Sunday Homilies

4th Sunday of Lent_Year B_ക്രൂശിതനിലേയ്ക്ക് കണ്ണുകളുയർത്താം

ദൈവസ്നേഹത്തിന്റെ സാർവ്വത്രികത ഓരോ ക്രൈസ്തവനും മനസ്സിൽ സൂക്ഷിക്കേണ്ടതാണ്...

തപസ്സുകാലം: നാലാം ഞായർ
ഒന്നാം വായന: 2 ദിനവൃത്താന്തം 36:14-16,19-23
രണ്ടാം വായന: എഫേസോസ് 2:4-10
സുവിശേഷം: വി.യോഹന്നാൻ 3:14-21

ദിവ്യബലിയ്ക്ക് ആമുഖം

തപസ്സുകാലത്തിന്റെ ആദ്യപകുതി പിന്നിടുന്ന ഈ ഞായറാഴ്ച സഭയുടെ പാരമ്പര്യമനുസരിച്ച് “Laetare” അഥവ “സന്തോഷിക്കുവിൻ”, “ആഹ്ലാദിക്കുവിൻ” എന്നാണറിയപ്പെടുന്നത്. അതിനു കാരണം നാം ഉത്ഥാനത്തോടടുക്കുന്നു എന്നതാണ്. ഇന്നത്തെ ഒന്നാം വായനയിൽ പ്രവാസത്തിനു ശേഷം ദൈവം ജനത്തോട് വീണ്ടും കാരുണ്യം കാണിക്കുന്നതായി നാം കാണുന്നു. “വിശ്വാസം വഴി കൃപയാലാണ് നാം രക്ഷിക്കപ്പെട്ട”തെന്ന് വി. പൗലോസപ്പോസ്തലൻ രണ്ടാം വായനയിൽ നമ്മോടു പറയുന്നു. ഈ ഞാറാഴ്ച നാം സന്തോഷിക്കേണ്ട മറ്റൊരു കാരണം യേശുവിലുള്ള നമ്മുടെ വിശ്വാസവും പ്രത്യാശയുമാണ്. ഇതിനെ കുറിച്ച് ഇന്നത്തെ സുവിശേഷത്തിൽ യേശു നിക്കോദേമോസിനോട് പറയുന്നുണ്ട്. കൊറോണാ മഹാമാരി നൽകുന്ന പ്രതിസന്ധികൾക്കിടയിലും ക്രിസ്തുവിലുള്ള നമ്മുടെ വിശ്വാസ ജീവിതത്തെ ശക്തിപ്പെടുത്തിക്കൊണ്ട് പ്രത്യാശയുള്ളവരായി മുന്നേറാം. നിർമ്മലമായ മനസ്സോടെ ഈ തിരുവചനങ്ങൾ ശ്രവിക്കുവാനും ബലിയർപ്പിക്കുവാനുമായി നമുക്കൊരുങ്ങാം.

ദൈവവചന പ്രഘോഷണകർമ്മം

യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ,
ഈ ലോകത്തിലെ എല്ലാ ക്രിസ്ത്യാനികൾക്കും പ്രിയപ്പെട്ട ഒരു സുവിശേഷവാക്യം നാം ശ്രവിച്ചു: “അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ച് പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നൽകുവാൻ തക്കവിധം ദൈവം അത്രമാത്രം ലോകത്തെ സ്നേഹിച്ചു”. യഹൂദ ജനതയെ തന്റെ സ്വന്തം ജനതയായി തിരഞ്ഞെടുത്ത ദൈവം രക്ഷ അവർക്ക് മാത്രമായി നൽകും, ദൈവം അവരെ മാത്രമേ സ്നേഹിക്കുകയുള്ളു എന്നു കരുതിയിരുന്ന നിക്കോദേമോസിനെപ്പോലുള്ളവരുടെ മുൻപിൽ ദൈവം ഈ ലോകത്തെ മുഴുവൻ സ്നേഹിക്കുന്നുവെന്ന് യേശു വെളിപ്പെടുത്തുന്നു. ദൈവസ്നേഹം ഒരു സമൂഹത്തിന്റേയൊ, വംശത്തിന്റേയോ കുത്തകയല്ല! എല്ലാ വംശങ്ങളേയും, ജനതകളേയും, ഭാഷക്കാരേയും, പാപികളേയും, വിശ്വാസികളേയും, അവിശ്വാസികളേയും ദൈവം സ്നേഹിക്കുന്നു. ഇവരെയെല്ലാവരേയും രക്ഷിക്കാനാണ് യേശുവന്നത്.

ആധുനിക ലോകത്ത് പ്രത്യക്ഷമായും പരോക്ഷമായും വാർത്താ മാധ്യമങ്ങളിലൂടെയും വ്യക്തികളോടും, സംസ്കാരങ്ങളോടും ഇടപെടുമ്പോഴും സംവദിക്കുമ്പോഴും, സമ്പർക്കത്തിലേർപ്പെടുമ്പോഴും ദൈവസ്നേഹത്തിന്റെ ഈ സാർവ്വത്രികത ഓരോ ക്രൈസ്തവനും മനസ്സിൽ സൂക്ഷിക്കേണ്ടതാണ്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ, ‘ഈ ലോകത്ത് സാഹോദര്യം കെട്ടിപ്പടുക്കണമെന്ന്’ നമുക്ക് നൽകുന്ന സന്ദേശത്തിന്റെ ഉൾക്കാമ്പും ദൈവസ്നേഹത്തിന്റെ സാർവത്രികത തന്നെയാണ്.

യേശുവിനെ കാണുവാൻ വരുന്ന നിക്കോദേമോസ് “ഒരുവൻ എങ്ങനെയാണ് രക്ഷ കൈവരിക്കുന്നത്?” എന്ന ചോദ്യമുന്നയിക്കുന്ന ഓരോ മനുഷ്യന്റേയും പ്രതിനിധിയാണ്. നിക്കൊദേമോസുമായുള്ള സംഭാഷണമദ്ധ്യേ “മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയത് പോലെ, തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടിയിരിക്കുന്നു” എന്ന് പറഞ്ഞ് കൊണ്ട് സംഖ്യ പുസ്തകത്തിൽ ഇസ്രായോൽക്കാർ മരുഭൂമിയിൽ വച്ച് ആഗ്നേയ സർപ്പങ്ങളുടെ ദംശനത്തിന് ഇരയാകുന്ന സംഭവത്തെ യേശു പ്രതിപാദിക്കുന്നു (സംഖ്യ 21:1-9). ദൈവത്തിനും മോശയ്ക്കും എതിരെ സംസാരിച്ചതുകൊണ്ട് അനേകംപേർക്ക് ആഗ്നേയ സർപ്പ ദംശനമേറ്റിരിക്കുന്നു. പിന്നീട് മോശ ദൈവത്തിന്റെ വാക്കനുസരിച്ച് പിച്ചള കൊണ്ട് സർപ്പത്തെ ഉണ്ടാക്കി, അതിനെ വടിയിൽ ഉയർത്തി നിർത്തി. ദംശനമേറ്റവർ പിച്ചള സർപ്പത്തെ നോക്കി, അവർ ജീവിച്ചു. ഇസ്രായേൽ ചരിത്രത്തിലെ ഈ സംഭവം നന്നായി അറിയാവുന്ന ഫരിസേയനായ നിക്കൊദെമോസിനോട് പാപത്താൽ ദംശനം ചെയ്യപ്പെട്ട മനുഷ്യകുലത്തിന് രക്ഷ നൽകുവാൻ, അവർക്ക് വീണ്ടും ജീവൻ നൽകുവാൻ, അവരുടെ ശിക്ഷ ഏറ്റെടുത്തു കൊണ്ട് താൻ ക്രൂശിൽ ഉയർത്തപ്പെടുമെന്നും, തന്നിൽ വിശ്വസിക്കുന്നവൻ ശിക്ഷയ്ക്ക് വിധിയ്ക്കപ്പെടില്ലയെന്നും യേശു പറയുകയാണ്.

രാത്രിയിലാണ് നിക്കോ ദേമോസ് യേശുവിനെ സന്ദർശിക്കുന്നത്. ചില വ്യാഖ്യാനങ്ങളനുസരിച്ച് ഇരുട്ടിലെ അദ്ദേഹത്തിന്റെ വരവ് അയാളുടെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു. അതായത്, സംശയവും അന്ധകാരവും നിറഞ്ഞ ആ ലോകത്തിൽ നിന്ന് പ്രകാശത്തിന്റെ ലോകത്തിലേയ്ക്ക്, യേശുവിലേക്ക് അയാളും നമ്മളും ക്ഷണിക്കപ്പെടുകയാണ്. ജീവിതമാകുന്ന മരുഭൂമിയാത്രയിൽ ഭയത്തിന്റെയും, ഉത്കണ്oയുടേയും, നിരാശയുടേയും, ആകുലതയുടേയും, ബന്ധങ്ങളിലെ അസ്വസ്ഥതയുടേയും, സ്വരച്ചേർച്ചയില്ലായ്മയുടേയും, ബലഹീനതയുടേയും, അഹങ്കാരത്തിന്റെയും, പാപത്തിന്റെയും ആഗ്നേയ സർപ്പങ്ങൾ നമ്മെ വേട്ടയാടുമ്പോൾ കാൽവരിയിൽ ഉയർത്തപ്പെട്ട മനുഷ്യപുത്രനിലേയ്ക്ക് നമുക്ക് നമുക്ക് കണ്ണുകളുയർത്തതാം. നാം ജീവിക്കും.

ആമേൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker