1st Sunday_Lent_2025_പരീക്ഷണങ്ങൾ (ലൂക്കാ 4: 1-13)
പ്രലോഭനങ്ങളാണ് നമ്മുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുക്കാനുള്ള കഴിവിനെയും പരിശോധിക്കുന്ന ഒരു പ്രധാന ഘടകം...

തപസ്സുകാലം ഒന്നാം ഞായർ
യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു. അതെ, ദൈവമാണ് പരീക്ഷണ സ്ഥലത്തേക്ക് നമ്മെ നയിക്കുന്നത്. മരുഭൂമി പരീക്ഷണത്തിന്റെയും സ്നേഹത്തിന്റെയും ഇടമാണ്. നമ്മുടെ ആന്തരിക ശബ്ദങ്ങളെ നേരിടാൻ നമ്മൾ മരുഭൂമിയിലേക്ക് പോകണം. ദൈവമാണ് അത് ആഗ്രഹിക്കുന്നത്, കാരണം നമ്മൾ നമ്മളുടെ പ്രലോഭകനെ അഭിമുഖീകരിക്കുന്നില്ലെങ്കിൽ, എല്ലായ്പ്പോഴും അവന്റെ കരുണയിലായിരിക്കും; അത് നമ്മുടെ സ്വാതന്ത്ര്യത്തെ ബാധിക്കും.
ഗ്രീക്കിൽ “പരീക്ഷിക്കുക” (πειράζω – peirazó) എന്ന പദത്തിന് “സ്ഥിരീകരിക്കുക” എന്നും അർത്ഥമുണ്ട്. പരീക്ഷണം ഒരു സ്ഥിരീകരണമാണ്; നീ ആരാണെന്ന സ്ഥിരീകരണം. ബൈബിളിലെ മഹത്തായ വ്യക്തികളെല്ലാം പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാരണം, പരീക്ഷണത്തിലാണ് നമ്മുടെ സ്വാതന്ത്ര്യം വെല്ലുവിളിക്കപ്പെടുന്നത്.
മരുഭൂമിയിൽ യേശു ഏകനാണ്. അവൻ അവിടെ നാൽപത് ദിവസം ചിലവഴിച്ചു. ഒരു തലമുറയെ സൂചിപ്പിക്കുന്ന സംഖ്യയാണത്. സുവിശേഷകൻ പറയുന്നു; “ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല”. “ഉപവാസം” എന്ന പദം സുവിശേഷകൻ ഉപയോഗിക്കുന്നില്ല. ചിലപ്പോൾ ആ മരുഭൂമിയനുഭവത്തിന് മതപരമായ ഒരു വ്യാഖ്യാനം ഉണ്ടാകാതിരിക്കാനായിരിക്കാം.
പ്രലോഭനങ്ങളാണ് നമ്മുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുക്കാനുള്ള കഴിവിനെയും പരിശോധിക്കുന്ന ഒരു പ്രധാന ഘടകം. ദൈവപുത്രനായ യേശുവിനും ആ പ്രലോഭനങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു എന്നതാണ് മനുഷ്യസ്വാതന്ത്ര്യത്തിൻ്റെ ലാവണ്യം. അവനെ സംബന്ധിച്ച് ഒരു തിരഞ്ഞെടുപ്പിനുള്ള ഒരുക്കമാണ് മരുഭൂമി; വചനം എങ്ങനെ പ്രഘോഷിക്കണം, ദൈവത്തെക്കുറിച്ച് അഥവാ പിതാവിനെക്കുറിച്ച് എങ്ങനെ പറയണം തുടങ്ങിയ കാര്യങ്ങളായിരിക്കണം അവൻ അവിടെ നിന്നും വികസിപ്പിച്ചെടുത്ത തന്ത്രങ്ങൾ. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പിതാവ് മനുഷ്യരെ ഭ്രാന്തമായി സ്നേഹിക്കുന്നുവെന്ന് എങ്ങനെ അവരെ ബോധ്യപ്പെടുത്താം എന്നതുമായിരിക്കണം അവനിലൂടെ കടന്നുപോയ ചിന്തകൾ.
