ഈസ്റ്റർ ഞായർ
എല്ലാവർക്കും നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന്റെ ഉത്ഥാന മഹോത്സവത്തിന്റെ ആശംസകൾ.
ഈ വർഷത്തെ ഈസ്റ്റർദിന ദിവ്യബലിയിൽ നാം ശ്രവിക്കുന്നത് വിശുദ്ധ യോഹന്നാന്റെ സുവിശേഷം 20:1-18 വരെയുള്ള വാക്കുകളാണ്. അതിരാവിലെ തന്നെ യേശുവിന്റെ കല്ലറയിലേയ്ക്ക് വരുന്ന മഗ്ദലേനാ മറിയവും, പിന്നീട് അവളുടെ വാക്കുകളുടെ അടിസ്ഥാനത്തിൽ കല്ലറയിലേയ്ക്ക് ഓടിയെത്തുന്ന പത്രോസും, യേശു സ്നേഹിച്ച ശിഷ്യനെന്ന് സുവിശേഷകൻ വിശേഷിപ്പിക്കുന്ന യോഹന്നാനും, അവസാനമായി മഗ്ദലേനാ മറിയം കല്ലറക്കരികിൽ ഏകയായി നിൽക്കുമ്പോൾ ഉത്ഥിതനതായ യേശു അവളുടെ അടുക്കലേക്ക് വരുകയാണ്. ഇതാണ് ഉത്ഥാനദിന സുവിശേഷഭാഗത്തിന്റെ മുഖ്യപ്രമേയം.
ഈ സുവിശേഷത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനപ്പെട്ട മൂന്ന് ചിന്തകൾ പങ്കുവെയ്ക്കുന്നു.
ഒന്നാമതായി, യേശുവിനെ അന്വേഷിക്കുന്നവരെക്കുറിച്ചാണ്. മൂന്ന് വ്യക്തികൾ യേശുവിനെ അന്വേഷിക്കുകയാണ് – മഗ്ദലേനാ മറിയവും, പത്രോസ് അപ്പോസ്തലനും,യോഹന്നാൻ അപ്പോസ്തലനും. ഇവർ മൂന്ന് പേരും അവരുടെ ഗുരുവും നാഥനും കർത്താവുമായ യേശുവിന്റെ ഉയർച്ചയും താഴ്ചയും, രാജകീയ പ്രവേശനവും, വിചാരണയും, പീഡാനുഭവവും, കുരിശുമരണവും അറിഞ്ഞവരും ഇവയൊക്കെയും പൂർണ്ണമായോ, അല്ലെങ്കിൽ ഭാഗികമായോ കണ്ടവരുമാണ്. അതുകൊണ്ടു തന്നെ എല്ലാം അവസാനിച്ചുവെന്ന് കരുതി തനിക്കേറ്റവും പ്രിയപ്പെട്ട ഗുരുവിന്റെ കല്ലറയിലേയ്ക്ക് സാബത്ത് കഴിഞ്ഞ് അതിരാവിലെ മഗ്ദലേനാ മറിയം വരികയാണ്. തീർച്ചയായും അവൾ വന്നത് യേശുവിന്റെ മൃതശരീരം കാണാൻ തന്നെയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിലെ വിവരണമണമനുസരിച്ച് മൃതശരീരത്തിൽ ലേപനം ചെയ്യാനായി സുഗന്ധദ്രവ്യങ്ങളും അവൾ കൊണ്ട് വന്നിരുന്നു. തുറക്കപ്പെട്ട കല്ലറ കണ്ട് ശത്രുക്കള് കർത്താവിനെ ശരീരത്തെ എടുത്തുമാറ്റി എന്നുകരുതി അവൾ ശിമയോൻ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റെശിഷ്യന്റെയും അടുക്കലേക്കോടി അവരെ വിവരമറിയിക്കുന്നു. അവളുടെ വാക്കുകേട്ട് അവരും കല്ലറയുടെ അടുത്തേയ്ക്ക് ഓടുകയാണ്.
