ആണ്ടുവട്ടം ഇരുപത്തിമൂന്നാം ഞായർ
ഒന്നാം വായന: എസക്കിയേൽ 33:7-9
രണ്ടാം വായന: റോമ. 13:8-10
സുവിശേഷം: വി.മത്തായി 18:15-20.
ദിവ്യബലിക്ക് ആമുഖം
വ്യക്തികൾ തുടങ്ങി രാജ്യങ്ങൾ തമ്മിൽ വരെ കലഹങ്ങൾ ഉണ്ടാകാറുണ്ട്. ക്രൈസ്തവ ജീവിതത്തിന്റെ പ്രത്യേകത കലഹങ്ങൾ ഉണ്ടാകരുത് എന്നതിലല്ല, മറിച്ച് കലഹങ്ങളെയും, തെറ്റിദ്ധാരണകളെയും, പ്രതിസന്ധികളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ്. ഇന്നു നാം ശ്രവിക്കുന്ന വി.മത്തായിയുടെ സുവിശേഷത്തിൽ യേശുവും, ഒന്നാം വായനയിൽ എസക്കിയേൽ പ്രവാചകനും, രണ്ടാം വായനയിൽ വിശുദ്ധ പൗലോസ് അപ്പോസ്തലനും നമുക്ക് ഇതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലിയർപ്പിക്കാനുമായി നമുക്ക് ഒരുങ്ങാം.
വചനപ്രഘോഷണം കർമ്മം
യേശുവിൽ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരന്മാരെ;
“അമ്മയെ അവൻ/അവൾ എന്നെ വീണ്ടും നുള്ളി” എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് അമ്മയുടെ അടുത്തേക്ക് സഹോദരനെ അല്ലെങ്കിൽ സഹോദരിയെ കുറിച്ച് പരാതി പറയാൻ വരുന്ന കുഞ്ഞുങ്ങളെ നമ്മുടെ കുടുംബങ്ങളിലെല്ലാം നാം കാണാറുണ്ട്. നഴ്സറി ക്ലാസുകളിലും, മതബോധന ക്ലാസുകളിൽ സ്കൂളുകളിലും തത്തുല്യമായ ഒരു സാഹചര്യം നാം കാണാറുണ്ട്. എന്നാൽ, ഇതേ കുട്ടി വലുതാകുന്നതനുസരിച്ച് പരാതിയുമായി ആരെയെങ്കിലും സമീപിക്കാതെ സ്വയം അതിനു പരിഹാരം കാണാൻ ശ്രമിക്കുന്നു. നാമതിനെ ‘പക്വത’ എന്ന് വിളിക്കാറുണ്ട്. അങ്ങനെ പക്വമായ രീതിയിൽ പരസ്പരം തിരുത്തിക്കൊണ്ട് (ഇടവക) സമൂഹത്തിൽ ജീവിക്കേണ്ടത് എങ്ങനെയെന്ന് ഇന്നത്തെ സുവിശേഷത്തിൽ യേശു പഠിപ്പിക്കുന്നു.
എല്ലാം സഹോദരനെ നേടുന്നതിനുവേണ്ടി
മൂന്നു തലങ്ങളിലൂടെ ഒരു സഹോദരനെ കൂട്ടായ്മയിൽ നിലനിർത്താനും, അവനുമായി രമ്യതപ്പെടാനും യേശു പഠിപ്പിക്കുന്നു.
ഒന്നാമതായി; തെറ്റ് ചെയ്ത സഹോദരനും ഞാനും മാത്രം ആയിരിക്കുമ്പോൾ അവന് തെറ്റ് ബോധ്യപ്പെടുത്തുക എന്നതാണ്. കേൾക്കുമ്പോൾ എളുപ്പം ആണെന്ന് തോന്നുന്നു എങ്കിലും, നടപ്പിലാക്കാൻ പ്രയാസമുള്ള കാര്യമാണ്.
