Categories: Meditation

Ascension of the Lord_ഹൃദയത്തിലെ കൂടൊരുക്കൽ (മത്തായി 28:16 -20)

നിന്റെ കാഴ്ചയുടെ ചക്രവാളങ്ങൾ വലുതാക്കേണ്ടിയിരിക്കുന്നു. കാരണം ഈ പ്രപഞ്ചം നിന്റേതുമാണ്...

സ്വർഗ്ഗാരോഹണ തിരുനാൾ

ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ പതിനൊന്നോളം ശിഷ്യന്മാർ മാത്രമായിരുന്നു. നാലഞ്ചു ധീരകളും വിശ്വസ്തകളുമായ സ്ത്രീകളും ഉണ്ടായിരുന്നു. മൂന്നു വർഷക്കാലയളവോളം അവനെ അനുഗമിച്ചവരായിരുന്നു അവർ. ഈ രണ്ടു കൂട്ടരും എന്തെങ്കിലും ആഴമായി അവനിൽനിന്നും പഠിച്ചിരുന്നോ എന്ന കാര്യം സംശയമാണ്. പക്ഷേ ഒരു കാര്യം നിസ്തർക്കമാണ്. അവർ അവനെ ആഴമായി സ്നേഹിച്ചിരുന്നു. അതുകൊണ്ടുതന്നെ അവനെ മറക്കുകയെന്നത് അവരെ സംബന്ധിച്ച് അസാധ്യമായ കാര്യമാണ്. എങ്കിലും ഇവരിൽ ചിലരിൽ സംശയത്തിന്റെ വിത്തുകൾ ഒളിഞ്ഞു കിടക്കുന്നിരുന്നു. അതുകൊണ്ടാണ് സുവിശേഷകൻ പറയുന്നത്; “അവനെ കണ്ടപ്പോൾ… ചിലർ സംശയിച്ചു” (v.17). അതെ, വിശ്വാസത്തിന്റെയും സംശയത്തിന്റെയും തുലാസിൽ നിൽക്കുന്നവർക്കാണ് യേശു തന്റെ സുവിശേഷം കൈമാറി യാത്രയാകുന്നത്. മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മുടെ ദുർബലതയിലാണ് അവൻ തന്റെ സുവിശേഷം ഏൽപ്പിച്ചിരിക്കുന്നത്. ഇത് നമ്മിലുള്ള അവന്റെ ആത്മവിശ്വാസമാണ്. നമ്മൾ അവനെ വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ അവൻ നമ്മിൽ വിശ്വസിക്കുന്നു. അവനറിയാം കടുകുമണിയായ നിനക്ക് പടർന്നു പന്തലിക്കുന്ന ഒരു മരമായി മാറാമെന്ന്. പുളിമാവിനെ പോലെ നുരഞ്ഞുപൊന്താൻ സാധിക്കുമെന്ന്. നിന്നിലെ തീക്കനലിന് ആളിക്കത്താൻ സാധിക്കുമെന്നും. നിന്നിൽ വിശ്വസിക്കുന്ന ദൈവം! നിന്റെ കരങ്ങളിൽ അവന്റെ ആഗ്രഹങ്ങൾ മുഴുവൻ വയ്ക്കുന്ന ദൈവം! അങ്ങനെയാകുമ്പോൾ നിന്റെ ചിന്തകളും അവന്റെ ചിന്തയ്ക്ക് സമാനമാകേണ്ടിയിരിക്കുന്നു. നിന്റെ കാഴ്ചയുടെ ചക്രവാളങ്ങൾ വലുതാക്കേണ്ടിയിരിക്കുന്നു. കാരണം ഈ പ്രപഞ്ചം നിന്റേതുമാണ്.

യേശുവിന്റെ അവസാന വാക്കുകൾ ഒന്ന് ശ്രദ്ധിക്കുക. വിചിത്രമായ എന്തൊക്കെയോ അതിലടങ്ങിയിട്ടില്ലേ? അവൻ പറയുന്നു; “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ അധികാരവും എനിക്കു നൽകപ്പെട്ടിരിക്കുന്നു. ആകയാൽ, നിങ്ങൾ പോയി…” (v.18). ഈ ‘ആകയാൽ’ എന്ന സമുച്ചയ പദം (coordinative conjunction) അയുക്തമല്ലേ? എനിക്കെല്ലാ അധികാരവുമുണ്ട് ആകയാൽ ഞാൻ ചെയ്യും എന്നല്ലേ പറയേണ്ടത്? എങ്കിലല്ലേ ആ ‘ആകയാൽ’ എന്ന് തുടങ്ങുന്ന വാചകം യുക്തപൂർണ്ണമാകുക? പക്ഷേ യേശു പറയുന്നു എനിക്കെല്ലാ അധികാരവുമുണ്ട് ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ.

സുവിശേഷത്തിലെ ഏറ്റവും ലാവണ്യം നിറഞ്ഞ ഒരു സമുച്ചയ പദമാണ് ഈ ‘ആകയാൽ’ എന്ന പദം. യേശുവിന്റെ അധികാരപരിധിയിൽപ്പെട്ടതെല്ലാം നിന്റേതും കൂടിയാണ് എന്ന അർത്ഥം ഈ ‘ആകയാൽ’ വരികൾക്ക് നൽകുന്നുണ്ട്. അങ്ങനെയാകുമ്പോൾ അവന്റേതായ എല്ലാം നിന്റേതുമാണ്: അവന്റെ ജീവിതം, മരണം, ആത്മാവ്, ശക്തി… എല്ലാം നിന്റേതുമാണ്. ഇതെല്ലാം നിന്റേതായി മാറുന്നതിന് നിനക്ക് എന്ത് മേന്മയാണുള്ളത്? ഒന്നുമില്ല. അയുക്തമായ സ്നേഹത്തിന്റെ സങ്കേതമാണ് നീ. ഒരു കാര്യം എപ്പോഴും നീ ഓർക്കണം. നിന്റെ പാപങ്ങളുമായി താരതമ്യം ചെയ്തു കൊണ്ടല്ല യേശുവിനെ നിർവചിക്കേണ്ടത്. നിന്നോടുള്ള അവന്റെ സ്നേഹം കൊണ്ടായിരിക്കണം ഒരു നിർവചനം നീയുണ്ടാക്കേണ്ടത്.

യേശുവിനെ പോലെ അയുക്തമായ ചില വാക്യങ്ങൾ നീയും പറയേണ്ടിയിരിക്കുന്നു. സ്നേഹവും സംരക്ഷണവും കൊണ്ട് ഇടതൂർന്ന ചില ‘ആകയാൽ’ എന്ന സമുച്ചയ പദങ്ങൾ നീയും ഉപയോഗിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, ‘ഇന്ന് ഞാൻ ഫ്രീയാണ്. (ആകയാൽ), നീ വിശ്രമിച്ചോ’ എന്ന വാക്യം വീട്ടകങ്ങളിൽ മുഴങ്ങുമ്പോൾ ലാവണ്യം നിറഞ്ഞ ചില ‘ആകയാലുകൾ’ കുടുംബത്തെ സ്വർഗ്ഗ സമാനമാക്കും. അങ്ങനെയുള്ളവർക്ക് സ്വർഗ്ഗം എവിടെയാണെന്ന് പ്രത്യേകമായി പറഞ്ഞു കൊടുക്കേണ്ട ആവശ്യമുണ്ടാകില്ല. വ്യാകരണമില്ലാത്ത ഭാഷയാണ് സ്നേഹത്തിന്റെ ഭാഷ. ആ ഭാഷ സംസാരിക്കുന്ന ഏതിടവും സ്വർഗ്ഗം തന്നെയാണ്. അത് ചിലപ്പോൾ നിന്റെ വീടുമാകാം.

യേശു പറയുന്നു; “നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ” (v.19). എന്തിന്? ഭക്തരുടെ ഒരു നീണ്ട നിരയുണ്ടാക്കുന്നതിനോ? അല്ല. സ്നേഹം ഒരു സുഗന്ധം പോലെ പടർത്താനാണ് അവൻ ആവശ്യപ്പെടുന്നത്. നിങ്ങൾ പോയി സകല ജനതകളുടെയും മേൽ സ്വർഗ്ഗത്തിന്റെ പരിമളം തളിക്കുക. അവരെ സ്നേഹിക്കാൻ പഠിപ്പിക്കുക. ദൈവിക ജീവനിൽ അവരെ മുക്കിയെടുക്കുക.

സുവിശേഷം അവന്റെ അന്ത്യവചസ്സോടു കൂടിയാണ് അവസാനിക്കുന്നത്; “യുഗാന്തം വരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (v.20). നോക്കൂ, ഇതാണ് യേശുവിന്റെ ആരോഹണം. ഗോവണിയിലെന്ന പോലെ സ്വർഗ്ഗത്തിലേക്കുള്ള ഒരു നടന്നു കയറ്റമല്ലിത്. കയ്യെത്താ ദൂരത്തേയ്ക്കുള്ള ഒരു നടന്നു നീങ്ങലുമല്ലിത്. ആകാശ മണ്ഡലത്തിലേക്കുള്ള ഒരു പറന്നുപോകലുമല്ല. നീയെന്ന സ്വർഗ്ഗത്തിലേക്കുള്ള അവന്റെ കടന്നു കൂടലാണ് ഈ സ്വർഗ്ഗാരോഹണം.

vox_editor

Recent Posts

ജനജാഗരണം 24  ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ ഉദ്ഘാടനം ചെയ്യ്തു

ജോസ്‌ മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം  "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…

4 days ago

31st Sunday_സ്നേഹം മാത്രം (മർക്കോ. 12:28-34)

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?" ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…

6 days ago

പതിവ് തെറ്റിച്ചില്ല ആര്‍ച്ച് ബിഷപ്പിന്‍റെ ആദ്യ കുര്‍ബാന അര്‍പ്പണം അല്‍ഫോണ്‍സാമ്മയുടെ കബറിടത്തില്‍

അനില്‍ ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില്‍ ആദ്യമായി ഭരണങ്ങനത്ത് അല്‍ഫോണ്‍സാമ്മയുടെ…

7 days ago

സകലവിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: നമുക്ക് മുന്‍പേ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്‍മ്മയാണ് നവംബര്‍ ഒന്നാം തീയതി…

1 week ago

മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ ചങ്ങനാശ്ശേരി : പ്രാര്‍ഥനാ മുഖരിതമായ അന്തരീക്ഷത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്‍ച്ച് ബിഷപ്പായി മാര്‍…

1 week ago

ദുബായില്‍ ലാറ്റിന്‍ ഡെ നവംബര്‍ 10 ന്

  സ്വന്തം ലേഖകന്‍ ദുബായ് : ദുബായിലെ കേരള ലാറ്റിന്‍ കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ 2024 നവംബര്‍ 10ന് ലാറ്റിന്‍…

1 week ago