Categories: Meditation

18th Sunday_ഭോഷനായ ധനികൻ (ലൂക്കാ 12:13-21)

സ്വന്തം സുഖത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർ യഥാർത്ഥത്തിൽ ജീവിക്കുന്നില്ല...

ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ

ഭൗമികമായ വസ്തുക്കളെ പുച്ഛിക്കുന്നവനല്ല യേശു. നമ്മുടെ ഹ്രസ്വമായ പ്രയാണങ്ങളിലെ സന്തോഷങ്ങളെ അവഗണിക്കുന്നവനുമല്ല അവൻ. നശ്വരമായ നമ്മുടെ ഈ ജീവിതത്തിലെ സ്നേഹബന്ധങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും അവൻ ആഗ്രഹിക്കുന്നുമില്ല. കാരണം, അവനറിയാം മനുഷ്യജീവിതം സന്തോഷത്തിനുവേണ്ടിയുള്ള നിരന്തരമായ അന്വേഷണമാണെന്ന കാര്യം. എന്നിട്ടും അവൻ പറയുന്നു: ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചുവയ്‌ക്കരുതെന്ന് (v.21).

നമുക്കൊരു മിഥ്യാധാരണയുണ്ടായിരുന്നു; സമ്പത്തു കൂടിയാൽ സന്തോഷം കൂടുമെന്ന്. ആ ധാരണയെയാണ് യേശു തകർക്കുന്നത്. സുരക്ഷിതമായ ഒരു ബാങ്ക് അക്കൗണ്ടിൽ എല്ലാം സാധ്യമാണെന്ന ചിന്തയ്ക്കുള്ള കാലികമായ മുന്നറിയിപ്പാണ് ഇന്നത്തെ സുവിശേഷം. നമ്മുടെ ജീവിതത്തെ പോഷിപ്പിക്കുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നത് നമ്മൾ സ്വരൂപിച്ചു കൂട്ടിയ സമ്പത്തുകൾ ഒന്നും തന്നെയല്ല. ജീവിതത്തിന്റെ ഉറവിടം സമ്പത്തുകളല്ല, അത് ആൽക്കെമി പോലെ ഹൃദയംകൊണ്ട് അറിയേണ്ട മാനുഷികതയാണ്.

ഒരു ധനികൻ, തന്റെ അഹന്തയുടെ ചുവരിൽ ചുറ്റപ്പെട്ട്, ഒരൊറ്റ വിശേഷണം മാത്രം ആവർത്തിക്കുന്നു: എന്റെ വിളവെടുപ്പ്, എന്റെ കളപ്പുരകൾ, എന്റെ സാധനങ്ങൾ, എന്റെ ആത്മാവ്. “എന്റേത്” മാത്രമാണ് അവന്റെ ഏക അഭിനിവേശം. ഇതാണ് അഹന്തയുടെ മന്ത്രവാദം. ഇവിടെ അഹത്തെ കൂടാതെ മറ്റാർക്കും സ്ഥാനമില്ല. അതൊരു വിജനമായ ലോകമാണ്. അവിടെ ഒരു പാവപ്പെട്ടവനും കടന്നുവരില്ല. മാനുഷികതയുടെ ഒരു തരി പോലും കണ്ടെത്തുകയുമില്ല.

ഇങ്ങനെ ജീവിക്കുന്നത് അഹത്തിന്റെ കാഫ്ക്കൻ കൊട്ടാരത്തിൽ വസിക്കുന്നതിനു തുല്യമാണ്. ആത്മാവില്ലാത്ത ഏകാന്തതയാണത്. അവിടെ മരണം ഒരു കെണിയായി നിന്നിൽ പതിക്കും: “ഭോഷാ, ഈ രാത്രി നിന്റെ ആത്‌മാവിനെ നിന്നില്‍ നിന്ന്‌ ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?” (v.20).

