6th Sunday Ordinary Time_Year B_യേശു സ്പർശിക്കുമ്പോൾ പുതു ജീവിതം ലഭിക്കും
നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയുമെന്ന പ്രത്യാശ നമുക്കുണ്ടാവണം...
ആണ്ടുവട്ടത്തിലെ ആറാം ഞായർ
ഒന്നാം വായന: ലേവ്യർ 13:1-2,44-46
രണ്ടാം വായന: 1 കോറിന്തോസ് 10:31-11:1
സുവിശേഷം: വി.മർക്കോസ് 1:40-45
ദിവ്യബലിയ്ക്ക് ആമുഖം
കൊറോണാ മഹാമാരിയുടെ ഭീതിയിൽ കഴിയുന്ന, കോവിഡ് 19 രോഗബാധ ലോകത്തെയാകെ ഭീതിയിലാക്കിയിരിക്കുന്ന വേളയിൽ ആശ്വാസമേകുന്ന വചനഭാഗമാണ് തിരുസഭ നമുക്ക് നൽകിയിരിക്കുന്നത്. രോഗം എങ്ങനെയാണ് ഒരു മനുഷ്യ ജീവനെ പ്രതികൂലമായി ബാധിക്കുന്നതെന്നും, എന്നാൽ അതേ രോഗത്തെ യേശു എങ്ങനെയാണ് സൗഖ്യമാക്കുന്നതെന്നും ഇന്നത്തെ ഒന്നാം വായനയും സുവിശേഷവും യഥാക്രമം വിവരിക്കുന്നുണ്ട്. വിശ്വസിക്കുന്നവർക്ക് പ്രത്യാശയോടെ മുന്നോട്ട് പോകുവാനുള്ള വഴിവിളക്കാണ് ഇന്നത്തെ വായനകൾ. രോഗികളായ എല്ലാവരേയും, ഏറെ പ്രത്യേകിച്ച് കൊറോണാ രോഗത്താൽ വിഷമതയിലായിരിക്കുന്ന എല്ലാവരെയും യേശു സ്പർശിക്കുവാനായി ഈ ദിവ്യബലിയർപ്പിച്ച് നമുക്ക് പ്രാർത്ഥിക്കാം.
ദൈവവചന പ്രഘോഷണ കർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരേ,
യേശു ഒരു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നതാണ് ഇന്നത്തെ സുവിശേഷത്തിൽ നാം കാണുന്നത്. എന്നാൽ ഒരത്ഭുതമല്ല, മറിച്ച് രണ്ട് അത്ഭുതങ്ങളാണ് സംഭവിക്കുന്നത്.
ഒന്നാമത്തെ അത്ഭുതം: “ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്തെത്തുന്നതാണ്”. യേശുവിന്റെ കാലത്തും, അതിനു മുമ്പുമുള്ള കുഷ്ഠരോഗികളുടെ അവസ്ഥയെകുറിച്ച് ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിച്ചു. സാമൂഹ്യമായി പിന്തള്ളപ്പെട്ട് മരിച്ചതിന് തുല്യമായി ജീവിക്കുന്ന രോഗി തന്റെ രോഗവും സമൂഹവും തീർത്ത പരിമിതികളെയും വിലക്കുകളെയും തരണം ചെയ്തുകൊണ്ട് യേശുവിന്റെ മുൻപിൽ വരികയും, അവന്റെ ആഴമേറിയ വിശ്വാസത്തിലും ആ വിശ്വാസത്തിന്റെ ഫലമായുണ്ടായ പ്രത്യാശയിലും ധൈര്യത്തിലും യേശുവിനോട് സൗഖ്യം അപേക്ഷിക്കുകയാണ്. അന്നത്തെക്കാലത്തെ കുഷ്ഠരോഗം പാപത്തിന്റെ ഫലമായ ദൈവശിക്ഷയായികണ്ടിരുന്നു. ഈ കുഷ്ഠരോഗിയും താൻ പാപിയാണെന്നും തന്റെ രോഗം ദൈവശിക്ഷയാണെന്നും കരുതി. അതുകൊണ്ടാണ് “നിനക്ക് മനസ്സുണ്ടങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും” എന്നപേക്ഷിക്കുന്നത്.
രണ്ടാമത്തെ അത്ഭുതം: യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു. മോശയുടെ നിയമപ്രകാരം അശുദ്ധനായവനെ “എനിയ്ക്ക് മനസ്സുണ്ട്; നിനക്ക് ശുദ്ധിയുണ്ടാകട്ടെ” എന്ന് പറഞ്ഞ് കൊണ്ടാണ് യേശു സ്പർശിക്കുന്നത്. ഈ സൗഖ്യത്തിന് മൂന്ന് വ്യത്യസ്ത തലങ്ങളുണ്ട്.
ഒന്നാമതായി – വൈദ്യശാത്ര തലമാണ് കാരണം, അവന്റെ കുഷ്ഠരോഗം പൂർണ്ണമായിമാറുന്നു. അവൻ രോഗവിമുക്തനാകുന്നു.
രണ്ടാമതായി – സാമൂഹ്യ തലമാണ്. സമൂഹത്തിൽനിന്ന് പുറംതള്ളപ്പെട്ടവൻ വീണ്ടും സമൂഹത്തിലേയും കുടുംബത്തിലേയും അംഗമാകുന്നു.
മൂന്നാമതായി – ദൈവശാസ്ത്ര തലമാണ്. ഈ അത്ഭുതത്തിലൂടെ അവൻ യേശുവിൽ പിതാവായ ദൈവത്തെ കാണുന്നു സ്പർശിക്കുന്നു. അവൻ പാപിയാണെന്ന് കരുതിയിരുന്ന മതസമൂഹത്തിൽ അവന്റെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നു.
സൗഖ്യമാക്കപ്പെട്ടവനെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കി അയക്കുമ്പോൾ അവനു ലഭിച്ച സൗഖ്യത്തെക്കുറിച്ച് ആരോടും സംസാരിക്കരുതെന്ന് യേശു താക്കീത് ചെയ്യുന്നു. ഇത്തരത്തിൽ യേശുവിന്റെ അത്ഭുതപ്രവർത്തനത്തിന് പാത്രീഭവിച്ചവരോടും അതിന് സാക്ഷ്യം വഹിച്ചവരോടും അതിനെകുറിച്ച് മറ്റാരോടും പറയരുതെന്ന് യേശു വിലക്കുന്നത് വി.മർക്കോസിന്റെ സുവിശേഷത്തിലെ വിവിധഭാഗങ്ങളിൽ നാം കാണുന്നു. എന്താണ് കാരണം? യേശുവിന്റെ അത്ഭുതങ്ങളെക്കുറിച്ച് മാത്രം പ്രഘോഷിക്കുന്നവനും, അത് മാത്രം കേൾക്കുന്നവനും ഒരിക്കലും യേശുവിനെ പൂർണ്ണമായി മനസിലാക്കുവാൻ സാധിക്കില്ല. മറിച്ച് അത്ഭുങ്ങളോടൊപ്പം യേശുവിന്റെ പീഡാനുഭവത്തെയും, മരണത്തെയും, ഉത്ഥാനത്തേയും കുറിച്ച് പ്രഘോഷിക്കപ്പെടുമ്പോൾ മാത്രമെ യേശുവിനെ പൂർണ്ണമായി മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ.
ഇന്നത്തെ സുവിശേഷം നമുക്ക് നൽകുന്ന സന്ദേശം ഇതാണ് – സമൂഹവും ജീവിതവും തീർക്കുന്ന പരിധികൾക്കും പരിമിതികൾക്കുമപ്പുറം യേശുവിൽ വിശ്വസിക്കുകയും, യേശുവിനെ കാണുകയും വേണം. യേശുവിനോട് സംസാരിക്കാനും നാം ധൈര്യപ്പെടണം. നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുവാൻ കഴിയുമെന്ന പ്രത്യാശ നമുക്കുണ്ടാവണം. യേശു നമ്മെ സ്പർശിക്കുമ്പോൾ നമുക്കും പുതു ജീവിതം ലഭിക്കും.
ആമേൻ.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക