയും ധൈര്യത്തിന്റെയും ബാലപാഠങ്ങൾ പഠിക്കുന്നത്.
സാറാ-മറിയം പ്രതീകം
ഇന്നത്തെ വായനയിൽ നാം കാണുന്ന രണ്ടാമത്തെ വ്യക്തിയാണ് പഴയ നിയമത്തിലെ അമ്മയായ സാറാ. പ്രായം കവിഞ്ഞിട്ടും സാറാ വിശ്വാസംമൂലം ഗർഭധാരണത്തിനു വേണ്ട ശക്തി പ്രാപിച്ചു. ഇസഹാക്കിന് ജന്മം നൽകുന്ന അവൾ പിൽക്കാലത്ത് ജനതകളുടെ അമ്മയായി. ജീവിതത്തിലെ ഏറ്റവും നിരാശാജനകമായ സാഹചര്യത്തിലും ദൈവത്തിൽ വിശ്വാസമർപ്പിച്ച് ജീവിച്ച വ്യക്തിയാണ് സാറാ. പുതിയ നിയമത്തിലെ അമ്മയായ മറിയവും നമ്മുടെ കുടുംബങ്ങളിലുള്ളതിനെക്കാൾ അതികഠിനമായ ജീവിത യാഥാർത്ഥ്യങ്ങളിലൂടെയും അനിശ്ചിതത്വത്തിലൂടെയും കടന്നുപോയ വ്യക്തിയാണ്. യേശുവിനെ ഗർഭം ധരിക്കുന്ന സമയത്ത് തന്നെ മാലാഖയോട് ഇതെങ്ങനെ സംഭവിക്കും എന്ന് സംശയം ചോദിക്കുന്നു. ജോസഫ് ഒരവസരത്തിൻ മറിയത്തെ ഉപേക്ഷിക്കാൻ ആലോചിക്കുന്നു. ഒട്ടും അനുയോജ്യമല്ലാത്ത ഒരു സ്ഥലത്ത് – ഒരു കാലിത്തൊഴുത്തിൽ അവൾക്ക് യേശുവിനെ പ്രസവിക്കേണ്ടിവരുന്നു, സ്വന്തം മകനെക്കുറിച്ച് വളരെ സങ്കീർണ്ണമായ പ്രവചനങ്ങൾ ശ്രവിക്കുന്നു, അവളുടെ ഹൃദയത്തിലും ഒരു വാൾ തുളച്ച് കയറുമെന്ന് പറയുന്നു, കൈകുഞ്ഞിനേയും കൊണ്ട് രാത്രിയുടെ യാമങ്ങളിൽ ഈജിപ്തിലേയ്ക്കുള്ള പാലായനം, ദേവാലയത്തിൽ വച്ച് ബാലനായ യേശുവിന്റെ തിരോധാനം, സ്വന്തം മകൻ സിനഗോഗുകളിലും ഗ്രാമങ്ങളിലും നിന്ന് പുറത്താക്കപ്പെടുന്നു. അവസാനം ഒരു മഹാപരാധിയെപ്പോലെ സ്വന്തം പുത്രൻ ക്രൂശിൽ പിടഞ്ഞ് മരിക്കേണ്ടി വരുന്നു. ഇതെല്ലാം കണ്ടിട്ടും അനുഭവിച്ചിട്ടും ദൈവീക പദ്ധതിയിൽ അടിയുറച്ച് വിശ്വസിച്ച മറിയം നമ്മുടെ കുടുംബങ്ങൾക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് ഒരു മാതൃകയാണ്.
