ആഗമനകാലം നാലാം ഞായർ
സ്വർഗ്ഗത്തിൽ നിന്നാണ് സുവിശേഷാഖ്യാനം തുടങ്ങുന്നത്. ഒരുകൂട്ടം പേരുകൾ കൊണ്ട് സമ്പൂർണ്ണമാണ് വചനഭാഗം. ആദ്യ രണ്ടു വാചകങ്ങളിൽ തന്നെ ഏഴു നാമങ്ങളുണ്ട്: ദൈവം, ഗബ്രിയേൽ, ഗലീലി, നസ്രത്ത്, ജോസഫ്, ദാവീദ്, മറിയം. ഏഴ് സമ്പൂർണ്ണതയുടെ സംഖ്യയാണ്. അതുകൊണ്ടുതന്നെ ഇനി സംഭവിക്കാൻ പോകുന്നതെല്ലാം മനുഷ്യ ചരിത്രത്തിന്റെയും സ്വർഗ്ഗ രഹസ്യങ്ങളുടെയും ആഴത്തെ സ്പർശിക്കുന്ന കാര്യങ്ങളായിരിക്കും. സുവിശേഷം, ഇതാ, എതിർ ദിശയിലൂടെ സഞ്ചരിക്കുന്നു. ബൈബിളിൽ ആദ്യമായി ദൈവദൂതൻ ഒരു സ്ത്രീയെ അഭിസംബോധന ചെയ്യുന്നു. ഈ കണ്ടുമുട്ടൽ നടന്നിരിക്കുന്നത് ഏതെങ്കിലും ദേവാലയത്തിലല്ല, ഒരു ഭവനത്തിലാണ്. അടുക്കളയിലെ അലസമായി കിടക്കുന്ന പാത്രങ്ങളുടെയിടയിലാണ്, ദേവാലയത്തിലെ സ്വർണ്ണവിളക്കുകൾക്കിടയിലല്ല. അതും ഒരു സാധാരണ ദിവസത്തിൽ. ആ സാധാരണ ദിവസത്തെ ഒരു ജൈവീക പഞ്ചാംഗവുമായിട്ടാണ് സുവിശേഷം അടയാളപ്പെടുത്തിയിരിക്കുന്നത്. ആറാം മാസം. ആരുടെ ആറാം മാസം? എലിസബത്ത് ഗർഭവതിയായതിന്റെ ആറാം മാസം.
“സന്തോഷിക്കൂ” എന്നാണ് ദൈവദൂതന്റെ ആദ്യ വാക്ക്. ഒരു അഭിസംബോധനയാണത്. സുവിശേഷത്തിനുള്ളിലെ സുവിശേഷമാണത്. മറിയം എന്തിന് സന്തോഷിക്കണം? കാരണമുണ്ട്. അവൾ ദൈവകൃപ നിറഞ്ഞവളാണ്. സ്വർഗ്ഗത്താൽ അവൾ നിറയപ്പെട്ടിരിക്കുന്നു. അവൾ “അതെ” എന്ന് ദൈവത്തോട് ഉത്തരം പറഞ്ഞതു കൊണ്ടല്ല അവൾ കൃപ നിറഞ്ഞവളായിരിക്കുന്നത്. മറിച്ച് ദൈവം അവളോട് “അതെ” എന്ന് പറഞ്ഞതുകൊണ്ടാണ്. നമ്മൾ ദൈവത്തിനോട് “അതെ” എന്ന് പറയുന്നതിനു മുൻപേ ദൈവം നമുക്ക് ഉത്തരം നൽകി കഴിഞ്ഞിട്ടുണ്ട്. നമ്മുടെ യോഗ്യതയോ കണക്കുകൂട്ടലോ ഒന്നും കൊണ്ടല്ല കൃപ നമുക്ക് ലഭിക്കുന്നത്. അത് ദൈവത്തിന്റെ സൗജന്യ ദാനമാണ്. സർവ്വശക്തൻ മറിയവുമായി പ്രണയത്തിലായിരിക്കുന്നു. ഇനിമുതൽ അവളുടെ പേര് ദൈവത്തിന് പ്രിയപ്പെട്ടവൾ എന്നായിരിക്കും. മറിയത്തെ പോലെ തന്നെയാണ് നമ്മളും. നിത്യതയോളം ദൈവസ്നേഹത്തിന്റെ ആഴമനുഭവിക്കുവാൻ വിളിക്കപ്പെട്ടവരാണ് നമ്മൾ.
ഒന്നാകാനുള്ള അഭിനിവേശമാണ് സ്നേഹം. അതുകൊണ്ടാണ് ദൂതൻ പറയുന്നത് “കർത്താവ് നിന്നോടുകൂടെ”. വളരെ ജാഗ്രത ആവശ്യപ്പെടുന്ന ഒരു പദപ്രയോഗമാണിത്. വിശുദ്ധ ഗ്രന്ഥത്തിൽ എവിടെയൊക്കെ “കർത്താവ് നിന്നോട് കൂടെയുണ്ട്” എന്ന് ആരോടൊക്കെ പറഞ്ഞിട്ടുണ്ടോ അവർക്കെല്ലാം സുന്ദരവും ഒപ്പം ശ്രമകരവുമായ ഒരു ദൗത്യവും കൂടി ദൈവം ഏൽപ്പിക്കുന്നുണ്ട് എന്നതാണ് ചരിത്രം. അങ്ങനെ വരുമ്പോൾ ആവേശത്തിന്റെയും ധൈര്യത്തിന്റെയും ഒരു ചരിത്രത്തിലേക്കാണ് ദൈവം മറിയത്തെ വിളിക്കുന്നത്. ഏതാണ് ആ ചരിത്രം? “മറിയമേ, നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.” ഇതാണ് ആ ചരിത്രം. നിന്റെയും ദൈവത്തിന്റെയും, ഭൂമിയുടെയും സ്വർഗ്ഗത്തിന്റെയും പുത്രനാണ് അവൻ. നീ അവനെ യേശു എന്ന് പേരിടണം. മക്കൾക്ക് പേരിടാൻ പിതാവിന് മാത്രമേ അവകാശമുള്ളൂ. ഇതാ, പുത്രന് പിതാവ് പേര് നൽകി കഴിഞ്ഞിരിക്കുന്നു; യേശു.
