Meditation

26th Sunday_Year B_യേശുവിന്റെ പക്ഷം (മർക്കോ 9:38-48)

ഞങ്ങളെന്ന ചട്ടക്കൂടിൽ ഒതുങ്ങുന്ന മതാത്മകതയല്ല, നമ്മളെന്ന വിഹായസ്സിനെ ആലിംഗനം ചെയ്യുന്ന മാനുഷികതയാണ് ക്രിസ്തുവിന്റെ സുവിശേഷം...

ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ

“ഗുരോ, നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങൾ കണ്ടു. ഞങ്ങൾ അവനെ തടഞ്ഞു” (v.38). പറയുന്നത് മറ്റാരുമല്ല, യോഹന്നാനാണ്; യേശു സ്നേഹിക്കുന്നവൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന യോഹന്നാൻ. എന്തിനാണ് അവൻ അയാളെ തടഞ്ഞത്? കാരണം, അയാൾ നമ്മുടെ കൂടെയല്ല എന്നതാണ്. നമ്മുടെ കൂടെയല്ലാത്തവർ നന്മകളൊന്നും ചെയ്യരുതെന്ന യുക്തിയല്ലേ ഇത്? ക്രിസ്തു നാമത്തെ പ്രതി നീ ചെയ്യുന്ന നന്മകളല്ല ഞങ്ങൾക്ക് വേണ്ടത്, മറിച്ച് നീ ഞങ്ങളുടെ കൂട്ടത്തിൽ  അംഗമാകണമെന്നതാണ്. വർഗീയതയുടെ ഒരു പ്രത്യയശാസ്ത്രമാണത്. അതാണ് യോഹന്നാൻ യേശുവിന്റെ മുൻപിൽ അവതരിപ്പിക്കുന്നത്. ഞങ്ങൾ എന്ന ചിന്ത ആത്മരതിയായി മാറുമ്പോൾ വർഗീയതയുടെ വിത്തുകൾ ഹൃദയത്തിൽ പൊട്ടിമുളക്കും. അത് പിന്നെ ചെടിയാകും, മരമാകും. ആ മരത്തിൽ ചില്ലകൾ ഉണ്ടാകില്ല. ഒരു കിളികുഞ്ഞിന് പോലും കൂടൊരുക്കാൻ അനുവദിക്കാതെ ഞങ്ങളെന്ന ആത്മരതിയുടെ കറുത്ത മുള്ളുകളും പേറിക്കൊണ്ട് ആകാശംമുട്ടെ വളരും. പക്ഷേ സ്വർഗ്ഗം കാണില്ല.

അതുകൊണ്ടാണ് യേശു യോഹന്നാനോട് പറയുന്നത്; “അയാളെ തടയേണ്ട. കാരണം, നന്മ ചെയ്യുന്നവന് ദൂഷണം പറയാൻ സാധിക്കില്ല”. എത്ര മനോഹരവും തുറവിയുള്ളതുമാണ് ഈ ചിന്ത. ഈ തുറവിയാണ് ശിഷ്യന്മാർക്ക് ഇല്ലാത്തത്. അതുകൊണ്ടാണ് അവർ നന്മകളുടെ കുത്തകവകാശം സ്വന്തമാക്കാൻ ശ്രമിക്കുന്നത്. പക്ഷേ, യേശു അതിനപ്പുറത്തേക്ക് ചിന്തിക്കുകയാണ്. കാരണം, അതിരുകളില്ലാത്തവനാണവൻ. ഞങ്ങളെന്ന ആത്മരതിയുടെ അതിരുകളിൽ അവനെ അടച്ചിടാമെന്നു കരുതരുത്. അവൻ ശിഷ്യന്മാരുടെ കുത്തകയല്ല. അവനു ഒരു പക്ഷമേയുള്ളൂ, അത് ആർദ്രതയുടെ പക്ഷമാണ്. അതുപോലെതന്നെ ആർദ്ര മനസ്സുള്ളവർ എല്ലാവരും അവന്റെ പക്ഷത്തുമാണ്. കാരണം, അവനറിയാം അവർക്ക് മാത്രമേ മണ്ണിൽ വസന്തം വിരിയിക്കാനും സ്വാതന്ത്രത്തിന്റെ വിഹായസ്സിലേക്ക് വാതിലുകൾ തുറന്നു കൊടുക്കാനും സാധിക്കൂവെന്ന്.

ഞങ്ങളെന്ന ചട്ടക്കൂടിൽ ഒതുങ്ങുന്ന മതാത്മകതയല്ല, നമ്മളെന്ന വിഹായസ്സിനെ ആലിംഗനം ചെയ്യുന്ന മാനുഷികതയാണ് ക്രിസ്തുവിന്റെ സുവിശേഷം. അവിടെ സഹജൻ ഒരു ഭയമല്ല, ഒരുപാത്രം വെള്ളം കുടിക്കാൻ തരുന്ന നന്മയുടെ പ്രതീകമാണ്. അവൻ ചെയ്യുന്ന നന്മകളെ കാകദൃഷ്ടിയോടെ വീക്ഷിക്കുന്നത് ക്രിസ്തീയ യുക്തിയല്ല, ഏതു നന്മയെയും നന്മയായി അംഗീകരിക്കുന്നതാണ് ക്രൈസ്തവികത. സഹജനെ ശത്രുവായി കാണുന്നതല്ല സുവിശേഷം, അവനിൽ നിന്നും ഒരുപാത്രം വെള്ളം വാങ്ങി കുടിക്കാൻ ഉതകുന്ന എളിമയുള്ള മനസ്സാണ്.

ഒരു പാത്രം വെള്ളമാണ് ഈ സുവിശേഷ ഭാഗത്തിന്റെ ചാരുത. ആ ഒരു പാത്രം വെള്ളത്തിൽ സുവിശേഷം മുഴുവനുമുണ്ട്. എളിയവരിൽ ആർക്കെങ്കിലും ഒരു പാത്രം വെള്ളം നൽകിയാൽ അത് തനിക്ക് നൽകുന്നതിന് തുല്യമാണെന്ന് പഠിപ്പിച്ചവനാണ് യേശു. ആ ഒരു പാത്രം വെള്ളത്തിന്റെ യുക്തിയാണ് അന്ത്യവിധിയിലെ ആദ്യ ചോദ്യവും ആശ്വാസവും: എനിക്ക് ദാഹിച്ചു; നിങ്ങൾ കുടിക്കാൻ തന്നു (മത്താ 25:35). സഹജനെ ശത്രുവായി കാണാതെ അവനിൽ നിന്നും ഒരു പാത്രം വെള്ളം വാങ്ങി കുടിക്കാൻ പറ്റുന്ന എളിമയാണ് യഥാർത്ഥ ക്രൈസ്തവികത. വെള്ളം നൽകുന്നത് മാത്രമല്ല, വാങ്ങി കുടിക്കുന്നതും വിശുദ്ധിയാണ്.

അതുകൊണ്ടാണ് അവൻ ഇടർച്ചയുടെ പാഠം ശിഷ്യന്മാർക്ക് ഓതിക്കൊടുക്കുന്നത്. എളിയവർക്ക് ഇടർച്ച വരുത്തുന്നതിനേക്കാൾ നല്ലത് ഒരു വലിയ തിരികല്ലു കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്. കണ്ണോ കരങ്ങളോ ഇടർച്ചയാകുന്നുണ്ടോ? പിഴുതെറിയുക, മുറിച്ചുമാറ്റുക. പ്രതീകാത്മകമായ ഭാഷയാണിത്. തമാശയായി കരുതേണ്ടതല്ല ക്രൈസ്തവജീവിതം. ആർക്കും ഒരു ഇടർച്ചയാകരുത്. എന്താണ് ഇടർച്ച?സഹജരുടെ നന്മകളെ അംഗീകരിക്കാതിരിക്കലാണത്. നന്മയെ നന്മയായി കാണാൻ കഴിയാത്തവന് കണ്ണുകൾ കൊണ്ട് എന്ത് പ്രയോജനം? ഒരുപാത്രം വെള്ളം നൽകുവാനുള്ള മനസ്സോ സ്വീകരിക്കുവാനുള്ള എളിമയോ ഇല്ലായെങ്കിൽ ആ കരങ്ങൾ കൊണ്ട് എന്തു പ്രയോജനമാണുള്ളത്? ചുരുക്കിപ്പറഞ്ഞാൽ സഹജരുടെ നന്മകളെ അംഗീകരിക്കാതെ ഞങ്ങളെന്ന ആത്മരതിയിൽ അഭിരമിക്കുന്നതിനേക്കാൾ നല്ലത് ഒരു വലിയ തിരികല്ലു കഴുത്തിൽ കെട്ടി കടലിൽ എറിയപ്പെടുന്നതാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker