Categories: Articles

പാദക്ഷാളന കർമ്മവും നിലനിൽക്കുന്ന സംശയങ്ങളും… എന്താണ് യാഥാർഥ്യം ?

പാദക്ഷാളന കർമ്മവും നിലനിൽക്കുന്ന സംശയങ്ങളും... എന്താണ് യാഥാർഥ്യം ?

ഫാ. ജസ്റ്റിൻ ഡി.ഇ 

ഈ ചെറിയൊരു പഠനം, ഇപ്പോൾ നമ്മുടെ ഇടയിൽ നിലനിൽക്കുന്ന, ഒരു സംശയനിവാരണത്തിനുള്ള പരിശ്രമമാണ്. അവസാന അത്താഴസമയത്ത് ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് എളിമയുടെയും ശുശ്രുഷയുടെയും വലിയൊരു മാതൃക ലോകത്തിനു നൽകി. എല്ലാ വലിയ വ്യാഴാഴ്ചയും നാം ഈ വലിയ രഹസ്യം ആചരിക്കുകയും നമ്മുടെ ജീവിതം ക്രിസ്തുവിന്റെ പ്രവൃത്തികൾക്ക് അനുരൂപമാക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു.

പാദക്ഷാളനം വിശുദ്ധ ബൈബിളിൽ...

വിശുദ്ധ യോഹന്നാൻ എഴുതിയ കർത്താവിന്റെ സുവിശേഷം 13-ആം അധ്യായം 1-മുതലുള്ള വാക്യങ്ങൾ വ്യക്തവും കൃത്യവുമായി പറയുന്നു ‘എന്തുകൊണ്ട് വലിയ വ്യാഴാഴ്ച പാദം കഴുകൽ ശുശ്രുഷ ക്രിസ്ത്യാനികൾ ആചരിക്കുന്നു, എന്ത് അർഥതലമാണ് അതിനുള്ളത്, എങ്ങനെയാണ് നടത്തപ്പെടുക’.

സുവിശേഷഭാഗം ഇങ്ങനെയാണ്: “ഈ ലോകം വിട്ട്‌ പിതാവിന്റെ സന്നിധിയിലേക്കു പോകാനുള്ള സമയമായി എന്ന്‌ പെസഹാത്തിരുനാളിനു മുമ്പ്‌ യേശു അറിഞ്ഞു. ലോകത്തിൽ തനിക്കു സ്വന്തമായുള്ളവരെ അവൻ സ്‌നേഹിച്ചു; അവസാനംവരെ സ്‌നേഹിച്ചു. പിതാവ്‌ സകലതും തന്റെ കരങ്ങളിൽ ഏല്‍പിച്ചിരിക്കുന്നുവെന്നും താൻ ദൈവത്തിൽ നിന്നു വരുകയും ദൈവത്തിങ്കലേക്കുപോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു.
അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റ്‌, മേലങ്കി മാറ്റി, ഒരു തൂവാലയെടുത്ത്‌ അരയിൽ കെട്ടി.
അനന്തരം, ഒരു താലത്തിൽ വെള്ളമെടുത്ത്‌ ശിഷ്യന്‍മാരുടെ പാദങ്ങൾ  കഴുകാനും അരയിൽ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്‌ക്കാനും തുടങ്ങി.

അവൻ ശിമയോൻ  പത്രോസിന്റെ അടുത്തെത്തി. പത്രോസ്‌ അവനോടു ചോദിച്ചു: കർത്താവേ, നീ എന്റെ കാൽ കഴുകുകയോ?
യേശു പറഞ്ഞു: ഞാൻ ചെയ്യുന്നതെന്തെന്ന്‌ ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ പിന്നീട്‌ അറിയും.
പത്രോസ്‌ പറഞ്ഞു: നീ ഒരിക്കലും എന്റെ പാദം കഴുകരുത്‌. യേശു പറഞ്ഞു: ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക്‌ എന്നോടുകൂടെ പങ്കില്ല.
ശിമയോൻ പത്രോസ്‌ പറഞ്ഞു: കർത്താവേ, എങ്കിൽ എന്റെ പാദങ്ങൾ മാത്രമല്ല, കരങ്ങളും ശിരസ്‌സുംകൂടി കഴുകണമേ!
യേശു പ്രതിവചിച്ചു: കുളികഴിഞ്ഞവന്റെ കാലുകൾ മാത്രമേ കഴുകേണ്ടതുള്ളു. അവൻ മുഴുവൻ ശുചിയായിരിക്കും…
അവരുടെ പാദങ്ങൾ കഴുകിയതിനുശേഷം അവൻ മേലങ്കി ധരിച്ച്‌, സ്വസ്‌ഥാനത്തിരുന്ന്‌ അവരോടു പറഞ്ഞു: ഞാനെന്താണു നിങ്ങൾക്കു ചെയ്‌തതെന്ന്‌ നിങ്ങൾ അറിയുന്നുവോ?
നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ്‌ എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്‌.
നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ, നിങ്ങളും പരസ്‌പരം പാദങ്ങൾ കഴുകണം.
എന്തെന്നാൽ, ഞാൻ നിങ്ങൾക്കു ചെയ്‌തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്‌, ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു.
ഈ കാര്യങ്ങൾ അറിഞ്ഞ്‌ നിങ്ങൾ ഇതനുസരിച്ചു പ്രവർത്തിച്ചാൽ അനുഗൃഹീതർ”.

2013 മുതൽ

പരിശുദ്ധ പിതാവ് ഫ്രാൻസിസ് പപ്പാ പാദം കഴുകൽ ശുശ്രുഷയ്ക്ക് ആഴമായ മറ്റൊരു തലം കൂടി കാണിച്ചുതന്നു. അതായത്, പാദംകഴുകൽ ശുശ്രുഷ ഒരു വിഭാഗത്തിനു വേണ്ടി മാത്രമായി മാറ്റിവച്ചിരിക്കുന്നതല്ല, എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് – സമൂഹത്തിൽ നിന്ന് പുറന്തള്ളപ്പെട്ടവർക്കും പാവങ്ങൾക്കും മറ്റുവിഭാഗങ്ങളിൽ പെട്ടവർക്കും അനുഭവവേദ്യമാക്കപ്പെടേണ്ടതാണ്.

പാദക്ഷാളനകർമ്മം ചരിത്രത്തിലൂടെ…

സഭയുടെ ചരിത്രത്തിലുടനീളം വിവിധ കാലഘട്ടങ്ങളിലായി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് പാദക്ഷാളനകർമ്മം.

1) എ.ഡി. 400-ൽ വിശുദ്ധ അഗസ്റ്റിൻ, ജാന്വരിയൂസിന് എഴുതിയത് ഇങ്ങനെയാണ്: പാദം കഴുകൽ ശുശ്രുഷ ക്രിസ്തു നിഷ്കർഷിച്ചതാണ്, ഇത് എപ്പോഴാണ് ചെയ്യേണ്ടത് എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടില്ല എങ്കിലും, തപസുകാലത്തിലെ വലിയ വ്യാഴാഴ്ചയാണ് കൂടുതൽ ഉചിതം. കാരണം ക്രിസ്തു വിശുദ്ധ കുർബാന സ്‌ഥാപനത്തിന്റെ മുന്നോടിയായിട്ടാണല്ലോ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നത്.

2) എ.ഡി. 694-ൽ ദി കൗൺസിൽ ഓഫ് ടോലേഡോ (കാനോൻ III) പറയുന്നത് ഇങ്ങനെയാണ്: നമ്മുടെ നാഥനായ ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതുപോലെ നമ്മളും വലിയ വ്യാഴാഴ്ച 12 സഹോദരങ്ങളുടെ പാദങ്ങൾ കഴുകണം. ഇത് അനുവർത്തിക്കാത്തവരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ചു.

3) 1600 ലെ “mandatum” അനുസരിച്ച് ബിഷപ്പുമാർ 13 പാവപ്പെട്ട ആളുകളുടെ പാദങ്ങൾ കഴുകി ചുംബിക്കുകയും അവർക്ക് വസ്ത്രങ്ങളും ആഹാരവും ആവശ്യസാധനങ്ങളും നൽകിയിരുന്നു.

