3rd Sunday of Lent_Year B_ദൈവവും ദേവാലയവും (യോഹ 2:13-25)
ഇനി ദൈവത്തെ അന്വേഷിച്ച് അലയേണ്ട ആവശ്യമില്ല...
തപസ്സുകാലം മൂന്നാം ഞായർ
കച്ചവടസ്ഥലമായിത്തീർന്ന ദേവാലയം ശുദ്ധീകരിക്കുന്ന തീക്ഷണമതിയായ ക്രിസ്തുവിന്റെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. സമവീക്ഷണ സുവിശേഷങ്ങളിൽ അവസാന താളുകളിലാണ് ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതെങ്കിൽ യോഹന്നാന്റെ സുവിശേഷത്തിൽ ഇത് ആദ്യ താളുകളിലാണ്, അതും കാനായിലെ കല്യാണ വിരുന്നിനു ശേഷം. ആഘോഷത്തിൽ പുതു വീഞ്ഞായവൻ ആരാധനയ്ക്കായി പുതു ആലയമാകുന്നു. ഇനി ദൈവത്തെ അന്വേഷിച്ച് അലയേണ്ട ആവശ്യമില്ല. അവൻ യേശുവിലുണ്ട്. അല്ല, യേശു തന്നെയാണ് ആ ദൈവം.
സുവിശേഷത്തിന്റെ കേന്ദ്ര സന്ദേശം യേശുവിന്റെ മരണത്തെയും ഉത്ഥാനത്തെയും കുറിച്ചുള്ള മുന്നറിയിപ്പാണ്. എങ്കിൽ തന്നെയും ഈ സുവിശേഷ ഭാഗത്തിന്റെ പ്രധാന പ്രത്യേകത ഇതിലടങ്ങിയിരിക്കുന്ന ഉടലിന്റെ ദൈവശാസ്ത്രമാണ്. ശരീരം-ആത്മാവ് എന്ന ദ്വന്ദ സങ്കൽപത്തെ തകർത്തുകൊണ്ട് മനുഷ്യശരീരം ജൈവീകം മാത്രമല്ല അത് ആത്മീകം കൂടിയാണെന്ന് സുവിശേഷം പറയാതെ പറയുന്നുണ്ട്. ദേവാലയം എന്ന പദത്തിന്റെ അർത്ഥവിന്യാസങ്ങളിലാണ് ഈയൊരു സന്ദേശം അടങ്ങിയിരിക്കുന്നത്. ഇവിടെ ദേവാലയത്തെ സൂചിപ്പിക്കാൻ മൂന്നു വാക്കുകളാണ് സുവിശേഷകൻ ഉപയോഗിച്ചിരിക്കുന്നത്:
1. ദേവാലയം (അതിന് Hieron എന്ന ഗ്രീക്ക് പദം ഉപയോഗിച്ചിരിക്കുന്നു)
2. ഭവനം (Oikos എന്ന ഗ്രീക്ക് പദം)
3. ശ്രീകോവിൽ അഥവാ Sanctuary (Naos എന്ന ഗ്രീക്ക് പദം)
കച്ചവടക്കാരെ പുറത്താക്കിക്കൊണ്ട് യേശു പറയുന്നത് ദേവാലയം (Hieron) തന്റെ പിതാവിന്റെ ഭവനമാണെന്നാണ് (Oikos). പക്ഷേ തന്റെ ശരീരത്തോട് താരതമ്യപ്പെടുത്തി അതിനെ നശിപ്പിക്കുന്നതിനെ കുറിച്ച് പറയുമ്പോൾ അവൻ ഉപയോഗിക്കുന്ന പദം ശ്രീകോവിൽ ആണ് (Naos). ജെറുസലേം ദേവാലയത്തിലെ ഏറ്റവും പരിശുദ്ധമായി കരുതപ്പെടുന്ന ഭാഗമാണ് ശ്രീകോവിൽ. യാഹ്‌വേയുടെ സാന്നിധ്യം കൂടിയിരിക്കുന്നു എന്നു വിശ്വസിക്കുന്ന ഇടം. ആ ഇടത്തോടാണ് യേശു തൻ്റെ ശരീരവുമായി താരതമ്യം ചെയ്യുന്നത്.
ദേവാലയ ശുദ്ധീകരണം ഒരു വെളിപ്പെടുത്തലാണ്; സൈന്യങ്ങളുടെ ദൈവമായ യാഹ്‌വേയുടെ സാന്നിദ്ധ്യമാണ് യേശുവെന്ന്. ഈ ആശയവും വെളിപ്പെടുത്തലും യോഹന്നാന്റെ സുവിശേഷത്തിൽ അതിന്റെ പൂർണതയിൽ എത്തുന്നത് കാൽവരിയിലും ഉയിർപ്പിലുമാണ്. ഈ സത്യത്തെ ഉൾക്കൊണ്ടാണ് പൗലോസപ്പോസ്തലൻ എല്ലാ ക്രൈസ്തവരുടെയും ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് പ്രഘോഷിച്ചത്. “നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല. നിങ്ങൾ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാൽ, നിങ്ങളുടെ ശരീരത്തിൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ” (1കോറി 6:20).
