Meditation

26th Sunday Ordinary_Year A_അടിമയോ പുത്രനോ? (മത്താ 21:28-32)

നമ്മൾ നിറവേറ്റേണ്ട ഒരു ഉത്തരവാദിത്വമല്ല ദൈവം, നമ്മെ വിസ്മയിപ്പിക്കുന്ന സ്വാതന്ത്ര്യമാണ്...

ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ

നിനക്കെന്തധികാരം എന്ന ചോദ്യത്തിന് ചോദ്യകർത്താക്കളെ കൊണ്ടു തന്നെ ഉത്തരം പറയിപ്പിച്ച യേശു പിന്നീട് പറയുന്നത് വ്യത്യസ്ത സ്വഭാവമുള്ള രണ്ടു പുത്രന്മാരുടെ ഉപമയാണ്. “ഒരു മനുഷ്യന് രണ്ടു പുത്രന്മാരുണ്ടായിരുന്നു”. ധൂർത്തപുത്രന്റെ ഉപമ തുടങ്ങുന്നതു പോലെയുള്ള പ്രതീതി, അല്ലേ? അതേ, പക്ഷെ ഇത് ധൂർത്തപുത്രന്റെ ഉപമയല്ല. എങ്കിലും വായിച്ചു ചെല്ലുമ്പോൾ ആ ഉപമയുടെ ചെറിയൊരു രൂപമാണോ ഈ സുവിശേഷ ഭാഗമെന്ന് സംശയിച്ചു പോകുന്നു. രണ്ട് ഉപമകളും തമ്മിൽ ആശയപരമായി ഒത്തിരി ബന്ധമുള്ളതുപോലെ തോന്നുന്നു.

മുന്തിരിത്തോട്ടത്തിൽ പോയി ഒന്ന് ജോലി ചെയ്യാമോ എന്നതാണ് പുത്രന്മാരോടുള്ള പിതാവിന്റെ അഭ്യർത്ഥന. ആദ്യത്തവൻ പോകാമെന്ന് പറയുന്നുണ്ട്, പക്ഷേ പോകുന്നില്ല. രണ്ടാമത്തവൻ പോകില്ല എന്ന് പറയുന്നു, പക്ഷേ പിന്നീട് മനസ്തപിച്ച് തോട്ടത്തിലേക്ക് പോകുന്നു. അടിമ മനോഭാവം ഉള്ളവനാണ് ആദ്യത്തവൻ. പിതാവുമായുള്ള അവന്റെ ബന്ധം ഭയത്തിലധിഷ്ഠിതമാണ്. രണ്ടാമത്തവൻ വിപ്ലവകാരിയാണ്. മുഖത്തു നോക്കി ഇല്ല എന്നു പറയാൻ ധൈര്യമുള്ളവൻ. പക്ഷേ എല്ലാ വിപ്ലവകാരികളെ പോലെതന്നെ അവനും ഏകാന്തതയിൽ നൊമ്പരം കൊള്ളുന്നവനായിരുന്നു. അതുകൊണ്ടുതന്നെ അവൻ തീരുമാനം മാറ്റുന്നു. അവൻ തോട്ടത്തിലേക്ക് പോകുന്നു. ഒരു ലത്തീൻ പ്രമാണവാക്യമുണ്ട്: “Sapientis est mutare consilium”. ഇന്നലെ എടുത്ത തീരുമാനം തെറ്റാണെന്ന് കണ്ടാൽ അത് തിരുത്താൻ തയ്യാറാകുന്നവനാണ് യഥാർത്ഥ ജ്ഞാനി എന്ന് വിവക്ഷ. അതാണ് യഥാർത്ഥ വിപ്ലവം.

ഈ പിതാവിന്റെ രണ്ടു പുത്രന്മാരും വ്യത്യസ്തരാണെങ്കിലും പിതാവിനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ സാമ്യമുള്ളതാണ്; അധികാരി തുല്യനായ ഒരു പിതാവ്. ഒന്നുങ്കിൽ കീഴ്പ്പെട്ടു നിൽക്കാം അല്ലെങ്കിൽ എതിർത്തു നിൽക്കാം. രണ്ടായാലും അത്യന്തികമായി പിതാവിനെ ഒഴിവാക്കി നിർത്തുക എന്ന തന്ത്രമാണ് രണ്ടിന്റെയും പിന്നിലുള്ളത്. പക്ഷെ രണ്ടാമത്തവൻ പിതാവിനോടുള്ള അവന്റെ എതിർപ്പിനെ സ്വയം ഇല്ലാതാക്കുന്നുണ്ട്. അവൻ പശ്ചാത്തപിക്കുന്നു. ഇവിടെ പശ്ചാത്താപം കൊണ്ടർത്ഥമാക്കുന്നത് പിതാവിനോടുണ്ടായിരുന്ന അവന്റെ കാഴ്ചപ്പാടിന്റെ മാറ്റമാണ്. മുന്തിരിത്തോപ്പ് അവനെ സംബന്ധിച്ച് പിതാവിന് കീഴ്പെട്ടു കഷ്ടപ്പെട്ട് പണിയെടുക്കേണ്ട ഒരു ഇടമല്ല എന്ന് അവൻ തിരിച്ചറിയുന്നു. ആ തോട്ടം തന്റെ കുടുംബത്തിന്റെ ഭാഗമാണെന്നും, ആ തോട്ടത്തിൽ ആനന്ദം വിളയുന്നുണ്ടെന്നും, അതിന്റെ ഉടമസ്ഥൻ തന്റെ പിതാവാണെന്നും അവനു ബോധോദയമുണ്ടാകുന്നു. ഇതു താൻ ആ പിതാവിന്റെ മകനാണ് എന്ന ബോധ്യമാണ്. അടിമ മനസ്സുള്ളവർക്ക് ഇല്ലാത്തതും ഇതുതന്നെയായിരിക്കും.

ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം: “ഈ രണ്ടു പേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?” (v.31). വേണമെങ്കിൽ മറ്റൊരു ചോദ്യം നമുക്കും ചോദിക്കാവുന്നതാണ്; തന്റെ മക്കൾക്ക് അനുസരണയുണ്ടോ എന്ന് പരീക്ഷിക്കുന്നതും ദൈവത്തിന്റെ ഇഷ്ടമാണോ? അല്ല. ഈ ലോകം ഫലമണിഞ്ഞു നിൽക്കുന്ന മുന്തിരിത്തോപ്പ് പോലെയാക്കുക എന്നതാണ് അവന്റെ ഇഷ്ടം. ഈ ഭൂമിയെ സ്വതന്ത്രരായ മക്കൾ വസിക്കുന്ന ഭവനം പോലെയാക്കുക എന്നതാണ്.

യേശു തന്റെ വാക്കുകൾ പിന്നെയും തുടരുന്നുണ്ട്. അവൻ ഉറപ്പിച്ചു പറയുന്നു പാപികൾക്കാണ് സ്വർഗ്ഗരാജ്യം. നോക്കുക, അവർ ആദ്യം പിതാവിനെ നിരാകരിച്ചു എന്നത് സത്യമാണ്, പക്ഷേ അവർ ഏകാന്തതയിൽ നൊമ്പരപ്പെടുകയും പിന്നീട് ജീവിതം തന്നെ മാറ്റുകയും ചെയ്യുന്നുണ്ട്. നിരന്തരം പിതാവിന്റെ മുമ്പിൽ നിന്നുകൊണ്ട് “അതെ” എന്നുപറയുന്ന നമ്മോട് തന്നെയാണ് യേശു ഈ ഉപമ പറയുന്നതെന്നും ഓർക്കണം. പേരുകൊണ്ട് ക്രിസ്ത്യാനിയായിരിക്കുകയും ഉള്ളുകൊണ്ട് ക്രിസ്തുവിനെ കാതങ്ങൾക്കകലെ നിർത്തുകയും ചെയ്യുന്നവരോടും കൂടിയാണ് ഈ ഉപമ പറയുന്നത്. വിശ്വാസിയാകണോ വിശ്വസ്തനാകണോ എന്നത് തന്നെയാണ് ഏറ്റവും അത്യന്തികമായ ചോദ്യവുമെന്ന് നമുക്ക് മറക്കാതിരിക്കാം. വിശ്വാസിയാകാൻ എളുപ്പമാണ്. ഇത്തിരി അടിമ ഭാവം ഉണ്ടായാൽ മാത്രം മതി. പക്ഷേ വിശ്വസ്തനാകണമെങ്കിൽ ഇത്തിരി ധൈര്യം വേണം, പുത്ര മനോഭാവത്തിന്റെ ധൈര്യം.

സ്വർഗ്ഗരാജ്യം പാപികൾക്കുള്ളതാണെന്ന യേശുവിന്റെ വാക്കുകൾ ഒത്തിരി ആശ്വാസദായകമാണ്. നമ്മുടെ ഇന്നലെകളിലെ കുറവുകളിലേക്ക് എത്തിനോക്കാത്ത ഒരു ദൈവത്തിന്റെ ചിത്രം അതിലുണ്ട്. ആ ദൈവത്തിന് എല്ലാവരിലും വിശ്വാസമുണ്ട്. ചുങ്കക്കാരിലും വേശ്യകളിലും വിശ്വസിക്കുന്നതുപോലെ അവൻ നമ്മിലും വിശ്വസിക്കുന്നു. നമ്മുടെ എതിർപ്പുകളിലും കുതറിമാറലുകളുടെ ഇടയിലും അവൻ നമ്മിൽ വിശ്വസിക്കുന്നു. നമ്മുടെ നിശബ്ദതയിൽ അവൻ ഹൃദയ തുടിപ്പായി മാറുന്നു. അപ്പോഴും ഓർക്കണം, നമ്മൾ നിറവേറ്റേണ്ട ഒരു ഉത്തരവാദിത്വമല്ല ദൈവം. നമ്മെ വിസ്മയിപ്പിക്കുന്ന സ്വാതന്ത്ര്യമാണ്. നമുക്ക് ആനന്ദം പകരുന്ന നറുമുന്തിരി വീഞ്ഞാണ് അവൻ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker