തപസ്സുകാലം മൂന്നാം ഞായര്‍
ഒന്നാം വായന : പുറ. 3:1-8,3-15
രണ്ടാം വായന : 1 കൊറി. 10:1-6,10-12
സുവിശേഷം : വി. ലൂക്ക 13:1-൯
ദിവ്യബലിക്ക് ആമുഖം
കത്തുന്ന മുള്‍പ്പടര്‍പ്പില്‍ സന്നിഹിതനായിക്കൊണ്ട് മോശയെ വിളിക്കുന്ന രക്ഷാകര ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ സംഭമാണ് ഇന്നത്തെ ഒന്നാം വായനയില്‍ നാം ശ്രവിക്കുന്നത്. മോശ മരുഭൂമിയിലൂടെയും കടലിലൂടെയും നയിച്ച ഇസ്രായേല്‍ ജനത്തില്‍ നിന്ന് നാം എന്താണ് പഠിക്കേണ്ടതെന്നും, എന്താണ് പഠിയ്ക്കാന്‍ പാടില്ലാത്തതെന്നും ഇന്നത്തെ രണ്ടാം വായനയില്‍ വി.പൗലോസ് അപ്പസ്തോലന് നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഫലം പുറപ്പെടുവിക്കുന്നവരാകാന്‍ ഇന്നത്തെ സുവിശേഷത്തില്‍ യേശുനാഥന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. തിരുവചനം ശ്രവിക്കാനും ദിവ്യബലി അര്‍പ്പിക്കാനുമായി നമുക്കൊരുങ്ങാം.
വചനപ്രഘോഷണ കര്‍മ്മം
യേശുവില്‍ സ്നേഹം നിറഞ്ഞ സഹോദരീ സഹോദരരേ,
ചരിത്രപരമായ വസ്തുത:
ഇന്നത്തെ സുവിശേഷത്തിന്റെ ആദ്യഭാഗത്ത് (വി.ലൂക്ക 13:1-5) നിര്‍ഭാഗ്യകരമായ രണ്ട് സംഭവങ്ങളെകുറിച്ച് യേശുപറയുന്നു. ഒന്നാമതായി, ജെറുസലേം ദേവാലയത്തില്‍ ബലിയര്‍പ്പിക്കാന്‍വന്ന ജനങ്ങളുടെ മേല്‍ പീലാത്തോസിന്റെ സൈന്യം ഇരച്ച് കയറി അവരെ കൊല്ലുകയുണ്ടായി. ധാരാളം ജനങ്ങള്‍ പാലസ്തീനായുടെയും പാലസ്തീനയ്ക്ക് പുറത്തുമുളള സ്ഥലങ്ങളിൽ നിന്നുമായി വന്നുചേരുന്ന ജെറുസലേം ദൈവാലയം, പലപ്പോഴും ജനകീ പ്രക്ഷോഭങ്ങളുടെ വേദിയായി മാറാറുണ്ട്. റോമന്‍ ഭരണകൂടത്തിനെതിരായ രൂക്ഷ പ്രതികരണങ്ങള്‍ അവിടെ പൊട്ടിമുളയ്ക്കുക സ്വാഭാവികം. ഈയൊരവസരത്തില്‍ പീലാത്തോസിന്റെ സൈന്യം അത്തരമൊരു പ്രതികരണത്തെ അടിച്ചമര്‍ത്തി അവരെ കൊന്നുകളയുന്നു (യഹൂദ ചരിത്രകാരനായ ഫ്ളാവിയൂസ് ജോസഫൂസും ഈ സംഭവം രേഖപ്പെടുത്തുന്നുണ്ട്). സ്വാഭാവികമായും അന്നത്തെക്കാലത്ത് എല്ലാവരും വിശ്വസിച്ചിരുന്നത് ആ കൊല്ലപ്പെട്ടവര്‍ മറ്റുളളവരെക്കാള്‍ കൂടുതല്‍ പാപികളായത് കൊണ്ടാണ് അവര്‍ക്ക് ഇത് സംഭവിച്ചത് എന്നായിരുന്നു.