4) 1955-ൽ പോപ്പ് പയസ് XVII ആണ് പാദക്ഷാളനം ദിവ്യബലിയ്ക്ക് ഉള്ളിൽ ക്രമീകരിച്ചത്. 14-ആം നൂറ്റാണ്ടുമുതൽ ഇത് ദിവ്യബലിയ്ക്ക് പുറത്താണ്  അനുവർത്തിച്ചിരുന്നത്.

5) 1970-ൽ പോപ്പ് പയസ് പന്ത്രണ്ടാമൻ ആദ്യമായി ചില മാറ്റങ്ങൾ വരുത്തി. പാദക്ഷാളനത്തിനുള്ള അംഗങ്ങളുടെ എണ്ണം പന്ത്രണ്ടായി കുറച്ചു. ‘ബാഹ്യമായുള്ള ആചാരണത്തെക്കാളുപരി  യേശു ഉദ്ദേശിച്ച ആന്തരിക അർത്ഥം ഉൾക്കൊള്ളുന്ന തരത്തിലായിരിക്കണം പാദക്ഷാളനകർമ്മം’ എന്ന് പപ്പാ ഓർമ്മിപ്പിച്ചു.

6) 1987-ൽ അമേരിക്കൻ ബിഷപ്പുമാരുടെ സമ്മേളനത്തിൽ വിശദീകരിക്കപ്പെടുന്നത് ഇങ്ങനെയാണ്: “കഴിഞ്ഞ ഒരു ദശകമായി അമേരിക്കൻ ഐക്യനാടുകളിൽ പാദക്ഷാളനകർമ്മം നടത്തപ്പെടുന്നത് സ്ത്രീ പുരുഷ ഭേദമില്ലാതെ അവർ  സഭയ്ക്കും ലോകത്തിനും എല്ലാ വിശ്വാസികൾക്കും നൽകുന്ന സേവനത്തിന്റെ അംഗീകാരമായായിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളെയും ഈ കർമ്മത്തിൽ ഉൾപ്പെടുത്തുന്നത്  നിരവധി സ്ഥലങ്ങളിൽ ഒരു ആചാരമര്യാദയായി മാറുകയാണ്. എങ്കിലും അമേരിക്കൻ ഐക്യനാടുകളിൽ, ആചാരങ്ങളിൽ ഇത് വികസിതമായ ചാരിറ്റിയുടെയും സേവനത്തിന്റെതുമായ മാതൃക വികസിപ്പിച്ചെടുത്തു”.

അമേരിക്കയിലും മറ്റു ചില രാജ്യങ്ങളിലും അവിടങ്ങളിലെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വത്തിക്കാന്റെ അനുമതിവാങ്ങി മറ്റു വിഭാഗത്തിലുള്ളവരെ പങ്കെടുപ്പിക്കുന്ന രീതി നിലനിന്നിരുന്നു.

7) 1988 ജനുവരി 16-ന് വത്തിക്കാനിൽനിന്ന് “കോൺഗ്രിഗേഷൻ ഫോർ ഡിവൈൻ വർഷിപ് ആൻഡ് ദി ഡിസിപ്ലിൻ ഓഫ് ദി സാക്രമെന്റ്സ്” നൽകിയ”ഈസ്റ്റർ ആഘോഷങ്ങളുടെ ഒരുക്കവും ആചരണവും” എന്ന സർക്കുലറിൽ 51-ആം നമ്പർ വളരെ വ്യക്തമായി പ്രതിപാദിക്കുന്നു:
“സഭയുടെ പാരമ്പര്യം അനുസരിച്ച് വലിയ വ്യാഴാഴ്ച പാദംകഴുകൽ ശുശ്രുഷയിൽ തിരഞ്ഞെടുത്ത  പുരുഷന്മാരുടെ പാദങ്ങൾ കഴുകണം, ഇത് ‘ഞാൻ വന്നിരിക്കുന്നത് ശുശ്രുഷിക്കപ്പെടാനല്ല മറിച്ച് ശുശ്രുഷിക്കുവാനാണ്’ എന്ന ക്രിസ്തുവിന്റെ സേവനത്തെയും നൽകലിനേയും പ്രതിനിദാനം ചെയ്യുന്നു. ഈ പാരമ്പര്യം നിലനിറുത്തപ്പെടുകയും, ഇതിന്റെ കൃത്യമായ അർഥതലം പഠിപ്പിക്കുകയും ചെയ്യണം”.

8) 2007-ൽ പാപ്പാ ബനഡിക്ട് XVI പാദക്ഷാളനത്തിന് പതിവിൽ നിന്ന് മാറ്റം വരുത്തി 12 അൽമായരുടെ പാദങ്ങൾ കഴുകി.

9) 2013-ലെ പെസഹാ വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പാ, ഡൈവിംഗ് ദുരന്തത്തിൽ  ശരീരം സ്തംഭിച്ച് പോയ 16 വയസ്സുള്ള ഒരു ആൺകുട്ടിയുടെയും 19 വയസ്സുള്ള ഒരു പുരുഷന്റെയും 39 കാരിയായ ഒരു സ്ത്രീയുടെയും പാദങ്ങൾ കഴുകി വേറിട്ടൊരു മാതൃക നൽകി.

10) 2014-ൽ ഫ്രാൻസിസ് പപ്പാ റോമിലെ ജുവനൈൽ ജയിലിൽ വച്ച് പെസഹാ വ്യാഴാഴ്ച രണ്ടു സ്ത്രീകളുടെയും രണ്ടു മുസ്ലീങ്ങളുടെയും പാദങ്ങൾ കഴുകി.

(പരിശുദ്ധ സിംഹാസനത്തിൽ അഭിഷിക്തനാകുന്നതിന് മുൻപ് അർജന്റീനയിലെ ആർച്ച് ബിഷപ്പ് ആയിരുന്നപ്പോൾ 2001-ൽ  എയ്ഡ്‌സ് ബാധിച്ച 12 പേരുടെ പാദങ്ങൾ കഴുകി,  2008-ൽ ഡ്രഗ് ഉപയോഗിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പാദങ്ങൾ കഴുകി. ഇവയൊക്കെയും പ്രാദേശികമായ ഇടയകർത്തവ്യത്തിൽ അനുഷ്‌ടിച്ചതായിരുന്നു)

11) 2014 ഡിസംബർ 20-ന് പോപ്പ് ഫ്രാൻസിസ് “കോൺഗ്രിഗേഷൻ ഫോർ ഡിവൈൻ വർഷിപ്പ് ആന്റ് ദി ഡിസിപ്ലിൻ ഓഫ് ദി സാക്രമെന്റ്സി”ന്റെ സെക്രട്ടറി കർഡിനാൾ റോബർട്ട്‌ സാറയോട് നിർദ്ദേശിച്ചു: “റോമൻ മിസ്സാലിൽ ഒരു മാറ്റം വരുത്തണം, ‘തിരഞ്ഞെടുക്കപ്പെട്ട പരുഷന്മാർ’ എന്നതിന് പകരം ‘ദൈവജനത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ’ എന്നാക്കണം”.

12) 2015-ൽ ഫ്രാൻസിസ് പാപ്പാ ‘പരിശുദ്ധ ആരാധനയുടെയും കൂദാശകർമ്മ ക്രമങ്ങളുടെയും തിരുസംഘ തലവനായ റോബർട്ട് സാറയ്ക്ക് പാദം കഴുകൽ ശുശ്രുഷയെക്കുറിച്ച് ഒരു കത്ത് അയക്കുകയുണ്ടായി.

കത്തിന്റെ സംപ്ഷിപ്ത രൂപം:

പ്രിയബഹുമാനമുള്ള സഹോദരൻ കർദിനാൾ റോബർട്ട്‌ സാറ

പരിശുദ്ധ ആരാധനയുടെയും കൂദാശ ക്രമങ്ങളുടെയും തിരുസംഘതലവൻ,

ഞാൻ ഒരവസരത്തിൽ വ്യക്തിപരമായി അറിയിച്ചിരുന്നതനുസരിച്ച്, തന്റെ വ്യകതമായ ധ്യാനത്തിന്റെയും പഠനത്തിന്റെയും തിരുമാനത്തിന്റെയും അടിസ്ഥാനത്തിൽ റോമൻ ആരാധന ക്രമത്തിലെ പാദം കഴുകൽ ശുശ്രുഷാ ചടങ്ങിന് മാറ്റം നിർദ്ദേശിക്കുന്നു. കർത്താവീശോ തന്റെ അവസാന അത്താഴ വേളയിൽ തന്നെ തന്നെ പൂർണ്ണമായും നൽകിയ വലിയ സ്നേഹത്തിന്റെ അനന്തമായകാരുണ്യം മനസ്സിലാക്കാൻ സഞ്ജമാക്കുന്നതാകണം ഈ ചടങ്ങുകൾ. വളരെ സൂക്ഷ്മമായ പഠനത്തിന് ശേഷം റോമൻ മിസ്സാലിലെ ഒരു തലക്കെട്ടിൽ മാറ്റം വരുത്തുവാൻ തീരുമാനിച്ചു. അതിനാൽ, പാദക്ഷാളന ശുശ്രുഷയ്ക്കു തുടർന്ന് കൊണ്ടിരിക്കുന്ന രീതിയായ പുരുഷൻ മാരുടെയും ആൺകുട്ടികളുടെയും മാത്രമുള്ള ക്രമിയ്ക്കരണത്തിൽ മാറ്റംവരുത്തി, അജപാലകർക്കു തങ്ങളുടെ വിശ്വാസ സമൂഹത്തിലെ ദൈവജനത്തിൽ നിന്നും ആരെ വേണേലും തിടഞ്ഞെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വ്യക്തമായും കൃത്യമായും ഈ കർമ്മത്തിന്റെയും ക്രമങ്ങളുടെയും അർഥവും പ്രാധാന്യം  മനസ്സിലാക്കി കൊടുക്കണം.

നിങ്ങളുടെ ഓഫിസിന്റെ  സ്തുത്യർഹമായ സേവനത്തിന് നന്ദി അർപ്പിക്കുന്നു, ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു, എല്ലാപേർക്കും അപ്പോസ്തോലിക ആശിർവാദം നൽകുന്നു.

വത്തിക്കാനിൽ നിന്ന്, 20 ഡിസംബർ 2015.

13) 2016 ജനുവരി 6-ന് കാർഡിനാൾ റോബർട്ട് സാറ പോപ്പിന്റെ നിർദ്ദേശം അനുസരിച്ച് “ഇൻ മീസ്സാ ഇൻ ചേന ഡോമിനി” എന്ന പേരിൽ ഒരു ഡെക്രീ നൽകി. ഇതിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

പാദക്ഷാളനം ഡിക്രി

പരിശുദ്ധ ആരാധന ക്രമത്തിന്റെയും കൂദാശ ക്രമത്തിന്റെയും തിരു സംഘത്തിൽനിന്ന് 6 ജനുവരി 2016 നു കർത്താവിന്റെ പ്രത്യക്ഷീകരണ ദിനം പുറപ്പെടുവിച്ച കല്പനയുടെ സംക്ഷിപ്തം.

 1955 നവംബർ മാസത്തിൽ ഇറങ്ങിയ “maxima Redemptionis Nostare Mysteria” എന്ന ഡിക്രിയിലൂടെ വിശുദ്ധവാരം പരിഷ്കരിക്കാൻ പ്രത്യേക അധികാരം നൽകി. ഇത് അജപാലക പ്രേരകങ്ങളാൽ ഉപദേശിക്കപ്പെട്ട്, അന്ത്യത്താഴ ബലിക്കിടയിൽ വിശുദ്ധ യോഹന്നാന്റെ സുവിശേഷ വായനയ്ക്ക് ശേഷം 12 പുരുഷന്മാരുടെ പാദം കഴുകുന്ന പ്രക്രിയ യേശുവിന്റെ താഴ്മയെയും തന്റെ ശിഷ്യൻ മാരോടുള്ള സ്നേഹവും ഏറ്റവും അടുത്ത് പ്രതിനിധാനം ചെയ്യുന്നതുപോലെയാകണം. റോമൻ ആരാധന ക്രമത്തിൽ യേശുവിന്റെ വചനത്തിനു അനുസരിച്ചു സഹോദരോടുള്ള അനുകമ്പയുടെ കല്പനയായി ഈ ചടങ്ങു കൈമാറ്റം ചെയ്യപെടുന്നതായി ആരാധനാഘോഷത്തിലെ പ്രതിവചനത്തിൽ പാടുന്നു.

ഈ ചടങ്ങു ചെയ്യുന്നതിലൂടെ ബിഷപ്പുമാരും വൈദികരും ‘ശുശ്രുഷിക്കപെടാനല്ല ശുശ്രുഷിക്കുവാനാണ് വന്നിട്ടുള്ളത്’, അവസാനം വരെയും ക്രിസ്തു സ്നേഹത്താൽ നയിക്കപ്പെട്ട്, തന്റെ തന്നെ ജീവൻ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കുവേണ്ടി നൽകിയ യേശുവുമായി ഗാഢമായി ഐക്യപ്പെടാൻ വിളിക്കപ്പെട്ടിരിക്കുന്നു.

ഈആരാധനയിൽ പങ്കെടുക്കുന്നവർക്ക് ചടങ്ങിന്റെ പൂർണ്ണമായ അർത്ഥം വ്യക്തമാകാൻ റോമൻ ദിവ്യ പുജാഗ്രൻഥത്തിലെ (P.300, No.11) നിയമത്തിന്റെ മാറ്റം ഉചിതമാണെന്ന് പരിശുദ്ധപിതാവ് ഫ്രാൻസിസ് പപ്പാ കണ്ടു. അതായത് റോമൻ ദിവ്യ പൂജാഗ്രന്ഥത്തിൽ കാണുന്നത്:തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാർ ശുശ്രുഷകരെ അനുഗമിക്കുന്നു’ എന്നാണ്, ഇത് ‘ദൈവ ജനത്തിന്റെ ഇടയിൽ നിന്ന് തിരഞ്ഞെടുക്കപെടുന്നവർ ശുശ്രുഷകരെ അനുഗമിക്കുന്നു’ എന്ന് പരിഷ്കരിക്കണം. (അതുമൂലം ‘Caeremoniate Episcoporum’ No. 301 ഉം No. 299b ഉം തിരഞ്ഞെടുക്കപ്പെട്ട വരുടെ ഇരിപ്പിടാതെ പരാമർശിക്കുന്നു.) അതുകൊണ്ടു ദൈവജനത്തിന്റെ എല്ലാ വിഭാഗങ്ങളുടെയും വൈവിധ്യവും ഐക്യവും പ്രതിനിധികരിക്കും വിധം ഒരു ഗണത്തെ പുരോഹിതർ തിരഞ്ഞെടുക്കണം. പരുഷന്മാരും സ്ത്രീകളും ഉൾക്കൊള്ളുന്നതും അനുയോജ്യമായി യുവാക്കളും വൃദ്ധരും ആരോഗ്യവാന്മാരും രോഗികളും പുരോഹിതരും സമർപ്പിതരും സാധാരണ ജനങ്ങളും ചേർന്നതാകാം ഈ സമൂഹം.

പരിശുദ്ധ ആരാധനയുടെയും കൂദാശകർമ്മ ക്രമങ്ങളുടെയും ഈ തിരുസംഘം പരിശുദ്ധ സിംഹാസനത്തിൽനിന്നും ലഭിച്ച അധികാരത്തിലൂടെ റോമൻ ക്രമത്തിലെ ആരാധനാ ഗ്രന്ഥങ്ങളിലൂടെ ഈ നവീകരണത്തെ പരിചയപ്പെടുത്തുന്നു. തിരഞ്ഞെടുക്കപ്പെട്ട വിശ്വസ്ഥരും മറ്റുള്ളവരുമായവർക്കു വേണ്ടത്ര നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള വൈദികരുടെ ചിമതലകൾ ഓർമപ്പെടുത്തുന്നു. ഇതിലൂടെ ജനങ്ങൾ ബോധപൂർവവും സജീവവും ഫലപ്രദവുമായി ഈ ചടങ്ങുകളിൽ പങ്കെടുക്കും”.