തപസ്സ് കാലത്ത് കത്തോലിക്കാസഭ പ്രാധാന്യം കൊടുക്കുന്ന പുണ്യ പ്രവർത്തികളാണ് പ്രാർത്ഥന, ദാനധർമ്മം, ഉപവാസം. പ്രാർത്ഥനയിലൂടെ നീയും ദൈവവും തമ്മിലുള്ള ബന്ധം ഗാഢമാകുന്നു. ദാനധർമ്മത്തിലൂടെ നീയും സഹജനും തമ്മിലുള്ള ബന്ധം സുഗമമാക്കുന്നു. ഉപവാസത്തിലൂടെ നീയും നിന്റെ ചേതനകളും തമ്മിലുള്ള പൊരുത്തക്കേടുകളെ പരിഹരിക്കുകയും അതിലൂടെ നിന്റെ ഉടലിന്റെ തൃഷ്ണകളെ നിയന്ത്രിച്ച് അതിനെ “ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാക്കുന്നു” (1കോറി 6:19). ഈ പുണ്യ കർമ്മങ്ങളുടെ വീക്ഷണത്തിലൂടെ നോക്കിയാൽ സുവിശേഷത്തിന്റെ പ്രാവർത്തിക സന്ദേശം വളരെ വ്യക്തമാണ്. നീയും ദൈവത്തിന്റെ ശ്രീകോവിലാണ്. അതുകൊണ്ടുതന്നെ ഒരു തരത്തിലുമുള്ള വ്യാപാര മനോഭാവം നിന്നിലുണ്ടാകാതിരിക്കട്ടെ. നിന്റെ അറിവിന്റെ തലത്തിലോ, ആഗ്രഹങ്ങളുടെ തലത്തിലോ, ബന്ധങ്ങളുടെ തലത്തിലോ എവിടെയെങ്കിലും ലാഭനഷ്ടക്കണക്കുകൾ തിരയുകയാണെങ്കിൽ നീയും പിതാവിന്റെ ആലയമാകുന്ന നിന്റെ ശരീരം ഒരു കച്ചവട സ്ഥലമായി മാറ്റി കഴിഞ്ഞിരിക്കുന്നു. അങ്ങനെയാണെങ്കിൽ നിന്റെ ജീവിതത്തിലേക്കും യേശു കടന്നു വരേണ്ടിയിരിക്കുന്നു. ഒരു ശുദ്ധീകരണം നിനക്കും വേണ്ടിയിരിക്കുന്നു.
ഇന്നത്തെ സുവിശേഷത്തിന്റെ മറ്റൊരു പ്രത്യേകത അത് വിശ്വാസത്തിന് നൽകുന്ന പ്രാധാന്യമാണ്. യേശുവിന്റെ ഉയിർപ്പിനു ശേഷം ശിഷ്യന്മാർ അവന്റെ ദേവാലയ ശുദ്ധീകരണ സംഭവം ഓർത്ത് അവനിൽ വിശ്വസിച്ചു എന്ന് സുവിശേഷകൻ കുറിക്കുന്നുണ്ട് (v. 22). പക്ഷേ അടയാളങ്ങൾ കണ്ടു അവനിൽ വിശ്വസിച്ചവരുടെ സാക്ഷ്യത്തെ യേശു സ്വീകരിക്കുന്നുമില്ല (vv.23 -25). യോഹന്നാന്റെ സുവിശേഷത്തിൽ “വിശ്വസിക്കുക” എന്ന പദം ഏകദേശം 98 പ്രാവശ്യം ഉപയോഗിക്കുന്നുണ്ട്. (സമവീക്ഷണ സുവിശേഷങ്ങളിൽ മൂന്നിലും കൂടി ആകെ 44 പ്രാവശ്യമേയുള്ളൂ). യോഹന്നാൻ ഒരിക്കലും “വിശ്വാസം” എന്ന നാമരൂപം ഉപയോഗിച്ചിട്ടില്ല. “വിശ്വസിക്കുക” എന്ന ക്രിയരൂപം മാത്രമാണ്. ഇതിലൂടെ സുവിശേഷകൻ പഠിപ്പിക്കുന്നത് വിശ്വാസമെന്നത് ഒരു പ്രത്യേക ആത്മീയാവസ്ഥയിലെത്തുക എന്നതല്ല, മറിച്ച് പ്രവർത്തീപഥങ്ങളിൽ പ്രതിഫലിക്കേണ്ട ബന്ധത്തിന്റെ അടിസ്ഥാനമാണ്. യേശുവിലുള്ള നിന്റെ വിശ്വാസം വാക്കുകളിലും ആശയപ്രേമത്തിലും മാത്രം ഒതുങ്ങുന്നതാണോ? നിന്റെ പ്രവർത്തികൾക്കും ബന്ധങ്ങൾക്കും അവനിലുള്ള വിശ്വാസം ഒരു ത്വരകമായി ഭവിക്കുന്നുണ്ടോ?
കൂടുതൽ വാർത്തകൾക്ക് ഞങ്ങളുടെ ന്യൂസ് സൈറ്റ് സന്ദർശിക്കുക https://catholicvox.com/
വാർത്തകൾ നിങ്ങളുടെ വാട്ട്സ് ആപ്പിൽ ലഭ്യമാക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവൊ? എങ്കിൽ ഞങ്ങളുടെ ഈ ഗ്രൂപ്പിൽ ക്ലിക്ക് ചെയ്ത് പങ്ക് ചേരുക https://chat.whatsapp.com/KMYSKwGAL9eK6ozQUstMgT
കൂടുതൽ വീഡിയോകൾ കാണുന്നതിന് ഞങ്ങളുടെ ചാനൽ സന്ദർശിക്കുക https://www.youtube.com/CatholicVox
നിങ്ങളുടെ സിഗ്നൽ ആപ്പിൽ വാർത്തകൾ ലഭ്യമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് പങ്കുചേരുക https://signal.group/#CjQKICkqW9GKoEDikKsTu0tZ9VxXgh18yfWrRtV0RQ6dC_yVEhAMKirkTjZbVHwCl2YCzWzE