ആണ്ടുവട്ടത്തിലെ എട്ടാം ഞായർ
ചെറിയൊരു ഉപമയോടുകൂടിയാണ് ഇന്നത്തെ സുവിശേഷം ആരംഭിക്കുന്നത്. സമതലത്തിലെ പ്രഭാഷണത്തിന്റെ തുടർച്ചയാണത്. ജോഡികളായ കഥാപാത്രങ്ങളുള്ള ചെറിയ വാചകങ്ങളാണവ: രണ്ട് അന്ധന്മാർ, ഗുരുവും ശിഷ്യനും, രണ്ടു സഹോദരന്മാർ, രണ്ടു മരങ്ങൾ, രണ്ടു ഹൃദയങ്ങൾ. ശ്രോതാക്കളുടെ മനസ്സിൽ വാക്കുകൾ പതിഞ്ഞു കിടക്കാൻ സഹായിക്കുന്ന ഒരു പ്രഭാഷണ വിദ്യയാണത്.
ഉപമകളിൽ ഏറ്റവും ചെറിയ ഉപമയാണ് അന്ധൻ അന്ധനെ നയിക്കുന്ന ഉപമ. ഒരു വരി മാത്രമേ ഉള്ളൂ, പക്ഷെ പ്രകോപനപരമാണ്. നമുക്കെല്ലാവർക്കും ഉണ്ട് ഒരു മാർഗ്ഗദർശി. അദ്ദേഹത്തിന്റെ വഴിയായിരിക്കാം നമ്മൾ പിന്തുടരുന്നത്. അന്ധമായല്ല, ഏറെക്കുറെ ബോധപൂർവ്വമാണ് ആ വഴിയെ നമ്മൾ നടക്കുന്നത്. ആ മാർഗ്ഗദർശി ചിലപ്പോൾ രാഷ്ട്രീയക്കാരാകാം എഴുത്തുകാരാകാം ചിന്തകരാകാം പുരോഹിതരാകാം. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ സ്വാധീനശക്തിയുള്ളവരുടെ ഇരകളാണ് നമ്മൾ… പക്ഷേ യേശു ചോദിക്കുന്നു, “കുരുടനു കുരുടനെ നയിക്കാൻ കഴിയമോ?” മുന്നറിയിപ്പ് വ്യക്തമാണ്. അപ്പോഴും ഈ ചോദ്യം ആരോടാണെന്നും തിരിച്ചറിയണം. നമ്മളോട് തന്നെയാണ്. സ്വന്തം കഴിവില്ലായ്മകളെ തിരിച്ചറിയാതെ മറ്റുള്ളവരെ പഠിപ്പിക്കാൻ ഉദ്യമിക്കുന്ന നമ്മോട് തന്നെയാണ്. നമ്മൾ ആരുമല്ല വഴികാട്ടി. ഏകമാർഗ്ഗദർശി യേശു മാത്രമാണ്. അവന് മാത്രമേ നമ്മെ എവിടേക്ക് നയിക്കണമെന്ന് അറിയാവുന്നത്. മറ്റുള്ളവർ ആരും ചരിത്രത്തിൽ സത്യമാർഗ്ഗം ആയിരുന്നില്ല. വഴിയും സത്യവും ജീവനും യേശു മാത്രമാണ്.
സ്വയം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് കരുതുന്നവരോടാണ് യേശു ഈ ഉപമ പറയുന്നത്. ആത്മീയമായ അറിവിനെ അധികാരമായും കീഴ്പ്പെടുത്തലിന്റെ ഉപായമായും കരുതുന്നവർ ഇന്നും നമ്മുടെയിടയിലുണ്ട്. അവരെ സംബന്ധിച്ച് മറ്റുള്ളവർ വചനം പ്രാവർത്തികമാക്കേണ്ടവരും തങ്ങൾ അതു പകർന്നുകൊടുക്കേണ്ടവരുമാണ് എന്നാണ് ചിന്ത. അറിവ് വിശുദ്ധിയായി മാറാതെ വരുമ്പോഴുള്ള അപകടസാധ്യതയാണത്.
അതായത്, മറ്റുള്ളവരുടെ വിധികർത്താക്കളാകുക എന്നതാണ് ഈ അപകടസാധ്യത. ചുരുക്കത്തിൽ നമ്മൾ ഗുരുവിനെ മാറ്റി, നമ്മുടെ ചില അറിവുകളെ അവന്റെ വാക്കുകളാണെന്ന് കരുതി, ഉള്ളിന്റെ ഉള്ളിൽ, നമ്മുടെ കൈവശം സത്യമുണ്ടെന്ന് അഹങ്കരിക്കുന്നതാണ് പ്രശ്നം. മറ്റുള്ളവരെ നയിക്കാൻ ആഗ്രഹിക്കുന്നത് സ്നേഹപ്രവൃത്തിയായും നന്മയായും ഒക്കെ തോന്നിയേക്കാം, എന്നാൽ നമ്മൾ അന്ധരായിരിക്കുകയും ഒരു വഴികാട്ടിയായി നടിക്കുകയും ചെയ്യുമ്പോൾ, ആ സ്നേഹം നിഷ്കളങ്കരെ കുഴിയിലേക്ക് തള്ളിയിടുക മാത്രമേ ചെയ്യൂ.
നമ്മുടെയുള്ളിലെ കാപട്യത്തെയാണ് യേശു നല്ല നർമ്മത്തോടെ തുറന്നു കാണിക്കുന്നത്. അഭിനയിക്കുന്നവനാണ് കപടനാട്യക്കാരൻ. അതാണ് ഗ്രീക്ക് ഭാഷയിലെ ὑποκριτής – hupokrités എന്ന സങ്കല്പം. നാടകത്തിൽ മാത്രമല്ല മതാത്മകതയിലും ഈ സങ്കല്പത്തിന് പ്രസക്തിയുണ്ട്. വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരത്തെ സൂചിപ്പിക്കുന്ന ഒരു പദപ്രയോഗമാണത്. പരസ്പരബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈയൊരു പദപ്രയോഗം യേശു ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം കണ്ണിലെ തടിക്കഷണം അവഗണിച്ച് സഹോദരൻ്റെ കണ്ണിലെ കരടിന് പ്രാധാന്യം കൊടുക്കുന്നവനെ യേശു വിളിക്കുന്ന പേരാണത്.
ഞാൻ ഒഴിച്ച് ചുറ്റുമുള്ളതെല്ലാം മോശമാണെന്ന് ചിന്തിക്കുന്ന ഒരു ന്യായീകരണ മനസ്സ്, അതാണ് കപടത. അങ്ങനെയുള്ളവർ ധാർമികതയുടെ മുകളിൽ ആചാരപരതയ്ക്ക് പ്രാധാന്യം കൊടുക്കും. മറ്റുള്ളവരുടെ ചെറിയ കുറവുകളെ പർവ്വതീകരിക്കുകയും അവരിലുള്ള അതേ കുറവുകളെ ഒരു പൊട്ടായി ചിത്രീകരിക്കുകയും ചെയ്യും. മറ്റുള്ളവരിൽ അവർ അപലപിക്കുന്നത്, അവരിൽത്തന്നെ ക്ഷമിക്കും. മറ്റുള്ളവരോട് ക്രൂരരും അവരോട് തന്നെ ദയയുള്ളവരും ആകും. അങ്ങനെയുള്ളവർ അറിവിന്റെയും ആത്മീയതയുടെയും നിറകുടമാണെന്ന് സ്വയം വിചാരിക്കും. എന്തിനെയും ഏതിനെയും വിമർശിക്കാനും പുച്ഛിക്കാനും അധികാരം അവർക്കുണ്ട് എന്നും കരുതും. അമിതമായ വിമർശനം ഏതൊരു സമൂഹത്തിന്റെയും സംഘടനയുടെയും കുടുംബത്തിന്റെയു ഇടവകയുടെയും ഘടനയെ ആഴത്തിൽ നശിപ്പിക്കുമെന്നും അവർക്കറിയാം.
ഒന്നിനോടും വിമർശനാത്മകമായി സമീപിക്കരുതെന്നല്ല യേശു പറയുന്നത്, മറിച്ച് എല്ലാറ്റിനെയും എല്ലാവരെയും ദൈവത്തിന്റെ കണ്ണുകളിലൂടെ കാണണമെന്നാണ്. സാഹചര്യങ്ങളെ വിലയിരുത്താതിരിക്കുക എന്നതല്ല, മറിച്ച് പിതാവിന്റെ കണ്ണുകളിലൂടെ അവയെ കാണുക എന്നതാണ് കാര്യം. ഒന്നുകിൽ ആത്മാർത്ഥതയെ നമ്മുടെ ബന്ധങ്ങളുടെ അടിത്തറയാക്കാം അല്ലെങ്കിൽ കാപട്യത്തെ. രണ്ടും വെളിപ്പെടുത്തുന്നത് നമ്മുടെ ആത്മീയതയേയാണ്. കാരുണ്യമില്ലാത്ത മതവിശ്വാസം ലളിതമല്ലാത്ത കാപട്യമാണ്.
വൃക്ഷങ്ങളെ അവയുടെ ഫലങ്ങളാൽ തിരിച്ചറിയാമെന്നാണ് യേശു നമ്മെ ഓർമ്മിപ്പിക്കുന്നത്. നല്ല ഫലം, നല്ല മരം: അത്ര ലളിതമാണത്. വൃക്ഷം ജീവന്റെ പ്രതീകമാണ്. കാരണം അത് ജീവനില്ലാത്തതിനെ (ഭൂമി, ജലം, വായു, വെളിച്ചം) എടുത്ത് ജീവനാക്കി മാറ്റുന്നു. അതിന് മണ്ണിനടിയിൽ വേരുകളുണ്ടെങ്കിലും, ഭൂമിക്കു മുകളിൽ നിവർന്നു നിന്ന് ആകാശത്തേക്ക് നീണ്ടുനിൽക്കുന്നതിനാൽ മനുഷ്യന്റെ ഒരു പ്രതീകം കൂടിയാണത്. ഓരോരുത്തരും അവരവരുടെ സ്വഭാവത്തിനനുസരിച്ച് പ്രവർത്തിക്കുന്നു എന്നാണ് യേശു നമ്മോട് പറയുന്നത്: ഒരു മാവ് തീർച്ചയായും മാങ്ങ ഉത്പാദിപ്പിക്കും, അതിന് സ്വയം നിർബന്ധിക്കേണ്ടതില്ല. ഞാൻ ഒരു “ദൈവമകൻ” ആയിട്ടാണ് ജീവിക്കുന്നതെന്ന് എനിക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും? ഫലങ്ങളിൽ നിന്ന്. എന്റെ ഫലങ്ങൾ സ്നേഹം, സന്തോഷം, സമാധാനം, ക്ഷമ, ദയ, നന്മ, സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണെങ്കിൽ… എന്റെ ജീവിതവൃക്ഷത്തിൽ കാരുണ്യത്തിന്റെ വേരുകൾ ഉണ്ടെന്നാണ് അതിനർത്ഥം. നന്മ ചെയ്യാൻ നമ്മെത്തന്നെ നിർബന്ധിക്കേണ്ട ആവശ്യമില്ല, കാരണം നാം നല്ലവരാണെങ്കിൽ, അതായത്, ദൈവസ്നേഹം നമ്മിലേക്ക് എത്താൻ അനുവദിക്കുകയാണെങ്കിൽ, നാം തീർച്ചയായും നന്മ ചെയ്യും.
എവിടെയാണ് നന്മയുടെയും തിന്മയുടെയും ഉറവിടം? ഹൃദയത്തിൽ. എല്ലാം നല്ലതാണ്. ലോകത്തിൽ മോശമായി ഒന്നുമില്ല, കാരണം ദൈവം എല്ലാം നല്ലതായി സൃഷ്ടിച്ചു. നമ്മൾ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കുന്നത്. നല്ല ഹൃദയം നന്മ ഉളവാക്കുന്നു. ദുഷ്ട ഹൃദയം (അക്ഷരാർത്ഥത്തിൽ πονηρός – ponéros “ദുഷിച്ച, ചീഞ്ഞ” എന്നു വിവക്ഷ) മരണത്തെ ഉളവാക്കുന്നു. ഹൃദയത്തിന്റെ ആദ്യഫലം വചനമാണ്: “ഹൃദയത്തിന്‍റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്” (6: 45). കർമ്മങ്ങളല്ല നമ്മുടെ ആദ്യ പ്രവൃത്തികൾ, വാക്കുകളാണ്. നമ്മുടെ എല്ലാ ബന്ധങ്ങളും വാക്കുകളാൽ നിയന്ത്രിക്കപ്പെടുന്നവയാണ്. വാക്കിനേക്കാൾ ശക്തമായ മറ്റൊന്നില്ല, കാരണം അതാണ് നമ്മുടെ ബുദ്ധിയെയും സ്വാതന്ത്ര്യത്തെയും വെളിപ്പെടുത്തുന്നത്. എത്ര ദുഷ്‌കരമായിരുന്നാലും, ദുർബലമായ മൺപാത്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന ഒരു നിധി പോലെയാണ് വാക്കുകളെ ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഹൃദയം സ്വർഗ്ഗമായവരുടെ വാക്കുകൾ വചനമാകുമെന്നും, ആ വചനം സുവിശേഷവുമാകുമെന്നും പറയുന്നത്. അങ്ങനെയല്ലാത്തവർക്ക് പദങ്ങളിൽ നിത്യതയുടെ സുഗന്ധം പരത്തുവാൻ സാധിക്കില്ല.
ജോസ് മാർട്ടിൻ കോഴിക്കോട് :കോഴിക്കോട് രൂപതയെ അതിരൂപതയായും, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായും നിയമിച്ചു…
ഓശാന ഞായർ സുവിശേഷത്തിന്റെ കാതലിൽ നമ്മൾ എത്തിയിരിക്കുന്നു: യേശുവിന്റെ പീഡാസഹനവും മരണവും. ഗലീലിയിൽ നിന്നും ആരംഭിച്ച് ജറുസലേമിൽ അവസാനിച്ച യേശുവിന്റെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഭാരത കത്തോലിക്കാ സഭയുടെ കാരുണ്യത്തിന്റെ കരമായ കാരിത്താസ് ഇന്ത്യയുടെ, ഈ വർഷത്തെ ലെന്റെൻ ഡിസെബിലിറ്റി…
തപസ്സുകാലം മൂന്നാം ഞായർ ജറുസലെമിലേക്കുള്ള യാത്രാ മധ്യേ രണ്ടു ദാരുണസംഭവങ്ങളാണ് ചിലർ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ആദ്യത്തേത് കഴിഞ്ഞ പെസഹാ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരു മാസത്തിന് ശേഷം ആദ്യമായി പാപ്പയുടെ ചിത്രം…
തപസ്സുകാലം രണ്ടാം ഞായർ മരുഭൂമിയിലെ ഉഷ്ണത്തിൽ നിന്നും മലയിലെ ഊഷ്മളതയിലേക്ക് ആരാധനക്രമം നമ്മെ ആത്മീയമായി നയിക്കുന്നു. നട്ടുച്ചയിലെ അന്ധകാര അനുഭവത്തിൽനിന്നും…
This website uses cookies.