Articles

ഒരു പേരിൽ എന്തിരിക്കുന്നു…

മനുഷ്യനെ ഒരു വ്യക്തിത്വമുള്ള വ്യക്തിയാക്കുന്നതിൽ പേരിനു വലിയ പങ്കുണ്ട്...

രഞ്ജിത്ത് ലീൻ

ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം നാം പലപ്പോഴും കേട്ടിട്ടുണ്ടാകും. ശരിയാണ്, പെട്ടെന്ന് കേട്ടാൽ നമുക്ക് തോന്നും ഒരു പേരിൽ കാര്യമായി ഒന്നും ഇല്ല എന്ന്. എന്നാൽ ഒരു മനുഷ്യനെ ഒരു വ്യക്തിത്വമുള്ള വ്യക്തിയാക്കുന്നതിൽ പേരിനു വലിയ പങ്കുണ്ട്. നിർഭാഗ്യവശാൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ചില പേരുകൾ കേട്ടാൽ അത് ആണിന്റെയാണോ പെണ്ണിന്റെയാണോ എന്നറിയാതെ കുഴഞ്ഞു പോകും. ‘എന്തേ ഈ പേര്?’ എന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരം ‘അത് സ്റ്റൈലിഷ് അല്ലെ?’ എന്നാണ്.

ഇവിടെ നമ്മൾ കേൾക്കാൻ പോകുന്നത് സ്റ്റൈലൻ പേരുകൾ നൂറ്റാണ്ടുകൾക്കു മുൻപേ ജന്മാവകാശമായി കിട്ടിയ ഒരു ക്രൈസ്തവ ജനസമൂഹത്തെ പറ്റിയാണ്. സംശയിക്കേണ്ട… കൊടുങ്ങല്ലൂർ മുതൽ തിരുവനന്തപുരം വരെ തീരദേശത്തു അധിവസിക്കുന്ന ലത്തീൻ സമുദായമാണത്. അതെന്താ ലത്തീൻകാർക്ക് മാത്രം ഇത്ര സവിശേഷത, എന്ന് ചിന്തിക്കുന്നുണ്ടാകും അല്ലെ? ശരിയാണ്, ഇന്ന് കേരളത്തിലെ ഒട്ടുമിക്ക കത്തോലിക്കർക്കും ആംഗലേയ നാമങ്ങളാണുള്ളത്. പക്ഷേ, ഒരു എൺപതു-തൊണ്ണൂറു വർഷങ്ങൾക്ക് മുൻപ് വരെ ലത്തീൻകാർക്ക് മാത്രമായേ ചില പേരുകൾ ഉണ്ടായിരുന്നു. ലത്തീൻകാരുടെ ജീവിതം തുറന്നു കാട്ടുന്ന ‘കുട്ടിസ്രാങ്ക്’, ‘ഈ.മ.യൗ’ എന്നീ സിനിമകളിലൂടെ ചില പഴയ പേരുകൾ നമ്മൾ കേട്ടപ്പോൾ കൗതുകം എന്നതിലുപരി ചിരിയാണ് പലർക്കും വന്നത്.

ഇനിയല്പം ചരിത്രം: അഞ്ചു നൂറ്റാണ്ടു മുൻപ് പോർച്ചുഗീസുകാർ മലയാളക്കരയിൽ വന്നപ്പോ, ഇവിടെയുണ്ടായിരുന്ന നസ്രാണികൾ സുറിയാനി മലയാളീകരിച്ച സുറിയാനി ബൈബിൾ നാമങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഉദാഹരണം: തോമ (തോമസ്), ഉലഹന്നാൻ (ജോൺ), പീലിപ്പോസ് (ഫിലിപ്പ്), റാഹേൽ (റേച്ചൽ), മത്തായി, മാത്തൻ (മാത്യു), ഏലി (എലിസബേത്), ചാക്കോ (ജേക്കബ്) തുടങ്ങിയവ. ഇവയോടൊക്കെ ‘കുട്ടി’ എന്നും ‘അമ്മ’യെന്നും ചേർത്തപ്പോൾ കാതിന് ഇമ്പമുള്ള പേരുകളായി. തീരത്തുടനീളം പറങ്കി സെറ്റിൽമെന്റുകളും, മിഷൻ കേന്ദ്രങ്ങളും ഉണ്ടായപ്പോൾ അനേകമാളുകൾ ലത്തീൻ സഭയിൽ ചേർന്നു. അതോടെ ‘പരിഷ്കാര’ പേരുകളുടെ വരവായി. ബൈബിളിൽ നിന്നും മാത്രമല്ല, പോർച്ചുഗീസ് മിഷനറിമാർ കേരളതീരത്തു കൊണ്ടുവന്ന പുണ്യവാന്മാരോടുള്ള ഭക്തി, പേരുകളിലും പ്രതിബിംബിച്ചു.

മലങ്കര നസ്രാണികൾ കൗതുകത്തോടെയാണ് പരിഷ്‌കൃതമായ ഈ പോർച്ചുഗീസ് പേരുകളെ കണ്ടത്. ഇനി നമുക്ക് ആ പേരുകളിലേക്കു കടക്കാം. കൊച്ചിയിലും ആലപ്പുഴയിലും പണ്ട് വളരെ സുപരിചിതമായ ഒരു ലത്തീൻ പേരായിരുന്നു ജോപ്പൻ. ഔസേപ്പ് എന്നർത്ഥം വരുന്ന ജോവോ എന്ന പോർച്ചുഗീസ് പേരിൽ നിന്നാണ് അതുണ്ടായത്.

ഇതിന്റെ തന്നെ ഒരു വകഭേദമാണ് ജോസ. വലിയ മുക്കുവനായ പത്രോസിന്റെ പോർച്ചുഗീസ് രൂപമായ ‘പെഡ്രോ’ ഇവിടെ ലത്തീൻകാരുടെ ഇടയിൽ ‘പെതിരു’വായി മാറി. നമ്മുടെ തുറകളിലൂടെ നടന്ന് സത്യവേദം പകർന്നു നൽകിയ ഫ്രാൻസിസ് സേവ്യറിന്റെ ഓർമക്കായി സേവ്യർ എന്ന സ്പാനിഷ് പേരിന്റെ പറങ്കി രൂപമായ ‘ശവെറിയോ’ നമ്മുടെ പൂർവികർ ‘ചവറോ’ എന്നും ‘ചവരപ്പൻ’ എന്നും ‘ശൗരി’ എന്നും ആക്കി. ഫ്രാൻസിസിന്റെ പോർച്ചുഗീസ് അവതാരമായ ‘പ്രഞ്ചെസ്‌കോ’യാണ് കൊല്ലം ഭാഗത്ത് പണ്ട് ഉണ്ടായിരുന്ന ‘പൊരിഞ്ചിക്’ എന്ന പേര്. തൃശൂർ സുറിയാനിക്കാർ അതിനെ ‘പൊറിഞ്ചു’ എന്നാക്കി.

ഡൊമിനികിന്റെ പോർച്ചുഗീസ് രൂപമായ ‘ഡുമിന്ഗോ’ നമ്മുടെ ഇടയിൽ ‘ദുമ്മിണി’യും ‘മീങ്കു’വുമായി മാറി. അത് പോലെ ആന്റണിയുടെ പറങ്കി വകഭേദമായ ‘അന്തോണിയ കേരളമൊന്നാകെ ‘അന്തോണയായി കാണപ്പെടുന്നു. സെന്റ് ജെയിംസ് എന്ന യാക്കോബ് സ്ലീഹായാണ് പൊച്ചുഗീസിൽ ‘സന്ത ഈയാഗോ’. ഈ പേരാണ് അഞ്ഞൂറ്റിക്കാരുടെയും എഴുനൂറ്റിക്കാരുടെയും ഇടയിലുള്ള ‘സന്ധ്യയാവു’ എന്ന പേര്. “സന്ധ്യ പുണ്യാളാ വാ…” എന്ന പരിചമുട്ടുകളിയുടെ ഈരടികൾ അതിനുദാഹരണം.

ചവിട്ടു നാടകത്തിലെ ഒരു കഥയാണ് ‘അല്ലേശു’ നാടകം. അത് അലക്സിസ് അഥവാ പോർച്ചുഗീസ് ഭാഷയിൽ ‘അലേഷിയോ’ എന്ന് വിളിക്കുന്ന പുണ്യവാളന്റെ കഥയാണ്. ഈ പേരും ഒരു കാലത്ത് തീരദേശത്തു ധാരാളം ഉണ്ടായിരുന്നു. ഇതിൽനിന്നായിരിക്കാം ഒരു പക്ഷെ ‘ഈശി’ എന്ന പേരുണ്ടായത്. അത് പോലെ സെബാസ്റ്റ്യൻ എന്ന പേരിന്റെ പറങ്കി രൂപമായ ‘സേവസ്തയാവോ’ ആണ് നമ്മുടെ ഇടയിൽ ‘വസ്ത്യൻ’ ആയിമാറിയത്. ആൻഡ്രൂ എന്ന പേരിന്റെ പോർച്ചുഗീസ് പതിപ്പായ ‘ആന്ദ്രേയോ’ ആണ് ഇവിടെ ‘അന്ദേ’യായത്. പോർച്ചുഗീസുകാർ ഗാസ്പാറി എന്ന് വിളിച്ചിരുന്ന മൂന്ന് രാജാക്കന്മാരിൽ ഒരാളായ ‘ഗാസ്പാർ’ കൊച്ചി ആലപ്പുഴ തീരത്തു ‘കൈപ്പാരി’ എന്നറിയപ്പെട്ടു.

സ്ത്രീകളുടെ ഇടയിൽ സുപരിചിതമായ ‘വിറോണി’ വെറോനിക്കയുടെ പറങ്കി പതിപ്പാണ്. അത് പോലെ തന്നെ മരിയ മഗ്ദലേന എന്ന പോർച്ചുഗീസ് പേരിന്റെ വേറെ ഒരു പതിപ്പാണ് ‘മദലീത്താ’. ഒരു തലമുറ മുൻപുവരെ കൊച്ചി ഭാഗത്ത് ഈ പേര് സുപരിചിതമായിരുന്നു. ‘വിളമ’ എന്നപേരും, വൈദേശിക മിഷനറിമാർ കൊണ്ടുവന്ന ‘വിൽഹെമിന’ പുണ്യവതിയുടെ ഒരവതാരമാണ്. കാതറിൻ പറങ്കികൾക്കു ‘കത്രീന’യായിരുന്നു, അങ്ങനെ ആ പേരും നമുക്ക് കിട്ടി. ഫിലോമിന, അപ്പോളോണിയ എന്നീ വിശുദ്ധകളാണ് നമ്മുടെ ഇടയിൽ ‘പ്ലമേന, അപ്‍ലോണിയ’ എന്നിങ്ങനെയായി മാറിയത്. റോസ് എന്ന വാക്കിന്റെ പറങ്കി രൂപമായ ‘റോസാ’യും നമ്മുടെ സ്ത്രീകളുടെ പേരായി മാറാൻ അധികം താമസമുണ്ടായില്ല. മാർഗരെറ്റിൽ നിന്നും ‘മാർഗരീത്ത’യിലേക്കുള്ള രൂപമാറ്റത്തിനും മിഷനറി സ്വാധീനമുണ്ട്… ആഗ്നെസും, റീത്തയും ഇതേ വഴി വന്നതാണ്.

കോട്ടയും, കൊത്തളങ്ങളും, വൈദേശിക രുചികളും, പുതുമകളും നിറഞ്ഞ അന്നത്തെ തീരദേശത്ത്, ഈ പേരുകളും ഒരു കാലത്ത് പരിഷ്കാരത്തിന്റെയും പ്രൗഡിയുടെയും അടയാളങ്ങളായിരുന്നു. പോർച്ചുഗീസ് മിഷനറിമാരുമായി കൈകോർത്ത് നടന്ന ലത്തീൻ ജനത, ആംഗലേയ വിദ്യാഭ്യാസം കടന്നു വന്നതോടെ ഇംഗ്ലീഷ് പതിപ്പിലുള്ള പേരുകളിലേക്ക് ഒരു വ്യാഴവട്ടത്തിനു മുൻപ് തന്നെ ചുവടു മാറി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker