Meditation

23rd Sunday_ശിഷ്യത്വത്തിന്റെ വില (ലൂക്ക 14:25-33)

ഉപേക്ഷയിലൂടെയോ ത്യാഗത്തിലൂടെയോ അല്ല ജീവിതം കെട്ടിപ്പടുക്കേണ്ടത്, അഭിനിവേശത്തിലൂടെയാകണം...

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ

വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിക്കാനായി വന്നിരിക്കുന്നു. അസ്ഥിത്വം ഇല്ലാത്ത ഗണമാണ് ജനക്കൂട്ടം. കൂട്ടത്തെ അല്ല അവനു വേണ്ടത്, വ്യക്തികളെയാണ്. അതുകൊണ്ടാണ് തന്നെ അനുഗമിക്കാൻ വരുന്നവരുടെ മുൻപിൽ ചില വ്യവസ്ഥകൾ അവൻ വയ്ക്കുന്നത്. അനുഗമിക്കൽ ശിഷ്യത്വമാകണമെങ്കിൽ സ്നേഹത്തിന്റെ അതീതമായ തലത്തെ അനുഭവിച്ചറിയണം. സ്നേഹം എന്നും ആവശ്യപ്പെടുന്നത് ബന്ധങ്ങളിലെ പ്രഥമതയും താങ്ങായി മാറുന്ന പരിപാലനയുമാണ്. അതുകൊണ്ടാണ് ശിഷ്യത്വത്തെക്കുറിച്ചു പറയുമ്പോൾ സ്നേഹവും കുരിശും പരസ്പരബന്ധിതമായി കടന്നുവരുന്നത്.

അതിരുകളിൽ വേലികെട്ടി നിർത്താത്ത സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചവനാണ് യേശു. ഉള്ളിലെ സ്നേഹം കാറ്റുപോലെ എല്ലാവരിലും എത്തണമെന്നാഗ്രഹിച്ചവനാണവൻ. അതുകൊണ്ടാണ് അവൻ വിഭാവനം ചെയ്യുന്ന സ്നേഹത്തിൽ ശത്രു എന്ന സങ്കല്പം പോലും അലിഞ്ഞില്ലാതാവുന്നത്. എന്നിട്ടും അതേ ഗുരു തന്നെയാണ് ഇപ്പോൾ ശിഷ്യത്വത്തെക്കുറിച്ച് പഠിപ്പിക്കുമ്പോൾ “വെറുക്കുക” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. അവൻ പറയുന്നു: “സ്വന്തം പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്റെ അടുത്തുവരുന്ന ആര്‍ക്കും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല” (v.26). എങ്ങനെ ഈ “വെറുക്കുക” എന്ന പദം ഇവിടെ കടന്നുകൂടി? ഈ പദത്തിന് ‘അനിഷ്ടമായി കരുതുക’, ‘വിദ്വേഷം വച്ച് പുലർത്തുക’, ‘നികൃഷ്ടമായി കരുതുക’ തുടങ്ങിയ അർത്ഥങ്ങളാണോ കൽപ്പിച്ചിരിക്കുന്നത്?

ഇങ്ങനെയുള്ള കുഴയ്ക്കുന്ന ഭാഷാപ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ ആദ്യം അവയുടെ സാംസ്കാരിക പശ്ചാത്തലം മനസ്സിലാക്കണം. ബൈബിളിലെ ഗ്രീക്ക് കൃതികളിൽ ‘വെറുക്കുക’ എന്ന സങ്കൽപ്പത്തിന് ‘മീസേയൊ’ (miseo) എന്ന പദമാണ് ഉപയോഗിക്കുന്നത്. ഇത് ഹീബ്രു ഭാഷയിലെ ‘സന’ (sanah) എന്ന പദത്തിന്റെ തർജ്ജമയാണ്. ‘സന’ എന്ന വാക്കിന്റെ അർത്ഥം ‘കുറച്ചു സ്നേഹിക്കുക’ എന്നാണ്. പക്ഷേ ‘മീസേയൊ’ എന്ന ഗ്രീക്ക് പദത്തിന് ‘വെറുക്കുക’ എന്ന വിവക്ഷയാണുള്ളത്. പദങ്ങൾ തമ്മിലുള്ള സാംസ്കാരിക വ്യത്യാസമാണിത്. സുവിശേഷത്തിൽ ‘മീസേയൊ’ എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളതെങ്കിൽത്തന്നെയും യഹൂദ സാംസ്കാരിക പശ്ചാത്തലത്തിൽ ആ വാക്കിന്റെ അർത്ഥം ‘വെറുക്കുക’ എന്നല്ല, ‘കുറച്ച് സ്നേഹിക്കുക’ എന്നാണ്. അങ്ങനെയാകുമ്പോൾ സുവിശേഷത്തിൽ യേശു പഠിപ്പിക്കുന്നത് വെറുക്കാനല്ല. ശിഷ്യനാകാൻ ആഗ്രഹിക്കുന്നവന്റെ ഉള്ളിൽ തെളിഞ്ഞു നിൽക്കേണ്ട ഏക മുഖം യേശുവിന്റെതായിരിക്കണം എന്നതാണ്. സഹജരെ വെറുത്തുകൊണ്ട് യേശുവിനെ അനുഗമിക്കണം എന്നതല്ല ഇവിടത്തെ വിഷയം, പ്രത്യുത സഹജരോടുള്ള സ്നേഹം യേശുവിനോടുള്ള സ്നേഹത്തിന് മുകളിലാകരുത്. ശിഷ്യന് യേശുവിനോടുള്ള സ്നേഹമായിരിക്കണം എന്നും എപ്പോഴും പ്രഥമസ്ഥാനമായി നിൽക്കേണ്ടത്. അതിനു തടസ്സമായി സ്വത്വമോ സ്വന്തമെന്നു കരുതുന്നവരോ പോലും ഉണ്ടാകാൻ പാടില്ല.

