കർത്താവിന്റെ സ്വർഗ്ഗാരോഹണ തിരുനാൾ
ഒന്നാം വായന: അപ്പൊ. 1:1-11
രണ്ടാം വായന: എഫേസോസ് 4:1-13
സുവിശേഷം: വി.മാർക്കോസ് 16:15-20
ദിവ്യബലിയ്ക്ക് ആമുഖം
യേശുവിന്റെ സ്വർഗാരോഹണം നമ്മെ ഓർമ്മിപ്പിക്കുന്നത് നാമും സ്വർഗ്ഗരാജ്യത്തിന് അവകാശികളാണെന്നാണ്. ഇന്നത്തെ വായനകളിലും സുവിശേഷത്തിലും നിറഞ്ഞു നിൽക്കുന്നത് സ്വർഗ്ഗാരോപിതനായ യേശു നമുക്ക് നൽകുന്ന നിർദ്ദേശങ്ങളും വാഗ്ദാനങ്ങളുമാണ്. നാം അർപ്പിക്കുന്ന ദിവ്യബലി സ്വർഗീയ ജെറുസലേമിന്റെ മുന്നാസ്വാദനമാണ് എന്നത് മറക്കാതിരിക്കാം.
ദൈവവചന പ്രഘോഷണകർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
ഇന്നത്തെ സുവിശേഷം സസൂഷ്മം നിരീക്ഷിക്കുകയാണെങ്കിൽ സ്വർഗ്ഗത്തിലേയ്ക്ക് ആരോഹണം ചെയ്യുന്നതിന് മുൻപ് യേശുവും ശിഷ്യന്മാരുമായുള്ള കണ്ടുമുട്ടലിൽ മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങളും ഉത്തരങ്ങളും നമുക്ക് കാണാൻ സാധിക്കും.
ചോദ്യം 1: ശിഷ്യന്മാരുടെ (നമ്മുടെ) വിളിയും ദൗത്യവും എന്താണ്?
ഉത്തരം: ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുക.
“സകല സൃഷ്ടികളോടും” എന്നുദ്ദേശിക്കുന്നത്, ഈ പ്രപഞ്ചം മുഴുവന്റെയും നാഥനും, ഈ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നതും കർത്താവായ ക്രിസ്തു (Cosmic Christ) വാണെന്ന് കാണിക്കുവാനാണ്. അതോടൊപ്പം സ്വർഗാരോഹണം നസറായനായ യേശുവിന്റെ അവസാനമല്ല ആരംഭമാണെന്നും വ്യക്തമാക്കുന്നു.
ചോദ്യം 2: സുവിശേഷ പ്രഘോഷണത്തിന്റെ ഫലമെന്താണ്?
ഉത്തരം: വിശ്വാസവും ജ്ഞാനസ്നാനവും.
ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റു പറയുന്നതും അതിനെ തുടർന്ന് ജ്ഞാനസ്നാനം സ്വീകരിക്കുന്നതും ആദിമ ക്രൈസ്തവ സഭയുടെ സാഹചര്യത്തിൽ സാധാരണമാണ്. രക്ഷയുടെ അളവുകോൽ വിശ്വാസമാണ്. വിശ്വസിക്കാത്തവൻ ശിക്ഷിക്കപ്പെടുമെന്ന് പറയുന്നത് – ദൈവത്തിൽ നിന്ന് അകന്ന് ജീവിക്കുവാൻ തീരുമാനിച്ച വ്യക്തിയുടെ ജീവിതവും അതിന്റെ അവസാനവുമാണ്.
ചോദ്യം 3: സുവിശേഷ പ്രഘോഷണഫലമായുണ്ടാകുന്ന വിശ്വാസത്തിന്റെ അടയാളങ്ങളെന്താണ്?
ഉത്തരം: പിശാചുക്കളെ ബഹിഷ്കരിക്കുന്നത്, പുതിയ ഭാഷകൾ സംസാരിക്കുന്നത്, വിഷമേൽക്കാതിരിക്കുന്നത്, രോഗികളെ സൗഖ്യപ്പെടുത്തുന്നത്.