രണ്ടാമതായി; (ഇടവക) കൂട്ടായ്മയിലെ ഒന്നോ രണ്ടോ സാക്ഷികളെ കൂട്ടി അവനുമായി സംസാരിക്കുകയാണ്. സാക്ഷികളുമായി സംസാരിക്കുക എന്നത് ഒരു പുരാതന രീതിയാണ്. പഴയനിയമത്തിലും നാം ഇത് കാണുന്നുണ്ട് (നിയമാവർത്തനം 19:15) ഈ രീതി അവലംബിച്ചു കൊണ്ട് സാക്ഷികൾ അല്ലെങ്കിലും മൂന്നാമതൊരു വ്യക്തിയെ കൂടെ കൂട്ടി തർക്കത്തിനും, തെറ്റിനും പരിഹാരം കണ്ടെത്തുന്ന രീതി ആധുനിക സാമൂഹ്യശാസ്ത്രത്തിലും, ആധുനിക മന:ശാസ്ത്രത്തിലുമുണ്ട്. കുടുംബ കൗൺസിലിങ്ങും, ഒരു മധ്യസ്ഥന്റെ കീഴിലെ തീർപ്പുകല്പിക്കലും എല്ലാം ഈ രീതിയുടെ വകഭേദങ്ങളാണ്. ഇവിടെ കൂടെ കൂട്ടുന്ന സാക്ഷികൾ എന്നത് പ്രശ്നം രൂക്ഷമാക്കുന്നവരല്ല, മറിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാകണം.
മൂന്നാമത്തെ തലമെന്നത്; ആദ്യ രണ്ടു വഴികളിലും രമ്യതപ്പെടാത്ത വ്യക്തിയെ സഭയുടെ മുന്നിൽ എത്തിക്കുകയാണ്. എന്നാൽ, സഭയെയും അനുസരിക്കുന്നില്ലെങ്കിൽ അവൻ “വിജാതീയനും, ചുങ്കക്കാരനെയും” പോലെയാണ്. യേശുവിന്റെ കാലത്ത് അവമതിപ്പോടെ കണ്ടിരുന്ന, പുറത്തു നിർത്താൻ ആഗ്രഹിച്ച വിഭാഗങ്ങളാണിവർ. ഇവിടെ തെറ്റ് ചെയ്തവർ പുറത്തു നിൽക്കാൻ സ്വയം ആഗ്രഹിക്കുകയാണ്.
കൂട്ടായ്മയിലേക്കും, സൗഹൃദത്തിലേക്കും, സ്നേഹത്തിലേക്കും ആരെയും നിർബന്ധിക്കാൻ സാധ്യമല്ല. ഇവിടെ സഭയെടുക്കുന്ന തീരുമാനത്തെ സാധൂകരിക്കാനായി പത്രോസ് അപ്പോസ്തലന് അധികാരം നൽകിക്കൊണ്ട് പറയുന്ന വാക്കുകളെ യേശു സഭയോടും ആവർത്തിക്കുന്നു: “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും”. യേശു പറഞ്ഞ മൂന്നു തലങ്ങളും സഹോദരനെ ശിക്ഷിക്കാനോ, ശാസിക്കാനോ അല്ല, മറിച്ച് അവനെ നേടാനാണ്.
ഏറ്റവും ചെറിയ പ്രാർത്ഥിക്കുന്ന സമൂഹം
കൂട്ടായ്മയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് യേശു തുടർന്നു പറയുന്ന വാക്കുകൾ ഇപ്രകാരമാണ്: “ഭൂമിയിൽ നിങ്ങളിൽ രണ്ടുപേർ യോജിച്ച് ചോദിക്കുന്ന ഏതുകാര്യവും, എന്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിറവേറ്റി തരും. എന്തെന്നാൽ രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത്, അവരുടെ മദ്ധ്യേ ഞാൻ ഉണ്ടായിരിക്കും”. യഹൂദ പാരമ്പര്യത്തിൽ ഒരു സമൂഹ പ്രാർത്ഥനയ്ക്ക് കുറഞ്ഞത് പത്ത് പേർ വേണമെന്നുണ്ട്. എന്നാൽ, യേശു ഈ ലോകത്തിലെ ഏറ്റവും ചെറിയ സമൂഹത്തിൽ (രണ്ടോ, മൂന്നോ പേർ) സജീവസാന്നിധ്യം ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
ബൈബിൾ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈ വാക്കുകളിലൂടെ യേശു പ്രാർത്ഥനയ്ക്ക് മാത്രമല്ല, കൂട്ടായ്മയ്ക്കും പ്രാധാന്യം നൽകുകയാണ്. കാരണം, ഈ വാക്യത്തിന്റെ ഗ്രീക്കിൽ നിന്നുള്ള ഏറ്റവും സൂക്ഷ്മമായ തർജ്ജമയിൽ നിന്ന് നാം മനസ്സിലാക്കുന്നത് ഇപ്രകാരമാണ്. “രണ്ടുപേർ ഒരുമിച്ച് ഒരു കാര്യത്തെക്കുറിച്ച് ധാരണയിലെത്തുകയും, അതിനുവേണ്ടി യോജിച്ച് പ്രാർത്ഥിക്കുകയും ചെയ്താൽ സ്വർഗ്ഗസ്ഥനായ പിതാവ് അവർക്ക് അത് നൽകുമെന്നാണ്”. പ്രാർത്ഥിക്കുന്നതിനു മുൻപ് പരസ്പരം ഐക്യപ്പെടണം എന്ന് സാരം.
ധ്യാനം
യേശുവിന്റെ കാലത്തിന് മുമ്പും, യേശുവിന്റെ കാലത്തും, ആദിമസഭയിലും, ഇന്ന് നമ്മുടെ ഇടവകയിലും, കുടുംബങ്ങളിലും, എവിടെയൊക്കെ രണ്ടോ മൂന്നോ പേർ ഒരുമിച്ച് ജീവിക്കുന്നുവോ അവിടെയൊക്കെ തെറ്റുകളും, കുറ്റങ്ങളും, തെറ്റിദ്ധാരണകളും, കലഹങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ട്. ഈ അവസരത്തിൽ എങ്ങനെ സഹവർത്തിത്വത്തോടെ മുന്നോട്ടുപോകാമെന്നാണ് യേശു പഠിപ്പിക്കുന്നത്.
ഇന്നത്തെ ഒന്നാം വായനയിൽ എസക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽ ഇസ്രായേൽ ഭവനത്തിന് കാവൽക്കാരനായി പ്രവാചകനെ ദൈവം നിയമിക്കുന്നത് നാം കാണുന്നു. പ്രവാചകന്റെ കടമ ദൈവവചനത്തെ പ്രതി കൂടെയുള്ളവരെ തിരുത്തുക എന്നതാണ്.
ഇന്നത്തെ രണ്ടാമത്തെ വായനയിൽ റോമാക്കാർക്ക് ഉള്ള ലേഖനത്തിൽ ദൈവകല്പനകളെ എല്ലാം “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം” എന്ന വാക്യത്തിൽ സംഗ്രഹിക്കുന്നതിനെക്കുറിച്ച് വിശുദ്ധ പൗലോസ് അപ്പോസ്തോലൻ പറയുന്നു.
ഈ തിരു വചനങ്ങളുടെ എല്ലാം അടിസ്ഥാനത്തിലാണ് സഭാ പാരമ്പര്യത്തിൽ “correctio fraterna” അഥവാ “സാഹോദര്യപരമായ തിരുത്തൽ” എന്ന ആശയം ഉരുത്തിരിയുന്നത്. ഒരു സഹോദരന്റെ തെറ്റിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കുക അല്ല വേണ്ടത്, മറിച്ച് അവനോട് തന്നെ സൗമ്യമായും, അനുയോജ്യമായ വാക്കുകൾ ഉപയോഗിച്ചു, യാഥാർത്ഥ്യബോധത്തോടും കൂടി “അവനെ സഹോദരനായിത്തന്നെ നേടാൻ വേണ്ടി” സംസാരിക്കുകയാണ് വേണ്ടത്. നമ്മുടെ ഇടവക ജീവിതത്തിലും, കുടുംബത്തിലും, കൂട്ടായ്മകളിലുമൊക്കെ പ്രതിസന്ധി ഉണ്ടാകുമ്പോൾ യേശുവിന്റെ വാക്കുകളെ നമുക്ക് ഓർമ്മിക്കാം, അത് പ്രാവർത്തികമാക്കാം.
ആമേൻ.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില് ജോസഫ് കോര്സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്സിക്കായില് നടത്തിയ ഏകദിന സന്ദര്ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്ശനത്തില് …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില് അന്പത്തിയഞ്ചു വര്ഷങ്ങള് പൂര്ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന് ഫ്രാന്സിസ് പാപ്പാ 1969…
This website uses cookies.