യേശുവിന് നിശബ്ദത ആവശ്യമായിരുന്നു. അതിന് മരുഭൂമിയേക്കാൾ മികച്ച സ്ഥലം വേറെയില്ല. പിതാവ് തന്നോട് സൂചിപ്പിച്ച ദൗത്യത്തിന് ബദൽ വഴികൾ തിരഞ്ഞെടുക്കാനാണ് പ്രലോഭനങ്ങൾ അവനെ ആന്തരികമായി പ്രേരിപ്പിക്കുന്നത്. താൻ ഏതുതരത്തിലുള്ള മിശിഹാ ആയിരിക്കണമെന്ന് അവൻ തന്നെ തിരഞ്ഞെടുക്കണം. പ്രലോഭകന്റെ പരികല്പനകൾ പോലെയുള്ള ഒരു മിശിഹായായി യേശുവിന് മാറാമായിരുന്നു; കുരിശുമരണം അവന് ഒഴിവാക്കാമായിരുന്നു. പക്ഷേ അവൻ കാൽവരിയിലേക്കുള്ള വഴിയാണ് തിരഞ്ഞെടുക്കുന്നത്.
വിശന്നു നിൽക്കുന്ന യേശുവിന്റെ മുന്നിലേക്കാണ് പിശാച് വരുന്നത്. പിന്നെ സംഭവിക്കുന്നത് സംഭാഷണമാണ്, സംവാദമാണ്. അവിടെ വിശുദ്ധ ഗ്രന്ഥ ഉദ്ധരണികൾ കടന്നുവരുന്നുണ്ട്. രണ്ടുപേരും തിരുവെഴുത്തുകളെ അക്ഷരാർത്ഥത്തിൽ ഉദ്ധരിക്കുന്നു. പിശാച് അതിന്റെ അർത്ഥത്തെ വക്രീകരിക്കുമ്പോൾ, യേശു യഥാർത്ഥ അർത്ഥത്തിലേക്ക് അതിനെ തിരികെ കൊണ്ടുവരുന്നു. വേദഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് പിശാച് യേശുവിനെ വഞ്ചിക്കാൻ ശ്രമിക്കുന്നത്. സംശയത്തിന്റെ വിത്തുകളാണ് ആദ്യം അവൻ വിതയ്ക്കുന്നത്. അതുകൊണ്ടാണ്, “നീ ദൈവപുത്രനാണെങ്കിൽ…” എന്നു ചോദിച്ച് സംശയം ജനിപ്പിക്കാൻ പ്രലോഭകൻ ശ്രമിക്കുന്നത്.
മിശിഹാ എന്ന നിലയിൽ ഏറ്റവും ലളിതമായ പാത തിരഞ്ഞെടുക്കാനാണ് പ്രലോഭകൻ യേശുവിനെ ക്ഷണിക്കുന്നത്. വിജയിയും ശക്തനും എല്ലാവരാലും പ്രശംസിക്കപ്പെടുന്നവനുമായ ഒരു മിശിഹാ. ഏതു പ്രശ്നത്തെയും കല്ലുകളെ അപ്പമാക്കുന്നതുപോലെ പരിഹരിക്കാൻ തയ്യാറാകുന്ന ഒരു മിശിഹാ. നോക്കുക, പിശാചിൻ്റെ നിർദ്ദേശങ്ങൾ ന്യായയുക്തമാണ്, സാമാന്യബുദ്ധിക്ക് നിരക്കുന്നതുമാണ്. അതെ, പ്രലോഭനങ്ങൾ അങ്ങനെയാണ്, അവ എല്ലായ്പ്പോഴും നമ്മെ ബോധ്യപ്പെടുത്തുന്നതായിരിക്കും. “ആളുകൾ നിന്നെ മിശിഹായായി അംഗീകരിക്കണമെങ്കിൽ അവർ പ്രതീക്ഷിക്കുന്ന രീതിയിൽ നിന്റെ പ്രതിച്ഛായയെ നിലനിർത്തുക, ഒരു കരാർ ഉണ്ടാക്കുക, അതിശയകരമായ ചില അത്ഭുതങ്ങൾ ചെയ്യുക: അവർക്ക് അപ്പവും ശക്തിയും ഉറപ്പുനൽകുക, അപ്പോൾ അവർ നിന്നെ പിന്തുടരും”. ഇതാണ് പ്രലോഭകന്റെ യുക്തി. ഈ യുക്തിയാണ് അവൻ യേശുവിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും.
മരുഭൂമിയിൽ ഇസ്രായേലിന് അനുഭവിക്കേണ്ടി വന്ന മൂന്ന് പരീക്ഷണങ്ങളാണ് യേശുവിനും പരീക്ഷണങ്ങളാകുന്നത്. അവ എല്ലായ്പ്പോഴും മനുഷ്യന്റേതാണ്: വിശപ്പ്, അധികാരം, ആത്മീയത എന്നിവയാണവ.
“ഈ കല്ലിനോട് അപ്പമാകാൻ കൽപ്പിക്കുക.” എല്ലാം ഉടനടി നേടാനുള്ള പ്രലോഭനമാണത്. ഇല്ല, ദൈവത്തിനും ഇടപെടാനുള്ള അവസരം നമ്മൾ നൽകണം. യേശു ഒരിക്കലും കല്ലിനെ അപ്പമാക്കില്ല, മറിച്ച് അപ്പത്തെ സാഹോദര്യത്തിന്റെയും ആതിഥ്യമര്യാദയുടെയും ഉപകരണമാക്കും അവൻ.
“ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം.” എപ്പോൾ? പിശാചിനെ ആരാധിക്കുകയാണെങ്കിൽ മാത്രം. വിലപേശാനുള്ള പ്രലോഭനമാണിത്. നമ്മുടെ മൂല്യങ്ങളുമായി വിട്ടുവീഴ്ച ചെയ്യാനുള്ള ഒരു പ്രലോഭനം. പണത്തിന് പകരമായി മാനം വിൽക്കാനാണ് പ്രലോഭകൻ ആവശ്യപ്പെടുന്നത്. അപ്പോഴും ഓർക്കണം, ദൈവത്തിന് അടിമകളെയല്ല, സ്വതന്ത്രരായ മക്കളെയാണ് വേണ്ടത് എന്ന കാര്യം.
“നീ ദൈവപുത്രനാണെങ്കിൽ ഇവിടെ നിന്ന് താഴേക്ക് ചാടുക…” അപ്പോൾ മാലാഖമാർ താങ്ങുമത്രേ. ഒരു അത്ഭുതം ആവശ്യപ്പെട്ട് ദൈവത്തെ വെല്ലുവിളിക്കാനുള്ള പ്രലോഭനമാണിത്. നമ്മെ സേവിക്കാനായി ഒരു ദൈവത്തെ നമ്മുക്ക് വേണം, നമ്മുടെ രോഗാവസ്ഥയിൽ വൈദ്യനായി ഒരു ദൈവം വേണം, നമ്മൾ വീഴുമ്പോൾ താങ്ങാനായി തന്റെ ദൂതന്മാരെ അയയ്‌ക്കുന്ന ഒരു ദൈവത്തെ വേണം. നമുക്ക് വേണ്ടത് നമ്മെ അനുസരിക്കുന്ന ഒരു ദൈവത്തെയാണ്. ആ ദൈവസങ്കല്പം ദൈവികമല്ല, അത് പൈശാചികം തന്നെയാണ്.
“അപ്പോള്‍ പിശാച് പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച്, നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി”. ഒരു നിശ്ചിത കാലം കഴിയുമ്പോൾ അവൻ മടങ്ങി വരും. ഇപ്പോൾ പ്രലോഭകൻ തോറ്റു കഴിഞ്ഞു. പക്ഷേ ഗെത്സെമനിൽ വീണ്ടും വരുന്നുണ്ട്. എല്ലാ പ്രലോഭനത്തെയും ഞാൻ അതിജീവിച്ചു എന്ന് ആർക്കും പറയാൻ സാധിക്കില്ല. പരീക്ഷണങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നമ്മൾ അവയെ അഭിമുഖീകരിക്കേണ്ടിവരും. ഓരോ പരീക്ഷണവും നമ്മെ കൂടുതൽ കൂടുതൽ ദൈവത്തിലേക്ക് അടുപ്പിക്കാൻ സാധിക്കുന്ന ഒരു മാർഗ്ഗമാക്കി മാറ്റണം നമ്മൾ. അപ്പോഴും ഓർക്കണം പ്രലോഭനത്തിൽ നിന്ന് ഓടിയൊളിക്കുക എന്നതാണ് ഏറ്റവും വലിയ പ്രലോഭനം. അവയെ ഒഴിവാക്കാനാവില്ല. ഓടിയൊളിക്കൽ ഒരിക്കലും ഒരു പരിഹാരമല്ല. മരുഭൂമിയെ ഒഴിവാക്കാനാവില്ല: എത്ര സമയം വേണമെങ്കിലും അതിൽ താമസിച്ച് അതിനെ നമ്മൾ മറികടക്കണം. എങ്ങനെ? ദൈവവചനത്തിൽ ആശ്രയിച്ചുകൊണ്ട്.