യേശു പറഞ്ഞ ഈ അടയാളങ്ങൾ സംഭവിക്കുന്നത് അപ്പോസ്തലപ്രവർത്തനങ്ങളിൽ നാം കാണുന്നുണ്ട്. ഭാവിഫലം പ്രവചിക്കുന്ന കുട്ടിയിൽ നിന്ന് വി.പൗലോസ് ദുരാത്മാവിനെ പുറത്താക്കുന്നത് (അപ്പൊ.16:16-18), വ്യത്യസ്‌ത ഭാഷകളിൽ സംസാരിക്കുന്നത് (അപ്പൊ. 2:2-11), മാൾട്ടയിൽ വച്ച് വി.പൗലോസിന്റെ കൈയിൽ പാമ്പ് ചുറ്റുന്നത് (അപ്പൊ. 28:3-6), അതോടൊപ്പം, അപ്പോസ്തലന്മാരിലൂടെ നൽകപ്പെടുന്ന നിരവധിയായ രോഗസൗഖ്യങ്ങളും.
യേശു വാഗ്ദാനം ചെയ്ത ഈ അടയാളങ്ങൾ ഇന്ന് നമ്മിലൂടെ നിറവേറ്റപ്പെടേണ്ടിയിരിക്കുന്നു. ജീവിതത്തെ നശിപ്പിക്കുന്ന, നിരാശപ്പെടുത്തുന്ന, തിരുസഭയെ തകർക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിന്റെ പൈശാചിക ശക്തികളെ എതിർക്കാനും നശിപ്പിക്കാനും ഈ വചനം നമ്മെ ധൈര്യപ്പെടുത്തുന്നു.
ആധുനിക മനുഷ്യന് മനസിലാകുന്ന, ആധുനിക മനുഷ്യനെ മനസിലാക്കുന്ന പുതിയ വാക്കുകളും ഭാഷയും സമ്പർക്കവും നാം വളർത്തിയെടുക്കണം. കാലഘട്ടത്തിന്റെ അടയാളങ്ങൾ മനസിലാക്കി, ഇന്നത്തെ മനുഷ്യന് മനസിലാകുന്ന വിധത്തിൽ സുവിശേഷം പ്രസംഗിക്കുന്നതാണ് ഈ കാലഘട്ടത്തിന്റെ ഭാഷാവരം. സർപ്പത്തോടും വിഷദ്രാവകങ്ങളോടും ഉപമിക്കാവുന്ന ഈ കാലഘട്ടത്തിലെ എത്ര വിഷമയമായ തിന്മയ്ക്കും ആത്മീയ മനുഷ്യനെ നശിപ്പിക്കാൻ സാധിക്കുകയില്ലെന്നും ഇന്നത്തെ സുവിശേഷം നമ്മെ പഠിപ്പിക്കുന്നു.
തന്റെ പീഡാനുഭവവും മരണവും ഉത്ഥാനവും സ്വർഗ്ഗാരോഹണവുംവഴി നമുക്കും സ്വർഗത്തിലേക്കുള്ള വഴി ഈ ഭൂമിയിൽ യേശു കാണിച്ചുതന്നിരിക്കുകയാണ്. അതുകൊണ്ടാണ് ഇന്നത്തെ ഒന്നാം വായനയുടെ അവസാനവാക്യത്തിൽ മാലാഖമാർ ചോദിക്കുന്നത് – “അല്ലയോ ഗലീലിയരെ നിങ്ങൾ ആകാശത്തിലേയ്ക്ക് നോക്കി നിൽക്കുന്നതെന്ത്? നിങ്ങളിൽനിന്ന് സ്വർഗ്ഗത്തിലേയ്ക്ക് സംവഹിക്കപ്പെട്ട യേശു സ്വർഗ്ഗത്തിലേയ്ക്ക് പോകുന്നത് നിങ്ങൾ കണ്ടതുപോലെ തന്നെ തിരിച്ചു വരും”. അതിന്റെ അർത്ഥം, നമ്മുടെ കടമ ആകാശത്തിലേയ്ക്ക് നോക്കി നിൽക്കുകയല്ല, മറിച്ച് ഈ ഭൂമിയിൽ യേശു നമ്മെ ഏൽപ്പിച്ച ‘വിളിയും ദൗത്യവും’ പൂർത്തിയാക്കുകയാണ്.
ആമേൻ.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.