ഇസഹാക്ക് എന്ന പ്രതീകം
നമ്മുടെ കുടുംബങ്ങൾക്ക് പഠിക്കേണ്ട മൂന്നാമത്തെ പാഠം നൽകുന്നത് ഇസഹാക്കാണ്. ദൈവത്തിന്റെ പ്രീയപ്പെട്ടവർ പരീക്ഷണങ്ങളിലൂടെയും പ്രയാസങ്ങളിലൂടെയും കടന്ന് പോകേണ്ടി വരുമെന്ന് ഇസഹാക്കിലൂടെ നാം പഠിക്കുന്നു. തന്റെ ഏക മകനെ ബലിയർപ്പിക്കാൻ ദൈവം ആവശ്യപ്പെടുമ്പോൾ (ഉൽപ 22:2) നമുക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത ഒരു യാഥാർത്ഥ്യവും കൂടി ദൈവത്തിനുണ്ടെന്ന് നാം അറിയുന്നു. നമ്മുടെ കുടുംബങ്ങളിലും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കാത്ത പ്രശ്നങ്ങൾവരുമ്പോൾ നാം അബ്രഹാമിന്റെയും ഇസഹാക്കിന്റെയും അവസ്ഥയിലാണ്. കുടുംബ ജീവിതം ലാഘവമായ ഒരു യാഥാർത്ഥത്യമല്ല, മറിച്ച് അത് ധീരമായ വിശ്വാസ പോരാട്ടമാണ്. ദൈവത്തിന്റെ പദ്ധതിയനുസരിച്ച് ഇസഹാക്ക് തുടർന്നും ജീവിക്കുന്നു.
കുടുംബം എന്ന പ്രതീകം
സുവിശേഷത്തിൽ പീഢകൾ സഹിക്കുകയും മരിക്കുകയും ചെയ്യുന്ന യേശുവും ഉത്ഥിതനാകുന്നു – ഇന്നും ജീവിക്കുന്നു. ദൈവം നൽകുന്ന സഹനങ്ങളിലൂടെ കടന്ന് പോകുമ്പോൾ നാം മരിക്കുകയല്ല മറിച്ച് ദൈവീകപദ്ധതിപ്രകാരം ജീവിക്കുകയാണ് ചെയ്യുന്നത്. അബ്രഹാമിന്റേയും, സാറായുടേയും, ഇസഹാക്കിന്റേയും കുടുംബം ദൈവാനുഗ്രഹമുള്ള കുടുംബമായിരുന്നു. ജോസഫും, മറിയവും, യേശുവും ചേർന്ന കുടുംബം “തിരുകുടുംബം” ആയിരുന്നു. എങ്ങനെയാണ് നമ്മുടെ കുടുംബവും തിരുകടുംബമായിമാറുന്നത്? എങ്ങനെയാണ് നമ്മുടെ കുടുംബവും ദൈവാനുഗ്രഹം പ്രാപിക്കുന്ന കുടുംബമായിമാറുന്നത്? ഉത്തരം വളരെ ലളിതമാണ്. അബ്രഹാമിനേയും സാറയേയും പോലെ, ജോസഫിനേയും മറിയത്തെയുംപോലെ ദൈവത്തിന് നമ്മുടെ കുടുംബങ്ങളിൽ ഒന്നാം സ്ഥാനം നൽകുക. യേശു മാതാപിതാക്കളെ അനുസരിച്ചതുപോലെ കുട്ടികളും തങ്ങളുടെ മാതാപിതാക്കന്മാരെ അനുസരിക്കുക.
ഈ കുടുംബങ്ങൾ നൽകുന്ന മറ്റൊരുസന്ദേശമാണ് – സമൂഹത്തിലും ഇടവകയിലും മാറ്റങ്ങൾ വരുത്തി നവീകരിക്കുവാൻ ആഗ്രഹിക്കുന്നവർ സ്വന്തം കുടുംബങ്ങളിൽ നിന്നു തന്നെ ഈ നവീകരണം ആരംഭിക്കുകയെന്നത്.
അബ്രഹാമിന്റെ കാലം മുതൽ തന്നെ വിശ്വാസം കുടുംബങ്ങളിലൂടെ പകർന്ന് നൽകുന്ന പാരമ്പര്യമുണ്ട്. ക്രൈസ്തവ ഭവനങ്ങളിലും കുരിശ് വരയ്ക്കുവാനും, പ്രാർത്ഥിക്കുവാനും, കല്പനകൾ അനുസരിക്കുവാനും, വിശ്വസിക്കുവാനും കുട്ടികൾ പഠിക്കുന്നത് മാതാപിതാക്കന്മാരിൽ നിന്നുമാണ്. വൈകുന്നേരങ്ങളിൽ അപ്പനും അമ്മയും മക്കളും ഒരുമിച്ച് ചേർന്ന് നടത്തുന്ന കുടുംബപ്രാർത്ഥന സജ്ജീവമായി നമ്മുടെ കുടുംബങ്ങളിലും നമുക്ക് നിലനിറുത്താം. ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കും.
ആമേൻ
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group