Categories: World

പോപ്പിന്റെ വാക്കുകൾ വളച്ചൊടിക്കുന്ന മഞ്ഞപ്പത്രങ്ങൾ; ഇത്തവണ ‘ഭക്ഷണവും ലൈംഗീകതയും ദൈവീകമായ ആനന്ദവും’

അതെ, ലൈംഗികതയും ഭക്ഷണവും പാപമല്ല. പോപ്പ് ഫ്രാൻസിസ് വ്യക്തമാക്കിയിരിക്കുന്നത് സഭയുടെ നിലപാടുകൾ തന്നെ...

വിനോദ് നെല്ലക്കൽ

കാർലോ പെട്രിനി എന്ന ഇറ്റാലിയൻ എഴുത്തുകാരൻ പോപ്പ് ഫ്രാൻസിസുമായി താൻ നടത്തിയ സംഭാഷണങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചതിൽ നിന്ന് ചില പ്രത്യേക വാചകങ്ങൾ മാത്രം അടർത്തിയെടുത്ത് വലിയ വിവാദം സൃഷ്ടിക്കാൻ കഠിന പ്രയത്നം നടത്തുകയാണ് ചിലർ. ഇവരണ്ടും പാപമാണ് എന്നാണ് കത്തോലിക്കാ സഭ പറയുന്നത്, പാപ്പ മറിച്ചെന്തോ പറഞ്ഞിരിക്കുകയാണ് എന്നാണ് ചിലരുടെ ധാരണ. മറ്റുചിലരാകട്ടെ, കുത്തഴിഞ്ഞ തങ്ങളുടെ ജീവിതം തെറ്റല്ല എന്ന് പാപ്പ പറഞ്ഞിരിക്കുന്നതായി സ്ഥാപിക്കാൻ ശ്രമിക്കുന്നു. സമഗ്രപരിസ്ഥിതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിരിക്കുന്ന മികച്ച ഒരു ഗ്രന്ഥത്തിൽനിന്ന് കഷ്ടപ്പെട്ട് കണ്ടെത്തിയ ഒന്നോ രണ്ടോ വാചകങ്ങളാണ് ചില മഞ്ഞപ്പത്രങ്ങൾ ആഘോഷിക്കുന്നത് എന്നതാണ് വാസ്തവം.

പരിസ്ഥിതി പ്രവർത്തകൻ കൂടിയായ കാർലോ പെട്രിനി പോപ്പ് ഫ്രാൻസിസുമായി നടത്തിയ മൂന്ന് സംഭാഷണങ്ങളാണ് ഗ്രന്ഥത്തിന് ആധാരം. ഫാസ്റ്റ് ഫുഡ് സംസ്കാരത്തിന് എതിരായി “സ്ലോ ഫുഡ്” എന്ന ഒരു മുന്നേറ്റം 1980-കളിൽ ആരംഭിച്ചയാളുമാണ് കാർലോ പെട്രിനി. തന്റെ പ്രവർത്തന മേഖലകളുമായി ബന്ധപ്പെട്ടുള്ള ആശയങ്ങൾ സ്വാഭാവികമായും പാപ്പയുമായുള്ള സംഭാഷണത്തിൽ അദ്ദേഹം വിഷയീഭവിപ്പിച്ചിരുന്നു. മുഖ്യമായും തന്റെ പുസ്തകത്തിലൂടെ അദ്ദേഹം ലക്ഷ്യംവച്ചിരിക്കുന്നത്, ഈ കാലഘട്ടത്തിൽ സാമൂഹികമായും, പരിസ്ഥിതികമായും വർദ്ധിച്ചുവരുന്ന അനീതികൾക്കും അസമത്വങ്ങൾക്കും എതിരെ ഫ്രാൻസിസ് പാപ്പ നടത്തിക്കൊണ്ടിരിക്കുന്ന ആശയ പ്രചാരണങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്.

