Easter_2026_ഉത്ഥിതനും ക്രൂശിക്കപ്പെട്ടവരും
ഉണർത്താനാണ് ഉയിർത്തെഴുന്നേറ്റവൻ നമ്മുടെ ഇടയിലേക്ക് വരുന്നത്...

ഈസ്റ്റർ
ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെടുന്നത്. വിശ്വാസപ്രമാണത്തിൽ, യേശു പാതാളത്തിൽ ഇറങ്ങിയെന്ന് നമ്മൾ പ്രഖ്യാപിക്കുന്നു. ഈ ഈസ്റ്ററിലും അതുതന്നെയാണ് സംഭവിക്കുന്നത്. ഇന്നത്തെ നരകങ്ങളിലേക്ക് അവൻ ഇറങ്ങുന്നു. യേശു എത്ര നരകങ്ങളിലേക്കാണ് ഇറങ്ങിയിരിക്കുന്നത്! നമുക്കറിയില്ല. പക്ഷേ അവൻ അവിടെ പോയിട്ടുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. യേശുവിന്റെ പീഡാനുഭവങ്ങൾ ധ്യാനിക്കുമ്പോൾ, അവന്റെ ഉത്ഥാനത്തിൽ നമ്മൾ ആനന്ദിക്കുമ്പോൾ, ഇന്നത്തെ ക്രൂശിക്കപ്പെട്ടവരുടെ നിലവിളിയും നമ്മൾ ശ്രവിച്ചിരുന്നെങ്കിൽ… “ഏലി, ഏലി, ല്മാ സബക്ഥാനി”. ഇറാൻ, യുക്രൈൻ, നൈജീരിയ, പാലസ്തീൻ… കുരിശിൽ നിന്നുള്ള നിലവിളി കേട്ടിട്ടുള്ളവർക്ക് ഈസ്റ്റർ ശൂന്യമായ ഒരു കല്ലറയുടെ ആഘോഷമായി മാത്രം നിലനിൽക്കില്ല.
ഉണർത്താനാണ് ഉയിർത്തെഴുന്നേറ്റവൻ നമ്മുടെ ഇടയിലേക്ക് വരുന്നത്. തിന്മയോടും മരണത്തോടുമുള്ള നമ്മുടെ അലസമായ അലംഭാവത്തിൽ നിന്നും ഉണർത്താൻ. നമ്മെ നമ്മുടെ വിധിയിലേക്ക് ഉപേക്ഷിച്ച്, സ്വയം രക്ഷിച്ചവനെയല്ല ഈസ്റ്റർ ദിനത്തിൽ നമ്മൾ ആഘോഷിക്കുന്നത്. അവൻ ഒരിക്കലും അവനെതന്നെ രക്ഷിച്ചില്ല; അതായിരുന്നു അവൻ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രലോഭനമെങ്കിൽതന്നെയും. അവൻ ജീവിച്ചതുപോലെ മരിച്ചു – മറ്റുള്ളവർക്കുവേണ്ടി തന്റെ ജീവിതം ചെലവഴിച്ചു: തന്നെത്തന്നെ രക്ഷിക്കാനല്ല, മറ്റുള്ളവരെ രക്ഷിക്കാൻ. തനിച്ചായിരിക്കാതിരിക്കാൻ അവൻ തന്നെത്തന്നെ നഷ്ടപ്പെടുത്തി. ഈസ്റ്റർ പൂർത്തീകരിക്കുന്നത് മനുഷ്യർക്കിടയിൽ അവൻ ജീവിച്ച ജീവിതത്തെയാണ്. ദരിദ്രരുടെയും ദുർബലരുടെയും രോഗികളുടെയും അന്ധരുടെയും മുടന്തരുടെയും പാപികളുടെയും നിലവിളിക്ക് അവൻ ഒരിക്കലും തന്റെ ഹൃദയം അടച്ചില്ല. അവൻ അവരെ ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ചെയ്തു. അവൻ അവരുടെ ഹൃദയങ്ങളും ശരീരങ്ങളും സുഖപ്പെടുത്തി.
