തലവിധി
തലയിലെഴുത്ത്, തലവിധി എന്നു നാം സാധാരണ പറഞ്ഞു കേള്‍ക്കാറുളളതാണ്. ഈ ലോകം ഒരു അരങ്ങാണ്. നാം ഓരോരുത്തരും നടന്മാരാണ് (നടികളാണ്). നാം കണ്ടുമുട്ടുന്ന മറ്റ് മനുഷ്യരെല്ലാം ജീവിത നാടകത്തിലെ
കഥാപാത്രങ്ങളാണ്. ചെറുപ്പത്തിലേ ഓരോ വ്യക്തിയും താന്‍ എങ്ങനെ ജീവിതം നയിക്കുമെന്നും, എങ്ങനെ ജീവിതം അവസാനിപ്പിക്കുമെന്നും തീരുമാനമെടുക്കുന്നു. ഇതിനെയാണ് തലവിധി (script) എന്നു പറയുന്നത്. ജീവിത ഗതി നിയന്ത്രിക്കുന്നത് ഇതനുസരിച്ചാണ്. ഈ തലയിലെഴുത്ത് ഭൂരിപക്ഷം പേരും തിരുത്തി എഴുതാറില്ല.
ജീവിതം ശുഭപര്യവസാനിയോ ദുരന്തപര്യവസാനിയോ ആക്കിമാറ്റുന്നത് അവരവര്‍ തന്നെയാണ് (95 %). മാനസിക സംഘര്‍ഷം ഉണ്ടാക്കി, സ്വാതന്ത്ര്യത്തെ ഹനിച്ച്, മാനസിക ഊര്‍ജ്ജം പാഴാക്കി കളയുമ്പോള്‍ വിനാശകരമായ അന്ത്യം ഉണ്ടാകുന്നു (ദുരന്തം). സംഘര്‍ഷം ഒഴിവാക്കി സ്വാതന്ത്ര്യത്തെ വികസിപ്പിച്ച് സൃഷ്ടിപരമായ പ്രവര്‍ത്തികളിലൂടെ വിജയം കൈവരിക്കാന്‍ ഉതകുന്നതാണ്, ശുഭാ ശുഭാന്ത്യo. ജീവിതത്തിനുളള തലയിലെഴുത്ത്.
തുടര്‍ച്ചയായ മാനസിക സംഘട്ടനങ്ങള്‍, പിരിമുറുക്കം, സ്ഥായിയായ
സ്വഭാവ ദൂഷ്യങ്ങള്‍, മദ്യപാനാസക്തി, സ്വഭാവ വൈകല്യങ്ങള്‍, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം തലയിലെഴുത്തിൽ നിര്‍ണ്ണായകമായ സ്വാധീനം ഉണ്ടാക്കുന്നു. ഒരു കുഞ്ഞ് ഉരുവാകുന്ന നിമിഷം മുതല്‍ ആദ്യത്തെ അഞ്ച് വര്‍ഷക്കാലം, മാതാപിതാക്കള്‍ക്കുണ്ടാകുന്ന സന്തോഷവും, ദുഃഖവും, കിട്ടുന്ന വ്യത്യസ്തങ്ങളായ അനുഭവവും തലയിലെഴുത്ത് രൂപപ്പെടുത്തുന്നു. അതിന്‍റെ ഭാവാത്മകവും നിഷേധാത്മകവുമായ സ്വാധീനം ജീവിത കാലം മുഴുവന്‍ സ്വാധീനിക്കുന്നു (വളരെ അപൂര്‍വ്വം വ്യക്തികളില്‍ മാത്രം മേല്‍പ്പറഞ്ഞ സ്വാധീനത്തില്‍ നിന്ന് വേറിട്ടുളള ഒരു വ്യക്തിത്വം രൂപപ്പെടുന്നതായി കാണുന്നുണ്ട്).
നമ്മുടെ പ്രവൃത്തികള്‍ക്ക് ഒരു ലക്ഷ്യം വേണം. സ്വാതന്ത്ര്യത്തോട് കൂടെ പ്രവര്‍ത്തിക്കുന്നതിന് ലക്ഷ്യം, ആദര്‍ശം, ദര്‍ശനം, മൂല്യബോധം എന്നിവ ഉണ്ടായിരിക്കണം. ജീവിത വിജയത്തിനും, സത്കര്‍മ്മങ്ങള്‍ അനുഷ്ടിക്കാനും ഈ തുറവി അനിവാര്യമാണ്.
നിരന്തരം വഴക്കിടുന്ന, അസ്വസ്ഥത നിറഞ്ഞ കുടുംബത്തില്‍ വളരുന്ന മക്കള്‍, മാതാപിതാക്കളുടെ സ്വഭാവ വൈകല്യങ്ങള്‍ തങ്ങളുടെ ജീവിതത്തിന്‍റെ തലയിലെഴുത്താക്കി മാറ്റാറുണ്ട്. അമ്മയെ ഉപദ്രവിക്കുന്ന അച്ഛനെ കണ്ട് വളരുന്ന മകള്‍ അച്ഛനെ വെറുക്കുന്നു, സകല പുരുഷന്മാരെയും വെറുക്കാനിടയാകുന്നു (ഭാവിയില്‍ ഭര്‍ത്താവിനെയും).
സ്വഭാവ ദൂഷ്യങ്ങള്‍ മാത്രമല്ല മാനസിക അസ്വസ്ഥതകള്‍ മൂലം ഉണ്ടാകുന്ന പല ശാരീരിക രോഗങ്ങളും ശൈശവത്തിലുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അന്നെടുത്ത ചില തീരുമാനങ്ങളുമായി കെട്ടുപിണഞ്ഞ് കിടക്കുക എന്ന് രോഗനിര്‍ണ്ണയം ചെയ്യുമ്പോഴും, കൗണ്‍സിലിംഗ് നടത്തുമ്പോഴും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അബോധ മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന വസ്തുതകള്‍ അനുകൂല സാഹചര്യം വരുമ്പോള്‍ (ദുഃഖം, സന്തോഷം, ദുരന്തം, രോഗം മുതലായവ) ബോധമനസ്സിന്‍റെ മേല്‍ ആധിപത്യം പുലര്‍ത്തി നമ്മെ കീഴ്പ്പെടുത്താറുണ്ട്. ആറ് വയസ്സില്‍ എടുത്ത ഒരു തീരുമാനം തൊണ്ണൂറ്റി ആറ് വയസ്സിലും നടപ്പിലാക്കാന്‍ ശ്രമിക്കും. സ്നേഹത്തിന്‍റെ, അംഗീകാരത്തിന്‍റെ, സ്വാതന്ത്ര്യത്തിന്‍റെ, സമാധാനത്തിന്‍റെ പശ്ചാത്തലത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നല്ല തലയിലെഴുത്തായിട്ട് വികാസം പ്രാപിക്കും.
നമുക്കു നാമേ പണിവത് നാകം – നരകവുമതുപോലെ…