ഈ ഗ്രന്ഥത്തിന്റെ ഒരു ഭാഗത്ത് പാപ്പ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “മനുഷ്യന്റെ സന്തോഷങ്ങൾ ദൈവത്തിൽനിന്ന് നേരിട്ട് വരുന്നതാണ്. അതിന് കത്തോലിക്കനെന്നോ, ക്രൈസ്തവനെന്നോ, മറ്റാരെങ്കിലുമെന്നോ ഉള്ള വ്യത്യാസമില്ല. ലളിതമായി പറഞ്ഞാൽ അത് ദൈവികമാണ്”. തുടർന്ന് അദ്ദേഹം പറയുന്നു: “ഭക്ഷണം ആസ്വദിക്കുമ്പോഴുള്ള സന്തോഷവും, ലൈംഗികതയുടെ ഭാഗമായ സന്തോഷവും ദൈവത്തിൽ നിന്നുള്ളതാണ്”. ഈ വാചകങ്ങളെയാണ് ചിലർ വ്യാപകമായി ദുർവ്യാഖ്യാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, തുടർന്നുള്ള ഭാഗങ്ങളിൽ പാപ്പ പറഞ്ഞതിന്റെ അർത്ഥം വ്യക്തമാകുന്നുണ്ട്. “ഭക്ഷണം കഴിക്കുമ്പോഴുള്ള സന്തോഷമാണ്, ഭക്ഷണം കഴിക്കാനുള്ള താൽപ്പര്യം ജനിപ്പിക്കുന്നതും അതുവഴി മനുഷ്യന് ആരോഗ്യവും ജീവനും നിലനിർത്താൻ അവനെ സഹായിക്കുന്നതും. ലൈംഗികത പ്രദാനം ചെയ്യുന്ന സന്തോഷം സ്നേഹം വളർത്തുകയും അതുവഴി ജീവവർഗ്ഗത്തിന്റെ നിലനിൽപ്പ് ഉറപ്പുവരുത്തുകയും ചെയ്യുന്നു”.

പരിസ്ഥിതിയുടെ സമഗ്രത എന്ന വിഷയത്തിൽ ഊന്നിനിന്ന് സംസാരിക്കുന്ന പാപ്പ വിശദീകരിക്കുന്നത് പ്രകൃതിയുമായി ബന്ധപ്പെട്ട തന്റെ ആശയങ്ങളും നിലപാടുകളുമാണ്. ജീവശാസ്ത്രമാണ് അവിടെ പ്രതിപാദ്യവിഷയം. കുറ്റകരവും, പാപകരവും അനാരോഗ്യകരവുമായ ഭക്ഷണ ശൈലികളോ, കുറ്റകരമാകുന്ന ലൈംഗിക പ്രവണതകളോ ഇവിടെ വിശദീകരിക്കാനോ പരാമർശിക്കാനോ പാപ്പ ഉദ്ദേശിച്ചിട്ടില്ലെന്ന് തീർച്ചയാണ്. ധാർമ്മിക ദൈവശാസ്ത്രമോ, തത്വശാസ്ത്രമോ വിശദീകരിക്കുകയോ ഏതെങ്കിലും സഭാപഠനങ്ങളെ തിരുത്തുകയോ അല്ല മറിച്ച്, ജീവി എന്നനിലയിൽ ഭക്ഷണം, ലൈംഗികത തുടങ്ങിയവയ്ക്ക് ജീവിതത്തിലുള്ള പ്രാധാന്യം വ്യക്തമാക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

എന്നാൽ, പാപ്പ പറഞ്ഞതിൽനിന്ന് വ്യത്യസ്തമല്ല കാലങ്ങളായുള്ള കത്തോലിക്കാസഭയുടെ നിലപാടുകളും. പാപ്പ ഇവിടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചാൽ കത്തോലിക്കാ സഭയുടെ പഠനങ്ങൾ അവിടെ വ്യക്തമാണ്. ലൈംഗികതയുടെ ലക്ഷ്യങ്ങൾ പാപ്പ വ്യക്തമായി നിർവ്വചിച്ചിരിക്കുന്നു. ദമ്പതികൾ സ്നേഹത്തിൽ ആഴപ്പെടുന്നതിനും അടുത്ത തലമുറ ജനിക്കുന്നതിനും ലൈംഗികത നൽകുന്ന സന്തോഷം കാരണമാകുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നതിലൂടെ ലൈംഗികതയുടെ അതിർവരമ്പുകൾ എവിടെയാണെന്നും അദ്ദേഹം പറയാതെ പറഞ്ഞിരിക്കുന്നു. വിവാഹേതര ലൈംഗികതയെയല്ല പാപ്പ ഉദ്ദേശിച്ചിരിക്കുന്നതെന്നും ഇവിടെ വ്യക്തമാണ്. സ്നേഹം ഇല്ലാത്തതും, പരസ്പരം അഭിവൃദ്ധി ആഗ്രഹിക്കാത്തതും, സന്താനോൽപ്പാദനം ലക്ഷ്യം വയ്ക്കാത്തതുമായ ലൈംഗികത പ്രകൃതിവിരുദ്ധമാണ് എന്ന സൂചനയും അവിടെയുണ്ട്. വാസ്തവത്തിൽ, വിവാഹത്തെക്കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പഠനങ്ങളെ മനോഹരമായി ഏറ്റവും ചുരുങ്ങിയ വാക്കുകളിലൂടെ വ്യക്തമാക്കുകയാണ് പാപ്പാ ചെയ്തിരിക്കുന്നത്.

ഭക്ഷണത്തിന്റെ കാര്യവും അപ്രകാരംതന്നെ. ആരോഗ്യം വർദ്ധിപ്പിക്കാനും, ജീവൻ നിലനിർത്താനുമുള്ളതായിരിക്കണം ഭക്ഷണം. അതിനപ്പുറം ഭക്ഷണത്തോടുള്ള അത്യാസക്തിയോ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളോ പ്രകൃതിക്ക് നിരക്കുന്നതല്ല എന്നുതന്നെയാണ് അദ്ദേഹത്തിന്റെ പക്ഷം. ഇത്തരത്തിൽ, തനിക്ക് ലഭിച്ച അവസരം ഉപയോഗിച്ച് ശക്തമായും വ്യക്തമായും സഭയുടെ നിലപാടുകൾ വ്യക്തമാക്കിയ ഫ്രാൻസിസ് പാപ്പയുടെ വാക്കുകളെ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി ദുർവ്യാഖ്യാനം ചെയ്യുകയാണ് ചിലർ ചെയ്തത്. അവയെ സഭയ്ക്ക്തന്നെ എതിരായി ഉപയോഗിക്കാനും വൈദികരെയും സന്യസ്തരെയും അവഹേളിക്കുവാനും ചിലർ ഉപകരണമാക്കി മാറ്റിയത് അത്യന്തം അപലപനീയമാണ്. ഇത്തരം പ്രവണതകൾ നിരുത്സാഹപ്പെടുത്തപ്പെടേണ്ടതുണ്ട്.

vox_editor

Recent Posts

3rd Sunday_Ordinary Time_2026_ദൈവവചനം പ്രഘോഷിക്കപ്പെടട്ടെ (മത്താ 4: 12-23)

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ യോഹന്നാൻ ബന്ധനസ്ഥനായിരിക്കുന്നു. എല്ലാവർക്കുമുള്ള ഒരു സന്ദേശമായിരുന്നു അത്. രാജാവിന് അപ്രിയമായതൊന്നും പ്രസംഗിക്കരുത് എന്ന സന്ദേശം. ഭയത്തിന്റെ…

3 days ago

2nd Ordinary Sunday_2026_ദൈവത്തിന്റെ കുഞ്ഞാട് (യോഹ. 1: 29-34)

ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ "ഇതാ, ദൈവത്തിന്റെ കുഞ്ഞാട്" - തന്റെ അടുത്തേക്ക് വരുന്ന നസ്രായനെ നോക്കി സ്നാപകൻ ശിഷ്യന്മാർക്ക് നൽകുന്ന…

1 week ago

Baptism of Jeuse_2026_സ്നേഹ പ്രഖ്യാപനം (മത്താ 3: 13-17)

ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാൾ 30 വർഷങ്ങൾ കടന്നുപോയി: ബെത്‌ലഹേമിലെ കുഞ്ഞ് ഇപ്പോൾ ഒരു യുവാവാണ്. എവിടെയായിരുന്നു അവൻ ഇത്രയും നാളും?…

2 weeks ago

Epiphany_2026_എല്ലാവരുടെയും ദൈവം (മത്താ 2:1-12)

പ്രത്യക്ഷവൽക്കരണത്തിരുനാൾ ഇന്ന്, പ്രത്യക്ഷവത്കരണത്തിരുനാൾ, അതായത്, മിശിഹാ ഇസ്രായേലിന്റെ ഒരു സ്വകാര്യ നിധിയല്ല, മറിച്ച് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നു പ്രഖ്യാപിക്കുന്ന ആഘോഷം. ലൂക്കാ…

3 weeks ago

സംയുക്ത ക്രിസ്തുമസ് വിളമ്പര റാലി ഹോപ്പ് 2K25; വിശ്വാസത്തിന്റെ സാക്ഷ്യങ്ങളായി പതിനായിരങ്ങൾ

ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…

1 month ago

ഐ‌.എം‌.എസ്. ധ്യാനഭവൻഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. നിര്യാതനായി

ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ‌.എം‌.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ‌.എം‌.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…

1 month ago