ക്രൂശിക്കപ്പെട്ടവന്റെ ഉയിർപ്പാണ് ഈസ്റ്റർ. വെറുമൊരു യേശുവിന്റെ മാത്രമല്ല, മറിച്ച് ലോകത്തിന്റെ പാപത്താൽ ഭാരപ്പെട്ട, നമ്മെ വീണ്ടെടുത്ത യേശുവിന്റെ ഉയിർപ്പാണ്. അവൻ നമ്മെ തിന്മയുടെ ശക്തിയിൽ നിന്ന് മോചിപ്പിച്ചു. ഒരു വിധത്തിൽ പറഞ്ഞാൽ ഉത്ഥാനം ചരിത്രത്തിലെ ഒരു ഒറ്റപ്പെട്ട സംഭവമല്ല. കാരണം, തിന്മയുടെയും മരണത്തിന്റെയും മുന്നിൽ കീഴടങ്ങാതിരിക്കാനുള്ള ഒരു വെല്ലുവിളിയാണത്. ഉത്ഥാനം നമ്മുടെ ഇന്ദ്രിയങ്ങളിലെ ഒരു പ്രോഗ്രാം ആണ്. അതാണ് നമ്മുടെ മുന്നിലെ പാതയും ദിശാബോധവും. ഉത്ഥാനം നമ്മുടെ സത്തയാണ്. അതാണ് നമ്മുടെ ഹൃദയങ്ങളെ നമ്മുടെ ഉള്ളിൽ ജ്വലിപ്പിക്കുന്നത്. അപ്പോഴും ഓർക്കുക, എല്ലാ ഈസ്റ്ററുകളും ഒരുപോലെയല്ല: ഓരോന്നും ചരിത്രത്തിലും ജീവിതത്തിലും ഒരു പ്രത്യേക നിമിഷത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സ്വപ്നങ്ങളും ദർശനങ്ങളും വിരളമായ ഇന്ന് ഉത്ഥാനം മാത്രമേ നമ്മെ നയിക്കൂ.
തിന്മയുമായി പൊരുത്തപ്പെടണമെന്ന് പറഞ്ഞുകൊണ്ടാണ് “ബുദ്ധിജീവികൾ” നമ്മളെ ആശ്വസിപ്പിക്കുന്നത്. (എന്തൊക്കെയായാലും ബുദ്ധിജീവികൾക്ക് ഒരിക്കലും കുറവില്ല; അവർ എപ്പോഴും ശരിയാണെന്നും അവർക്ക് എല്ലാം വിശദീകരിക്കാൻ കഴിയുമെന്നുമാണ് അവർ കരുതുന്നത്) ഇല്ല, ഒരിക്കലും അങ്ങനെയുള്ളവരുടെ പ്രലോഭനങ്ങൾക്ക് നമ്മൾ വിധേയരാകരുത്. തിന്മയോടുള്ള സ്വീകാര്യത ഒരു പ്രത്യയശാസ്ത്രമായി രൂപാന്തരപ്പെടാൻ അനുവദിക്കരുത്. ഖേദകരമെന്നു പറയട്ടെ, നമ്മുടെ രാഷ്ട്രീയം പോലും തിന്മയുടെ വ്യത്യസ്ത ഭാവങ്ങളായി മാറുകയാണ്. ഇന്ന് അവ യുവതലമുറയുടെ ചിന്താധാരയായി മാറുന്ന ഘട്ടത്തിലേക്കുവരെ എത്തിയിരിക്കുന്നു. ഉത്ഥാനം തിന്മയിൽ നിന്നുള്ള മോചനമാണ്. അത് നമ്മോട് ആവശ്യപ്പെടുന്നത് അടിച്ചമർത്തപ്പെട്ടവരുടെ ജീവിതത്തെ വീണ്ടെടുക്കാൻ തുടർന്നും പ്രവർത്തിക്കാനാണ്. അതിനുവേണ്ടി നമ്മൾ തിരുവെഴുത്തുകളിലെ ഉത്ഥാന ബൗദ്ധികതയുടെ ആവശ്യകതയെ തിരിച്ചറിയുകയും സഭയെന്ന നിലയിൽ ക്രൂശിക്കപ്പെട്ടവരുടെ രൂപം സ്വീകരിക്കകയും വേണം.
