International

മലയാളി സന്യാസിനി ഇനി റോമില്‍ സുപ്പീരിയര്‍ ജനറല്‍

റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിന്‍ സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി മദര്‍ ഫാബിയ കട്ടക്കയം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

സ്വന്തം ലേഖകന്‍

റോം: റോം ആസ്ഥാനമായുള്ള ബ്രിജിറ്റയിന്‍ സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി മദര്‍ ഫാബിയ കട്ടക്കയം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം പത്തിന് റോമില്‍ ആരംഭിച്ച ജനറല്‍ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. 2016 മുതല്‍ സന്യാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി സേവനം ചെയ്യുന്ന മദര്‍ ഫാബിയ കണ്ണൂര്‍ അങ്ങാടിക്കടവിലെ പരേതരായ കട്ടക്കയം ചാണ്ടിയുടെയും എലിക്കുട്ടിയുടെയും മകളാണ്. 38 വര്‍ഷമായി യൂറോപ്പിലെ ബ്രിജിറ്റയിന്‍ മഠങ്ങളിലായി സേവനം ചെയ്യുന്ന സിസ്റ്റര്‍ ഫാബിയ, സുപ്പീരിയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ്.

1962 മെയ് 31ന് ഇരിട്ടി അങ്ങാടിക്കടവിലാണ് സിസ്റ്റര്‍ ഫാബിയ കട്ടക്കയത്തിന്‍റെ ജനനം. 1982-ല്‍ കോഴിക്കോട് മേരിക്കുന്നിലെ കോണ്‍വെന്‍റില്‍ ചേര്‍ന്നു. 1991-ല്‍ വിശുദ്ധ ബ്രിജിറ്റിന്‍റെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്‍റെ ആറാം ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള റോമില്‍വെച്ച് നടന്ന ചടങ്ങില്‍ നിത്യ വ്രതവാഗ്ദാനം നടത്തി. 1993 മുതല്‍ 1997 വരെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര പഠനത്തിന് ശേഷം, 1998-ല്‍ ജനറല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം റോമിലെ മദര്‍ ഹൗസിലും പിന്നീട് ആസ്ഥാനമായ നേപ്പിള്‍സിലും സേവനം ചെയ്തു. 2006 മുതല്‍ 2016 വരെ സിസ്റ്റര്‍ നേപ്പിള്‍സിലെ ബ്രിഡ്ജറ്റൈന്‍ കോണ്‍വെന്‍റിന്‍റെ സുപ്പീരിയറായി. 2016 ലെ ജനറല്‍ ചാപ്റ്ററിലാണ് സന്യാസ സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറലായി സേവനം ആരംഭിച്ചത്.

 

സന്യാസിനികള്‍ ശിരോവസ്ത്രത്തിന്‍റെ ഭാഗമായി ധരിക്കുന്ന ‘അഞ്ച് തിരുമുറിവുകളുടെ കിരീടം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കിരീടം ബ്രിജിറ്റയിന്‍ സന്യാസ സമൂഹത്തിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. 1344ല്‍ സ്വീഡനിലെ വിശുദ്ധ ബ്രിജിറ്റ് സ്ഥാപിച്ച സന്യാസിനി സമൂഹത്തിന് 26 വര്‍ഷങ്ങള്‍ക്ക് ശേഷം 1370ല്‍ ഊര്‍ബന്‍ അഞ്ചാമന്‍ പാപ്പയാണ് അംഗീകാരം നല്‍കിയത്. ബ്രിജിറ്റയിന്‍ സമൂഹത്തിനു കണ്ണൂര്‍ പരിയാരം, വയനാട് പൂമല, കോഴിക്കോട്, കളമശേരി, തിരുവനന്തപുരം, നെയ്യാറ്റിന്‍കര ഉള്‍പ്പെടെ ഭാരതത്തില്‍ ആകെ 22 കോണ്‍വെന്‍റുകളുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker