ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ
മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു വചനഭാഗം. കാരണം അതിന്റെ സാഹിത്യശൈലി ദർശനാത്മകമാണ്. ഒറ്റവായനയിൽ ലോകാവസാനമാണ് വിഷയം എന്നു തോന്നും. അവസാനമല്ല, ലക്ഷ്യമാണ് വിഷയം. അപ്പോഴും ക്ലൈമാക്സ് മനോഹരമായിരിക്കും എന്നുതന്നെയാണ് യേശു പറയുന്നത്. കാരണം ചരിത്രത്തിന്റെ അർത്ഥമാണ് സുവിശേഷം പറയുന്നത്.
ദൈവശാസ്ത്രം ദർശനാത്മകമായ ഭാഷ ഉപയോഗിക്കുമ്പോൾ ഉടനടി നമ്മൾ ലോകാവസാനത്തെ കുറിച്ച് ചിന്തിക്കും. “ഇതാ, എല്ലാം തീരാൻ പോകുന്നു” എന്ന ചിന്ത നമ്മിലേക്ക് കടന്നുവരും. അങ്ങനെ ചിന്തിക്കേണ്ട കാര്യമില്ല. കാരണം ലോകാവസാനത്തെ കുറിച്ചുള്ള വിശുദ്ധഗ്രന്ഥ കാഴ്ചപ്പാട് പരമവും ദാർശനികവുമല്ല. അത് ആപേക്ഷികവും ചരിത്രപരവുമാണ്. അതു മൂർത്തമായ ലോകം തന്നെയാണ്. അത് ഒരുകൂട്ടം മനുഷ്യർ അറിഞ്ഞതും അനുഭവിച്ചതുമായ ലോകമാണ്.
ക്രൈസ്തവ പീഡനങ്ങളുടെ പശ്ചാത്തലത്തിലാണ് സുവിശേഷകൻ ഈ പേജുകൾ കുറിക്കുന്നത്. ക്രൈസ്തവികതയെ മുളയിലെ നുള്ളി കളയാൻ ശ്രമിച്ചവർ വർദ്ധിച്ചുവന്ന കാലയളവ്. വീഴില്ല എന്നു വിചാരിച്ചവർ പോലും വീണു കഴിഞ്ഞു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഒക്കെ അവരുടെ പ്രതീകങ്ങളാണ്. വിശ്വാസത്തിന്റെ ശത്രു എന്നപോലെ ഭയം എല്ലാവരിലും പിടിമുറുക്കിയിരിക്കുന്നു. പീഡനങ്ങളുടെ മുന്നിൽ “എവിടെ ദൈവം” എന്ന ചോദ്യം അവർ ചോദിക്കാൻ തുടങ്ങുന്നു. ആ ചോദ്യങ്ങളുടെ മുന്നിലാണ് സുവിശേഷകൻ പറയുന്നത്: ആകാശവും ഭൂമിയും കടന്നുപോകും, എന്നാൽ യേശുവും അവന്റെ വചനവും എന്നേക്കും നിലനിൽക്കും.
ചരിത്രാതീതകാലം മുതൽ തുടങ്ങിയ നന്മയും തിന്മയും തമ്മിലുള്ള സംഘർഷം നമ്മളിലും തുടർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഉള്ളിലെ സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും നൈർമ്മല്യത്തെ നമുക്കറിയാം. നീതിക്കായുള്ള ദാഹം നമ്മുടെ ഉള്ളിലുണ്ട്. എങ്കിലും ക്ഷണികതയുടെ മുമ്പിൽ പതറുകയാണ് നമ്മൾ. നാളുകൾ കടന്നുപോകുമ്പോൾ നമ്മൾ വിതച്ച സ്നേഹവും സൗന്ദര്യവും നൂറുമേനിയുള്ള വിളവായി മാറുമെങ്കിൽ, അവിടെ അവസാനമില്ല. എല്ലാം നിലനിൽക്കും. ഇത് ഹൃദയത്തിൽ വേരൂന്നിയ വാഗ്ദാനമാണ്. ഇത് മായംചേർക്കാത്ത വചനത്തിന്റെ ഉറപ്പാണ്.
ആകാശത്തിലേക്കാണ് എന്തിനും ഏതിനും ഉത്തരം തേടി പഴമക്കാർ നോക്കിയിരുന്നത്. ജൈവീക സാന്നിധ്യമായ സൂര്യനും നിഗൂഢ സൗന്ദര്യം പേറുന്ന തിങ്കളും വഴികാട്ടികളായ നക്ഷത്രങ്ങളും ഇരുളിൻ്റെയും ഭയത്തിന്റെയും നിസ്സംഗതയുടെയും പ്രതീകങ്ങളായി മാറുന്നു. നമ്മൾക്ക് വെളിച്ചമാകും ജീവനാകും നമ്മെ നയിക്കും എന്നു നമ്മൾ കരുതിയവർ വീണുപോകുമ്പോൾ പതറരുത്. യേശു ഉണ്ട് കൂടെ. അവന്റെ വചനമുണ്ട് കൂടെ.
ഇന്നലെവരെ നമുക്ക് മാതൃകയായിരുന്നവർ, നമുക്ക് വഴികാട്ടികളായിരുന്നവർ ഇന്ന് ചിലപ്പോൾ നിപതിച്ചേക്കാം. ഇടർച്ചയായി മാറിയേക്കാം. ആത്മീയജീവിതത്തിൽ അത് വലിയൊരു ദുരന്തമായി നമുക്ക് അനുഭവപ്പെടും. നിരാശരാകരുത്. അങ്ങനെയുള്ള വീഴ്ചകൾ വലിയൊരു സാധ്യതയാണ് നമ്മുടെ മുന്നിൽ വയ്ക്കുന്നത്. ആത്മശോധനയുടെ സാധ്യതയാണത്. പുതിയത് കിളിർത്ത് വളരണമെങ്കിൽ പഴയത് വീഴുക തന്നെ വേണം. മുന്നിലേക്ക് നടക്കുമ്പോൾ പിന്നിലെ ഇടം മറയുന്നതുപോലെ ഓരോ ചുവടും വിട്ടുകൊടുക്കലും നേടലും കൂടിയാണ്. പുതിയ ചുവട് ഒരു പ്രതിസന്ധിയാണ്. മുന്നിലേത് നേടാൻ പിന്നിലേത് ഉപേക്ഷിക്കുക എന്ന പ്രതിസന്ധി. പ്രതിസന്ധിയെ ഗ്രീക്ക് ഭാഷയിൽ “ക്രിസിസ്” എന്നാണ് വിളിക്കുന്നത്. വേർപ്പെടുത്തുക എന്നാണ് അതിന്റെ മൂലാർത്ഥം. ഏറ്റവും നല്ലതിനെ പുറത്തെടുക്കാൻ നമ്മൾ സ്വയം വേർപ്പെടുത്തുന്ന നിമിഷമാണത്. ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പ്രതിസന്ധിയും അപകടകരമാണെങ്കിലും അതൊരു മികച്ച അവസരം കൂടിയാണ്. നമ്മുടെ ഉള്ളിലെ നല്ലതിനെ വേർപെടുത്തി എടുക്കാനുള്ള അവസരം!
ചരിത്രം ആരുടെയും സ്വന്തമല്ല. അത് ദൈവത്തിന്റെതാണ്. അതിലെ അവസാനവാക്ക് ഉത്ഥിതനായവന്റെ വിജയമാണ്. ലോകം ശൂന്യതയിലേക്കല്ല സഞ്ചരിക്കുന്നത്, ദൈവ കരങ്ങളിലേക്കാണ്. അതുകൊണ്ടുതന്നെ ഒന്നും നഷ്ടപ്പെടുന്നില്ല. സ്നേഹത്തിന്‍റേതായ ഓരോ കണികയും ദൈവകരങ്ങളിൽ പനിനീർപുഷ്പങ്ങളായി മാറുന്നുണ്ട്. ഹൃദയത്തോട് ചേർത്തുവച്ച പലതും നഷ്ടമായേക്കാം. അപ്പോഴും വചനമാകുന്ന സ്നേഹം നിത്യതയോളം നിലനിൽക്കും.
യേശു ആരെയും ഭയപ്പെടുത്തുകയല്ല. ദുരന്തങ്ങൾ പ്രഖ്യാപിക്കുകയുമല്ല. നമ്മുടെ ജീവിതത്തെ പുതിയ കണ്ണുകളോടെ നോക്കാൻ ക്ഷണിക്കുകയാണ്. ഇന്ന് നമ്മൾ ഉയിർത്തെഴുന്നേറ്റവരായി ജീവിക്കുന്നില്ലെങ്കിൽ, പിന്നെ ഒരിക്കലും ഉയിർത്തെഴുന്നേൽക്കുകയില്ല. ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുവാനാണ് അവൻ നമ്മളോട് ആവശ്യപ്പെടുന്നത്. സ്നേഹം ഉള്ളിടത്ത് മാത്രമേ ശ്രദ്ധ ഉണ്ടാവു. തുറന്ന മനസ്സാണ് ശ്രദ്ധ. അപ്രതീക്ഷിതമായതിനെയും കേൾക്കാത്തതിനെയും വഴിക്ക് വരുന്നതിനെയും സ്വീകരിക്കുന്ന ഒരു മനസ്സാണത്. സ്നേഹം ജാഗരൂകമാകുമ്പോൾ മിഥ്യാധാരണ ഉണ്ടാവുകയില്ല. മറിച്ച് അത് ശുശ്രൂഷയായി സഹജരിലേക്ക് പടരും. സ്നേഹം വിശ്വാസത്തിന്റെ പര്യായമാണ്. സ്നേഹത്തിന്റെ ഉണർവ് നമ്മിൽ നിന്നും ഭയത്തിന്റെ പുറംതോട് എടുത്തുമാറ്റി പ്രത്യാശയുടെ നിധിശേഖരം പകർന്നു നൽകും. അപ്പോൾ നമുക്കും പൗലോസപ്പസ്തലനെ പോലെ ചോദിക്കാൻ സാധിക്കും; “ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആര് നമ്മെ വേർപിടുത്തും?” (റോമാ 8:35).
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
സ്വന്തം ലേഖകന്‍ കരിമ്പന്‍(ഇടുക്കി): കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്‍റായി സാം സണ്ണി പുള്ളിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ദിവസമായി അടിമാലി ആത്മജ്യോതി…
This website uses cookies.