ഇതിനു വിവരീതമായി ഒന്നും ഇല്ല എന്ന് പ്രഖ്യാപിച്ചു കല്പന സമാപിക്കുന്നു.

പരിശുദ്ധ ആരാധനയുടെയും കുദാശകർമ്മ ക്രമങ്ങളുടെയും തിരുസംഘത്തിൽ നിന്ന്, 6 ജനുവരി 2016, കർത്താവിന്റെ പ്രതിക്ഷികരണ തിരുനാൾ ദിനം.

കർദിനാൾ റോബർട്ട്‌ സാർഹ
പ്രീഫെക്ട് ആർതർ റോച്ചെ
ആർച്ചബിഷപ് സെക്രട്ടറി

14) 2016-ൽ ബിഷപ്പുമാരുടെ തിരുസംഘത്തോട് പാദക്ഷാളനവുമായി സംബന്ധിച്ച് നടത്തിയ സംവാദത്തിൽ കർദിനാൾ റോബർട്ട്‌ സാർഹ ഓർമ്മിപ്പിക്കുന്നു: പോപ്പ് പയസ് XII ന് മുൻമ്പുവരെ സ്ത്രീകളുടെ പാദങ്ങൾ കഴുകിയിരുന്നു അത് പൂർണ്ണമായും ദിവ്യബലിയ്ക്ക് പുറത്തതായിരുന്നു, സ്ത്രീകളുടെ പാദം കഴുകിയിരുന്നത് സ്ത്രീകളുതന്നെയായിരുന്നു. തുടർന്ന്, പല ബിഷപ്പുമാരും പങ്കുവെച്ച തീരുമാനം ഇങ്ങനെയാണ്: ഞങ്ങൾ വലിയ വ്യാഴാഴ്ചയിലെ പാദക്ഷാളനകർമ്മത്തിൽ സ്ത്രീകളെ ഉൾക്കൊള്ളിക്കില്ല. പരിശുദ്ധ പിതാവ് മുന്നോട്ട് വച്ചിരിക്കുന്നത് അനുവാദവും നിർദ്ദേശവുമാണ് ഒരിക്കലും നിർബന്ധമോ അത്യാവശ്യമായി ചെയ്യേണ്ട ഉത്തരവാദിത്വമോ അല്ല.

15) 2017-ൽ വലിയ വ്യാഴാഴ്ച ഫ്രാൻസിസ് പാപ്പ റോമിലെ മാഫിയ ജയിൽ സന്ദർശിക്കുകയും 12പേരുടെ പാദങ്ങൾ കഴുകുകയും ചെയ്തു. അതേ സമയം വചന വിചിന്തനസമയത്ത് പോപ്പ് ഇങ്ങനെ പറഞ്ഞു: ഈ പ്രവൃത്തി ഒരിക്കലും പാരമ്പര്യമായ തിരുകർമ്മത്തിന്റെ ഭാഗമായല്ല ഇവിടെ അനുവർത്തിച്ചത്,  മറിച്ച് ദൈവം നിങ്ങളെ സ്നേഹിക്കുന്നു, അവസാനം വരെയും സ്നേഹിക്കും എന്നതിന്റെ അടയാളമായിട്ടാണ്.

ഇതാണ് പെസഹാ വ്യാഴാഴ്ചയുള്ള പാദക്ഷാളന കർമ്മത്തെ സംബന്ധിച്ച് കത്തോലിക്കാ സഭയിൽ  ഇതുവരെയുള്ള പരിണാമവും കീഴ്‌വഴക്കവും.