ശിഷ്യത്വത്തിന്റെ രണ്ടാമത്തെ വ്യവസ്ഥയായി അവൻ നൽകുന്നത് സ്വന്തം കുരിശു വഹിക്കണം എന്നതാണ്. “സ്വന്തം കുരിശു വഹിക്കാതെ എന്റെ പിന്നാലെ വരുന്നവന്‌ എന്റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല” (v. 27). കുരിശു സമം സഹനം എന്ന ചിന്ത ഇവിടെ അടങ്ങിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. കുരിശ് ഇവിടെ ദൈവപരിപാലനയുടെ പ്രതീകമാണ്. ശിഷ്യത്വത്തിന്റെ വ്യവസ്ഥയായി കുരിശു വഹിക്കണമെന്ന് നിഷ്കർഷിക്കുന്നതിലൂടെ അവൻ അർത്ഥമാക്കുന്നത് ശിഷ്യന്റെ ജീവിതം ദൈവപരിപാലനയിൽ ആശ്രിതമായിരിക്കണമെന്നതാണ്. പക്ഷേ അത് ഒഴുക്കിനൊപ്പം നീങ്ങുന്ന പായലുകൾ പോലെ ആകുകയുമരുത്. എല്ലാവരും ചെയ്യുന്നു അതുകൊണ്ട് ഞാനും ചെയ്യുന്നു എന്ന മൂന്നാംകിട മനോഭാവവും ആകരുത്. ആ മനോഭാവം ജനക്കൂട്ടത്തിന്റെ മനോഭാവമാണ്. ക്രിസ്തുശിഷ്യത്വം ഉളവാകേണ്ടത് വ്യക്തമായ ബോധത്തിൽ നിന്നാകണം. അതുകൊണ്ടാണ് ഇന്നത്തെ സുവിശേഷ ഭാഗത്തിൽ ഗോപുരം പണിയാൻ ഇച്ഛിക്കുന്ന ഒരുവനെ കുറിച്ചും യുദ്ധത്തിനു പോകാൻ ഒരുങ്ങുന്ന രാജാവിനെ കുറിച്ചും ഉള്ള രൂപക കഥകൾ അവൻ പറയുന്നത്.

ശിഷ്യത്വത്തെ കുറിച്ചുള്ള ഈ വചനഭാഗം തെറ്റിദ്ധരിച്ചാൽ അപകടമാണ്. കാരണം, ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത് ഉപേക്ഷയ്ക്കോ ത്യാഗത്തിനോ അല്ല, ആയിത്തീരുന്നതിനാണ് (δύναται εἶναί μου μαθητής). ആരംഭത്തിലെ ത്യാഗത്തിനല്ല, ലക്ഷ്യത്തിലെ ഒന്നായിത്തീരലിനാണ് ഇവിടെ പ്രാധാന്യം. അത് ക്രിസ്തുവിലേക്കുള്ള വളർച്ചയാണ്. ഉപേക്ഷയിലൂടെയോ ത്യാഗത്തിലൂടെയോ അല്ല ജീവിതം കെട്ടിപ്പടുക്കേണ്ടത്, അഭിനിവേശത്തിലൂടെയാകണം. ശിഷ്യത്വം എന്നത് ക്രിസ്തുവിനോടുള്ള അഭിനിവേശമാണ്. നമ്മുടെ ഹൃദയനേത്രങ്ങൾ അവനിൽ ഉറപ്പിക്കണം. അപ്പോൾ പതിയെ നമ്മളും അവനായി മാറും.

അവനെപ്പോലെ നമ്മളും സമാധാനത്തിന്റെ വക്താക്കളാകും. വിശപ്പുള്ളിടത്ത് അപ്പമാകും, ആഘോഷങ്ങളിൽ വീഞ്ഞാകും, ലോകത്തിന്റെ ഇരുണ്ട സിരകൾക്കുള്ളിൽ ഒരു നക്ഷത്രത്തിന്റെ ശകലമായി നമ്മളും മാറും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker