Categories: Meditation

7th_Sunday_വിശുദ്ധിയുടെ ഇന്ദ്രിയത (മത്താ 5: 38-48)

വിശുദ്ധിയെന്നത് ഒരാശയമോ വിദൂരമായ സ്വപ്നമോ അമൂർത്തമായ യാഥാർത്ഥ്യമോ ഒന്നുമല്ല. അത് മണ്ണിന്റെ മണമുള്ള പച്ചയായ യാഥാർത്ഥ്യമാണ്...

ആണ്ടുവട്ടത്തിലെ ഏഴാം ഞായർ

“കണ്ണിനുപകരം കണ്ണ് എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു… വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുക”. കായേന്റെ വംശത്തിൽപ്പെട്ട ലാമെക്കിന് ഒരു നിയമമുണ്ടായിരുന്നു. മുറിപ്പെടുത്തുന്നവരെയും അടിക്കുന്നവരെയും കൊല്ലുക എന്നതായിരുന്നു ആ നിയമം (ഉത്പ 4: 23). ആ നിയമമാണ് പിന്നീട് കണ്ണിന് പകരം കണ്ണായി മാറിയത്. ഇപ്പോഴിതാ യേശു പറയുന്നു, മറ്റേ കരണം കാണിച്ചുകൊടുക്കുകയെന്ന്. അതായത് ഹിംസയുടെ മുമ്പിൽ നിരായുധനാകാനാണ് അവൻ പറയുന്നത്. ഇതൊരു നിഷ്ക്രിയത്വമാണ്. പക്ഷേ ദുർബല മാനസരുടേതായ രോഗാതുരമായ നിഷ്ക്രിയത്വമല്ല. ധീരമായ ഒരു തീരുമാനമാണ്. തിരിച്ചടിച്ചാൽ ചിലപ്പോൾ ജയിക്കുമായിരിക്കാം. പക്ഷേ തകരാൻ പോകുന്നത് മാനുഷിക ബന്ധമായിരിക്കും. അരുത്. ബന്ധമാണ് വലുത്. ക്ഷമിക്കുക. തുടർച്ചയായ അക്രമത്താൽ ജീവിതമെന്ന വിശുദ്ധ വസ്ത്രം കീറിമുറിക്കപ്പെട്ടാലും ആന്തരികമായ ധൈര്യത്തോടെ അതിനെ തുന്നിച്ചേർക്കുന്നവരാണ് അനുഗൃഹീതർ.

പ്രതികരണശേഷിയില്ലാത്ത അടിമകളുടെ മതമാണോ ക്രിസ്തുമതം? എല്ലാ ഹിംസയെയും തലകുനിച്ച് സ്വീകരിക്കണമെന്നാണോ യേശു പഠിപ്പിക്കുന്നത്? അല്ല. യേശുവിന്റെ വാക്കുകൾ ജീവിതത്തിന്റെ സന്തോഷത്തെ തല്ലിക്കെടുത്തുന്ന ഒരു ദുർബല ധാർമികതയല്ല. മറിച്ച്, തിന്മയുടെ മുൻപിൽ പോലും ഒരു രാജാവിനെ പോലെ നിൽക്കാൻ പ്രാപ്തരാക്കുന്ന ആന്തരിക ധീരതയാണ്. ഒരു സർപ്പത്തിനെ വളർത്തുന്നതുപോലെ വേണമെങ്കിൽ പ്രതികാരത്തെ നമുക്ക് ഉള്ളിൽ വളർത്തി വലുതാക്കാം. അപ്പോഴും സ്നേഹത്തിന്റെ സർഗ്ഗാത്മകതയിലൂടെ അതിനെ നിഷ്ക്രിയമാക്കാനാണ് യേശു പഠിപ്പിക്കുന്നത്. സ്നേഹം ക്രിയാത്മകം മാത്രമല്ല, നിഷ്ക്രിയം കൂടിയാണ്.

“അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍”. ഈ വചനത്തിലുണ്ട് സുവിശേഷം മുഴുവനും. സ്നേഹിക്കുക, അല്ലാത്തപക്ഷം നിങ്ങൾ നശിക്കും. അല്ലാത്തപക്ഷം വിജയം എപ്പോഴും അക്രമാസക്തർക്കും സായുധർക്കും ക്രൂരർക്കും മാത്രമായിരിക്കും.

ശത്രു എന്ന സങ്കൽപ്പത്തെ തന്നെ ഇല്ലാതാക്കാനാണ് യേശു ശ്രമിക്കുന്നത്. ഹിംസ ഹിംസയെ മാത്രമേ ജനിപ്പിക്കൂ. അത് പിന്നീട് അനന്തമായ ഒരു ശൃംഖലയായി വളരുകയും ചെയ്യും. തകർക്കേണ്ടത് ആ ശൃംഖലയേയാണ്. നമ്മൾ അനുഭവിച്ച അനീതിയും നൊമ്പരങ്ങളും മറ്റുള്ളവരിലേക്ക് പകർന്നു നൽകാതെ നമ്മിൽ തന്നെ ഒടുങ്ങുകയാണെങ്കിൽ ഹിംസ ഒരിക്കലും ഒരു ശൃംഖലയോ പകർച്ചവ്യാധിയോ ആകില്ല. അപ്പോഴും ഒരു കാര്യം ഓർക്കണം, ഉള്ളിൽ കൃപയുള്ളവർക്ക് മാത്രമേ ഹിംസയെ പിടിച്ചുനിർത്താൻ സാധിക്കു. അങ്ങനെയുള്ളവർ ഹിംസയെ പ്രാർത്ഥന കൊണ്ട് ഇല്ലാതാക്കും. അവർ തങ്ങളെ പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കും. ക്രിസ്തുധാർമികത എന്ന നാണയത്തിന്റെ രണ്ടു വശങ്ങളാണ് സ്നേഹവും പ്രാർത്ഥനയും. ഇവയിലൂടെ മാത്രമേ സ്വർഗീയമായ പരിപൂർണ്ണതയിലേക്ക് നമുക്കും നടന്നടുക്കാൻ സാധിക്കു.

പ്രയാസകരമായ ക്രിയകളുടെ ഒരു ശേഖരമാണ് ഇന്നത്തെ സുവിശേഷ ഭാഗം. എതിർക്കാതിരിക്കുക, കരണം കാണിച്ചുകൊടുക്കുക, കടംകൊടുക്കുക, കൂടെ നടക്കുക, ഒഴിഞ്ഞുമാറാതിരിക്കുക, സ്നേഹിക്കുക, പ്രാർത്ഥിക്കുക, അഭിവാദനം ചെയ്യുക, അനുഗ്രഹിക്കുക… ഇവയെല്ലാം സ്നേഹിതരോട് മാത്രമായിരുന്നെങ്കിൽ എത്ര സുന്ദരമായിരുന്നേനെ. പക്ഷേ യേശു പറയുന്നു ഇവയെല്ലാം ശത്രുക്കളോടും വേണമെന്ന്. ഇതാണ് വിശുദ്ധിയുടെ ഇന്ദ്രിയത. വിശുദ്ധിയെന്നത് ഒരാശയമോ വിദൂരമായ സ്വപ്നമോ അമൂർത്തമായ യാഥാർത്ഥ്യമോ ഒന്നുമല്ല. അത് മണ്ണിന്റെ മണമുള്ള പച്ചയായ യാഥാർത്ഥ്യമാണ്. അത് നമ്മുടെ ജീവിതപരിസരത്തിനോട് ചേർന്നുകിടക്കുന്ന ക്രിയകളാണ്. ആ ക്രിയകൾ പ്രമാണങ്ങളല്ല, ദൈവത്തിൽ നിന്നും നമ്മിലേക്ക് പകരുന്ന ആന്തരീക ഊർജ്ജമാണത്.

എന്താണ് ക്രിസ്തുധാർമ്മികതയുടെ കേന്ദ്രം? അത് ശിഷ്ടരുടെയും ദുഷ്ടരുടെയും മേൽ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും, നീതിരഹിതരുടെയും മേൽ മഴ പെയ്യിക്കുകയും ചെയ്യുന്ന സ്വർഗ്ഗസ്ഥനായ പിതാവാണ്. പിതാവിന്റെ മനസ്സാണ് മക്കൾക്കും ഉണ്ടാകേണ്ടത്. വിവേചനമില്ലാത്ത സ്നേഹം! അത് പൈതൃകമാണ്. പിതാവിൽ നിന്നും മക്കളിലേക്ക് കൈമാറി കിട്ടിയ വാത്സല്യവും മൂല്യവും ഊർജ്ജവും പ്രസരിപ്പുമാണത്. സ്നേഹമെന്ന ആ പൈതൃകത്തെ തിരിച്ചറിയുമ്പോൾ മാത്രമേ നമ്മളും പരിപൂർണരാകൂ. അതിനായി നമ്മൾ നിരന്തരം പ്രാർത്ഥിക്കണം, നമ്മെ ദ്വേഷിക്കുന്നവരെ പോലും സ്നേഹിക്കാനുള്ള ഒരു നവഹൃദയം തരണമേയെന്ന്.

vox_editor

Recent Posts

22nd Sunday_2025_വിട്ടുകൊടുക്കലിന്റെ സുവിശേഷം (ലൂക്കാ 14: 7-14)

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…

1 hour ago

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago