3rd Sunday_Ordinary Time_Year_A_ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?
ക്രിസ്ത്യാനികളെ വിഘടിപ്പിച്ച് നിർത്താൻ പല കാരണങ്ങളുണ്ടാകും, എന്നാൽ ഒരുമിപ്പിക്കുന്ന ഒരേയൊരു കാരണമേയുള്ളൂ അത് ക്രിസ്തുവാണ്...
ആണ്ടുവട്ടം മൂന്നാം ഞായർ
ഒന്നാം വായന: ഏശയ്യാ 8:23-9:3
രണ്ടാം വായന: 1 കൊറിന്തോസ് 1:10-13,17
സുവിശേഷം: വി. മത്തായി 4:12-23.
ദിവ്യബലിക്ക് ആമുഖം
പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ആണ്ടുവട്ടത്തിലെ മൂന്നാം ഞായറിനെ ‘ദൈവവചനത്തിന്റെ ഞായറായി’ ആചരിക്കുവാൻ നമ്മെ ആഹ്വാനം ചെയ്യുന്നു. ദൈവവചനത്തിന്റെ പഠനത്തിനും ധ്യാനത്തിനുമായി പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഞായറാഴ്ച യേശു തന്റെ പരസ്യജീവിതം ആരംഭിച്ചുകൊണ്ട്, ആദ്യ ശിഷ്യന്മാരെ വിളിക്കുന്നതാണ് സുവിശേഷത്തിൽ നാം ശ്രവിക്കുന്നത്. സുവിശേഷത്തിന് ആമുഖമായി ഇന്നത്തെ ഒന്നാം വായനയിൽ ഏശയ്യാ പ്രവാചകന്റെ വാക്കുകൾ നാം കേൾക്കുന്നു. ഐക്യത്തെ കുറിച്ചുള്ള വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ നമുക്ക് ഇന്നത്തെ രണ്ടാം വായനയിലും ശ്രവിക്കാം. തിരുവചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.
ദൈവവചന പ്രഘോഷണ കർമ്മം
അന്ധകാരത്തിൽ കഴിഞ്ഞിരുന്ന ജനത ഒരു പ്രകാശം കണ്ടു (ഒന്നാം വായന)
ഇന്നത്തെ ഒന്നാം വായനയുടെ മുഖ്യപ്രമേയം അന്ധകാരത്തിൽ കഴിയുന്ന ജനത ഒരു പ്രകാശം കാണുന്നതും, നിരാശരായ ഒരു ജനവിഭാഗത്തിന് പ്രത്യാശ ലഭിക്കുന്നതുമാണ്. ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ നിന്നുള്ള ഒന്നാം വായനയിലും പിന്നീട് സുവിശേഷത്തിലും നാം ശ്രവിക്കുന്ന രണ്ട് പ്രധാനപ്പെട്ട സ്ഥലനാമങ്ങളാണ് “സെബുലൂണും, നഫ്താലിയും” യാക്കോബിന്റെ പന്ത്രണ്ട് മക്കളിൽ പത്താമനാണ് സെബുലോൺ. യാക്കോബിന് ആദ്യഭാര്യയായ ലെയായിൽ നിന്ന് ജനിച്ചവൻ. ഇസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളിൽ ഒന്ന്. യാക്കോബിന് ബിൽഹാ എന്ന ദാസിയിൽ ജനിച്ചവനാണ് നഫ്താലി. ദാസി പുത്രൻ ആണെങ്കിലും ഇസ്രായേലിലെ 12 ഗോത്ര പിതാക്കന്മാരിൽ ഒരാളായി പരിഗണിക്കപ്പെടുന്നു. ഈ രണ്ട് ഇസ്രായേൽ ഗോത്രപിതാക്കന്മാരുടെയും തലമുറകൾ വസിച്ചിരുന്ന പാലസ്തീനായുടെ വടക്ക് പ്രദേശം മുഴുവൻ പിൽക്കാലത്ത് പിതാക്കന്മാരുടെ പേരിൽ സെബുലോൺ, നഫ്താലി എന്നറിയപ്പെട്ടു തുടങ്ങി.
ബി.സി. 745-727 കാലഘട്ടത്തിൽ അസ്സീറിയയിൽ രാജാവായിരുന്ന തിഗ്ലിട്ട് പിലേസർ സെബുലോണിനെയും, നഫ്താലിയെയും ആക്രമിച്ച് കീഴടക്കി, അവിടെ താമസിച്ചിരുന്നവരെ തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി. സ്വാഭാവികമായും ആ പ്രദേശങ്ങൾ (സെബുലോണും, നഫ്താലിയും) വിജാതിയരായ ആൾക്കാരെ കൊണ്ട് നിറഞ്ഞു. ആ കാലഘട്ടം മുതൽ യേശുവിന്റെ കാലംവരെ ഏകദേശം 700 വർഷത്തോളം ഗലീലിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളായ സെബുലൂണും, നഫ്താലിയും അസമാധാനത്തിന്റെയും, അക്രമത്തിന്റെയും, അരാജകത്വത്തിന്റെയും പ്രദേശമായി മാറി. അവിടെ പ്രവാചകൻമാരുടെ കാലം അവസാനിച്ചു. സെബുലൂണിനെയും നഫ്താലിയെയും കുറിച്ച് പ്രവചനം നടത്തിയ (ഒന്നാം വായന) പ്രവാചകന്റെ വാക്കുകൾ പോലും വിസ്മരിക്കപ്പെട്ടു. അങ്ങനെ അവിശ്വാസത്തിന്റെ അന്ധകാരവും, നിരാശാബോധത്തിന്റെ കൂരിരുട്ടും ഗ്രസിച്ചിരുന്ന ഒരു ജനതയുടെമേലാണ് യേശുവാകുന്ന പ്രകാശം ഉദിക്കുന്നത്.
യേശുവാകുന്ന പ്രകാശം (സുവിശേഷം)
ഒന്നാം വായനയിലെ ഏശയ്യായുടെ പ്രവചനം യേശുവിലൂടെ നിറവേറ്റപ്പെടുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിച്ചു. കഫർണാമിൽ താമസിച്ചുകൊണ്ട്, ഗലീലയിൽ യേശു തന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.സെബുലോണിനെയും, നഫ്താലിയെയും, ഗലീലി പ്രദേശങ്ങളെയും കുറിച്ചുള്ള ഏശയ്യായുടെ പ്രവചനം പൂർത്തിയായി. നാനാജാതി മതസ്ഥരും, വ്യത്യസ്ത സംസ്കാരക്കാരും, കാനാന്യരും, ഫിനീഷ്യരും, സിറിയാക്കാരും, ഗ്രീക്കുകാരും, റോമാക്കാരും, യഹൂദരും ഇടകലർന്ന് വസിക്കുന്ന “വിജാതിയ ഗലീലിയിൽ” യേശു പ്രവർത്തനം ആരംഭിക്കുന്നു.
ഗലീലി കടൽ തീരത്തു വച്ച് യേശു തന്റെ ആദ്യ ശിഷ്യൻമാരെ വിളിക്കുകയാണ്. യേശുവിനെ അനുഗമിക്കുന്നതിനായി ശിമയോനും, അന്ത്രയോസിനും തങ്ങളുടെ തൊഴിൽ ഉപേക്ഷിക്കേണ്ടി വരുന്നു; യാക്കോബിനും, യോഹന്നാനും തങ്ങളുടെ തൊഴിൽ മാത്രമല്ല പിതാവിനെയും ഉപേക്ഷിക്കേണ്ടി വരുന്നു. നമുക്കും ചോദിക്കാം: യേശുവിനെ അനുഗമിക്കാനായി ഞാൻ എന്താണ് ഉപേക്ഷിക്കേണ്ടത്? നാമും നമ്മുടെ ജീവിതാവസ്ഥയിൽ യേശുവിനെ അനുഗമിക്കുമ്പോൾ, പ്രത്യേകമായി വ്യത്യസ്തങ്ങളായ ദൈവവിളികൾ സ്വീകരിക്കുമ്പോൾ, യേശുവിനു വേണ്ടി ഇടവകകളിൽ വിഭിന്നങ്ങളായ സേവനം ചെയ്യുമ്പോൾ നാം പഠിക്കേണ്ട 2 പ്രായോഗികമായ പാഠങ്ങൾ ഇന്നത്തെ സുവിശേഷത്തിൽ യേശു തന്റെ ശിഷ്യന്മാരെ വിളിക്കുന്ന ഭാഗത്തിലൂടെ നൽകുന്നുണ്ട്.
ആദ്യപാഠം
യാതൊരുവിധ ഒരുക്കങ്ങളോ, വലിയ വിദ്യാഭ്യാസമോ ഇല്ലാത്ത അവരോട് യേശു പറയുകയാണ് “ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം” ഇതിലൂടെ യേശു അവർക്ക് നൽകുന്ന സന്ദേശം “നിങ്ങൾക്ക് അതിന് കഴിയും” എന്നാണ്. “നിങ്ങൾക്ക് അതിന് കഴിയും” എന്ന് ആരെങ്കിലും നമ്മോടു പറയുമ്പോൾ നമുക്കുണ്ടാകുന്ന ആത്മവിശ്വാസവും ധൈര്യവും ചെറുതല്ല. യേശുവിനു വേണ്ടി സേവനത്തിൽ ഏർപ്പെടുമ്പോൾ യേശുവിന്റെ വിളിക്ക് കാതോർക്കുമ്പോൾ യേശു നൽകുന്ന സന്ദേശം “ഇതാണ് നിനക്ക് അതിന് കഴിയും”.
രണ്ടാമത്തെ പാഠം
തൻറെ ശിഷ്യന്മാരെ ഈ രണ്ടു പേരായി വിളിച്ചുകൊണ്ട് യേശു നൽകുന്ന രണ്ടാമത്തെ സന്ദേശം “നീ ഒറ്റയ്ക്കല്ല” എന്നതാണ്. യേശുവിനായി ജീവിക്കുമ്പോൾ, യേശുവിനെ അനുഗമിക്കുമ്പോൾ, ഇടവകയിൽ നാം വ്യാപൃതരാകുമ്പോൾ നമുക്ക് ഓർമ്മിക്കാം ‘നാം ഒറ്റയ്ക്കല്ല’. ഏകനായ ക്രിസ്ത്യാനി ക്രിസ്ത്യാനിയല്ല, കാരണം ക്രിസ്ത്യാനി എന്നും ഒരു കൂട്ടായ്മയിൽ ആയിരിക്കും.
ഈ രണ്ട് പ്രായോഗിക പാഠങ്ങളുടെയും വെളിച്ചത്തിൽ നമുക്ക് നമ്മുടെ വിളിയേയും ജീവിതത്തെയും ആത്മപരിശോധന ചെയ്യാം. എനിക്ക് ആത്മധൈര്യം ഉണ്ടോ? ഞാൻ ഇടവകയിൽ യേശുവിന്റെ ശിഷ്യന്മാരെ പോലെ ഐക്യത്തിലാണൊ പ്രവർത്തിക്കുന്നത്?
‘ഐക്യം’ ക്രൈസ്തവവിശ്വാസത്തിന്റെ മുഖമുദ്ര (രണ്ടാം വായന)
ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ ഐക്യത്തെ വിമർശനബുദ്ധിയോടെ പരിശോധിക്കാനും, വിചിന്തനം ചെയ്യാനും ആഹ്വാനം ചെയ്യുന്നതാണ് ഇന്നത്തെ രണ്ടാമത്തെ വായനയിൽ കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ നാം ശ്രമിച്ച് വിശുദ്ധ പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ: “ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ?” എന്ന് അപ്പോസ്തലൻ വ്യക്തമായി ചോദിക്കുന്നു. കോറിന്തോസിലെ സഭയിൽ (ഇടവകയിൽ) രൂക്ഷമായി നിലനിന്നിരുന്ന വിഭാഗീയതയെയും, അനൈക്യത്തെയും കുറിച്ച് പറയുമ്പോൾ അപ്പോസ്തലൻ അവരുടെ ഇടയിലെ രണ്ട് പ്രധാന തെറ്റുകൾ ചൂണ്ടി കാണിക്കുന്നു.
ഒന്നാമതായി;
ജ്ഞാനസ്നാനം എന്ന കൂദാശയുടെ ആത്മീയ മൂല്യങ്ങളെ തൃണവത്ക്കരിച്ചുകൊണ്ട്, ക്രിസ്തുവിനെ മറന്നുകൊണ്ട് അവർ ഏതു വിഭാഗത്തിൽ നിന്നാണോ ജ്ഞാനസ്നാനം സ്വീകരിച്ചത് ആ വിഭാഗത്തിലെ നേതൃത്വവുമായി ബന്ധപ്പെടുത്തി ജ്ഞാനസ്നാനത്തെ മനസ്സിലാക്കി. തത്ഫലമായി കോറിന്തോസിലെ സഭയിൽ ഗ്രൂപ്പുകൾ 4 ഗ്രൂപ്പുകൾ ഉണ്ടായിരുന്നു.
1) അപ്പോളോസിന്റേത്: അലക്സാണ്ട്രിയക്കാരനായ, ഉന്നതവിദ്യാഭ്യാസം ലഭിച്ച ഒരു യഹൂദ ക്രിസ്ത്യാനിയായിരുന്നു അപ്പോളോസ്. പൗലോസ് അപ്പോസ്തലന്റെ അസാന്നിധ്യത്തിൽ അവിടെയുള്ള പ്രേക്ഷിത പ്രവർത്തനം തുടർന്നു കൊണ്ടുപോയത് അപ്പോളോസ് ആയിരുന്നു. അപ്പോളോസ്സിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചവർ ആയിരുന്നു ഒന്നാമത്തെ വിഭാഗക്കാർ.
2) കേപ്പായുടേത്: പത്രോസ് അപ്പോസ്തലനിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ചുവെന്ന് അവകാശപ്പെടുന്ന ഇവർ പ്രധാനമായും യഹൂദ ക്രിസ്ത്യാനികളാകാനാണ് സാധ്യത.
3) പൗലോസിന്റേത്: പൗലോസിന്റെ അനുയായികൾ എന്ന് വിളിക്കപ്പെടുന്ന, പൗലോസിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിച്ചവരെന്ന് അവകാശപ്പെടുന്ന വിജാതിയ ക്രിസ്ത്യാനികളാണിവർ.
4) ക്രിസ്തുവിന്റേത്: ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഇവർ യേശുവിൽ നിന്ന് നേരിട്ട് വെളിപാടിലൂടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന് അവകാശപ്പെടുന്ന നിരക്ഷരരായ അടിമകളാണ്. ഇപ്രകാരം ജ്ഞാനസ്നാനം സ്വീകരിച്ച വിഭാഗത്തിന്റെയും, അതിന്റെ നേതൃത്വത്തിന്റെയും അടിസ്ഥാനത്തിൽ വിഘടിച്ചു നിൽക്കുന്ന, ക്രിസ്തുവിലൂടെ ഐക്യപ്പെടാത്ത ക്രൈസ്തവരെ വിശുദ്ധ പൗലോസ് അപ്പോസ്തലൻ പഠിപ്പിക്കുന്നു.
രണ്ടാമതായി;
കോറിന്തോസ് സഭയിലെ രണ്ടാമത്തെ തെറ്റായി വിശുദ്ധ പൗലോസ് അപ്പോസ്തലൻ ചൂണ്ടിക്കാണിക്കുന്നത് “അന്ധമായ വ്യക്തി ആരാധന”, അതായത് നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെ അപ്രധാനമാക്കികൊണ്ട് വിശ്വാസം പകർന്നു തന്നെ അപ്പോസ്തലന്മാർക്കും, നേതൃത്വത്തിനും, വ്യക്തികൾക്കും അമിതപ്രാധാന്യം നൽകുന്ന ഒരവസ്ഥ. നിങ്ങൾക്കുവേണ്ടി ക്രൂശിതനായത് പൗലോസാണോ? പൗലോസിന്റെ നാമത്തിലാണോ നിങ്ങൾ ഞാന് സ്നാനം സ്വീകരിച്ചത്? എന്ന് അപ്പോസ്തലൻ ചോദിക്കുന്നത് ഇക്കാരണത്താലാണ്.
യാതൊരുവിധ വ്യാഖ്യാനങ്ങളും കൂടാതെതന്നെ അപ്പോസ്തലന്റെ വാക്കുകൾ നമുക്ക് മനസ്സിലാകും, പ്രത്യേകമായും ക്രൈസ്തവസഭയിലെ അനൈക്യത്തിലൂന്നിയ സമകാലീന സംഭവങ്ങൾ കാണുമ്പോൾ അപ്പോസ്തലന്റെ ഉദ്ബോധനങ്ങൾ എത്ര അർത്ഥവത്താണെന്ന് നമുക്കറിയാം. സഭയുടെ ഐക്യം ആരംഭിക്കേണ്ടത് അടിസ്ഥാന ക്രൈസ്തവ സമൂഹങ്ങളിലും, ഇടവക സംഘടനകളിലും, ഇടവകകളിലുമാണ്. അതിന് ശേഷമേ അത് ഉയർന്ന തലത്തിലേക്ക് പോവുകയുള്ളൂ. കോറിന്തോസിലെ സഭയ്ക്ക് പറ്റിയ തെറ്റ് നമുക്ക് ആവർത്തിക്കാതിരിക്കാം. അഥവാ, ആ തെറ്റ് സംഭവിച്ചാൽ നമുക്ക് തിരുത്താം. എല്ലാ കാലത്തും ക്രിസ്ത്യാനികളെ വിഘടിപ്പിച്ച് നിർത്താൻ പല കാരണങ്ങളുണ്ടാകും, എന്നാൽ നമ്മെ ഒരുമിപ്പിക്കുന്ന ഒരേയൊരു കാരണമേയുള്ളൂ അത് ക്രിസ്തുവാണ്.
ആമേൻ.
Good review.God bless you.Halleluah.