രണ്ടാമതായി സീലോഹ തടാകത്തിനടുത്തെ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ട് പേര് കൊല്ലപ്പെട്ട സംഭവവും യേശു പറയുന്നു. അന്നത്തെ ചിന്താഗതിയനുസരിച്ച് കൊല്ലപ്പെട്ട പതിനെട്ടുപേരും മറ്റുളളവരെക്കാള്‍ കുറ്റക്കാരും പാപികളുമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇത്തരമൊരു അത്യാഹിതം സംഭവിക്കുന്നത്. എന്നാല്‍, ഈ രണ്ട് സംഭവങ്ങളും എടുത്തു പറഞ്ഞുകൊണ്ട് ഒരോ സംഭവത്തിന് ശേഷവും യേശു വ്യക്തമായി പറയുന്നു: “പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും ഇത് പോലെ നശിക്കും”.
നീ നിന്നിലേയ്ക്ക് തന്നെ നോക്കുക:
യേശു പറയുന്ന രണ്ട് സംഭവങ്ങളിലും അവര്‍ കൊല്ലപ്പെടുന്നത് അവര്‍ കൂടുതല്‍ തെറ്റുകാരും പാപികളുമായതുകൊണ്ടല്ല. പശ്ചാത്തപിക്കുന്നില്ലങ്കില്‍ എല്ലാവരും അത് പോലെ നശിക്കും. കാരണം ദൈവത്തിന്റെ മുമ്പില്‍ പാപം ചെയ്യാത്തവരായി ആരുമില്ല. എല്ലാവരും ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അറിഞ്ഞും അറിയാതെയും പാപം ചെയ്തിട്ടുണ്ട്. ആശ്വാസ പൂര്‍ണമായ വാക്കുകള്‍ പ്രതീക്ഷിച്ച ജനത്തിന് യേശു ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ്. മരണം പാപത്തിന്റെ അനന്തരഫലമാണെങ്കില്‍ നമ്മളെല്ലാവരും മരിക്കും, പ്രത്യേകിച്ചും നിത്യമായ മരണം. പെട്ടെന്ന് മരണം സംഭവിക്കാവുന്ന അവസ്ഥ വളരെപ്പെട്ടെന്നുളള പശ്ചാത്താവും ആവശ്യപ്പെടുന്നു. ജെറുസലേം ദേവാലയത്തിലും സിലോഹഗോപുരത്തിലും പെട്ടെന്ന് കൊല്ലപ്പെട്ടവരുടെയും മരണപ്പെട്ടവരുടെയും കാര്യം പറഞ്ഞുകൊണ്ട് തന്റെ ശ്രോതാക്കള്‍ക്ക് അവരുടെ ജീവിതത്തിലേക്ക് നോക്കാനും പശ്ചാത്തപിക്കാനുമുളള അവസരം യേശു നല്‍കുകയാണ്. ‘നിങ്ങളും പാപികളാണ് പശ്ചാത്തപിക്കുവിന്‍ അല്ലെങ്കില്‍ നിങ്ങളും അതുപോലെ നശിക്കും’. ഈ തപസുകാലത്തില്‍ ഈ സുവിശേഷഭാഗം നമുക്ക് നല്കുന്ന സന്ദേശം ഇതാണ്. സുവിശേഷത്തിലെ സംഭവത്തില്‍ നിന്ന് പഠിച്ചുകൊണ്ട് നമുക്കു നമ്മിലേക്കു തന്നെ നോക്കാം. നശിച്ചുപോകാതിരിക്കാന്‍ നമുക്കും പശ്ചാത്തപിക്കാം.
ഇന്നത്തെ ഒന്നാം വായനയില്‍ ഈജിപ്തിലെ അടിമത്തത്തില്‍ നിന്ന് വാഗ്ദത്ത നാട്ടിലേക്ക് തന്റെ സ്വന്തം ജനത്തെ നയിക്കാന്‍ പദ്ധതി വിഭാവനം ചെയ്ത് മോശയെ വിളിക്കുന്ന ദൈവം. പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് നമ്മെ മോചിപ്പിക്കുവാന്‍ പദ്ധതികള്‍ വിഭാവനം ചെയ്ത് യേശുവിലൂടെ പശ്ചാത്താപത്തിലേക്ക് നമ്മെ ക്ഷണിക്കുകയാണ്.
മറ്റുളളവര്‍ക്ക് വേണ്ടി ഫലം പുറപ്പെടുവിക്കുക:
ഇന്നത്തെ സുവിശേഷത്തിന്റെ രണ്ടാം ഭാഗത്ത് (വി.ലൂക്ക 13:6-9) ഫലം തരാത്ത അത്തി വൃക്ഷത്തെക്കുറിച്ച് യേശു സംസാരിക്കുന്നു. പശ്ചാത്തപിച്ച് ദൈവകൃപ സ്വന്തമാക്കാത്തവന് (ആത്മീയ) ഫലം തരാത്ത വൃക്ഷം പോലെ തന്നെയാണ്. അത്തിവൃക്ഷം തഴച്ചുവളരുന്നുണ്ട്, അത് നട്ടവന് കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിന് വെളളവും വളവും സംരക്ഷണവും കൃഷിക്കാരനിലൂടെ നല്‍കുന്നുണ്ട്. തഴച്ചുവളരുന്നുണ്ടെങ്കിലും അത് ഫലം പുറപ്പെടുവിക്കുന്നില്ല. ഒരു വൃക്ഷം ഫലം പുറപ്പെടുവിക്കുന്നത് തനിക്കുവേണ്ടി മാത്രമല്ല മറ്റുളളവര്‍ക്കും വേണ്ടിയാണ്, മറ്റുളളവര്‍ക്കും ഉപകാരപ്പെടാന്‍ വേണ്ടിയാണ്. എന്നാല്‍, യേശുവിന്റെ ഉപമയിലെ അത്തിവൃക്ഷം സ്വീകരിക്കേണ്ടതെല്ലാം സ്വീകരിക്കുന്നു. എന്നാല്‍ നല്‍കേണ്ടത് നല്‍കുന്നില്ല. മറ്റുളളവര്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയില്‍ ഒരു നന്മയും അതില്‍ നിന്ന് ഉണ്ടാകുന്നില്ല. അത് നട്ടവന് അത് വെട്ടിക്കളയാന്‍ പദ്ധതി ഇടുമ്പോള്‍, കൃഷിക്കാരന് ഇടപെട്ട് ‘ഈ വര്‍ഷം കൂടെ നമുക്കതിന്റെ ചുവടു കിളച്ചു വളമിടാം, മേലില്‍ അത് ഫലം നല്‍കിയേക്കാം’ എന്നു പറയുന്നു.
നമ്മുടെ ജീവിതത്തില്‍ ദൈവം നമ്മെ സൃഷ്ടിച്ചു, തന്റെ വചനത്തിലൂടെയും കൂദാശകളിലൂടെയും നമുക്ക് ആത്മീയ പോഷണവും സംരക്ഷണവും നല്കി. ഇവയെല്ലാം സ്വീകരിച്ചിട്ടും ആത്മീയ ഫലം പുറപ്പെടുവിച്ചില്ലെങ്കില്‍ നമ്മുടെ അവസ്ഥയും ഇതുതന്നെയാകും. എന്നാല്‍, യേശുവില്‍ ദൈവം വീണ്ടും നമുക്കു സമയം അനുവദിക്കുകയാണ്. പശ്ചാത്തപിക്കാനും ഫലം പുറപ്പെടുവിക്കാനും നമുക്ക് ഒരു പുന:ര്‍വിചിന്തനത്തിനുളള കാലമാണിത്. നാം ഏതൊക്കെ മേഖലയിലാണോ ഫലം പുറപ്പെടുവിക്കാനുളളത് പ്രത്യേകിച്ച്, ആത്മീയ മേഖലയില്‍ നമുക്കു ഫലം പുറപ്പെടുവിക്കാം. ദൈവം അതിനുവേണ്ടി ഈ തപസുകാലത്ത് സമയം അനുവദിച്ചിരിക്കുകയാണ്.
ആമേന്‍.
ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…
ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…
അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…
ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …
വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…
This website uses cookies.