Categories: Meditation

32nd Sunday Ordinary Time_Year A_പത്ത് കന്യകകൾ (മത്താ 25:1-13)

നന്മകളെ ഒരിക്കലും മറ്റുള്ളവരിൽ നിന്നും കടം കൊള്ളാൻ സാധിക്കില്ല, അവ സ്വയം ആർജിക്കേണ്ടവകളാണ്...

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

പത്തു കന്യകകളുടെ ഉപമ. വിവാഹവിരുന്നിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്ന ദൈവരാജ്യത്തിന്റെ ഒരു ദൃഷ്ടാന്തം. ആഖ്യാനത്തിന്റെ വൈരുദ്ധ്യാത്മകത ആനന്ദത്തിനെ തല്ലി കെടുത്തുന്നതു പോലെയുള്ള ഒരു രചന. എങ്കിലും സുന്ദരമാണ് ഈ ഉപമ. സ്വർഗ്ഗരാജ്യം ഇരുട്ടിനെതിരെ പോരാടുന്ന പത്തു യുവതികൾക്ക് തുല്യം എന്ന് കേൾക്കുമ്പോൾ സുവിശേഷത്തിലെ സ്ത്രീ സങ്കൽപത്തിന് വേറൊരു മാനം ലഭിക്കുന്നത് പോലെ അനുഭവപ്പെടുന്നു. ഒരു നറു വെട്ടവുമായിട്ടാണ് അവർ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മുന്നിൽ ഉള്ളതോ കുറ്റാക്കൂരിരുട്ടും, എത്തിച്ചേരേണ്ട സ്വപ്നമോ കയ്യെത്താ ദൂരത്തും. ക്ഷീണം കണ്ണുകളിൽ തളം കെട്ടുന്നുണ്ടെങ്കിൽ തന്നെയും ഹൃദയം ജാഗരൂകമാണ്. കാത്തിരിക്കുകയാണവർ. അവർക്കായി മാത്രം വരുന്ന ഒരുവനു വേണ്ടി. ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ മാത്രമേ ഇങ്ങനെയൊരു കാത്തിരിപ്പ് സാധ്യമാകൂ. എന്നിട്ടും ഉപമ അവസാനിക്കുന്നത് തീർത്തും അപ്രതീക്ഷിതമായ ക്ലൈമാക്സോടെയാണ്. “ഞാൻ നിങ്ങളെ അറിയില്ല” എന്ന ഒറ്റവാക്യത്തിൽ ഇത്രയും നാളും ള്ളളിൽ കൊണ്ടുനടന്നിരുന്ന ദൈവ സങ്കല്പം പോലും തകിടംമറിയുന്നതുപോലെയുള്ള പ്രതീതി.

ഇനി നമുക്ക് ഈ ഉപമയിലെ കഥാപാത്രങ്ങളെ ഒന്നു ശ്രദ്ധിക്കാം. നല്ല സ്വഭാവ സവിശേഷതകളുള്ള വ്യക്തിത്വങ്ങളാണിവർ എന്ന് ഒറ്റ വായനയിൽ പറയാൻ സാധിക്കില്ല. നോക്കുക, സമയനിഷ്ഠയില്ലാത്ത ഒരു മണവാളൻ. അയാളുടെ ആ സമയനിഷ്ഠയില്ലായ്മ ബുദ്ധിമുട്ടിലാക്കുന്നത് ആ കന്യകമാരെയാണ്. ഇത്തിരി എണ്ണ കുടുതൽ കരുതാൻ മറന്നുപോയ അഞ്ചു കന്യകമാർ. പരസ്പരം പങ്കുവയ്ക്കാൻ മനസു കാണിക്കാത്ത മറ്റു അഞ്ചു പേർ. അതിലുപരി അസാധാരണമാം നിലയിൽ വിവാഹവിരുന്നിനിന്റെ വാതിലുകൾ അടയ്ക്കുന്ന ഒരവസ്ഥ. വിചിത്രമാണ് ഈ ഉപമ. തുറവിയുടെയോ ആർദ്രതയുടെയോ ഒരു തന്മാത്ര പോലും കാണാനില്ല ഇവിടെ. അപ്പോൾ എന്താണ് ഈ ഉപമ നൽകുന്ന സന്ദേശം?

അർദ്ധരാത്രിയിൽ ഉയർന്ന ആർപ്പുവിളിയാണ് ഉപമയുടെ വഴിത്തിരിവ്. കന്യകമാർ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ജാഗരൂകരായി കാത്തിരിക്കുന്നതിനെക്കുറിച്ച് ഉപമ ഒന്നും തന്നെ പറയുന്നില്ല എന്ന കാര്യം ഓർക്കണം. പക്ഷേ പ്രശ്നം സംഭവിക്കുന്നത് ചിലരുടെ വിളക്കുകൾ കത്താതെ വന്നപ്പോഴാണ്. “ഞങ്ങളുടെ വിളക്കുകൾ അണഞ്ഞു പോകുന്നു ഇത്തിരി എണ്ണ ഞങ്ങൾക്ക് തരുമോ?” മറുപടി കഠിനമാണ്. “ഇല്ല, നമ്മൾക്ക് രണ്ടുപേർക്കും മതിയാകാതെ വരുമെന്നതിനാൽ പോയി വാങ്ങി കൊള്ളുവിൻ”.

അപ്പോൾ വിഷയം എണ്ണ തന്നെയാണ്. എന്തൊക്കെയോ അന്തരാർത്ഥം സുവിശേഷകൻ ഇതിന് കൽപ്പിച്ചു നൽകുന്നുണ്ടാകണം. ഒന്നിച്ചു കാത്തിരുന്നവർ, ഒന്നിച്ചു ക്ഷീണിതരായി കിടന്നുറങ്ങിയവർ എന്തു കൊണ്ടായിരിക്കണം എണ്ണയുടെ കാര്യത്തിൽ സ്വാർത്ഥമതികളായത്? സ്വാർത്ഥതയല്ല ഇവിടുത്തെ വിഷയം. എണ്ണയിലൂടെ സുവിശേഷകൻ ചിത്രീകരിക്കുന്നത് പങ്കുവയ്ക്കാൻ പറ്റാത്ത നമ്മിലെ ഏതോ യാഥാർത്ഥ്യമായിരിക്കാം. അങ്ങനെയെങ്കിൽ പുണ്യങ്ങളാണ് എണ്ണ. നന്മകളെ ഒരിക്കലും മറ്റുള്ളവരിൽ നിന്നും കടം കൊള്ളാൻ സാധിക്കില്ല. അവകൾ സ്വയം ആർജിക്കേണ്ടവകളാണ്. നമ്മൾ ആർജിച്ചെടുത്ത നന്മകൾ മാത്രമേ പ്രകാശിക്കൂ. കടം വാങ്ങിയതോ കാപട്യം നിറഞ്ഞതോ ആയ നന്മകൾ മുനിഞ്ഞെ പ്രകാശിക്കൂ. അതിന് മണവാളന്റെ വരവ് വരെ പിടിച്ചുനിൽക്കാൻ സാധിക്കണമെന്നില്ല. കലർപ്പില്ലാത്ത നന്മകളുടെ ഉടമസ്ഥരാണ് വിവേകശാലികൾ. അവരുടെ നന്മകൾ ആകാശത്തിലെ നക്ഷത്രങ്ങളെപോലെ തെളിഞ്ഞുനിൽക്കും. നന്മകളിലെ കൃത്രിമതയാണ് വിവേക ശൂന്യത. കൃത്രിമമായ നന്മകൾ മുഴങ്ങുന്ന ചേങ്ങല പോലെയോ ചിലമ്പുന്ന കൈത്താളം പോലെയോ ആണ്. അവകൾ ആഴമില്ലാത്ത, അർത്ഥമില്ലാത്ത സ്വരങ്ങൾ പോലെയാണ്. അവസാനം വരെ ആ നന്മകൾ നിലനിൽക്കില്ല. അതുകൊണ്ടാണ് “കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറന്നു തരണമേ” എന്ന അപേക്ഷക്ക് മറുപടിയായി “ഞാൻ നിങ്ങളെ അറിയില്ല” എന്ന് മണവാളൻ അകത്തുനിന്നും പറയുന്നത്.

ഉപമയുടെ കേന്ദ്രബിന്ദു അർദ്ധരാത്രിയിൽ ഉയർന്ന ആർപ്പുവിളി തന്നെയാണ്. മരണ സങ്കൽപവുമായി ചേർന്നു നിൽക്കുന്ന പദങ്ങളാണിവകൾ. മരണം, ഉത്ഥാനം അന്ത്യവിധി എന്നീ യാഥാർത്ഥ്യങ്ങൾ ആ ആർപ്പുവിളി എന്ന സങ്കൽപത്തിൽ അടങ്ങിയിട്ടുണ്ട്. നമ്മെ വിളിച്ച് എഴുന്നേൽപ്പിക്കാൻ ശേഷിയുള്ള ഒരു ആർപ്പുവിളിയാണത്. ശരിയാണ്, ചുറ്റിനും ഇരുട്ടാണ്. തെളിച്ചു നിർത്താൻ പറ്റിയ നന്മകളായിട്ടുള്ളത് തീർത്തും തുലോമാണ്. കാത്തിരിപ്പിന്റെ ക്ഷീണം ഉറക്കത്തിലേക്ക് തള്ളി വീഴുത്തുന്നുമുണ്ട്. എങ്കിലും നമുക്കായി മാത്രം ഉയരുന്ന ഒരു ആർപ്പുവിളി ഉണ്ടാകും. അപ്പോൾ നമ്മൾ കുടഞ്ഞെഴുന്നേൽക്കും. നമ്മെ അന്വേഷിച്ച് ഒരുവൻ ഇങ്ങോട്ട് വരുന്നുണ്ട്. നമ്മിലെ പ്രകാശത്തെ അവൻ സ്വീകരിക്കും. എന്നിട്ട് അവന്റെ വിരുന്നു ശാലയിൽ നമ്മളെ പങ്കുകാരുമാകും. അപ്പോഴും ഒരു ചോദ്യം ബാക്കി നിൽക്കുന്നുണ്ട്. അവന്റെ വരവ് വരെ തെളിഞ്ഞു നിൽക്കുവാൻ സാധിക്കുന്ന ഏതെങ്കിലും നന്മ നമ്മുടെ ഉള്ളിലുണ്ടോ?

vox_editor

Recent Posts

15th Sunday_Ordinary Time_നീ സ്നേഹിക്കണം (ലൂക്കാ 10: 25 – 37)

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…

1 week ago

14th Sunday_Ordinary Time_സുവിശേഷാത്മകമാകട്ടെ നമ്മുടെ ജീവിതം (ലൂക്കാ 10: 1-12, 17-20)

ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…

2 weeks ago

ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം: ലിയോ പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ഥനാ നിയോഗം

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…

2 weeks ago

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലോണിയുമായി കൂടികാഴ്ച നടത്തി ലിയോ 14-ാമന്‍ പാപ്പ.

അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…

2 weeks ago

ഇടയന്റെ ഹൃദയം (ലൂക്കാ 15: 3-7) യേശുവിന്റെ തിരുഹൃദയത്തിരുനാൾ ഇന്നത്തെ വചന വായന തുടങ്ങുന്നത് ഇടയനായ കർത്താവിന്റെ മനോഹരമായ ഒരു…

3 weeks ago

സ്നേഹത്തിന്റെ കൂട്ടായ്മ (ലൂക്കാ 9: 10-17)

പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…

4 weeks ago