4 വിശുദ്ധ വാതിലുകള്‍ തുറന്നു ഇനി പ്രത്യാശയുടെ തീര്‍ഥാടനം
റോമിലെ പ്രധാന നാലു ബസിലിക്കകളിലും വിശുദ്ധ വാതിലിലൂടെയുള്ള ജൂബിലി തീര്‍ത്ഥാടനത്തിനു ആരംഭമായി
സ്വന്തം ലേഖകന്‍
റോം :ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ രണ്ടായിരത്തിയിരുപത്തിയഞ്ചു വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന ജൂബിലി വേളയില്‍, ലോകത്തിലെ ദേവാലയങ്ങളുടെയെല്ലാം മാതൃദേവാലയമായ റോമിലെ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലെയും റോമിലെ നാലു ബസിലിക്കകളില്‍ ഒന്നായ വിശുദ്ധ പൗലോസിന്‍റെ ദേവാലയത്തിലും വിശുദ്ധ വാതില്‍ തീര്‍ത്ഥാടകര്‍ക്കായി തുറക്കപ്പെട്ടു.
ഇതോടെ റോമിലെ പ്രധാന നാലു ബസിലിക്കകളിലും വിശുദ്ധ വാതിലിലൂടെയുള്ള ജൂബിലി തീര്‍ത്ഥാടനത്തിനു ആരംഭമായി.വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ റോമന്‍ രൂപതയുടെ വികാരി ജനറലും ജോണ്‍ ലാറ്ററന്‍ ബസലിക്കയിലെ ആര്‍ച്ചുപ്രീ്സ്റ്റുമായ കര്‍ദിനാള്‍ ബല്‍ദസ്സാരെ റെയ്നയും വിശുദ്ധ പൗലോസിന്‍റെ ബസലിക്കയില്‍ കര്‍ദിനാള്‍ ജെയിംസ് മൈക്കല്‍ ഹാര്‍വിയും വിശുദ്ധ വാതിലുകള്‍ തുറന്ന് തിരുകര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
വിശുദ്ധ വര്‍ഷവുമായി ബന്ധപ്പെട്ട് അവസാനമായി വിശുദ്ധ പൗലോസിന്‍റെ ബസലിക്കയില്‍ വിശുദ്ധ വാതില്‍ തുറക്കുമ്പോള്‍ ആയിരക്കണക്കിന് വിശ്വാസികളും തിരുകര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു.
വിശ്വാസ ജീവിതത്തില്‍ പാദമുറപ്പിച്ചുകൊണ്ടു ആത്മീയ തീര്‍ത്ഥാടനം നടത്തുവാന്‍ ഈ ജൂബിലി അവസരമൊരുക്കട്ടെയെന്നു കര്‍ദിനാള്‍ പറഞ്ഞു. പൗലോസ് അപ്പോസ്തലന്‍ രക്തസാക്ഷിത്വം വരിച്ച സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്ററുകള്‍ക്കടുത്താണ് വിശുദ്ധ പൗലോസിന്‍റെ നാമഥേയത്തിലുളള ബസിലിക്ക സ്ഥിതി ചെയ്യുന്നത്.