Meditation

3rd Sunday_Advent_Year B_വചനവും ശബ്ദവും (യോഹ 1:6-8, 19-28)

യോഹന്നാൻ കത്തുന്ന ഒരു പന്തമാണ്; യേശു എന്ന സത്യത്തിന്റെ ലാവണ്യം മുഴുവൻ പകർന്നുനൽകുന്ന വെളിച്ചം...

ആഗമനകാലം മൂന്നാം ഞായർ

ദൈവത്താൽ അയക്കപ്പെട്ടവനായിരുന്നു അവൻ. പേര് യോഹന്നാൻ. വെളിച്ചത്തിനു സാക്ഷ്യം നൽകാൻ വന്നിരിക്കുന്നു. അധികാരമോ നീതിയോ ആധിപത്യമോ ഒന്നുമല്ല അവന്റെ പ്രഘോഷണ വിഷയം. വെളിച്ചത്തിന്റെ സൗമ്യതയാണ്. ഇതുതന്നെയാണ് ഒരോ ക്രൈസ്തവന്റെയും ജീവിതം. ദൈവത്താൽ അയക്കപ്പെട്ടവരാണ് നമ്മളും. എങ്ങോട്ട്? ജീവിത പരിസരത്തിന്റെ ഇടനാഴികളിലേക്ക്, ഇടവഴികളിലേക്ക്, ഇടനെഞ്ചിലേക്ക്. എന്തിന്? കത്തി ജ്വലിക്കാൻ. പ്രകാശത്തിനു സാക്ഷ്യമാകാൻ. തിന്മയുടെ നിഴലുകൾ വീണിടങ്ങളിൽ ഒരു ചിരാതിൻ വെട്ടമാകാൻ. ചില പച്ച യാഥാർഥ്യങ്ങളെ ദൈവിക വെളിച്ചത്തിൽ ദർശിക്കാൻ. ഇതാണ് പ്രഘോഷണം. ഇതുതന്നെയാണ് സാക്ഷ്യവും. ഇവിടെ കൽപ്പനകളുടെ കാർക്കശ്യമില്ല, ശിക്ഷകളുടെ ഭയപ്പെടുത്തലുകളില്ല, വിചാരണയുമില്ല. വെളിച്ചം മാത്രം. ദൈവീകമായ സ്വാതന്ത്ര്യം. മുറിവേറ്റ ഹൃദയങ്ങളിൽ ലേപനമാകുന്ന സാന്നിധ്യം. നൊമ്പരങ്ങളുടെ ഇരുളറയിൽ നിന്നും പകൽവെളിച്ചത്തിന്റെ വസന്തത്തിലേക്ക് നയിക്കുന്ന ആത്മീയത.

വെളിച്ചമാണ് സൗന്ദര്യം. വെളിച്ചത്തിന്റെ നിറവിലെ സത്യത്തിനും നന്മക്കും ശോഭിക്കാൻ സാധിക്കു. വെളിച്ചത്തിൽ കുളിച്ചു നിൽക്കുമ്പോൾ സത്യം മനോജ്ഞവും വശ്യവുമാണ്. ഇരുളിനുള്ളിലെ സത്യത്തിന് ആരെയും ആകർഷിക്കാൻ സാധിക്കില്ല. യോഹന്നാൻ കത്തുന്ന ഒരു പന്തമാണ്; യേശു എന്ന സത്യത്തിന്റെ ലാവണ്യം മുഴുവൻ പകർന്നുനൽകുന്ന വെളിച്ചം.

മുൻപേ അയക്കപ്പെട്ടവനാണ് യോഹന്നാൻ. ശക്തനായ ഒരുവൻ വരുന്നുണ്ട്. അവനുവേണ്ടി വഴിയൊരുക്കാൻ അയക്കപ്പെട്ട മുൻഗാമി. അങ്ങനെയാണവൻ സ്വയം പരിചയപ്പെടുത്തുന്നത്. വരുന്നതോ സൂര്യനെ പോലെ തിളങ്ങുന്നവനാണ്. തണുത്ത ബന്ധങ്ങളിൽ ചൂടു പകരുന്ന ഒരു നെരിപ്പോട്. ഹൃദയ കോണുകളിൽ ഇരുളിമയെ കഴുകിക്കളയുന്ന കിരണശോഭ. ആർദ്രതയുള്ള ഒരു ദൈവമാണ് നമ്മുടെ ഇടയിലേക്ക് വരുന്നത്. ആ വെട്ടം വന്നുകഴിയുമ്പോൾ ജീവിതത്തിന്റെ സൗന്ദര്യം വർദ്ധിക്കും. തിളക്കമാർന്ന ലാവണ്യമാണവൻ. ആ സൗന്ദര്യം നമ്മെ പൊതിയും. പക്ഷേ അതിനെ തിരിച്ചറിയണമെങ്കിൽ തൊടികളിലൂടെ നമ്മൾ ഇറങ്ങി നടക്കണം. സഹജരുടെ കണ്ണുകളിലെ തിളക്കം കാണണം. നിഷ്കളങ്കതയിലെ പവിത്രത അനുഭവിക്കണം. നൊമ്പരങ്ങളിലെ ആർദ്രത ദർശിക്കണം. അറിവുകളുടെയുള്ളിലെ അലിവിനെ സ്വന്തമാക്കണം… അങ്ങനെയൊക്കെയാണ് ലാവണ്യം ലോകത്തെ രക്ഷിക്കുന്നത്.

ഹൃദയനയനങ്ങളെ കീഴടക്കുകയും പൂവണിയിക്കുകയും ചെയ്യുന്ന അസന്ദിഗ്ദ്ധതയാണ് സുവിശേഷം. ആർദ്രതയുടെ മേലങ്കി കൊണ്ട് അത് നമ്മെ പൊതിയും. സ്നേഹത്തിന്റെ വസന്തം ഭൂമിയിൽ തളിരിടും. വരുവാനിരിക്കുന്നവന്റെ കരങ്ങളിൽ ആത്മസമർപ്പണം നടത്തുക എന്നത് മാത്രമാണ് ഇനി നമുക്ക് ചെയ്യാനുള്ളത്. ഇത്രയും നാളും വെളിച്ചത്തിന്റെ പോരാളിയായി ജീവിക്കാൻ സാധിച്ചോ? ആ ഹൃദയത്തിൽ മുറിപ്പാടുകളുണ്ടോ? എങ്കിൽ നീയും ഒരു പ്രവാചകനാണ്. മറ്റൊരു യോഹന്നാൻ. ഒരു മകുടം നിനക്കായി മാറ്റി വച്ചിട്ടുണ്ട്. വീണുടഞ്ഞ ഒരു മൺപാത്രമാണ് നിന്റെ ജീവിതമെങ്കിൽ വരുന്നവന്റെ കരങ്ങളിൽ അതിനെ ഏൽപ്പിക്കുക. ഒരു അമൂല്യനിധിയായി നിനക്ക് അവൻ തിരികെ നൽകും. ഇരുളിന് കീഴ്പ്പെട്ടവനാണോ നീ? ഭയപ്പെടേണ്ട. ഒരു കിരീടം നിനക്കായി അവനൊരുക്കും. പ്രസന്നമായ, ഹൃദ്യമായ ഒരു ആത്മീയ ജീവിതത്തിന് നീയും സാക്ഷ്യം വഹിക്കും.

സുവിശേഷം ഖണ്ഡിതമായി പ്രഖ്യാപിക്കുകയാണ്; നമ്മൾ നിലനിൽക്കുന്നത് തിന്മയുടെ ആധിക്യത്തിലൊ അതിന്റെ വ്യാപ്തിയിലൊ അല്ല. വെളിച്ചത്തിന്റെ ആദർശതയിലാണ്. അപ്പോഴും ഇരുൾ ഒരു അനുഭവമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും. ഭയപ്പെടരുത്. രാത്രിയെ ശപിക്കുകയുമരുത്. ഒരു ചിരാത് നീ തെളിയിക്കണം. എന്നിട്ടു ഉമ്മറപ്പടിയിൽ വയ്ക്കണം. എല്ലാവരും കാണട്ടെ ആ വെട്ടം. അങ്ങനെ വെളിച്ചത്തെ ഒരു ആഘോഷമാക്കണം.

മൂന്നു പ്രാവശ്യമാണ് അവർ സ്നാപകനോട് ചോദിക്കുന്നത്; “നീ ആരാണ്?” നിർണായകമാണ് ഈ ചോദ്യം. ഇതേ ചോദ്യം തന്നെ എന്നോടും നിന്നോടും ചോദിക്കാം. ഞാൻ ആരാണ്? എല്ലാവരിൽനിന്നും ആദരവ് കിട്ടേണ്ടവനോ എല്ലാവരാലും തള്ളിക്കളയേണ്ടവനോ അല്ല ഞാൻ. എന്നെക്കുറിച്ച് മറ്റുള്ളവർ കരുതുന്നതല്ല ഞാൻ. ഞാൻ വിശുദ്ധനൊ കൊടുംപാപിയൊ അല്ല. അതൊന്നും എന്റെ ഭൂമികയേയല്ല. അതൊന്നുമല്ല എന്റെ ആകാരവും ഭാവവും… അപ്പോൾ ഞാൻ ആരാണ്? സ്നാപകൻ മറുപടി പറയുന്നു; ഞാനൊരു ശബ്ദമാണ്. വചനം വസിക്കുന്ന ഒരു ശബ്ദം. ഞാൻ ഒരു ഉപകരണമാണ്. വചനത്തിന്റെ ഉപകരണം. എന്റെ ശബ്ദത്തിലൂടെ വചനം സഞ്ചരിക്കുന്നു. എന്നിലൂടെ വചനം ജീവിക്കുന്നു. ഞാൻ ശബ്ദവും യേശു വചനവുമാകുന്നു.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker