നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു
ആഗോള കത്തോലിക്കാ തിരുസഭയുടെ 267-ാമത്തെ പാപ്പയായി കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് തിരഞ്ഞെടുക്കപ്പെട്ടു.

ജോസ് മാർട്ടിൻ
സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ പുതിയ തലവൻ അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് പ്രിവോസ്റ്റ്. ലിയോ പതിനാലാമൻ എന്ന പേരിൽ അറിയപ്പെടും. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. യുഎസിൽ നിന്നുള്ള ആദ്യ പോപ്പും, അഗസ്തീനിയൻ സന്യാസ സഭയിൽ നിന്നുള്ള ഏഴാമത്തെ പോപ്പുമാണ് 69കാരനായ കർദിനാൾ റോബർട്ട് പ്രിവോസ്റ്റ്.
സെപ്റ്റംബർ 14 ന് ചിക്കാഗോയിൽ ലൂയി മാരിയസ് പ്രെവോസ്റ്റിന്റെയും മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായി റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് ജനിച്ചു. ചിക്കാഗോയുടെ തെക്ക് ഭാഗത്തുള്ള സെന്റ് മേരി ഓഫ് അസംപ്ഷൻ പള്ളിയിൽ അൾത്താര ബാലനായി സേവനമനുഷ്ഠിച്ചുകൊണ്ട് തന്റെ ദൈവാലയ ശുശ്രൂഷക്ക് അദ്ദേഹം തുടക്കം കുറിച്ചു. 1973 ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്റെ മൈനർ സെമിനാരിയിൽ തന്റെ സെക്കൻഡറി പഠനം പൂർത്തിയാക്കി. 1977 – ൽ വില്ലനോവ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ പ്രെവോസ്റ്റ് ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടി.
പ്രെവോസ്റ്റിന് ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകൾ സംസാരിക്കാൻ കഴിയും, കൂടാതെ ലാറ്റിൻ, ജർമ്മൻ എന്നിവ വായിക്കാനും കഴിയും.
2014 ഡിസംബർ 12-ന് ചിക്ലായോയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ വെച്ച് അദ്ദേഹം തന്റെ എപ്പിസ്കോപ്പൽ സ്ഥാനാരോഹണം സ്വീകരിച്ചു. 2015 സെപ്റ്റംബർ 26-ന് അദ്ദേഹത്തെ ചിക്ലായോയുടെ ബിഷപ്പായി പരിശുദ്ധ സിംഹാസനം അദ്ദേഹത്തെ നിയമിച്ചു. 1985 മുതൽ 1986 വരെ അഗസ്റ്റീനിയക്കാർക്കു വേണ്ടിയും 1988 മുതൽ 1998 വരെ പെറുവിൽ ഇടവക വൈദികൻ, രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു വരവേ 2023 ൽ ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ചു.
2023 മുതൽ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിൻ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോ ബിഷപ്പായും 2001 മുതൽ 2013 വരെ സെന്റ് അഗസ്റ്റിൻ ഓർഡർ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2023 ൽ പ്രെവോസ്റ്റിനെ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റായും നിയമിച്ചു.