ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ
ഒരു വിവാഹ വിരുന്ന് നടക്കുന്നുണ്ട്. രാജകുമാരൻ വിവാഹിതനാകുന്നു. രാജ്യത്തിന്റെ അനന്തരാവകാശിയുടെ വിവാഹം. പക്ഷേ ആ വിരുന്നിൽ പങ്കുചേരുവാൻ ആർക്കും ഒരു താൽപര്യവുമില്ല. ക്ഷണിതാക്കൾ എല്ലാവരും തന്നെ പല പല ഒഴിവുകൾ പറഞ്ഞു മാറി നിൽക്കുന്നു. തോറ്റു പോയ ഒരു രാജാവിന്റെ ഛായചിത്രം വരികളുടെ ഇടയിലുണ്ട്. എന്നിട്ടും ആ രാജാവ് പിന്മാറുന്നില്ല. വീണ്ടും ക്ഷണക്കത്തുമായി ദൂതന്മാരെ വിടുന്നു. എന്തേ ക്ഷണിതാക്കളെല്ലാവരും ഒഴിഞ്ഞുമാറുന്നത്? എന്തേ മനോഹരമായ വിരുന്നിന്റെ പശ്ചാത്തലത്തിൽ രക്തച്ചൊരിച്ചിലിന്റെയും അഗ്നിയുടെയും ആഖ്യാനങ്ങൾ കടന്നുവരുന്നത്? കാരണം വളരെ വ്യക്തമാണ്. ഉപമ പറയുന്നത് ക്രിസ്തുവിന്റെ കഥയാണ്, ഇസ്രായേലിന്റെ ചരിത്രമാണ്, ജെറുസലേമിന്റെ വിധിയാണ്.
അനന്തരം രാജാവ് ഭൃത്യന്മാരോട് പറഞ്ഞു: “നിങ്ങള്‍ വഴിക്കവലകളില്‍ ചെന്ന് അവിടെ കണ്ടെത്തുന്നവരെയെല്ലാം വിവാഹവിരുന്നിനു ക്ഷണിക്കുവിന്‍”( v.9). ഇത് മൂന്നാമത്തെ പ്രാവശ്യമാണ് രാജാവ് തന്റെ ഭൃത്യന്മാരെ പുറത്തേക്ക് അയക്കുന്നത്. പുറത്തേക്കിറങ്ങുന്ന ഒരു സഭ, വഴി കവലകളിലും ചേരികളിലുമുള്ളവരെ വിരുന്നിലേക്കാനയിക്കുന്ന ഒരു സഭ, ആ സഭയുടെ ഒരു ചിത്രം ഇവിടെ തെളിയുന്നുണ്ട്. ചില ഹൃദയങ്ങളുടെ വാതിലുകൾ കൊട്ടിയടച്ചാലും കർത്താവ് നിരുത്സാഹനാകുന്നില്ല. അവന്റെ ചിന്ത എന്നും വിസ്മനീയമാണ്. നീ നിന്റെ ഹൃദയം കൊട്ടിയടച്ചു കൊണ്ട് അവനെ തോൽപ്പിക്കുകയാണെങ്കിൽ അവൻ തോൽക്കുമെന്ന് വിചാരിക്കരുത്. തുറവിയുള്ള ഹൃദയങ്ങളിലേക്ക് അവൻ തന്റെ ഭൃത്യരെ അയക്കും.
ഏകനായ ദൈവം എന്ന സങ്കല്പത്തിന് വിപരീതമാണ് ഈ ഉപമ. ആനന്ദത്തിന്റെ പൂർണ്ണതയായ ദൈവം ഒറ്റയ്ക്കത് അനുഭവിക്കുന്നില്ല. അവനത് പങ്കുവയ്ക്കുന്നു. വഴിയരികിലിരിക്കുന്നവരാണെങ്കിലും ശരി ആ ആനന്ദത്തിൽ പങ്കുചേരാം. അതിനു പ്രത്യേക യോഗ്യതയൊന്നും വേണ്ട. വംശമോ, വർണ്ണമോ, ധാർമികതയോ അവിടെ കണക്കാക്കുന്നില്ല. വിരുന്നിലേക്കുള്ള ക്ഷണം തീർത്തും സൗജന്യമാണ്. അത് ആരെയും മാറ്റി നിർത്തുന്നുമില്ല.
ഇത്തിരി ക്ഷണിതാക്കളിൽ നിന്നും ഒത്തിരി ക്ഷണിതാക്കളിലേക്കുള്ള ഒരു പരിണാമം ഉപമയുടെ ആഖ്യാനം സാധ്യമാക്കുന്നുണ്ട്. പ്രധാനപ്പെട്ട വ്യക്തികളിൽനിന്നും വഴിയരികിലെ നിസ്വരിലേക്ക്. വിരുന്നുശാല ഇപ്പോൾ വഴിയരികിലെ ദുഷ്ടരെയും ശിഷ്ടരെയും കൊണ്ട് നിറഞ്ഞിരിക്കുന്നു.
പരിപൂർണ്ണർ എന്ന് വിചാരിച്ചിരുന്നവർ ഇപ്പോൾ വിരുന്നു ശാലയിൽ അതിഥികളായില്ല. പൂർണതയുടെ വെൺമയിൽ ചരിക്കുന്നവരെ രാജാവിന് ഇനി ആവശ്യമില്ല. അവനു വേണ്ടത് വഴിയരികിലെ ആ പച്ച മനുഷ്യരെയാണ്. അവരെ വേണമെങ്കിൽ ദുഷ്ടരെന്നോ ശിഷ്ടരെന്നോ എന്തുവേണമെങ്കിലും വിളിച്ചു കൊള്ളുക. അപ്പോഴും ഒരു കാര്യം ഓർക്കണം, അവരെല്ലാവരും ദൈവത്തിന്റെ അതിഥികളാണ്. ഇതാണ് പറുദീസ. നിറയെ വിശുദ്ധരുള്ള ഇടമല്ലേ പറുദീസ? അല്ല. പശ്ചാത്തപിച്ച പാപികളുള്ള ഇടമാണത്. അവിടെയുള്ളത് നമ്മെപ്പോലെയുള്ളവരാണ്. ഇടറിയ ജീവിതത്തിന്റെ ഉടമകൾ.
അതിഥികളെ കാണാൻ രാജാവ് വിരുന്നു ശാലയിലേക്ക് കടന്നുവരുന്ന ഒരു രംഗമുണ്ട് ഉപമയിൽ. അതാണ് യേശു വിഭാവനംചെയ്യുന്ന ദൈവ സങ്കല്പത്തിന്റെ തനിമയും ലാവണ്യവും. ഇത്രയും നാളും നമ്മൾ കരുതിയിരുന്നത് ദൈവം അകലങ്ങളിൽ ഏകനായി മഹത്വത്തിന്റെ സിംഹാസനത്തിലിരിക്കുന്ന ന്യായാധിപനാണെന്നായിരുന്നു. പക്ഷേ ഇതാ ജീവിതത്തിന്റെ ശാലയിലേക്ക് കടന്നുവരുന്ന ഒരു ദൈവം. മനുഷ്യ ഹൃദയങ്ങളുടെ സ്പന്ദനങ്ങളെ തൊട്ടറിയാൻ പാകത്തിൽ അടുത്തുനിൽക്കുന്ന ഒരു ദൈവം. എന്റെ സന്തോഷത്തിന്റെയും സങ്കടങ്ങളുടെയും ദിനങ്ങളിൽ കൂടെ നിൽക്കുന്ന ഒരു ദൈവം. എന്റെ സ്വത്വത്തിന്റെ മർമ്മത്തിനുള്ളിലും ജീവിതത്തിന്റെ കാതലിനുള്ളിലും ഉപവിഷ്ടനായിരിക്കുന്ന ഒരു ദൈവം.
അപ്പോൾ അവൻ വിവാഹ വസ്ത്രം ധരിക്കാത്ത ഒരാളെ അവിടെ കണ്ടു (v.11). ഓർക്കണം ശാലയിൽ ഉള്ളവർ എല്ലാവരും തെരുവിൽ നിന്നും വന്നവരാണെന്ന കാര്യം. എന്നിട്ടും അവർക്ക് എല്ലാവർക്കും തന്നെ വിവാഹവസ്ത്രമുണ്ട്. വിരുന്നിന്റെ അന്തസ്സിനോട് ചേരുന്ന വസ്ത്രമാണത്. അറിയില്ല അവർക്ക് അത് എവിടെ നിന്നും കിട്ടിയെന്ന്. പക്ഷേ ഒരാൾ മാത്രം അതിന്റെ അന്തസ്സിന് നിരക്കാത്ത സാന്നിധ്യമായി ശാലയുടെ ഉള്ളിൽ നിൽക്കുന്നു. എന്തേ ഇവിടെ നടക്കുന്നത് ഒരു വിരുന്നാണെന്ന് അവൻ മനസ്സിലാക്കുന്നില്ല? നേരിട്ട് കണ്ടിട്ടും വിശ്വസിക്കാത്തവനാണവൻ. അനുതപിക്കുന്ന പാപിക്കുവേണ്ടി വിരുന്നൊരുക്കുന്നവനാണ് ദൈവം എന്ന് ഇനിയും മനസ്സിലാകാത്തവനാണവൻ. അങ്ങനെയുള്ളവർക്ക് യോജിച്ച ഒരിടമില്ല ഈ വിരുന്നു ശാല. അവർ പുറത്തെ അന്ധകാരത്തിൽ തന്നെ കഴിഞ്ഞു കൊള്ളട്ടെ. സമൂഹം പാപികളെന്ന് വിളിക്കുന്നവരുടെ ഭവനങ്ങളിലെ വിരുന്നുകളിൽ പങ്കെടുത്തിരുന്ന നസ്രായന്റെ ആഖ്യാനങ്ങളിൽ കരുണാമയനായ ദൈവത്തെ കാണാത്തവനാണ് ആ വിവാഹ വസ്ത്രം ധരിക്കാത്തവൻ. അവന് അറിയാം ദൈവം കരുണാമയനാണ് എന്ന കാര്യം, പക്ഷേ അത് അറിയില്ലാത്ത പോലെ നടിക്കുന്നു. അത് കാപട്യമാണ്. കാപട്യവും ആനന്ദവും ഒരിക്കലും ഒന്നിച്ചു പോകില്ല. അതുകൊണ്ടുതന്നെ അവനു വിരുന്നു ശാലയിൽ നിൽക്കുവാൻ സാധിക്കില്ല. അവന്റെ ഇടം പുറത്തെ അന്ധകാരം തന്നെയാണ്.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്‌ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന് വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.