ഈ “ഓട്ടത്തിന്” പലവിധ കാരണങ്ങളുണ്ട്. ഒന്നാമതായി യേശുവിന്റെ കല്ലറ തുറക്കപ്പെട്ടിരിക്കുന്നു. യേശുവിന്റെ ശരീരം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന ചിന്തയേക്കാളുപരി പത്രോസിനെ അലട്ടിയിരുന്നത് യേശുവിന്റെ മരണത്തിന് മുൻപ് സംഭവിച്ച കാര്യങ്ങളായിരുന്നു. യേശുവിന്റെ ശിഷ്യന്മാരിൽ ഏറ്റവും പ്രധാനിയായിട്ട് പോലും യേശുവിന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകഘട്ടത്തിൽ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു. യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ – സുവിശേഷ പാരമ്പര്യമനുസരിച്ച് – അത് യോഹന്നാനാണ്, യേശുവിന്റെ കുരിശിന്റെ ചുവട്ടിലായിരുന്ന വ്യക്തി. നിസ്സഹായതയോടെ യേശുവിന്റെ കുരിശുമരണത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നവൻ. അതുകൊണ്ടു തന്നെ കല്ലറയിലേക്കുള്ള അവരുടെ ഓട്ടം വെറും ജിജ്ഞാസകൊണ്ട് മാത്രമല്ല, മറിച്ച് അതൊരു വൈകാരികമായ സ്നേഹ പ്രകടനം കൂടിയായിരുന്നു. മൂന്ന് പേരും അവരുടെ ജീവിതത്തിൽ യേശുവിനെ വീണ്ടും തേടുകയാണ്. ബൗദ്ധിക- ആശയ ആത്മീയതലത്തിൽ മാത്രമല്ല മറിച്ച് പ്രവൃത്തിയുടെ തലത്തിലും അവർ യേശുവിനെ അന്വേഷിച്ച് പുറപ്പെടുകയാണ്. ദൈനംദിന ജീവിതത്തിലെ സമസ്ത മേഖലകളിലും യേശുവിനെ അന്വേഷിക്കുന്നവരുടെയെല്ലാം പ്രതിനിധിയാണ് ഈ മൂന്ന് പേരും. അതുപോലെ നാമറിഞ്ഞ യേശുവിനെ വീണ്ടും പുതുതായി നമ്മുടെ ജീവിതത്തിൽ അന്വേഷിക്കുവാൻ ഈ മൂന്ന് പേരും നമ്മെ പഠിപ്പിക്കുന്നു.
രണ്ടാമത്തെ വിചിന്തന വിഷയം ഉത്ഥിതനുമായിട്ടുള്ള കണ്ടുമുട്ടലാണ്. യേശുവിനെ അന്വേഷിക്കുന്നവർക്ക് യേശു തന്നെത്തന്നെ വെളിപ്പെടുത്തുന്നു. യേശുവിന്റെ ശരീരം കാണാത്തതിനാൽ കല്ലറയ്ക്ക് പുറത്ത് കരഞ്ഞുകൊണ്ട് നിൽക്കുന്ന മഗ്ദലേനാ മറിയത്തിനടുത്തേയ്ക്ക് ഉത്ഥിതനായ യേശു വരുന്നു. ഇവിടെ മഗ്ദലേനാ മറിയത്തിന്റെ വ്യക്തിത്വവും ജീവിതവും നമ്മുടെ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം എട്ടാം അധ്യായം രണ്ടാം വാക്യമനുസരിച്ച് യേശു അവളിൽ നിന്ന് എഴുപിശാചുക്കളെ പുറത്തക്കിയെന്ന് പറയുന്നു. ബൈബിളിൽ “ഏഴ്” എന്നത് പരിപൂർണ്ണതയുടെ സംഖ്യയാണ്. അതായത്, അവൾ അക്കാലഘട്ടത്തെ ഏറ്റവും വലിയ മാനസിക-ശാരീരിക പ്രശ്നങ്ങളാലും അസുഖങ്ങളാലും ബുദ്ധിമുട്ടിയിരുന്ന സ്ത്രീയാണെന്നർത്ഥം. അവളാണ് ഉത്ഥിതനായ യേശുവിനെ ആദ്യമായി കാണുന്നത്. യേശു അവളെ കാണുമ്പോൾ അവൾ കരയുകയായിരുന്നു. അവളുടെ കരച്ചിലിന്റെ കാരണമന്വേഷിക്കുന്ന യേശു അവളോട് കരച്ചിൽ നിറുത്താൻ ആവശ്യപ്പെടുന്നില്ല. കാരണം, ചില കണ്ണുനീരുകൾ നമ്മുടെ ജീവിതത്തിലെ കാഴ്ചകളെ കൂടുതൽ വ്യക്തമാക്കുമെന്ന് യേശുവിനറിയാം. ജീവിതത്തിലൊരിക്കലെങ്കിലും കണ്ണീരണിഞ്ഞു ജീവിത യാഥാർത്ഥ്യങ്ങളെ കൂടുതൽ വ്യക്തതയോടെ കാണാത്ത ആരാണുള്ളത്.
എന്നാൽ യേശു അവളെ “മറിയം” എന്ന് പേരുചൊല്ലി വിളിച്ചുകൊണ്ട് അവളുടെ ദുഃഖത്തിന്റെ കണ്ണുനീരിനെ ആന്ദാശ്രുക്കളാക്കി മാറ്റുന്നു. ഉത്ഥിതനായ- ജീവിക്കുന്ന യേശുവുമായിട്ടുള്ള കണ്ടുമുട്ടൽ നമ്മുടെ കണ്ണുനീരിന്റെയും അർത്ഥതലങ്ങളെ മാറ്റിമറിക്കുന്നു. യേശുവുമായിട്ടുള്ള ഓരോ കണ്ടുമുട്ടലിലും ഇത് സംഭവിക്കും. ഉത്ഥിതനുമായിട്ടുള്ള ഈ കണ്ടുമുട്ടൽ ഈസ്റ്റർ ദിനത്തിൽ മാത്രം സംഭവിക്കുന്ന ഒരു കലണ്ടറിലെ ഒരു ദിവസത്തെ സംഭവമല്ല മറിച്ച് എപ്പോഴൊക്കെയാണോ നാം കണ്ണീരണിഞ്ഞുകൊണ്ട് യേശുവിനെ അന്വേഷിക്കുന്നത് അപ്പോഴൊക്കെ നാം അവനെ കണ്ടുമുട്ടുകയും അവൻ നമ്മുടെയടുക്കലേയ്ക്ക് വന്ന് നമ്മുടെ കണ്ണുനീരിനെ ആനന്ദാശ്രുക്കളാക്കി മാറ്റുകയും ചെയ്യും.
മൂന്നാത്തെ വിചിന്തന വിഷയം ദൗത്യസ്വീകരണമാണ്. ഉത്ഥിതനായ യേശുവിനെ കണ്ടുമുട്ടുന്നവർ, അവനെ തിരിച്ചറിയുന്നവർ, അവന് ഹൃദയത്തിൽ സ്ഥാനം കൊടുക്കുന്നവർ പിന്നെ പഴയ വ്യക്തികളല്ല, അവർ പുതിയ വ്യക്തികളാണ്. ഒരിക്കൽ യേശു ഏഴ് പിശാചുക്കളെ പുറത്താക്കിയ മഗ്ദലേനാ മറിയം ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടപ്പോൾ, ഇതാ ക്രിസ്തുവിൽ നിന്ന് ഉത്ഥാനത്തെക്കുറിച്ച് ശിഷ്യന്മാരെ അറിയിക്കുവാനുള്ള ദൗത്യം സ്വീകരിച്ചുകൊണ്ട് അപ്പോസ്തലന്മാരുടെ അപ്പോസ്തലയായി മാറുന്നു. ഉത്ഥിതനായവനെ ജീവിതത്തിൽ കണ്ടുമുട്ടുന്ന ഓരോരുത്തരും പുതിയ വ്യക്തികളായി മാറി യേശുവിൽ നിന്ന് ദൗത്യം സ്വീകരിക്കുന്നു.