പുതിയ ഡിക്രി അനുസരിച്ച് ഓരോ സ്ഥലത്തിലെയും പ്രത്യേകതകളും ആവശ്യങ്ങളും പരിഗണിച്ച് ഓരോ ബിഷപ്പുമാർക്കും ഉചിതമായ തീരുമാനം കൈക്കൊള്ളാവുന്നതാണ്. അതുകൊണ്ട് ഈ യാഥാർഥ്യം മനസിലാക്കി പാരമ്പര്യത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് രൂപതാ അധ്യക്ഷന്റെ ആഹ്വാനം അനുസരിച്ച് ഓരോ കർമ്മങ്ങളും ക്രിസ്തു അനുഭവമാക്കി മാറ്റുവാൻ ശ്രദ്ധിക്കുകയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്.

(പരിശുദ്ധ പിതാവിന്റെകത്തും കർദിനാളിന്റെ ഡിക്രിയും വിവർത്തനം: ഫാ. ജോയിസാബു വൈ. )

vox_editor

Recent Posts

4th Advent Sunday_രണ്ടു സ്ത്രീകൾ (ലൂക്കാ 1:39-45)

ആഗമനകാലം നാലാം ഞായർ എലിസബത്തും മറിയവും തമ്മിലുള്ള കൂടിക്കാഴ്ച രണ്ടു മംഗളവാർത്തകളുടെ സുന്ദരമായ പരിസമാപ്തിയാണ്. ദൈവം ചരിത്രത്തിലേക്ക് എങ്ങനെ ഇറങ്ങുന്നുവെന്ന്…

6 days ago

ക്രിസ്‌തുമസ്കാലം സ്നേഹം പങ്കുവയ്ക്കുന്ന പ്രത്യേക കാലമാണ്, പുൽക്കൂട്ടിൽ പുഞ്ചിരിക്കുന്ന ഉണ്ണീശോ നമ്മെ ക്ഷണിക്കുന്നതും സ്നേഹത്തിന്റെ പ്രവാചകരാകാൻ; ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ

ജോസ് മാർട്ടിൻ കൊച്ചി: പിതാവായ ദൈവം മനുഷ്യ മക്കൾക്ക് നൽകിയ ഏറ്റവും പൂർണ്ണതയുള്ള സമ്മാനമാണ് അവിടുത്തെ പുത്രനായ ഉണ്ണീശോയെന്നും സ്വർഗ്ഗത്തിൽ…

6 days ago

ഫ്രഞ്ച് ദ്വീപിലേക്ക് പാപ്പയെ അനുഗമിച്ച് കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്

അനില്‍ ജോസഫ് കോര്‍സിക്ക: കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിസ്പാപ്പ ഫ്രഞ്ച് ദ്വീപായ കോര്‍സിക്കായില്‍ നടത്തിയ ഏകദിന സന്ദര്‍ശനത്തിലും പാപ്പയെ അനുഗമിച്ച് നവ…

1 week ago

Advent 3rd Sunday_മനുഷ്യത്വമാണ് വിശുദ്ധി (ലൂക്കാ 3: 10-18)

ആഗമനകാലം മൂന്നാം ഞായർ "ഞങ്ങൾ എന്താണു ചെയ്യേണ്ടത്?" സ്നാപകനോടാണ് ചോദ്യം. ചോദിക്കുന്നതോ ജനക്കൂട്ടവും ചുങ്കക്കാരും പട്ടാളക്കാരും. ലൂക്കാ സുവിശേഷകന്റെ ഇഷ്ടപ്പെട്ട…

2 weeks ago

ഫ്രാന്‍സീസ് പാപ്പാ മുന്നാമതും ഫ്രാന്‍സിലേക്ക്

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സീസ് പാപ്പായുടെ നാല്പത്തിയേഴാം വിദേശ അപ്പൊസ്തോലിക പര്യടനം നാളെ നടക്കും. ഏകദിന സന്ദര്‍ശനത്തില്‍ …

2 weeks ago

ഫ്രാന്‍സിസ് പാപ്പ വൈദികനായിട്ട് 55 വര്‍ഷങ്ങള്‍

  വത്തിക്കാന്‍ സിറ്റി : പൗരോഹിത്യവഴിയില്‍ അന്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പാ 1969…

2 weeks ago