4rth Sunday_എതിർക്കപ്പെടുന്ന അടയാളം (ലൂക്കാ 2:22-40)
യേശുവിന്റെ സമർപ്പണത്തിരുന്നാൾ
“മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി” (ലൂക്കാ 2 : 22). മറിയവും ജോസഫും, ചെറുപ്പക്കാരായ ദമ്പതികൾ. എല്ലാ സംഘർഷവും അതിജീവിച്ച് അവരുടെ കടിഞ്ഞൂൽ പുത്രനുമായി, ദരിദ്രരുടെ കാഴ്ച വസ്തുക്കളുമായി, അതായത് രണ്ടു ചെങ്ങാലി പ്രാവുകളുമായി, ദേവാലയത്തിന്റെ കൽപ്പടവുകൾ കയറുന്നു. അമ്മയുടെ കരങ്ങളിൽ ആ കുഞ്ഞ് ശാന്തമായി കിടന്നുറങ്ങുന്നു. അവിടത്തെ ശബ്ദകോലാഹലങ്ങൾ ഒന്നുംതന്നെ അവൻ അറിയുന്നില്ല. ദേവാലയത്തിന്റെ വാതിൽപ്പടിയിൽ രണ്ട് വൃദ്ധർ അവനെ കാത്തിരിക്കുന്നുണ്ട്, ശിമയോനും അന്നയും. കാത്തിരിക്കുകയായിരുന്നു എന്നാണ് സുവിശേഷകൻ അവരെക്കുറിച്ച് പറയുന്നത്. അതെ, ഏറ്റവും മൂല്യം ഉള്ളതിനെ അന്വേഷിക്കരുത്, കാത്തിരിക്കണം. അത് നമ്മെ തേടിവരും. ഇതാ, ശിമയോനെയും അന്നയെയും തേടി ഒരു കുഞ്ഞ് ദേവാലയത്തിലേക്ക് കടന്നുവരുന്നു. കാരണം, കാത്തിരിപ്പിൽ ഒരു പാകപെടലുണ്ട്. അതൊരു തപസ്സാണ്, രൂപീകരണമാണ്. അങ്ങനെയുള്ള തപസ്സുകൾ പകൽക്കിനാവുകളിൽ അവസാനിക്കില്ല, മറിച്ച് സ്വർഗ്ഗം അവരിലേക്ക് നേരിട്ട് ഇറങ്ങി വരും.
പുരോഹിതന്മാരല്ല ദേവാലയത്തിൽ വച്ച് ശിശുവായ യേശുവിനെ സ്വീകരിക്കുന്നത്, ഔദ്യോഗിക പദവികളൊന്നുമില്ലാത്ത രണ്ട് സാധാരണക്കാരാണ്. വാർദ്ധക്യത്താൽ അവർ അന്ധരാണെങ്കിലും തീക്ഷണതയിൽ ജ്വലിക്കുന്ന ദൈവസ്നേഹികളാണവർ. എലിസബത്തിനും മറിയയ്ക്കും ശേഷം പുതിയ നിയമത്തിലെ മൂന്നാമത്തെ പ്രവാചകിയാണ് അന്ന. കാരണം യേശു ഒരു സ്ഥാപനത്തിന്റെയോ മതത്തിന്റെയും പുരോഹിതന്മാരുടെയോ സ്വന്തമല്ല, മറിച്ച് മനുഷ്യവർഗത്തിന്റേതാണ്. അവൻ എല്ലാവരുടേതുമാണ്. ശിമയോനെപ്പോലെ സ്വപ്നം കാണുന്നവർക്കും അന്നയെപ്പോലെ തപസ്സനുഷ്ഠിക്കുന്നവർക്കും അവകാശപ്പെട്ടതാണ് അവൻ. ഒരു നവജാത ശിശുവിനെ കണ്ടാണ് അവർ സ്വർഗ്ഗത്തിന്റെ ഇടപെടലിനെ തിരിച്ചറിയുന്നത്. അതായത് അവരെ സംബന്ധിച്ച് ദൈവം ഒരു ഭൂതകാല അനുഭവം മാത്രമല്ല, മോഹനമായ ഭാവിയും കൂടിയാണ്.
ശിമയോന്‍ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു ചില കാര്യങ്ങൾ പറയുന്നുണ്ട്. നൂറ്റാണ്ടുകൾ കടന്ന് നമ്മിൽ ഓരോരുത്തരിലും എത്തുന്ന മൂന്നു സത്യങ്ങളാണവ. ഒന്ന്, ഇതാ, വീഴ്ചയുടെയും ഉയർച്ചയുടെയും അടയാളമായി ഒരു കുഞ്ഞ്. രണ്ട്, അവൻ വൈരുദ്ധ്യത്തിന്റെ അടയാളമായിരിക്കും. മൂന്ന്, അവൻ പലരുടെയും ഹൃദയം വിചാരങ്ങൾ വെളിപ്പെടുത്തും. “വീഴ്ച” (πτῶσις – ptósis) എന്നതാണ് ആദ്യത്തെ വാക്ക്. മധുരനൊമ്പരമായ ഒരു യാഥാർത്ഥ്യം ഈ പദത്തിൽ അടങ്ങിയിരിക്കുന്നു. മനുഷ്യനല്ല, അവന്റെ നിഴലുകൾ, അപര്യാപ്തമായ അവന്റെ ആഗ്രഹങ്ങൾ, മരണത്തിനോട് കൂട്ടുപിടിക്കുന്ന അവന്റെ ചിന്തകൾ, ചില മുഖംമൂടികൾ, നുണകൾ, മായിക ലോകം, മിഥ്യാധാരണ നിറഞ്ഞ ജീവിത രീതികൾ എല്ലാം വീഴണം. യേശുവിനെ കണ്ടുമുട്ടിയ എല്ലാവരിലും അങ്ങനെയൊരു വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിൽ സാവൂളിന്റെയും അഗസ്റ്റിന്റെയും നമ്മുടെയുമെല്ലാം വീഴ്ചകളുണ്ട് എന്നത് ചരിത്രമാണ്.
“ഉയർച്ച” (ἀνάστασις – anastasis) എന്നതാണ് നമ്മൾ ധ്യാനികേണ്ട രണ്ടാമത്തെ പദം. യേശുവിനെ സംബന്ധിച്ചിടത്തോളം ആരും നഷ്ടപ്പെട്ടുന്നുമില്ല, ഉപേക്ഷിക്കപ്പെടുന്നില്ല. ആരും എന്നന്നേക്കുമായി ഇല്ലാതാകുന്നില്ല. ഏതു മാരകമായ പാപത്തിലൂടെ കടന്നുപോയാലും വീണ്ടും ആരംഭിക്കാനും പുതിയവനാകാനും കഴിയും. അവനുള്ളത് നമ്മെ കൈപിടിച്ചുയർത്തുന്ന കരങ്ങളാണ്. ഓരോ പ്രഭാതത്തിലും ജായീറിന്റെ മകളോട് പറഞ്ഞതുപോലെ നമ്മളോടും അവൻ ആവർത്തിക്കും: താലീത്താ കും, ബാലികേ, എഴുന്നേൽക്കൂ! യുവജീവിതമേ, എഴുന്നേൽക്കൂ, തിളങ്ങൂ, വീണ്ടും ജീവിതപാതയിലേക്ക് ഇറങ്ങൂ, പോരാട്ടത്തിലേർപ്പെടൂ.
വൈരുദ്ധ്യത്തിന്റെ അടയാളം (σημεῖον ἀντιλεγόμενον – sémeion antilegómenon) എന്നതാണ് മൂന്നാമത്തെ വാചകം. എതിർ വാക്യത്തിന്റെ, എതിർ ചിന്തയുടെ അടയാളം എന്നു വേണമെങ്കിൽ ഈ ഗ്രീക്ക് വാചകത്തെ പരിഭാഷപ്പെടുത്താവുന്നതാണ്. ലോകത്തിന്റെ വഴികളെ തന്റെ വഴികളാലും, ലോകത്തിന്റെ ചിന്തകളെ തന്റെ ചിന്തകളാലും എതിർക്കുന്ന ഒരു ദൈവപുത്രൻ. പഴയ നിയമത്തിന് ആന്തരികമായ സൗന്ദര്യം പകർന്നു നൽകിയ ഒരു ഗുരുനാഥൻ. ദൈവത്തെക്കുറിച്ചുള്ള എല്ലാ വ്യാജ പ്രതിച്ഛായയും ഈ കുഞ്ഞ് എടുത്തുമാറ്റും. സ്നേഹത്തിന് വിരുദ്ധമായ എല്ലാറ്റിനേയും എതിർക്കുന്നവനാണവൻ. ആ കുഞ്ഞിനെ സ്വീകരിക്കുന്നവർക്ക് വെറുപ്പിന്റെ പക്ഷം ചേരാൻ സാധിക്കില്ല. കാരണം, യേശു മാത്രമാണ് തിന്മയുടെ ഏക എതിർ അടയാളം.
അവസാനമായി, ഇതാ, ശിശുവായ യേശുവിനെ അവന്റെ മാതാപിതാക്കൾ ദൈവസന്നിധിയിലേക്ക് കൊണ്ടുവരുന്നു. കാരണം, അവൻ ജോസഫിന്റെയും മറിയയുടെയും മകൻ മാത്രമല്ല: “കുട്ടികൾ നമ്മുടേതല്ല” (ഖലീൽ ജിബ്രാൻ), അവർ ദൈവത്തിന്റേതാണ്, ലോകത്തിന്റേതാണ്, ഭാവിയുടേതാണ്. അവരുടെ വിളികളും സ്വപ്നങ്ങളും ഒരു “ജൈവ” പ്രവചനത്തിന്റെ പുതുമയാണ്. ശിമയോനെയും അന്നയെയും പോലെ, കുറഞ്ഞപക്ഷം ആ വിസ്മയത്തെയെങ്കിലും രക്ഷിക്കേണ്ടത് നമ്മളാണ്.