യേശുവുമായുള്ള സമാഗമം നമ്മുടെ ജീവിതത്തെയും മാറ്റിമറിക്കും. നാമും പുതിയ വ്യക്തികളായി മാറും. മഗ്ദലേനാ മറിയം മുതൽ ഈ മാറ്റം ആരംഭിക്കുകയാണ്, എമ്മാവൂസിലേയ്ക്ക് പോയ ശിഷ്യന്മാരും ഉത്ഥിതനായവനെ കണ്ടുമുട്ടുമ്പോൾ അവരിലെ ഭയം മാറി അവർ പുതിയ ദൗത്യവാഹകരായി മാറുന്നു. അപ്പോസ്തലകാലം മുതൽ ഇന്ന് വരെ തിരുസഭയിൽ കോടാനുകോടി ജനങ്ങൾ ഉത്ഥിതനായ ക്രിസ്തുവിനെ കണ്ടുമുട്ടുകയും അതവരുടെ ജീവിതത്തിന്റെ വഴിത്തിരിവായി തീരുകയും ചെയ്തിട്ടുണ്ട്. മഗ്ദലേനാ മറിയം സന്തോഷവതിയായി പുതിയൊരു ഭാവിയിലേക്ക് കാലെടുത്ത് വച്ചുകൊണ്ട് മറ്റ് ശിഷ്യന്മാരുടെയടുക്കലേക്ക് പോയതുപോലെ നമുക്കും ഉത്ഥിതനായ യേശുവിനെ കണ്ടുമുട്ടി, യേശുവിനെക്കുറിച്ചും, യേശുവിന്റെ ഉത്ഥാനത്തെക്കുറിച്ചും നമ്മുടെ ജീവിതത്തിലൂടെയും, പ്രവർത്തിയിലൂടെയും, വാക്കുകളിലൂടെയും മറ്റുള്ളവരോട് സംസാരിക്കുവാനുളള ദൗത്യമുണ്ട്. ഉയിർത്തെഴുന്നേറ്റ യേശുനാഥൻ ഈ ദൗത്യപൂർത്തീകരണത്തിനായി നമ്മെയെല്ലാം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമേൻ.
സ്വന്തം ലേഖകന്‍ പാല: പാലയില്‍ കാത്തലിക് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സമ്മേളനത്തിനെത്തിയ മെത്രാന്‍മാര്‍ ഭരണങ്ങാനം വിശുദ്ധ അല്‍ഫോണ്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ഥാടന തിരുനാളിന് ഇന്ന്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മനോഹാരിത ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെയും നിര്‍മ്മിതബുദ്ധിയുടെയും സഹായത്തോടെയുള്ള ആസ്വാദനത്തിനു…
അനില്‍ ജോസഫ് തിരുവനന്തപുരം : വെട്ടുകാട് ദേവാലയത്തിലെ നിലവറ ദേവാലയം ആശീര്‍വദിച്ചു. തിരുവനന്തപുരം അതിരൂപതാ മെത്രാന്‍ ഡോ.തോമസ് ജെ നെറ്റോ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: മലങ്കര മാര്‍ത്തോമാ സഭയുടെ സിനഡ് പ്രതിനിധി സംഘവുമായി ഫ്രാന്‍സിസ് പാപ്പാ വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.…
This website uses cookies.