Categories: Meditation

5th Sunday of Lent_Year B_ഗോതമ്പുമണിയുടെ മരണം (യോഹ.12: 20-30)

വിത്തിൽ നിന്നും പുറത്തേക്ക് വരുന്ന തളിര് അതിന്റെ ഉള്ളിലുണ്ടായിരുന്ന ജൈവീക സാന്നിധ്യമാണ്...

തപസ്സു കാലം അഞ്ചാം ഞായർ

ഗ്രീക്കുകാർ ഗുരുവിനെ അന്വേഷിക്കുന്നു. ശിഷ്യഗണത്തിൽ യവന നാമമുള്ളവരോടാണ് – ഫിലിപ്പോസ്, അന്ത്രയോസ് – അവർ കാര്യമുണർത്തുന്നത്. നിങ്ങളുടെ ഗുരുവിനെ, ദൈവത്തെ, നിങ്ങളുടെ ആനന്ദത്തിന്റെ ഉറവിടത്തെ ഞങ്ങൾക്കറിയാൻ ആഗ്രഹമുണ്ട്. നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ ദൈവത്തെ ഞങ്ങൾക്കൊന്നു കാണിച്ചു തരുമോ? ഉത്തരം കൊടുക്കണം ഈ ചോദ്യത്തിന് നമ്മളോരോരുത്തരും. അവിടെയുണ്ട് ദൈവം, ഇവിടെയുണ്ട് ദൈവം എന്നൊന്നും പറയാൻ പറ്റില്ല. ഒരു പ്രത്യേക ധ്യാനകേന്ദ്രത്തിലൊ, വൈദികന്റെയടുത്തൊ ചെന്നാൽ മതി അവിടെ ദൈവമുണ്ടെന്നും പറയരുത്. മതബോധനമൊ താത്വീക വിചാരമൊ ഒന്നും തന്നെ ദൈവത്തെ ചൂണ്ടിക്കാണിക്കണമെന്നില്ല. പ്രത്യേകിച്ച് ചോദ്യം നിന്നോട് വ്യക്തിപരമാകുമ്പോൾ. നിന്റെ ജീവിതത്തിലൂടെ – നിന്റെ വാക്ക്, പ്രവർത്തി, മനോഭാവം, ചിന്തകളിലൂടെ – ദൈവം പ്രകടമാകണം. നിന്റെ ഒരു വാക്ക് മാത്രം മതി ഏത് ദൈവത്തെയാണ് നീ ആരാധിക്കുന്നതെന്ന് വ്യക്തമാകാൻ. ഇന്നും ഗ്രീക്കുകാർ അന്വേഷിക്കുന്നുണ്ട് യേശുവിനെ ഒരു നോക്ക് കാണാൻ. ഏത് യേശുവിനെയാണ് നീ അവർക്കായി ചൂണ്ടിക്കാണിക്കുക?