സ്വന്തം സുഖത്തിനു വേണ്ടി മാത്രം ജീവിക്കുന്നവർ യഥാർത്ഥത്തിൽ ജീവിക്കുന്നില്ല. അവർക്ക് നാളെ എന്നൊന്നില്ല. കാരണം, തനിക്കുവേണ്ടി മാത്രം ശേഖരിക്കുന്നവൻ ചിതറിച്ചു കളയുന്നവനാണ് (ലൂക്കാ 11:23). ലൗകിക സുഖത്തിനു വേണ്ടി ശേഖരിക്കുന്നതെല്ലാം ചിതറിപ്പോകും. കാരണം, സ്വരൂപിക്കുന്ന എല്ലാത്തിനും ഒരു അടിത്തട്ടുണ്ട്, ആ അടിത്തട്ട് ശൂന്യമാണ്.

നാളെ എന്നത് മനോഹരമായ ഒരു വാക്കാണ്. അതിലാണ് നിത്യജീവിതത്തിന്റെ ആരംഭം. എന്നാൽ തനിക്കുവേണ്ടി മാത്രം ശേഖരിക്കുന്നവൻ തന്റേതായ നാളെയെ കെടുത്തിക്കളയുകയാണ്. അവൻ നിരന്തരം ആത്മഗതം ചെയ്തുകൊണ്ടിരിക്കുകയാണ്: “ആത്മാവേ, അനേകവര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച്‌ ആനന്ദിക്കുക” (v.19). പക്ഷെ എന്ത് പ്രയോജനം? ഔദാര്യമില്ലാത്ത സമ്പന്നത ശവക്കല്ലറയ്ക്ക് തുല്യമാണ്. ജീവിതം ജീവിതമാകുന്നത് സഹജരിലേക്ക് അതിന്റെ തനിമയെ കൈമാറ്റം ചെയ്യുമ്പോഴാണ്. എന്ന് നമ്മൾ അത് നിർത്തുന്നുവോ, ആ നിമിഷം മുതൽ നമ്മിലെ ജീവചൈതന്യം വരണ്ടുപോകും. അതുകൊണ്ടാണ് നമ്മൾ നൽകുകയോ നിരസിക്കുകയോ ചെയ്ത ഒരു ഗ്ലാസ് വെള്ളത്തിന്റെ കണക്ക് അവസാന നാളിൽ വിധികർത്താവ് നമ്മുടെ മുന്നിൽ കൊണ്ടുവയ്ക്കുന്നത് (മത്താ 25:31-45).

മനുഷ്യബന്ധങ്ങളെ അവഗണിച്ചുകൊണ്ട് നിത്യത അനുഭവിക്കാമെന്ന് ആരും കരുതരുത്. സഹജരില്ലെങ്കിൽ ജീവിതത്തിന് ലാവണ്യമില്ല. യോഹന്നാൻ 19:27-ൽ യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ മറിയത്തെ സ്വന്തം വസ്തുക്കളുടെയും വ്യക്തികളുടെയും ഉള്ളറയിലേക്ക് സ്വീകരിച്ചത് പോലെ (ἔλαβεν ὁ μαθητὴς αὐτὴν εἰς τὰ ἴδια) നമ്മളും സഹജരെ സ്വീകരിക്കുമ്പോൾ മാത്രമേ നമ്മുടെ ജീവിതത്തിനും ഭംഗിയുണ്ടാകു.

vox_editor

Recent Posts

28th Sunday_2025_സൗഖ്യം മാത്രമല്ല… (ലൂക്കാ 17:11-19)

ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ പത്തു കുഷ്ഠരോഗികൾ അകലെ നിൽക്കുന്നു. ദൂരെ നിൽക്കാൻ വിധിക്കപ്പെട്ടവർ. ഒരു കാഴ്ചവസ്തുവായിപോലും മുന്നിൽ വരാൻ അനുവാദമില്ലാത്തവർ.…

6 days ago

കടുകുമണിയോളം വിശ്വാസം (ലൂക്കാ 17:5-10)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട്‌ ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…

2 weeks ago

ക്രൈസ്തവരെ അവഹേളിക്കുന്ന സമീപനം നിർത്തുക; ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകം

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…

2 weeks ago

പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു

ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…

2 weeks ago

ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് ഐ.സി.പി.എ. അധ്യക്ഷത പദവി ഒഴിഞ്ഞു

ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…

2 weeks ago

മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ ചെറുപുഷ്പം മാസികയെ ആദരിച്ചു

ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…

2 weeks ago