പ്രേംജി മുണ്ടിയാങ്കൽ
ഗത്സമൻ തോട്ടത്തിൽ രക്തം വിയർക്കുന്ന ഈശോയെയാണ് കഴിഞ്ഞദിവസം നമ്മൾ കണ്ടത്. അതിന്റെ തുടർച്ചയാണ് ഈ വിചിന്തനവും.. “ഞാനും പിതാവും ഒന്നാണ്” (യോഹ.10:30). എന്ന് അഭിമാനത്തോടു കൂടെ പറഞ്ഞിരുന്ന ഈശോ, ഇവിടെ തികച്ചും അവഗണിക്കപ്പെടുന്നവനായി കാണുന്നു. ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നതു വിശ്വസിക്കുവിന്‍. അല്ലെങ്കില്‍ പ്രവൃത്തികള്‍മൂലം വിശ്വസിക്കുവിന്‍ (യോഹ.14:11) എന്ന് തന്റെ ശിഷ്യരോടും ജനത്തോടും തലയുയർത്തി നിന്ന് ‘സാക്ഷ്യം’ നൽകിയ ഈശോ അവഗണന അനുഭവിക്കുന്നു.
നമുക്കെല്ലാവർക്കുമുള്ളതുപോലെ അവകാശബോധം യേശുവിനുമുണ്ടായിരുന്നു. അതുകൊണ്ടാണ് “പിതാവിനുള്ളതെല്ലാം എനിക്കുള്ളതാണ്” (യോഹ.16:15), “നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും” (യോഹ 16 : 23). ചുരുക്കത്തിൽ, ആര് എന്ത് ചോദിച്ചാലും പിതൃതുല്യമായ വാത്സല്യത്തോടെയും, കരുണയോടെയും അനുവദിച്ചു തരുന്ന ഒരു പിതാവായിട്ടാണ് പിതാവായ ദൈവത്തെ ഈശോ ജനത്തിനു മുന്നിൽ ആത്മാഭിമാനത്തോടെ സാക്ഷ്യപ്പെടുത്തിയതും.
എന്നാൽ ഇതെല്ലാം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതായി യേശുവിന് അനുഭവപ്പെടുന്നു… ഒരുതരം മരുഭൂമി അനുഭവം ഈശോയും നേരിടുന്നു. തന്റെ വിഷമസന്ധിയിൽ പുറംതിരിഞ്ഞുനിൽക്കുന്ന പിതാവിനെയാണോ ഈശോ കാണുന്നത്? നാമൊക്കെ അനുഭവിക്കുന്നതു പോലെ ഈശോയും “തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീക്‌ഷ്‌ണമായി പ്രാര്‍ഥിച്ചു” (ലൂക്കാ 22 : 44) എനിക്കിതൊന്നും താങ്ങാനുള്ള കഴിവില്ല… എല്ലാം അറിയുന്ന അങ്ങ് ഇടപെടണം… “ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ!” (മര്‍ക്കോസ് 14 : 36).
സത്യത്തിൽ, ഇന്ന് പ്രാർത്ഥനാലയങ്ങളിലെല്ലാം കടന്നു ചെന്ന് നമ്മൾ പ്രാർത്ഥിക്കുന്നതും ഇതു തന്നെയല്ലെ? ദൈവത്തെ നമ്മുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിപ്പിക്കാനുള്ള വിഫലശ്രമം… ഈശോ ഇതിൽ നിന്നും ഏറെ ആത്മീയമായി ഉയർന്നതുകൊണ്ട് ദൈവഹിതത്തിന് തന്നെ സമർപ്പിക്കുന്നുണ്ട്, നമുക്ക് കഴിയാതെ പോകുന്നതും അതുതന്നെ.
മാനുഷികമായി ചിന്തിച്ചാൽ, പിതാവിൽനിന്നുള്ള അവഗണനയേക്കാൾ ഈശോയെ ഏറെ വേദനിപ്പിച്ചത് പിതാവിനോടും പരിശുദ്ധാത്മാവിനോടുമുള്ള ബന്ധം, ഇണപിരിയാതെയുള്ള അടുപ്പം, അടുത്ത മൂന്നു ദിവസത്തേക്ക് പൂർണമായി ഇല്ലാതാക്കപ്പെടുന്നു എന്നുള്ളതായിരിക്കാം. ഈശോയ്ക്ക് ഇതൊട്ടും ചിന്തിക്കാൻ കഴിയുന്നതായിരുന്നില്ല. അത്രമാത്രം ബന്ധമായിരുന്നു ക്രിസ്തുവിന് പിതാവിനോടും പരിശുദ്ധാത്മാവിനോടും ഉണ്ടായിരുന്നത്. അത് ഏതാനും മണിക്കൂറിനുള്ളിൽ വിച്ഛേദിക്കപ്പെടാൻ പോകുന്നു. വലിയൊരു മനക്ഷോഭമാണ് ഇത് ഈശോയിൽ ഉണ്ടാക്കിയതും.
കഴിഞ്ഞവർഷം വലിയ പ്രളയവും കാറ്റും മഴയും മൂലം ഗതാഗതവും, വൈദ്യുതിയും, ആശയ വിനിമയ സംവിധാനങ്ങളും തകരാറിലായി. പരസ്പരം ബന്ധപ്പെടാൻ പോലും കഴിയാത്ത അവസ്ഥയിൽ ദിവസങ്ങളോളം ചെലവഴിക്കേണ്ടി വന്ന വ്യക്തികളും കുടുംബങ്ങളും അനുഭവിച്ച ഒറ്റപ്പെടൽ നാം കണ്ടു. ഉറ്റവരും ഉടയവരും ജീവനോടെയുണ്ടോ എന്നു പോലും അറിയാതെ ഉത്കണ്ഠ നിറഞ്ഞ ദിവസങ്ങളിലൂടെ നാം കടന്നുപോയി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്ന മുറവിളികൾക്ക് നാം സാക്ഷികളായി.
സത്യത്തിൽ, ഇതിനേക്കാൾ വേദനാജനകമായിരുന്നു ഈശോയെ സംബന്ധിച്ചിടത്തോളം പിതാവും പരിശുദ്ധാത്മാവുമായുള്ള ബന്ധത്തിൽ നിന്നുള്ള വിച്ഛേദിക്കപ്പെടൽ. വലിയ വായിൽ വാവിട്ടു കരയാനും, ഞരമ്പുകൾ പൊട്ടുന്ന രീതിയിൽ ശരീരം വലിഞ്ഞു മുറുകി രക്തത്തുള്ളികൾ വിയർപ്പുകണങ്ങളായി പുറത്തുവരാനും ഇത് കാരണമായി.
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകുന്ന മകൾ ഇതുപോലെ പലപ്പോഴും വാവിട്ട് കരയുന്നത് കണ്ടിട്ടുണ്ട്. മാതാപിതാക്കളെ വേർപിരിഞ്ഞു പോകേണ്ടിവരുമ്പോഴുള്ള ഹൃദയവേദന. അതിനേക്കാൾ തീവ്രമായ അനുഭവമാണ് ഗത്സമനിയിൽ രക്തം വിയർക്കുന്ന ഈശോയുടെ മാനസീകാവസ്ഥയിലൂടെ നമുക്ക് ദർശിക്കാനാകുക എന്നതിൽ സംശയമില്ല.
കരഞ്ഞു പ്രാർത്ഥിച്ചിട്ടും… ഉപവാസവും നോമ്പും അനുഷ്ഠിച്ചിട്ടും… ജപമാലകൾ ഒന്നിനു പുറകെ ഒന്നായി നിരവധി എണ്ണംചൊല്ലിയിട്ടും… നൊവേന പ്രാർത്ഥനകൾ പലത് ചൊല്ലിയിട്ടും… വിചാരിച്ച രീതിയിൽ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ ഗത്സമനിയിലേക്ക് നോക്കാൻ നമുക്ക് കഴിയണം… “എന്റെ ഹിതമല്ല അങ്ങയുടെ ഹിതം മാത്രം” (മര്‍ക്കോസ് 14 : 36 ) നിറവേറട്ടെ എന്ന് ഈശോയൊടൊപ്പം പറയാൻ നമുക്ക് കഴിയണം.
ഗത് സമനിയിൽ ഈശോ പരാജയപ്പെട്ടിരുന്നുവെങ്കിൽ… ദൈവഹിതത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിരുന്നുവെങ്കിൽ… ക്രിസ്ത്യാനി എന്ന നിലയിൽ നമുക്ക് എന്ത് അസ്ഥിത്വം ഉണ്ടാകുമായിരുന്നു? ഇന്ന് നാമനുഭവിക്കുന്ന പരിശുദ്ധ കുർബാനയുൾപ്പെടെയുള്ള പല സ്വർഗ്ഗീയ സന്തോഷങ്ങളും നമുക്ക് ഒരിക്കലും അനുഭവിക്കാൻ കഴിയുമായിരുന്നില്ല.
പരാജയപ്പെട്ടു എന്ന് തോന്നുമ്പോഴും, ദൈവഹിതത്തിന് “ആമ്മേൻ” പറയുമ്പോൾ യേശു അനുഭവിച്ചതു പോലെ വലിയൊരു ഉത്ഥാന അനുഭവമാണ് നമ്മെയും കാത്തിരിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയണം. ഓരോ ദിവ്യബലിയിലും പങ്കെടുക്കുമ്പോൾ നമുക്കുണ്ടാകേണ്ടത് ഈയൊരു ചിന്തയാണ്. എന്നാൽ ബലിയുടെ അന്ത:സത്ത മനസ്സിലാക്കാതെയാണ് ഏറെപ്പേരും അനുദിനം കേവലം കാഴ്ചക്കാരായി ദേവാലയത്തിൽ കയറിയിറങ്ങുന്നത് എന്ന് തോന്നിപ്പോകാറുണ്ട്.
ദേവാലയത്തിൽ ബലിയിൽ പങ്കെടുക്കാൻ പോകുകയും അലസതയോടെയും, അലംഭാവത്തോടെയും ബലിയിൽ പങ്കെടുക്കുകയും ചെയ്യുമ്പോൾ നമുക്കും നമ്മുടെ കുടുംബത്തിനും വിശുദ്ധ കുർബാനയിലൂടെ ലഭിക്കേണ്ട നിരവധി അനുഗ്രഹങ്ങൾ അറിഞ്ഞുകൊണ്ട് വേണ്ടെന്നു വയ്ക്കുകയും അവഗണിക്കുകയാണ് നാം ചെയ്യുന്നത്.
ഈശോയുടെ തിരുരക്തത്തെക്കുറിച്ച് ധ്യാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ഈ സമയത്ത് വന്നുപോയ തെറ്റുകൾക്കും ദിവ്യബലിയോടു കാണിച്ച നിന്ദനങ്ങൾക്കും മാപ്പ് ചോദിക്കുകയും, ഒരുക്കത്തോടെയും ആദരവോടെയും, ഭയഭക്തിബഹുമാനങ്ങളോടെയും ദിവ്യബലിയിൽ പങ്കുചേർന്നു കൊണ്ട് യേശുവിന്റെ അനുഗ്രഹത്തിന് പാത്രമാകുന്നു ചെയ്യാം. വിശ്വാസത്തിൽ ഉറച്ചവരും, തീക്ഷ്ണതയാൽ ജ്വലിക്കുന്നവരുമാകാം… യേശുവിന്റെ തിരുരക്തത്താൻ ശുദ്ധീകരിക്കപ്പെട്ടവരാകാം..
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.ആർ.എൽ.സി. സി. യുടെ നിർദ്ദേശാനുസരണം "സമനീതിക്കും അവകാശ സംരക്ഷണത്തിനും" എന്ന മുദ്രാവാക്യമായെടുത്ത് കേരളത്തിലെ റോമൻ കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ "എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്?" ഒരു നിയമജ്ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി…
അനില് ജോസഫ് പാല: ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്ച്ച് ബിഷപ്പായി സ്ഥാനമേറ്റ ശേഷം ബിഷപ്പ് തോമസ് തറയില് ആദ്യമായി ഭരണങ്ങനത്ത് അല്ഫോണ്സാമ്മയുടെ…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: നമുക്ക് മുന്പേ സ്വര്ഗ്ഗീയ മഹത്വത്തിലേക്ക് കടന്നുപോയ നമ്മുടെ സഹോദരങ്ങളുടെ ഓര്മ്മയാണ് നവംബര് ഒന്നാം തീയതി…
സ്വന്തം ലേഖകന് ചങ്ങനാശ്ശേരി : പ്രാര്ഥനാ മുഖരിതമായ അന്തരീക്ഷത്തില് ആയിരങ്ങളെ സാക്ഷിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആര്ച്ച് ബിഷപ്പായി മാര്…
സ്വന്തം ലേഖകന് ദുബായ് : ദുബായിലെ കേരള ലാറ്റിന് കാത്തോലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില് 2024 നവംബര് 10ന് ലാറ്റിന്…
This website uses cookies.