Categories: Meditation

3rd Ordinary Sunday_2025_പ്രതികാരമില്ലാത്ത ദൈവം (ലൂക്കാ 1:1-4, 4:14-21)

വിശ്വാസത്തിനും വേണം യുക്തിയും ശാസ്ത്രീയതയും. അതാണ് ലൂക്കാ സുവിശേഷകൻ ചെയ്യുന്നത്...

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ

ഇതാ, യേശുവിന്റെ ജീവിതത്തെക്കുറിച്ച് സൂക്ഷ്മമായി പഠനം നടത്തിയിട്ടുള്ള ഒരുവൻ: ലൂക്ക സുവിശേഷകൻ. ദൃക്സാക്ഷികളോടും ശുശ്രൂഷകരോടും അന്വേഷിച്ചറിഞ്ഞതിനുശേഷമാണ് അവൻ യേശുവിനെ കുറിക്കുന്നത്. “സമഗ്രമായ” ഒരു ഗവേഷണം അവൻ നടത്തിയിട്ടുണ്ട്. കേട്ടുകേൾവിയിലൂടെയല്ല, ഗവേഷണത്തിലൂടെയാണ് സുവിശേഷകൻ തന്റെ വിശ്വാസത്തെ സ്ഥിരീകരിക്കുന്നത്. അതിനായി അവൻ ഒത്തിരി സമയം ചെലവഴിച്ചു. നമ്മൾ ഒരാളെ സ്നേഹിക്കുമ്പോൾ അയാളെ അറിയാനും, അയാളുടെ കഥ കേൾക്കാനും, അയാളുടെ അനുഭവങ്ങളിലൂടെ സഞ്ചരിക്കാനും, അയാളുടെ സുഹൃത്ത് വലയങ്ങളെ കണ്ടുമുട്ടാനും നമ്മൾ ആഗ്രഹിക്കില്ലേ? അതുതന്നെയാണ് ലൂക്കായും ചെയ്യുന്നത്.

ക്രിസ്ത്യാനികൾ എന്ന് വിളിക്കുന്ന പലർക്കും യേശു ആഴമായ ഒരു അറിവല്ല, ഒരു ഗവേഷണ വിഷയമല്ല, ഒരു അനുഭവമല്ല എന്നത് സത്യമാണ്. പലർക്കും അവൻ ആചാരങ്ങളിലെ ഒരു വിഗ്രഹം മാത്രമാണ്. അത് കാഴ്ചയുടെ പരിമിതിയിൽ ഒതുങ്ങുന്ന യാഥാർത്ഥ്യമാണ്. ഒരു വിഗ്രഹവും ആഴത്തിലേക്ക് നമ്മെ നയിക്കില്ല. കാരണം വിഗ്രഹത്തിൽ സ്നേഹമില്ല. സ്നേഹം ആവേശവും അഭിനിവേശവും ആകുമ്പോഴാണ് ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ നമുക്ക് സാധിക്കുക. അറിവിന്റെ ആഴമാണ് ജ്ഞാനം. അറിയാത്ത കാലംവരെ ഏതൊരു വ്യക്തിയും വിഗ്രഹമാണ്. സ്നേഹം അറിവാണ്, അറിവ് സ്നേഹമാണ്. അതുകൊണ്ടുതന്നെ നമുക്ക് ആർക്കും നിയമത്തെയോ സിദ്ധാന്തത്തെയോ സ്നേഹിക്കാൻ സാധിക്കില്ല. താളുകളിൽ തേടേണ്ട സത്യമല്ല യേശു എന്ന കാര്യം നമ്മൾ മനസ്സിലാക്കണം. അവനെ തേടേണ്ടത് വ്യക്തികളിലൂടെയാണ്. അതാണ് ലൂക്കാ സുവിശേഷകൻ ചെയ്യുന്നത്.

പലരും വിചാരിക്കുന്നത് വിശ്വാസം സ്വപ്നംകാണുന്നവർക്കും നിഷ്കളങ്കർക്കും ഉള്ളതാണെന്നും, ശാസ്ത്രമാണ് യുക്തി ഉപയോഗിക്കുന്നവർക്കുള്ളതെന്നാണ്. അല്ല. വിശ്വാസത്തിനും വേണം യുക്തിയും ശാസ്ത്രീയതയും. അതാണ് ലൂക്കാ സുവിശേഷകൻ ചെയ്യുന്നത്. ലൂക്കായെപ്പോലെ നമ്മുടെ വിശ്വാസത്തെക്കുറിച്ച് നമ്മളും സമഗ്രമായി പഠിക്കുവാൻ ഇറങ്ങിത്തിരിക്കണം. കാരണം, ക്രിസ്തുമതം മാംസവും രക്തവുമുള്ള ഒരു യഥാർത്ഥ വ്യക്തിയിൽ നിന്നാണ് ജനിച്ചത്. ആ വ്യക്തി യേശുവാണ്. അവൻ പലസ്തീനിലെ തെരുവുകളിലൂടെ നടന്നു, അടയാളങ്ങൾ ചെയ്തു, സുന്ദരമായ വചസ്സുകൾ ഉച്ചരിച്ചു, അന്യായമായ ശിക്ഷയ്ക്ക് വിധേയനായി, സഹിച്ചു, മരിച്ചു, ഉത്ഥിതനായി. എന്നിട്ട് ദൈവത്തിന്റെ ആർദ്രതയെ പ്രഘോഷിക്കാൻ ഒരു ചെറിയൊരു കൂട്ടത്തെ അവൻ നിയോഗിച്ചു. ഇവയെക്കുറിച്ച് ആഴമായി ഇനിയും നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. അതിനായി നമ്മൾ സമയം ചെലവഴിക്കുകയും വേണം. പ്രശ്നം നമ്മുടെ മടി മാത്രമാണ്. വിശ്വസിക്കുക എന്നത് എളുപ്പമാണെന്ന് കരുതരുത്, കാരണം അതിന് പഠനം, പരിശീലനം, പ്രാർത്ഥന എന്നിവ ആവശ്യമാണ്. യേശുവിനെക്കുറിച്ച് അറിയണമെങ്കിൽ അവനെ ഇതിനകം കണ്ടുമുട്ടിയവരോട് ചോദിക്കണം. കാരണം, നമുക്ക് മുമ്പ് അവനെ കാണുകയും അറിയുകയും ചെയ്തവരുമായുള്ള കൂടിക്കാഴ്ചയിൽ നിന്നാണ് വിശ്വാസം എപ്പോഴും ജനിക്കുന്നത്.

“യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു” (4 :16). ലൂക്കായുടെ സുവിശേഷത്തിൽ നാല് തവണയാണ് യേശു സിനഗോഗിൽ പ്രവേശിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. അവയിൽ ആദ്യത്തെതാണ് ഇന്നത്തെ സുവിശേഷഭാഗം. ഈ നാല് തവണയും സംഘർഷമാണ് അവൻ അവിടെ അഭിമുഖീകരിക്കുന്നത്. ശുശ്രൂഷയിൽ പങ്കെടുക്കാനല്ല, പഠിപ്പിക്കാനാണ് അവൻ അവിടെ പ്രവേശിക്കുന്നത്. സുഖകരമല്ല അവിടെ കൂടിയിരിക്കുന്നവരുടെ പ്രതികരണം. സിനഗോഗിലുള്ളവർ അവനെ വധിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞുകൊണ്ടാണ് ഈ ഇതിവൃത്തം അവസാനിക്കുന്നത്. ഇത് വിചിത്രമായി തോന്നാം. പക്ഷേ അന്നും ഇന്നും പുണ്യസ്ഥലങ്ങളെന്നു നമ്മൾ കരുതുന്നിടങ്ങളാണ് യേശുവിന് ഏറ്റവും അപകടകരമാകുന്നത്. മതനേതാക്കളാണ് അവനെ കൊല്ലാൻ എല്ലാവിധത്തിലും ശ്രമിക്കുന്നത്. ഒടുവിൽ അവർ വിജയിക്കും. ദൈവത്തെ അനുഭവിച്ചിട്ടില്ലാത്ത അവർ ദൈവത്തെക്കുറിച്ചുള്ള അവരുടെ ആശയത്തിൻ്റെയും നിയമത്തിൻ്റെയും പേരിൽ അത് സുഖമായി ചെയ്യും.

“സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു” (4 : 20) അവരുടെ കണ്ണുകളിൽ വലിയ പ്രതീക്ഷയുണ്ട്. പക്ഷേ അവൻ വ്യാഖ്യാനിച്ചത് തന്റെ തന്നെ ജീവിതത്തെയാണ്. മിശിഹായുടെ നിയോഗത്തെയും മഹാജൂബിലിയേയും പരാമർശിക്കുന്ന പ്രവാചകവചസ്സിനെ അവൻ തന്റെ ദൗത്യമാക്കി മാറ്റുന്നു. ദാരിദ്ര്യമാണ് പ്രധാന വിഷയം. എല്ലാ ദാരിദ്ര്യവും ഇല്ലാതാക്കാനാണ് അവൻ വരുന്നത്. (ലൂക്കായുടെ സുവിശേഷത്തിൽ “പാപികൾ” എന്ന വാക്കിനേക്കാൾ കൂടുതൽ “ദരിദ്രർ” എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്) കാരണം മനുഷ്യർ ദരിദ്രരും അടിച്ചമർത്തപ്പെട്ടവരും അന്ധരുമാണ്. അതുകൊണ്ടാണ് മിശിഹാ സന്തോഷവും, സ്വാതന്ത്ര്യവും, നവകാഴ്ചകളും കൊണ്ടുവരുന്നത്.

ഏശയ്യാ പ്രവാചകന്റെ പുസ്തകം 61-ാം അധ്യായമാണ് യേശു വായിക്കുന്നത്. പക്ഷേ ആ വചനഭാഗത്തിൽ നിന്നും ഒരു വരി അവൻ വായിക്കുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏതാണ് യേശു വായിക്കാതിരുന്ന വാചകം? “നമ്മുടെ ദൈവത്തിന്റെ പ്രതികാരദിനം” (61:2) എന്ന വാചകമാണത്. എന്തുകൊണ്ട് യേശു വാചകം വായിച്ചില്ല? കാരണം പ്രവാചകന്റെ ആ വാക്കുകളോട് അവൻ യോജിക്കുന്നില്ല എന്നതാണ്. ദൈവത്തിന്റെ ഭാഗത്ത് പ്രതികാരമില്ല, സ്നേഹം മാത്രമേയുള്ളൂ. പ്രതികാരമാണ് സിനഗോഗിലുള്ളവർ ആഗ്രഹിക്കുന്നത്. ഇസ്രായേൽ ജനതയ്ക്ക് വേണ്ടി പ്രതികാരം ചെയ്യുന്ന ഒരു മിശിഹായെയാണ് അവർ കാത്തിരിക്കുന്നത്. അങ്ങനെ അവൻ ദരിദ്രരെയും തടവുകാരെയും റോമാക്കാരുടെ കൈകളിൽ നിന്ന് മോചിപ്പിക്കും എന്നാണ് അവരുടെ പ്രതീക്ഷ. പക്ഷേ യേശു ആ വചനഭാഗം വായിക്കുന്നില്ല. പിന്നെ സംഭവിക്കുന്നത് സംഘർഷമാണ്. ഒന്നും അവൻ വിശദീകരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നില്ല. “നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു” (4 : 21). പുസ്തകം അടച്ച് ഒരു പുതിയ ജീവിതം ആരംഭിക്കുന്നു. വായിച്ചത് ജീവിതമായി മാറുന്നു. പ്രതികാരമല്ല കരുണയാണ് ന്യായവിധി. ഇതാ, ദൈവത്തിൻ്റെ പുതിയൊരു മുഖം. ഇതാ, പുതിയൊരു ചക്രവാളം നമ്മുടെ മുന്നിൽ വിരിയുന്നു. അതെ, പ്രതികാരം ചെയ്യാനല്ല, സ്നേഹിക്കാനായി ദൈവപുത്രൻ നമ്മുടെ ഇടയിലേക്ക് ഇറങ്ങി വരുന്നു.

vox_editor

Recent Posts

21st Ordinary Sunday_2025രക്ഷയുടെ വാതിൽ (ലൂക്കാ 13: 22 – 30)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…

1 week ago

സമാധാനവും ഭിന്നതയും (ലൂക്കാ 12:49-57)

ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…

2 weeks ago

18th Sunday_Ordinary Time_ദ്രവ്യാസക്തി എന്ന നരകം (ലൂക്കാ 12: 13-21)

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…

4 weeks ago

സേവനത്തിന്റെ കരങ്ങൾക്ക് വിലങ്ങിടുന്ന രാഷ്ട്രീയം

സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…

1 month ago

ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും നടന്നു

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…

1 month ago

17th Ordinary Sunday_2025_കർത്താവിന്റെ പ്രാർത്ഥന (ലൂക്കാ 11: 1-13)

ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ യേശു പ്രാർത്ഥനയുടെ നിമിഷത്തിലാണ്. അതു കാണുന്ന ശിഷ്യന്മാർക്ക് ഉള്ളിൽ ഒരു ആഗ്രഹം: "കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ…

1 month ago