ഗ്രീക്കുകാരുടെ വരവിനെ ഒരു അടയാളമായിട്ടാണ് ഗുരു കാണുന്നത്. മരണമാണ് മുന്നിലെന്ന് അവൻ മനസ്സിലാക്കുന്നു. എങ്കിലും ആ യാഥാർത്ഥ്യത്തെ അവൻ വിശേഷിപ്പിക്കുന്നത് മഹത്വം എന്നാണ്. ആ മഹത്വപ്പെടലിന്റെ ദൃഷ്ടാന്തമാണ് നിലത്തുവീണു അഴിയുന്ന ഗോതമ്പുമണിയുടെ രൂപകം. സുവിശേഷത്തിലെ ഏറ്റവും കാവ്യാത്മകമായ രൂപകമാണിത്. ഈ രൂപകം അവനെ വധിക്കാൻ ഉദ്യമിക്കുന്നവരുടെ ചിന്താസരണികൾ എല്ലാം തന്നെ ഉല്ലംഘിക്കുന്നു. അനിവാര്യമായ മരണത്തെ അവൻ തന്നിലേക്ക് തന്നെ ആവഹിക്കുന്നു. എന്തിന്? തന്റെ മഹത്വീകരണത്തിന്റെ ദൈവികവും, രാജകീയവും, പിതൃനിർവിശേഷവുമായ ബന്ധത്തെ ഉയർത്തിപ്പിടിക്കാനും, വ്യാഖ്യാനിക്കാനും, വ്യക്തമാക്കാനും. അവന്റെ മരണത്തിന്റെ ഫലക്ഷമതയാണ് രൂപകം പ്രതിഫലിക്കുന്നത്. എന്താണ് ആ ഫലക്ഷമത (fruitfulness)? അതാണ് നിത്യജീവൻ. ജീവന്റെ പ്രകാശമായവൻ മരണത്തിലൂടെയും പങ്കുവയ്ക്കുന്നത് നിത്യജീവനാണ്. മരണത്തിലൂടെ ഒന്നും അവസാനിക്കുന്നില്ല. മരണം പോലും അവനിലുള്ള നിത്യജീവന്റെ ശുദ്ധമായ ആവർത്തനമാണ്. ഇതൊരു പുനരുക്തിയാണ് (tautology); അവന്റെ ജീവനിലും മരണത്തിലും നിത്യജീവനുണ്ട്.

ഗോതമ്പു മണിയുടെ രൂപകത്തിലെ വിഷയം മരണമാണ്. പക്ഷേ ആ വാക്യത്തിലെ കേന്ദ്രസ്ഥാനം അലങ്കരിക്കുന്നത് “അതേപടിയിരിക്കും”, “ഫലം പുറപ്പെടുവിക്കും” എന്നീ വാചകങ്ങളാണ്. ഒന്നുമില്ലാതാകുന്ന അവസ്ഥയല്ല മരണം. നോക്കുക, അവന്റെ ശൂന്യവൽക്കരണത്തിലും നിത്യജീവൻ പ്രാഭാവമാകുന്നു. ഊർവ്വരമായ ഒരു മരണമാണത്. അതുകൊണ്ടാണ് നിത്യജീവന്റെ സമൃദ്ധി കുരിശിൽ നിറയുന്നത്. അപ്പോഴും ഓർക്കണം, അവന്റെ മരണമല്ല ദൈവത്തിന് മഹത്വം നൽകിയത്. സ്വയം ശൂന്യനായതിലൂടെ പകർന്നു നൽകിയ നിത്യജീവന്റെ സമൃദ്ധിയാണ് ദൈവമഹത്വമായി പരിണമിച്ചത്.

ഗോതമ്പു മണിയുടെ അഴിയൽ അഥവാ മരണം ഒരു ത്യാഗമാണോ? അല്ല. പൂവിടൽ ഒരു ത്യാഗമല്ല. വിത്തിൽ നിന്നും പുറത്തേക്ക് വരുന്ന തളിര് അതിന്റെ ഉള്ളിലുണ്ടായിരുന്ന ജൈവീക സാന്നിധ്യമാണ്. ആ മുള പൊട്ടൽ ഒരു ത്യാഗമല്ല. രൂപാന്തരീകരണമാണ്. അത് നഷ്ടമല്ല, നേട്ടമാണ്. വിത്തും തളിരും രണ്ടു സ്വത്വങ്ങളല്ല. ഒരേ യാഥാർത്ഥ്യമാണ്. വിത്ത് എന്ന ആദ്യ ഇനം മരിക്കുന്നതിലൂടെ രണ്ടാമത്തെ ഇനമായ തളിരിലേക്ക്, പൂവിടലിലേക്ക് അത് പുനർജനിക്കുന്നു. ഇത് ദൈവിക യുക്തിയാണ്. ഇത് പ്രകൃതിയുടെ നിയമമാണ്. ഇതുതന്നെയാണ് ഉത്ഥാനത്തിന്റെയും യുക്തിയും. വിത്ത് പൊട്ടിയാലെ തളിര് പുറത്തേക്ക് വരൂ.