മറിയം തയ്യാറാണ്. അവൾ ബുദ്ധിമതിയും പക്വതയുള്ളവളുമാണ്. ആദ്യത്തെ അസ്വസ്ഥതയ്ക്ക് ശേഷം അവൾ ഭയപ്പെടുന്നില്ല. അവൾ ദൈവവുമായി സംവദിക്കുന്നു, സംസാരിക്കുന്നു, വാദിക്കുന്നു. ഒരു സ്ത്രീയുടെ എല്ലാ അന്തസ്സോടെയും പക്വതയോടെയും അവബോധത്തോടെയും കൂടി അവൾ ദൈവസന്നിധിയിൽ നിൽക്കുന്നു. എന്നിട്ട് അവൾ ചോദിക്കുന്നു; എനിക്ക് വ്യക്തത വേണം. അത് എങ്ങനെ സംഭവിക്കുമെന്ന് എന്നോട് പറയുക. സഖറിയ ചോദിച്ചത് ഒരു അടയാളമാണ്. മറിയം ചോദിക്കുന്നത് അർത്ഥവും രീതിയുമാണ്.
അടയാളത്തിനല്ല, അർത്ഥത്തിനാണ് ഉത്തരം ലഭിക്കുന്നത്. ദൂതൻ അവളോട് പറയുന്നു; നിത്യത നിന്റെ രക്തത്തിൽ കലരും. അപാരമായത് നിന്നിൽ ചെറുതായി ഭവിക്കും. പ്രപഞ്ചത്തെ സൃഷ്ടിച്ച പ്രകാശം മറിയത്തിന്റെ ഗർഭപാത്രത്തിലെ ഇരുട്ടിൽ പറ്റിപ്പിടിക്കുന്നു. ഇതെങ്ങനെ സംഭവിക്കും? ഇതേ ചോദ്യം തന്നെ അവളും ചോദിക്കുന്നുണ്ട്. വിശദീകരിക്കാനാവാത്തതാണ് ദൂതൻ വിശദീകരിക്കുവാൻ ശ്രമിക്കുന്നത്. അതൊരു വിശദീകരണത്തിനേക്കാൾ ഉപരി ഒരു ആശ്വാസമായാണ് മാറുന്നത്. അവൻ ഉല്പത്തിയിലെ ജലത്തിന് മീതേയുള്ള ആത്മാവിനെ കുറിച്ചാണ് സംസാരിക്കുന്നത്. സീനായിലെ സമാഗമ കൂടാരത്തിന് മേൽ പതിച്ച മേഘത്തണലിനെ കുറിച്ചാണ് പറയുന്നത്. ഇതൊരു ക്ഷണമാണ്. ആഴത്തിലുള്ള ദൈവിക പ്രവർത്തികളെ തിരിച്ചറിയാനുള്ള ക്ഷണം. മറിയമേ, നീ വിശ്വസിച്ചാൽ മാത്രം മതി. ഇത് എങ്ങനെ സംഭവിക്കും എന്നതിനെ കുറിച്ച് നീ ആകുലപ്പെടേണ്ട. അത് ദൈവം കണ്ടെത്തിക്കൊള്ളും. നിന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ ജീവിതത്തിൽ ദൈവം പ്രവർത്തിച്ചതുപോലെ. അവളെപ്പോലെ നിന്റെ ശരീരത്തിലും നിനക്ക് അത് അനുഭവിക്കാൻ സാധിക്കും.
പരിശുദ്ധാത്മാവിന് തീർച്ചയായും മറ്റു വഴികൾ തിരഞ്ഞെടുക്കാമായിരുന്നു. പക്ഷേ മറിയത്തിന്റെ ശരീരമാണ് സുവിശേഷത്തിന്റെയും ശാരീരികത. മറിയത്തിന്റെ ശരീരം ഇല്ലായിരുന്നെങ്കിൽ ദൈവവും സുവിശേഷവുമെല്ലാം ഒരു ആശയസംഹിതയായോ ധർമ്മശാസ്ത്രമായോ മാറിയേനെ. ദൈവം ഇപ്പോഴും അമ്മമാരെ തേടുകയാണ്. തന്റെ വചനത്തെയും സ്വപ്നങ്ങളെയും സുവിശേഷത്തെയും പരിപാലിക്കുന്ന അമ്മമാരെ. ഓരോ തെരുവിലും ഓരോ ഭവനത്തിലും തന്റെ വചനത്തിന്റെ ശാരീരികതയെ പകർന്നു കൊടുക്കാൻ അമ്മമനസ്സുള്ള ഹൃദയങ്ങളെ അവൻ തേടുകയാണ്. സജ്ജമാണോ നമ്മുടെ ഹൃദയങ്ങളും മാനസങ്ങളും?
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില് ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന് അവിടത്തെ ഹൃദയത്തില് നിന്ന് പഠിക്കാനും…
This website uses cookies.