പൗലോസപ്പോസ്തലൻ കോറിന്തോസിൽ വച്ച് ശ്രവിച്ച അതേ വചനവും ഉറപ്പുമാണ് ഉത്ഥിതൻ നമ്മൾക്കും നൽകുന്നത്: “ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക. എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്” (അപ്പ 18 : 9-10). ഓർക്കുക, നമ്മുടെ നാട്ടിൽ നമ്മൾ സങ്കൽപ്പിക്കാവുന്നതിലും കൂടുതൽ നന്മയുള്ള ഒരു ജനതയുണ്ട്. ഒരു സിനഡൽ സഭയുടെ പാതയിലൂടെയാണ് നമ്മൾ സഞ്ചരിക്കുന്നത്, പക്ഷേ നമ്മൾ വെറുതെ നടക്കുകയല്ല. നമ്മൾക്ക് ഒരു ലക്ഷ്യസ്ഥാനമുണ്ട്: സുവിശേഷത്തിൽ നിന്നും അകന്നു നിൽക്കുന്നവരാണവർ. സുവിശേഷമാണ് ഉത്ഥിതന്റെ സ്വപ്നം. അതേ സ്വപ്നമായിരുന്നു പൗലോസിന്റേതും. അവരുടെ സ്വപ്നത്തെ നമുക്ക് നമ്മുടെയും സ്വന്തമാക്കാം.
എല്ലാറ്റിന്റെയും കാതൽ – സാധാരണമോ അസാധാരണമോ ആകട്ടെ – ഉത്ഥാനത്തിന്റെ സുവിശേഷമായിരിക്കണം. “ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെയാണു നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം.
അവന്‍ ഇവിടെയില്ല; അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു… വേഗം പോയി അവന്റെ ശിഷ്യന്‍മാരോട്, അവന്‍ മരിച്ചവരുടെയിടയില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങള്‍ അവനെ കാണുമെന്നും പറയുവിന്‍” (മത്താ 28 : 5-7). കല്ലറയിലെ സ്ത്രീകളെപ്പോലെ ഉത്കണ്ഠയും കരച്ചിലുമായി വേണമെങ്കിൽ നമുക്ക് ഭൂതകാലത്തിലേക്ക് നോക്കിയിരിക്കാം. നമ്മൾക്ക് നമ്മുടെ കടമകൾ നിറവേറ്റി ജീവിക്കാം. അങ്ങനെ പിന്നോട്ട് മാത്രം നോക്കിയും ജീവിക്കാവുന്നതാണ്. പക്ഷെ കല്ലറയ്ക്കരികിലെ ദൂതൻ നമുക്ക് ഭാവി വെളിപ്പെടുത്തുന്നു: യേശു നമുക്ക് മുമ്പായി ഗലീലിയിലേക്ക് പോയിരിക്കുന്നു. ഓർക്കുക, യേശുവിന്റെ ശരീരത്തെ കാക്കുന്ന ഒരു ഒഴിഞ്ഞ കല്ലറയല്ല സഭ; മറിച്ച്, ഗലീലിയിൽ അവനുമായുള്ള കൂടിക്കാഴ്ചയിലൂടെ ഭാവിയെ സ്വന്തമാക്കുന്ന ദൈവരാജ്യമാണത്. ഈ യാഥാർത്ഥ്യത്തിലേക്ക്, നാം നമ്മെത്തന്നെ നയിക്കണം. പലരും അവനെ കാത്തിരിക്കുകയാണ്. നമുക്ക് ഈസ്റ്റർ മാലാഖയെ ശ്രവിക്കാം! വിശ്വസിക്കുന്നവർക്ക് ഒന്നും അസാധ്യമല്ല.