ഈ രൂപകത്തിന്റെ പശ്ചാത്തലത്തിലെ യേശു കടന്നുപോയ സഹനവും കുരിശും മനസ്സിലാകൂ. ഉയർത്തുക, മഹത്വീകരിക്കുക എന്നീ പദങ്ങളാണ് സഹനത്തെയും കുരിശിനെയും സൂചിപ്പിക്കുന്നതിനായി അവൻ ഉപയോഗിക്കുന്നത്. രണ്ടിനും നിത്യജീവനുമായി ബന്ധമുണ്ട്. അതുകൊണ്ടാണ് മനുഷ്യയുക്തിക്ക് നിരക്കാത്ത ഒരു പ്രമാണം അവൻ മുന്നിലേക്ക് വയ്ക്കുന്നത്: “തന്റെ ജീവനെ സ്‌നേഹിക്കുന്നവന്‍ അതു നഷ്‌ടപ്പെടുത്തുന്നു. ഈ ലോകത്തില്‍ തന്റെ ജീവനെ ദ്വേഷിക്കുന്നവന്‍ നിത്യജീവനിലേക്ക്‌ അതിനെ കാത്തുസൂക്‌ഷിക്കും” (v.25). ജീവനും മരണത്തിനുമിടയിൽ സ്നേഹം എന്ന യാഥാർത്ഥ്യം കടന്നുവരുന്നു. സ്നേഹം അവകൾക്ക് മാനം നൽകുന്നു. നമുക്കറിയാം, ജീവൻ മരണത്തെയും മരണം ജീവനെയും എതിർക്കുന്നുവെന്നും, അവകൾ പരസ്പരം ദുർബലപ്പെടുത്താനും ശ്രമിക്കുന്നുവെന്നും. ഇത് പ്രകൃതി നിയമമാണ്. സ്നേഹം ജീവതത്തിനോടൊ അതിന്റെ ത്യജിക്കല്ലിനോടൊ ആയിക്കോട്ടെ അപ്പോഴും യേശുവിനെ സംബന്ധിച്ച് നിത്യജീവൻ ഒഴിച്ചു നിർത്താൻ സാധിക്കാത്ത യാഥാർത്ഥ്യമാണ്. ജീവനും മരണവും എന്ന ദ്വന്ദയാഥാർഥ്യങ്ങളുടെയുള്ളിൽ നിന്നുകൊണ്ടല്ല അവൻ നിത്യജീവനെ ദർശിക്കുന്നത്. സ്നേഹത്തിന്റെ അർത്ഥവിചാരങ്ങളുടെ ഉള്ളിൽ നിന്നാണ്. സ്നേഹമാണ് ജീവനും മരണത്തിനും അർത്ഥം നൽകുന്നത്. സ്നേഹമാണ് നിത്യജീവന്റെ ആദ്യാനുഭവവും. സ്നേഹത്തിന്റെ തഴുകലുണ്ടെങ്കിൽ മാത്രമേ ജീവിതം ഒരു ഗോതമ്പുമണി പോലെ അഴിയുമ്പോഴുണ്ടാകുന്ന മധുരനൊമ്പരങ്ങളിലെ ദൈവീകതയും നിത്യതയും നിനക്കും തിരിച്ചറിയാൻ സാധിക്കൂ. അതിന് ആദ്യം യേശു ആരെന്ന് നീ അറിയണം. അവന്റെ ആർദ്രമായ സ്നേഹത്തിന്റെ മാധുര്യം അനുഭവിക്കണം. എന്നിട്ട് ജീവിതത്തിലൂടെ ആ സ്നേഹത്തെ പകുത്തു നൽകണം.

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

14 hours ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

14 hours ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

5 days ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

1 week ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

1 week ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

1 week ago